Image

ഉമ്മൻചാണ്ടിയും പുണ്യവാളനും (വാൽക്കണ്ണാടി - കോരസൺ) 

Published on 19 July, 2023
ഉമ്മൻചാണ്ടിയും പുണ്യവാളനും (വാൽക്കണ്ണാടി - കോരസൺ) 

എന്റെ ചെറുപ്പത്തിൽ എവിടെയെങ്കിലും പാമ്പുകളെ കാണാൻ തുടങ്ങിയാൽ, ഗീവർഗീസ് പുണ്യവാളനു നേർച്ചനേരുകയും പുതുപ്പള്ളിപള്ളിയിൽ പെരുന്നാളിനു പോകുന്നവർക്ക് ഭക്ഷണവും നേർച്ചയും കൊടുക്കുക പതിവായിരുന്നു. മധ്യവേനൽ അവധിക്കാലത്തു നിരണത്തുള്ള കുടുംബവീട്ടിൽ കുട്ടികൾ സമ്മേളിക്കുമ്പോൾ, രാത്രിയിൽ സെന്റ് ജോർജ്ജ് കഥകൾ കേട്ടതിനു ശേഷം രാവിലെ വീടിനു ചുറ്റും കുതിരയുടെ കുളമ്പു പാടുകൾ തിരക്കി നടന്നതും ഓർക്കുന്നു. അന്നത്തെ രാത്രികാലത്തുള്ള പെരുനാൾ റാസകളിൽ ഗീവർഗീസ് പുണ്യവാന്റെ ചിത്രം തിടമ്പ് ഏന്തിയ ആനയും അവക്ക് മുന്നിലെ എണ്ണഒഴിച്ചു കത്തിക്കുന്ന തീപന്തങ്ങളുടെ ഇതൾ വിരിയലും, അവക്കുമുന്നിൽ സെന്റ് ജോജ്ജിന്റെ വീരസ്മരണകൾ ഉച്ചത്തിൽപാടുന്ന പുരുഷന്മാരും ഭക്തിയുടെ ഒരു വല്ലാത്ത ലോകത്തേക്കാണ് ഇളം മനസ്സുകളെ കൊണ്ട് ചെന്ന് എത്തിച്ചത്. 

പെരുന്നാളിനു മുന്നോടിയായി ഓരോ വീടുകളിലും പെരുനാൾഊട്ട് എന്നൊരു പതിവ് ഉണ്ടായിരുന്നു. വെള്ളയപ്പവും  കോഴിക്കറിയും ഒഴിവാക്കാനാവാത്ത വിഭമായിരുന്നതിനാൽ മിക്ക വീടുകളിലും ഞങ്ങളുടെ കുട്ടിപ്പട്ടാളം സജീവമായി പങ്കെടുത്തു. മൂപ്പന്മാർ നയിക്കുന്ന പ്രാർത്ഥനാസമയത്തു ഒരു മുറിഅടച്ചിട്ടു എല്ലാ വിഭവങ്ങളും ഇലയിൽ വിളമ്പി വെള്ളയും കരിമ്പടവും വിരിച്ചു അവിടെ വെക്കുമായിരുന്നു. എല്ലാവരും കണ്ണടച്ച് പ്രാർത്ഥിക്കുമ്പോൾ ഒളികണ്ണിട്ടു ആ മുറിയിൽ ആരെങ്കിലും വരുന്നോ എന്നു നോക്കാൻ ഞങ്ങളുടെ കുട്ടിപ്പട്ടാളം ചില്ലറ രഹസ്യ ധാരണകൾ ഒക്കെ ഉണ്ടാക്കുമായിരുന്നു. ഗീവർഗീസ് പുണ്യവാളനും വല്യപ്പന്മാരും തൊട്ട ഭക്ഷണം എല്ലാവരുമായി പങ്കുവയ്ക്കുകയാരുന്നു പതിവ്.
അങ്ങനെ എത്രയെത്ര സെന്റ് ജോർജ്ജ് വീരകഥകൾ വിവിധ സ്ഥലങ്ങളിൽ  നിലനിന്നു എന്നറിയില്ല. എന്നാലും പുതുപ്പള്ളിപുണ്യവാളൻ  ഷുദ്രജീവികളിൽനിന്നും, മാനസീക രോഗങ്ങളിൽ നിന്നും കാത്തുകൊള്ളും എന്ന ഒരു വിശ്വാസം നാനാമത വിശ്വാസികളിലും ഉണ്ട്.  

പുതുപ്പള്ളിയിലെ ഗീവർഗീസ് സഹദായും ഉമ്മൻചാണ്ടിയും തമ്മിലുള്ള ആത്മീയ ബന്ധത്തിന്റെ ആഴം  പുണ്യവാളനും ചാണ്ടിസാറിനും മാത്രമേ അറിയൂ. തീതുപ്പുന്ന വ്യാളിയെ കുന്തമുനയിൽ തകർത്തു, വെള്ളക്കുതിരയിൽ പാഞ്ഞുപോകുന്ന പുണ്യവാളനെ തന്റെ ഇഷ്ട്ട സെയിന്റ് ആയി  ചാണ്ടിസാർ നന്നേ ചെറുപ്പത്തിൽ തിരഞ്ഞെടുത്തു. നിസ്സഹായയായ ഒരു രാജകുമാരിയെ കുരുതിയിൽ നിന്നും രക്ഷിക്കുകയും ഒരു രാജ്യത്തിൻറെ അഭിമാനം കാക്കുകയും ചെയ്ത ഗീവർഗീസ് പുണ്യവാളന്റെ വീരകഥകൾ ഒട്ടേറെ കേട്ട ബാല്യം കൊണ്ടാവണം അത്. 

ഗീവർഗീസ് പുണ്യവാനെക്കുറിച്ചു നിരവധി തരത്തിലുള്ള കഥകൾ കേട്ടിട്ടുങ്കിലും പന്ത്രെണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഗോൾഡൻ ലെജണ്ടിൽ പറയുന്ന കഥയാണ് എനിക്കിഷ്ട്ടം. മൂന്നാം നൂറ്റാണ്ടിൽ, കപ്പഡോക്കിയ-യവന പശ്ചാത്തലത്തിൽ ജീവിച്ച ഒരു റോമൻ ഭടനായിരുന്നു ജോർജ്ജ്. ലിബിയയിലെ സൈലെൻസ് എന്ന സ്ഥലത്തെ  ഒരു തടാകത്തിൽ ഒരു സർപ്പം കുടിവെള്ളം വിഷലിപ്തമാക്കികൊണ്ടിരുന്നു. നഗരത്തിലേക്ക് ഈ വ്യാളി കടക്കാതിരിക്കാൻ ആളുകൾ രണ്ടു ആടുകളെ പതിവായി വ്യാളിക്കു കൊടുത്തു, പിന്നീട് ഒരു ആടും ഒരു മനുഷ്യനും, പിന്നെ കുട്ടികളും, ചെറുപ്പക്കാരും എന്ന കണക്കിൽ നറുക്കിട്ടു വ്യാളിയുടെ ഭക്ഷണമായികൊണ്ടിരുന്നു. 

സൈലെൻസിലെ രാജകുമാരിക്ക് നറുക്കു വീണപ്പോൾ രാജാവ് തന്റെ എല്ലാ സമ്പാദ്യങ്ങളും പകരമായി നൽകാമെന്ന് പറഞ്ഞിട്ടും ജനങ്ങൾ സമ്മതിച്ചില്ല. ഒരു വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി രാജകുമാരി കുളത്തിൻകരയിൽ നമ്രശീഷകയായി നിലയുറപ്പിച്ചു. പൊടുന്നനെ അശ്വാരൂഢനായ ജോർജ്ജ് എവിടുന്നോ പാഞ്ഞെത്തി കുളക്കരയിൽ നിൽക്കുന്ന രാജകുമാരിയോട് കാര്യം തിരക്കി. എത്രയും വേഗം രക്ഷപെട്ടുകൊള്ളൂ എന്നു രാജകുമാരി പറഞ്ഞിട്ടും ജോർജ്ജ് അവിടെത്തന്നെ നിലയുറപ്പിച്ചു. പൊടുന്നനെ കുളത്തിൽനിന്നും തീപാറുന്ന കണ്ണുകളുമായി വ്യാളി പ്രത്യക്ഷപ്പെട്ടു. ജോർജ്ജ് തന്റെ കുന്തം വ്യാളിയുടെ തലയിൽ കുത്തിക്കയറ്റി അതിനെ മാരകമായി മുറിവേൽപ്പിച്ചു. രാജകുമാരിയോട് അരക്കച്ച എറിഞ്ഞുകൊടുക്കാൻ ജോർജ്ജ് ആവശ്യപ്പെട്ടു. രാജകുമാരിയുടെ അരക്കച്ചകൊണ്ട് ബന്ധിച്ചു വലിച്ചിഴച്ചു വ്യാളിയെ നഗരത്തിലേക്ക് കൊണ്ടുവന്നു. ആളുകൾ പരിഭ്രാന്തരായി. ക്രിസ്തുവിനെ വിശ്വസിക്കാമെങ്കിൽ വ്യാളിയെ കൊല്ലാം എന്ന് ജോർജ്ജ് പറഞ്ഞപ്പോൾ രാജാവുൾപ്പെടെ പതിനായിരങ്ങൾ ക്രിസ്തുവിശ്വാസം സ്വീകരിച്ചു. 

പിന്നീട്, ക്രിസ്തുവിശ്വാസം നിഷേധിക്കാതിരുന്ന കാരണത്തിൽ റോമൻ ചക്രവർത്തി ഡയോക്‌ളീഷൻ, ജോർജ്ജിനെ ക്രൂരമായി വധിച്ചു എന്നും അങ്ങനെ ക്രിസ്തീയ രക്തസാക്ഷികളുടെ നിരയിൽ ഏറ്റവും പ്രീയപ്പെട്ട പുണ്യവാളനായിത്തീർന്നു സെയിന്റ് ജോർജ്. പുണ്യവാന്മാരുടെ ഇടയിൽ ഒരു പുലിതന്നെയാണ് സെന്റ് ജോർജ്ജ്. ക്രിസ്ത്യാനികൾ മാത്രമല്ല ,സുന്നി ഇസ്ലാം വിശ്വാസികളും ഒരു പ്രവാചകനായി ജോർജിനെ വിവരിക്കുന്നു. മുസോളിലെ രാജാവ് മൂന്നു പ്രാവശ്യം കൊലപ്പെടുത്തിയിട്ടും, മരണം സ്വയംഏറ്റെടുക്കുംവരെ വീണ്ടും തിരികെ ജീവിച്ചവന്ന ഒരു വലിയ അത്ഭുത കഥാപുരുഷനായിട്ടാണ് ഇസ്ലാമിക്ക് എഴുത്തുകൾ വെളിവാക്കുന്നത്.  കത്തോലിക്കാ, ഓർത്തഡോൿസ്, ആംഗ്ലിക്കൻ, ലൂഥറൻ തുടങ്ങി മിക്ക സഭകളിലും സമരാധ്യസ്ഥാനം സെന്റ് ജോര്ജിനുണ്ട്. വെള്ളത്തുണിയിലെ ചുവന്നകുരിശ് സെന്റ് ജോർജ്ജ്കുരിശ്  എന്ന പേരിൽ പല രാജ്യങ്ങളുടെ പതാകകളിലും സ്ഥാനം പിടിച്ചു. ഇൻഗ്ലണ്ടിന്റെ പാലകപുണ്യവാളന്‍ ആണ് അദ്ദേഹം. ആസ്‌ട്രേലിയ, ന്യൂസിലാൻഡ്, എത്തിയോപ്പിയ തുടങ്ങിയ രാജ്യങ്ങളുടെ കാവൽകൂടി അദ്ദേഹത്തിനുണ്ട്. ലോകത്തെമ്പാടും ഇത്രയും കൂടുതൽ ദേവാലയങ്ങൾ ഒരു പുണ്യവാന്റെ പേരിൽ ആരംഭിച്ചിട്ടില്ല, അത്രമാത്രം വിശ്വാസമാണ് ആളുകൾക്ക് ഈ പുണ്യവാനോടു ഉള്ളത്. കേരളത്തിൽ പുതുപ്പള്ളി, അരുവിത്തറ, എടത്വ, ഇടപ്പള്ളി പള്ളികൾ സെന്റ് ജോജ്ജ് പെരുനാളുകൾക്കു പ്രസിദ്ധമാണ്.  

ഉമ്മൻ ചാണ്ടിയുടെ ആത്മീയ തലങ്ങളെ ഉറപ്പിക്കുന്നതും, അരുതുകളെയും എതിരുകളെയും മന്ദസ്മിതത്തോടെ നേരിടാനാവുന്നതും ഗീവർഗീസ് പുണ്യവാളൻറെ വിശ്വാസത്തിൽ ആയിരിക്കണം. ഒരുപക്ഷെ മതനിരപേക്ഷമായ പുണ്യവാളൻറെ ചില മന്ത്രിപ്പുകൾ ആകാം ചാണ്ടിസാറിനെ നിസ്സംഗനായ ഒരു  സ്വാതികന്റെ പരിവേഷം അണിയിക്കുന്നത്. പരുക്കനായ തൂവെള്ള ഖദർ വേഷവും അലക്ഷ്യമായ മുടിയിഴകളും കുന്തമുനകൾ പോലെയുള്ള മേൽമീശയും തൊണ്ടയുടെ അടിനാളത്തിൽനിന്നും മേഘങ്ങൾ പോലെ ഉദിച്ചുയരുന്ന ശബ്ദവും ഇറുക്കിയടച്ച ഇമകളിലൂടെ എല്ലാം ഞാൻ അറിയുന്നു എന്നധ്വനിയും ഒരു യോഗിയുടെ അക്ഷോഭ്യമായ മുഖഭാവവും മലയാളിയുടെ ഒരേയൊരു ഉമ്മൻ ചാണ്ടിക്ക് മാത്രം അവകാശപ്പെട്ടത്.

  

അടിസ്ഥാന തലത്തിലുള്ള മനുഷ്യരോട് എന്താണ് ചെയ്യേണ്ടത് എന്ന് ചോദിക്കുമ്പോൾ നിസ്സഹായായ രാജകുമാരിയോട് കാര്യം തിരക്കിയ പുണ്യവാളനെപ്പോലെ, പിന്നെ ശക്തമായ നടപടികളിലേക്ക്. ഒരു കുന്തമുനയിൽ തീരുന്നില്ല, അരക്കച്ചയിൽ കെട്ടിവലിച്ചു ഉദ്യോഗസ്ഥാധിപത്യത്തിലേക്ക് കൃത്യമായി പ്രശ്നങ്ങൾ എത്തിച്ചു പരിഹാരം കാണുക, ഒക്കെ പുണ്യവാളന്റെ സ്റ്റൈൽ, അതിവേഗം-ബഹുദൂരം. 
നമ്പിനാരായണനും സോളാർ സരിതയും തുടങ്ങി ആരോപണങ്ങളുടെ കൊടുങ്കാറ്റിൽ അടിച്ചു തകർക്കപ്പെടുമ്പോഴും ക്രിസ്തു ചോദിച്ചപോലെ' നിങ്ങൾ ആരെ തിരയുന്നു' എന്ന് ചോദിച്ചു സോളാർ കമ്മീഷന് മുന്നിൽ നേരിട്ടു വെളിപ്പെടുത്തുന്നു, കല്ലെറിഞ്ഞു തലപൊട്ടിച്ചവരോട് , പൊറുക്കാൻ ശ്രമിക്കുന്ന, അനുവാദമില്ലാതെ കടന്നുവന്ന രോഗാവസ്ഥയിലും പ്രതീക്ഷ കൈവിടാതെ, സ്വന്തം കുടുംബത്തെ ഉടുവസ്ത്രംഊരി ആക്ഷേപിക്കുംപോലും സ്വയംഉരുകി രക്തം വിയർപ്പുകണങ്ങൾ ആക്കുന്ന പച്ചയായ മനുഷ്യൻ.  

തന്റെ മാതൃവിശ്വാസമായ ഓർത്തഡോൿസ് സഭയോട് അകലം പാലിക്കുകയും, അതേസമയം എതിർപക്ഷത്തിനെ മടികൂടാതെ ചേർത്തുനിർത്താനും കാണിക്കുന്ന ധൈര്യം ഒറ്റപ്പെട്ടതാണ്. സ്വന്തം സഭാനേതൃത്വം തന്നെ കുലംകുത്തി എന്ന് ആക്ഷേപിക്കുമ്പോഴും, നിസ്സംഗതയോടെ  പതിവായി പുതുപ്പള്ളിപുണ്യവാളനോട് മാത്രം  തന്റെ മനസ്സുതുറക്കുകയും, മുഖ്യമന്ത്രി ആയിരുന്നപ്പോഴും പള്ളിയുടെ ചവിട്ടുപടിയിൽ കുത്തിയിരുന്ന് പ്രാത്ഥനകളിൽ പങ്കെടുക്കുന്നതും വിചിത്രമായ ആത്മീയ പരീക്ഷണനം ആയിരുന്നു. മറ്റുചില കോൺഗ്രസ് നേതാക്കൾ അവരരവരുടെ സഭാനേതൃത്വത്തിന്റെ അടിമകൾ പോലെ പരസ്യമായി പക്ഷംചേരുമ്പോഴും, തളരാതെ തന്റെ ആത്മീയ നിലപാടുകളിൽ ഉറച്ചുനിന്നു. ഇത് കൂർമ്മബുദ്ധിയുള്ള  രാഷ്ട്രീയക്കാരന്റെ തന്ത്രപരമായ നീക്കമോ, നിസ്സംഗമായ ആത്മീയതയുടെ വേറിട്ട പടവുകൾ ആണോ എന്നറിയില്ല. ഓർത്തഡോൿസ് സഭയുടെ കാതോലിക്കാ ശതാബ്ദി ആഘോഷത്തിനു മുഖ്യമന്ത്രി എന്നനിലയിൽ സന്ദേശം രേഖപ്പെടുത്തിയപ്പോഴും സ്വന്തംസഭയെക്കുറിച്ചു അഹങ്കാരം പ്രകടിപ്പിക്കാതെ, കേരളജനതയുടെ പൊതുവായ സന്ദേശം കൈമാറി. വ്യക്തിപരമായ ആത്മീയതയും മതവും ഒരു പൊതുപ്രവർത്തകനു എങ്ങനെ വേറിട്ടു ഉൾകൊള്ളാൻ സാധിക്കും എന്നതിന് ഒരു പുതിയ പാഠപുസ്തകം ആയി മാറുകയായിരുന്നോ അദ്ദേഹം എന്നും കാലം തെളിയിക്കും. 

സാധാരണ മനുഷ്യരോടു ഇടപഴകുമ്പോൾ ലഭിക്കുന്ന ഊർജ്ജത്തെക്കുറിച്ചു അദ്ദേഹം വാചാലമാകാറുണ്ട്. ക്രൂരമായ വിരൽചൂണ്ടലുകളോ വിളിച്ചുപറയലുകളോ അല്ല; എത്തിപ്പിടിക്കാനാവാത്ത അകലത്തിൽ നിൽക്കുന്നവരോട് എത്ര ആഴത്തിലും കടന്നുചെന്നു കണ്ണിൽ നോക്കി സംസാരിക്കാൻ, തൊടാൻ, കേൾക്കാൻ, അതിനായി വിശ്രമവും ഉറക്കവും ഭക്ഷണവും മാറ്റിവയ്ക്കുന്ന ഒരു രാഷ്രീയക്കാരാനു ആത്മീയമായ ഒരു അടിത്തറയില്ലാതെ സാധ്യമല്ല. അദ്ദേഹം മുഖ്യമന്ത്രി ആയിരിക്കുമ്പോൾ എന്റെ ഒരുവ്യക്തിപരമായ ആവശ്യത്തിനു വിളിച്ചപ്പോഴും ഫോൺ എടുത്തു സംസാരിക്കാൻ ശ്രമിച്ചത് ഓർക്കുന്നു, യാത്രയിലെ  ഉറക്കച്ചുവടിലായിരുന്നെങ്കിലും ആവശ്യം കേട്ടിട്ടു കൂടെയുള്ള സഹായിയോടു കുറിച്ചെടുക്കാൻ നിർദേശിക്കുന്നത്‌ കേൾക്കാമായിരുന്നു. ഉമ്മൻ ചാണ്ടി എന്ന വ്യക്തിയെ ഒരു പുണ്യവാളനാക്കാനുള്ള ശ്രമമല്ല ഈ ലേഘനത്തിനു പിന്നിൽ, അദ്ദേഹത്തിന്റെ ആത്മീയതയുടെ തുറക്കാത്ത ചില നിലവറകളിലേക്കുള്ള ചെറിയ നിരീക്ഷണം മാത്രം. 

ബഹുജനസമ്പർഗ്ഗ പരിപാടികൾക്ക്  2013 ലെ ഐക്യരാഷ്രസഭയുടെ അംഗീകാരം ലഭിച്ചതിൽ അത്ഭുതം ഇല്ല, കാരണം ഇത് അധികാരത്തിൽ ഇരിക്കുന്ന രാഷ്ട്രീയനേതാവിന്റെ അപകടകരമായ ഇടപെടലുകൾ തന്നെ ആയിരുന്നു. തന്റെ ആത്മീയ സ്രോതസ്സായ ക്രിസ്തുവും ദേവാലയങ്ങളുടെ അകത്തളങ്ങളിലെ അർത്ഥമില്ലാത്ത വാചകക്കസർത്തുകളിൽ അഭിരമിക്കാതെ, നിരത്തുകളിൽ ചുങ്കക്കാരോടും വേശ്യകളോടും പാപികളോടും സംസാരിച്ചുകൊണ്ടു ആത്മീയതക്ക് ഒരു പുതിയ മാനം കാണുകയായിരുന്നു. സാധാരണ മനുഷ്യരുടെ കഴുത്തിൽ പാപത്തിന്റെ ഭാരിച്ചനുകം കടത്തിവച്ചു, വസ്ത്രത്തിലെ തൊങ്ങലുകളുടെ നിറംകൂട്ടി  അംഗീകാരത്തിനായി മത്സരിക്കുന്ന കപടമത നേതൃത്വത്തിനുനേരേ വിരൽ ചൂണ്ടുകയും, ഭംഗിയുള്ള ദേവാലയങ്ങൾ കല്ലിന്മേൽ കല്ല് ശേഷിക്കാതെ തകരും എന്ന് മടികൂടാതെ വിളിച്ചുപറകയും ചെയ്തു ക്രിസ്തു. രാഷ്രീയവും ആത്മീയതയും തനിക്കു രണ്ടല്ല എന്ന ഉമ്മൻ ചാണ്ടിയുടെ ഒരുതിരിച്ചറിവാണ് ഇവിടെ കൗതുകം ഉണർത്തുന്നത്.  

പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് എന്ന ചിത്രത്തിൽ ഫ്രാൻസിസ് അസീസി പുണ്യവാളൻ മമ്മൂട്ടിയോട് പറയുന്ന ഒരു സംഭാഷണം ഉണ്ട്. 'ഇപ്പോഴാണ് നീ ദൈവത്തിനു പ്രീയപെട്ടവനാകുന്നത്. സ്വർണം കൊണ്ട് പള്ളിപണിയുന്നവനല്ല, ഒരു മനുഷ്യ ജീവനെങ്കിലും ദുരിതത്തിൽനിന്നും കരകയറ്റാൻ കഴിയുന്നവനാണ് സ്വർഗ്ഗരാജ്യത്തിന് അവകാശി ആകുന്നത്. ജയവും തോൽവിയും ആപേക്ഷികമാണ്. ജയിച്ചെന്നു കരുതുന്നവർ യഥാർത്ഥത്തിൽ ജയിച്ചവരാണോ? നേടി എന്ന് കരുതുന്നവർ സത്യത്തിൽ എന്താണ് നേടിയത്? നഷ്ട്ടപ്പെട്ടു എന്ന് കരുതുന്നത് നിന്നിലേക്ക്‌ തിരിച്ചുവരില്ല എന്നും നീ കരുതുന്നുവോ?".       

കരുണയുടെ കസവാണ്‌ നീതിക്കു ഭംഗി വരുത്തുന്നത്. നല്ല പോരുപൊരുതി നിയമസഭയിൽ അരനൂറ്റാണ്ട് പിന്നിട്ടു, അഖിലേന്ത്യാ തലത്തിൽ മികച്ചപ്രകടനം കാഴ്ചവച്ചു, വിശ്വാസത്തിൽ ഉറച്ചുനിന്നു, ഒരു ജനതയുടെ സ്നേഹകിരീടം എടുത്തണിയാൻ പാകത്തിൽ ശ്രീ.ഉമ്മൻ ചാണ്ടി തയ്യാറാവുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക