Image

പലായനം   (കഥ: ശ്രീകുമാർ ചേർത്തല)

Published on 19 July, 2023
പലായനം   (കഥ: ശ്രീകുമാർ ചേർത്തല)

“ അതുകൊണ്ട് ബഹുമാനപ്പെട്ട ജനറൽ, അങ്ങ് എൻറെ നേരെ നിറയൊഴിക്കുക....”, 
സർ, കഴിഞ്ഞ ദിവസം കാതടപ്പിക്കുന്ന പൊട്ടിത്തെറി ശബ്ദം കേട്ടാണ് ജറീക്കോയിലെ ഫ്ലാറ്റിൻറെ കോണിപ്പടികളിറങ്ങി ഞാൻ താഴേക്ക് കുതിച്ചത്.  മുറ്റത്തെ പുൽത്തകിടിയിലൂടെ അയൽഫ്ലാറ്റുടമ യൂസഫിൻറെ കുഞ്ഞുമകൾ ഓടിവരുന്നുണ്ടായിരുന്നു.  എപ്പൊളും പുഞ്ചിരിയുള്ള ആ മുഖത്ത് മറ്റെന്തോ ഭാവമായിരുന്നു കാണാൻ കഴിഞ്ഞത്.  
   അങ്കിൾ എന്നു വിളിച്ചുകൊണ്ട് അവൾ എൻറെ കൈകളിലേക്കുവീണു.  
പെട്ടെന്ന് കണ്ടു.  അവളുടെ വെളുത്ത ഫ്രോക്കിനു പിൻഭാഗം ചോര.  
   അവളുടെ കയ്യിൽ നിന്നു താഴെ വീണ ബാലമാസികയിൽ ചോരയുടെ ചാലുകൾ പടർന്നിരിക്കുന്നു.  അവൾക്ക് വെടിയേറ്റിരുന്നു.
   കൈവെള്ളയിൽ കിടന്ന ആ മുഖം ഡർബനിലെ അഞ്ചുവയസുള്ള എൻറെ മകൻ മൈക്കളിൻറെ പോലിരുന്നു.  അപ്പോളാണ് ശ്രദ്ധിച്ചത്, ചുറ്റിലും റോഡിലുമൊക്കെയായി ആളുകൾ പരക്കം പായുന്നു.  പലയിടത്തും തീക്കുണ്ഡങ്ങളെരിയുന്നു.  വെടിമരുന്നിൻറെ ഗന്ധം ആകാശമാകെ വീശിയടിക്കുന്നുണ്ടായിരുന്നു.  
   ബോംബർ വിമാനങ്ങളുടെ ശബ്ദം അലറിയടുക്കുന്നത് കേട്ട്, ചേതനയറ്റ ആ പിഞ്ചുശരീരം ഫ്ലാറ്റിനു മുന്നിലെ പുൽത്തകിടിയിലെ ക്ഷണികമായ തണുപ്പിൽ, ഏകാന്തതയിലുപേക്ഷിച്ച് സെൽഫോണും ക്യാമറയും ബാഗും പുസ്തകങ്ങളുമെടുത്ത് കടക്കാൻ തയ്യാറെടുത്തു.  അപ്പോൾ അപ്രതീക്ഷിതമായി തലക്കുമുകളിൽ ബോംബുവർഷിക്കാൻ വിമാനം ചായുന്നതു കണ്ട്, ആ ശ്രമമുപേക്ഷിച്ച് ജീവനുവേണ്ടി സർവ്വശക്തിയോടെ ഓടി, മതിൽ ചാടിക്കടന്ന് ഉണങ്ങിയ ഭൂമിയിലൂടെ കുതിച്ചു.  
  പരിഭ്രമത്തോടെ നിലവിളികളുമായി പായുന്ന ഒരു കൂട്ടം പേർ മുന്നിലുണ്ടായിരുന്നു.  വെടിയുണ്ടകൾ ജീവനെടുക്കാൻ ആർത്തിയോടെ ഇരമ്പുന്ന ശബ്ദം കേൾക്കാമായിരുന്നു.
  തിരിഞ്ഞു നോക്കുമ്പോൾ എൻറെ ഫ്ലാറ്റും തീഗോളമായി മിന്നുന്നു.  വീടുമായി ബന്ധിപ്പിക്കുന്ന സെൽഫോണും ലാപ്ടോപ്പും “എൻറെ സത്യാന്വേഷണ പരീക്ഷണങ്ങ”ളുടേയും മാഡിബയുടെ “എ ലോംഗ് വാക്ക് ടു ഫ്രീഡ”ത്തിൻറെയും ബൈബിളിൻറെയും ഓരോ കോപ്പികളും ക്യാമറയും ഉയർന്നുപൊന്തുന്ന ആ കറുത്ത പുകയിലുണ്ടെന്നു ഞാനറിഞ്ഞു.
  കാർപെറ്റ് ബോംബിങ്ങിൻറെ ഭീകരതയെക്കുറിച്ച് “ദ സിറ്റിസൺ” പത്രത്തിന് ഒരു ദൃക്സാക്ഷി വിവരണം കൊടുക്കാൻ കഴിയുമെന്ന സന്തോഷത്തേക്കാളും ജീവനു വേണ്ടിയുള്ള അത്യധികമായ കൊതിയോടെ ഞാൻ ഓടി.
  മുൻപേ ഓടിയവരെ കാണാനുണ്ടായിരുന്നില്ല എന്നു തിരിച്ചറിയുമ്പോളേക്ക് എന്തിലോ തട്ടി മറിഞ്ഞു വീണു.
ഒരു ശവശരീരം.
പർദ്ദയുടെ ബുർഹ നീക്കി നോക്കി.  ഒരു വൃദ്ധ.
അമ്മയുടെ പോലുള്ള മുഖം.
ഞെട്ടി പുറകോട്ടു മാറി.
“ദ സിറ്റിസൺ” പത്രത്തിൻറെ റിപ്പോർട്ടറായി മിഡിൽ ഈസ്റ്റിലേക്കു പോകുന്നുവെന്നറിഞ്ഞപ്പോൾ നിഷ്ഫലമെന്നറിഞ്ഞിട്ടും “ട്രാൻസ്കി”യിലുള്ള അമ്മ എന്നെ തടഞ്ഞിരുന്നു.
  ദൈവത്തിൻറെ നാട്ടിൽ രണ്ടായിരം വർഷങ്ങൾക്കു മുൻപ് യേശുക്രിസ്തുവും മുഹമ്മദ് നബിയും ശ്വസിച്ച വായു ശ്വസിക്കാൻ കിട്ടിയ അവസരം ദൈവദത്തമെന്നായിരുന്നു ഞാൻ അപ്പോൾ പറഞ്ഞത്.  
  ഈ വായുവിന് ഇപ്പോൾ വെടിമരുന്നിൻറെയും രക്തത്തിൻറെയും മലീമസമായ രൂക്ഷഗന്ധമാണ്.
സാർ, ചിതറിക്കിടന്ന, മുറിവുകളിൽ രക്തം കട്ട പിടിച്ചു തുടങ്ങിയ ചൂടുവിട്ടുമാറാത്ത ശവശരീരങ്ങൾക്കിടയിലൂടെ ഞാൻ പാഞ്ഞു.
  ശുഷ്കമായ മഴക്കാലത്ത്, ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ലാത്ത മരങ്ങളും ചെടികളും ഉണങ്ങിക്കിടന്ന, വരണ്ട പൊടിപറന്ന് നരച്ചുപോയ പ്രദേശം ഒരു ശ്മശാനത്തെ ഓർമ്മിപ്പിച്ചു.
  നാവ് വെള്ളത്തിനായി കേഴുകയായിരുന്നു.
 പണ്ട് സ്വാതന്ത്ര്യത്തിനു മുൻപ്, കുട്ടിക്കാലത്ത്“ട്രാൻസ്കി”യിൽ ക്ഷാമം വന്നപ്പോൾ അലഞ്ഞുതിരിഞ്ഞ ഞങ്ങൾ അവസാനം കണ്ട, ചതുപ്പുനിലത്തിലെ വെള്ളമയമുള്ള, മക്ഡൊണാൾഡ്സിൻറെ ബർഗറെക്കാളും രുചികരമായിത്തോന്നിയ ചെളി വായിലിട്ടു നുണഞ്ഞതോർത്തു.  
തൊലിയുടെ നിറം സഹോദരങ്ങളെ ശത്രുക്കളാക്കിയിരുന്നു അന്ന്.  മതബോധം , പ്രത്യയശാസ്ത്രങ്ങൾ, വിഭജനത്തിൻറെ വേർതിരിവ് തുടങ്ങിയവ സഹോദരങ്ങളെ ശത്രുക്കളാക്കുന്നതു പോലെ.
  വേച്ചു മുന്നോട്ടു വീണു.  കാലിൻറെ പിൻഭാഗത്തെ രക്തത്തിൻറെ തണുപ്പ് ഞാൻ തിരിച്ചറിഞ്ഞു.  വിജനമായ ആകാശമാകെ നിറഞ്ഞു മൂടുന്ന പുകക്കപ്പുറം കനത്ത ശബ്ദങ്ങൾ.  കണ്ണുകൾ ഇറുക്കിയടച്ച് സർവ്വശക്തിയുമെടുത്ത് ജീവനുവേണ്ടിയുള്ള സഹജബോധത്തോടെ ഓടി.
  എങ്ങനെ എത്തിപ്പെട്ടുവെന്നറിയില്ല, ഞാൻ നേഴ്സറി സ്കൂളിൻറെ മുറ്റത്തായിരുന്നു.  കുഞ്ഞുമോളെ കാണാനായി പലവട്ടം വന്നിട്ടുള്ള സുപരിചിതമായ സ്ഥലം.
  വരാന്തയിൽ കളിപ്പാട്ടങ്ങൾ ഉടഞ്ഞു കിടന്നിരുന്നു.  അവയിൽ രക്തത്തുള്ളികൾ ആയാസപ്പെട്ട് എനിക്കു കാണാൻ സാധിച്ചു.  
  ഓർത്തുപോയി.  ഓരോ ശിശുഹത്യകൾക്കുശേഷവും ഓരോ രക്ഷകൻറെ ആഗമനമുണ്ടായിട്ടുണ്ട്.  ഇന്ത്യാക്കാരുടെ പുരാണത്തിൽ കൃഷ്ണനും ബൈബിളിൽ ക്രിസ്തുവും.  എവിടെയാണ് ആ രക്ഷകൻ.?  
  അടുത്തുള്ള തകർന്നുകിടന്ന മുറിയിലേക്ക് കടന്നത് ജീവനുവേണ്ടിയുള്ള ഞരക്കം കേട്ടുകൊണ്ടായിരുന്നു.  പാതി തകർന്ന വാതിലിൽ തട്ടി അകത്തുകടന്നപ്പോൾ മുന്നിൽ ആടുന്ന കയറിനു കീഴെ കുരുക്കിൽ ഒരു ജീവൻ പിടയുകയാണ്.  ക്ലേശകരവും തിടുക്കത്തിൽ ഹ്രസ്വവുമായ തെരച്ചിലിനൊടുവിൽ കണ്ടുകിട്ടിയ കത്തി, കുറുകെ വീശി കയർ ഞാൻ അറുത്തിട്ടു.
  മുന്നിൽ പിടക്കുന്ന ശരീരത്തിലെ ജീവസ്പന്ദനങ്ങൾ നിലച്ചുതുടങ്ങുന്നത് ഞാൻ അറിഞ്ഞു.  കുടുക്കു കുറുകിയ കഴുത്തിൽ നിന്ന് രക്തം വമിക്കുന്നുണ്ടായിരുന്നു.  വിടരുന്ന പൂമൊട്ടു പോലുള്ള അവളുടെ വസ്ത്രം ഉലഞ്ഞും അവിടവിടങ്ങളിൽ കീറിയും കാണപ്പെട്ടു.  
  ആ മെലിഞ്ഞ കൈത്തണ്ടകളിലും ഗോതമ്പുനിറമുള്ള നെറ്റിയിലും കവിളിലും ക്ഷതങ്ങളുടെ പാടുകളായിരുന്നു.
ആ സ്ത്രീയുടെ വിളർത്ത ഞരമ്പുകളും നീലക്കണ്ണുകളും ചെറിപ്പഴം പോലുള്ള ചുണ്ടുകളും പഠനകാലത്തെ ലൂസിയെ ഓർമ്മിപ്പിക്കുമ്പോളേക്ക് ഹൃദയവും ശരീരവും അവിടെ നിന്ന് പറിച്ചെടുത്ത് ഞാൻ നീങ്ങി.  
  ഇടനാഴിയിലേക്ക് കടക്കുമ്പോൾ കയ്യിൽ തിളങ്ങുന്ന കത്തികളുമായി മൂന്നു പേർ.  
അവർ മുഖംമൂടി ധരിച്ചിരുന്നു.
“കയ്യിലുള്ളതെല്ലാമെടുക്കെടാ...” ഒരാൾ അറബിച്ചുവയുള്ള ഇംഗ്ലീഷിൽ അലറി.  പോക്കറ്റും അരയും കഴുത്തും പരിശോധിച്ചു നിരാശപ്പെട്ട് ഒരുവൻ എൻറെ നെഞ്ചിലേക്ക് കത്തി വീശി.
അവനെ മറ്റുള്ളവരുടെ മേലേക്ക് തള്ളിയിട്ട്, കാലുകൾ വല്ലാതെ തളരും വരെ, ശ്വാസം കഴിക്കാൻ വിഷമിക്കും വരെ ഞാനോടി.
 അൽപം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ അവരെ കാണാനുണ്ടായിരുന്നില്ല.  
മനുഷ്യൻറെ ജീനിൽ അലിഞ്ഞു ചേർന്നതാണ് സർ, അധിനിവേശവും ആക്രമണവും പിടിച്ചുപറിയും ബലാത്സംഗവുമൊക്കെ....അത് അവസാനം വരെയുണ്ട്. 
വിജനമായ തെരുവിൽ ആയാസപ്പെട്ട്, കല്ലുകൾക്കിടയിൽ ഈച്ചയരിക്കുന്ന മൂക്കും വായും വ്രണങ്ങളുമുള്ള ചിതറിക്കിടന്ന മൃതശരീരങ്ങളുടെ ദൃശ്യങ്ങൾ കണ്ണുകളിൽ വീഴ്ത്തിക്കൊണ്ട് ഞാൻ നീങ്ങി.  
 പിറ്റേന്ന് ഇതിലും വൃത്തികെട്ട്, ബീഭത്സമായി ഞാൻ മരിച്ചുകിടക്കുന്നതിൻറെ ഡിജിറ്റൽ ചിത്രം ഡർബനിലെ പത്രങ്ങൾ ആഘോഷിക്കുന്നതോർത്ത് ചിരിച്ചു.
 സർ, ചെറുപ്പത്തിൽ എൻറെ വിനോദം ബോൺസായ് വളർത്തലായിരുന്നു.  അമ്മ പറയുമായിരുന്നു, വൻമരങ്ങൾ മുരടിച്ചു പോകുമ്പോൾ അവ ശപിക്കുമെന്ന്.
 മനുഷ്യർ മുരടിച്ചു പോകുന്നതു കാണുമ്പോൾ ഞാനറിയുന്നു സർ, അവയുടെ ശാപം എന്നിലേറ്റതായി.  
     മുന്നിൽ കാണപ്പെട്ട, കനപ്പെട്ടു ശക്തമായ, എത്തിപ്പിടിക്കാനാകാത്ത മതിലിൽ വിഷമിച്ച് കയറാൻ ശ്രമിക്കുമ്പോൾ “വിലാപങ്ങളുടെ മതിലി”ൽ കൈചേർത്ത് മകൻ മൈക്കിളിനു വേണ്ടിയും ഭാര്യ ലൂസിക്കു വേണ്ടിയും പ്രാർത്ഥിച്ചതോർത്തു.
    രഹസ്യങ്ങളുടെ പൂഴ്ത്തിവയ്പിനു വേണ്ടി തരംതിരിവുണ്ടാക്കുന്ന, പ്രകാശരോധിയായ മതിൽ.  ചാടിക്കടന്ന മതിൽ ജീർണ്ണിച്ച ഒരു സെമിത്തേരിയുടേതായിരുന്നു.  ഗ്രനേഡ് പൊട്ടിത്തെറിച്ച് മണ്ണാകെ ചിതറി എല്ലിൻ കഷണങ്ങളൊക്കെ എഴുന്നു നിന്നിരുന്നു.  
   ജീവിച്ചിരിക്കുന്നവരോ ജീവിക്കുന്നില്ല, മരിച്ചു കഴിഞ്ഞ് ജീവിതമാസ്വദിക്കുന്നവരേയോ ഉറക്കുന്നില്ല.അല്ലേ സർ...?
കുട്ടിയായിരിക്കുമ്പോൾ “ട്രാൻസ്കി”യിലെ സ്വച്ഛന്ദമായ, തടാകത്തിൽ ചൂണ്ടയിട്ട് മീൻ പിടിക്കാറുണ്ടായിരുന്നു.  ഇരയുടെ പ്രലോഭനം മറച്ചുവച്ച ചൂണ്ടക്കൊളുത്തിൻറെ അപകടമറിയാതെ ചൂണ്ട ചങ്കിൽ കുരുങ്ങിപ്പിടക്കുന്ന കബളിപ്പിക്കപ്പെട്ട മത്സ്യങ്ങൾ എന്നെ എപ്പോളും ഉത്തേജിപ്പിച്ചിരുന്നു.
  വളർന്നപ്പോൾ വേദന തോന്നിയിരുന്നെങ്കിലും അവറ്റകളുടെ രുചി എന്ന ആകർഷണം ചൂണ്ടയിടാൻ എന്നെ വീണ്ടും വീണ്ടും പ്രേരിപ്പിച്ചു.
പ്രലോഭനങ്ങളിൽ മയങ്ങുന്ന മനുഷ്യൻ ചെയ്യേണ്ടതു ചെയ്യാൻ കഴിവില്ലാതെ നിസ്സഹായരായിപ്പോകുന്നു അല്ലേ സർ.?
 ഇപ്പോൾ മനസ്സിലാകുന്നു ജനറൽ...വിശാലവും സ്വതന്ത്രവുമായ തെളിഞ്ഞ തങ്ങളുടെ ലോകത്തിലേക്ക് തിരികെപ്പോകാൻ കൊതിക്കുന്ന മത്സ്യങ്ങളുടെ പിടച്ചിലിൻറെ അർത്ഥമെന്തെന്ന്.  
  കെട്ടിയുയർത്തിയ കൊട്ടാരം സൃഷ്ടാവു തന്നെ തകർത്തുകളയുന്നതിലെ ഫലിതം തലേന്ന് “ദ സിറ്റിസൺ”ൻറെ ഡയറക്ടറുമായി കണ്ടുമുട്ടിയ നാൽപത്തിയഞ്ചു നിലകളുള്ള, “കരുണ” എന്ന് അർത്ഥം വരുന്ന “റഹ്മത്ത്” ടവറിൻറെ തകർച്ചക്കൂമ്പാരങ്ങളിൽ കണ്ണോടിക്കുമ്പോൾ തോന്നും മുൻപ് ജീവൻ നിലനിർത്താനുള്ള, അതിയായ ആഗ്രഹത്തിന് ഒരിക്കൽ കൂടി ഞാൻ അടിപ്പെട്ടു.
ഓടുന്നതിനിടക്ക് മണൽപ്പരപ്പിൽ ഒരു സ്ത്രീ വേദനയോടെ കിടന്നു പുളയുന്നുണ്ടായിരുന്നു.  പർദ്ദക്കുള്ളിൽ വയറിൻറെ അസാധാരണമായ വലിപ്പം അവൾ ഒരു പൂർണ്ണ ഗർഭിണിയാണെന്ന് തോന്നിക്കുന്നതായിരുന്നു.  വെടിയുണ്ടകൾ കാറ്റിലൂടെ ചൂളം വിളിച്ച് പലയിടത്തുനിന്നും ഊളിയിട്ടു വരികയായിരുന്നു.  ഞാൻ അവരെ ചുമലിലിട്ട് കുറെ ഓടി.  തളർന്നപ്പോൾ തളർന്നപ്പോൾ നിലത്തു കിടത്തി, അൽപം വിശ്രമിച്ച്  വീണ്ടും എടുത്തുയർത്തി, കുതിക്കാൻ ശ്രമിച്ചു.  പക്ഷേ, എവിടുന്നോ പാഞ്ഞുവന്ന വെടിയുണ്ട അവളുടെ നെഞ്ചിലേക്ക് തുളഞ്ഞു കയറി.  
    “എന്നെ വിട്ട് നിങ്ങൾ വേഗം രക്ഷപ്പെടൂ...വേഗം...വേഗം...”  അവൾ വേദന കടിച്ചമർത്തി വിളിച്ചു പറഞ്ഞു.  ഞാൻ വീണ്ടും കുഴഞ്ഞ മണലിലൂടെ നീങ്ങി.  
  മരണം തളം കെട്ടിക്കിടന്ന ആ പ്രദേശത്തു നിന്നും സിറ്റിയിലെത്താൻ എനിക്ക് പിന്നെയും കാതങ്ങൾ താണ്ടേണ്ടതുണ്ടായിരുന്നു.  
  വെള്ളവും ഭക്ഷണവുമില്ലാതെ, ആയുധമില്ലാതെ മനുഷ്യർ എത്ര നിസ്സഹായരായിപ്പോകുന്നു സർ.  ഇരുളു പരക്കും മുൻപ് ഏതങ്കിലും രക്ഷാ സേനാ ഹെലികോപ്ടറുകൾ എൻറെ വലുതും കറുത്തതുമായ നീഗ്രോയ്ഡ് ശരീരം കണ്ടെത്തണമെന്ന പ്രാർത്ഥനക്കു പകരം ഒന്നുകിൽ ആ സ്ത്രീയെ അനുകരിക്കണമായിരുന്നു അല്ലെങ്കിൽ ആ മനുഷ്യരുടെ കഠാരക്ക് കീഴടങ്ങണമായിരുന്നു എന്ന ചിന്തയാണ് അലട്ടിയത്.
  ഒറ്റപ്പെടൽ എത്ര തീക്ഷ്ണമെന്നും അതോടെ മനുഷ്യൻറെ അസ്തിത്വം എന്നന്നേക്കുമായി അവസാനിക്കുകയാണെന്നുള്ള വാദം എത്ര വാസ്തവമെന്ന് തിരിച്ചറിഞ്ഞ നിമിഷം എൻറെ ബോധം മറയുകയായിരുന്നു.
താങ്കളുടെ മുന്നിൽ  ഈ വ്യർത്ഥമായ ദേഹം എങ്ങനെ എത്തിപ്പെട്ടുവെന്നും ആ മണിക്കൂറുകൾ എങ്ങനെ കടന്നുപോയെന്നുമെനിക്കു തിട്ടമില്ല.
  “ അതുകൊണ്ട് ജനറൽ, എൻറെ പ്രജ്ഞ വിഭ്രാന്തിയിലേക്കു മടങ്ങും മുൻപ് ഒരു നിമിഷാർധത്തെയെങ്കിലും ശാന്തി പകർന്ന് അങ്ങ് കാഞ്ചി വലിക്കുക, ഞാൻ കണ്ണുകളടക്കട്ടെ.....”
............................
ജറീക്കോ- -മിഡിൽ ഈസ്റ്റിലെ പ്രമുഖ പട്ടണം.
“ദ സിറ്റിസൺ”- ദക്ഷിണാഫ്രിക്കയിലെ പ്രമുഖ പട്ടണം.
മാഡിബ- നെൽസൺ മണ്ടേലയെ ദക്ഷിണആഫ്രിക്കക്കാർ ആദരപൂർവ്വം വിളിക്കുന്ന പേര്.
ട്രാൻസ്കി – ദക്ഷിണാഫ്രിക്കയിലെ ഒരു ഗ്രാമപ്രദേശം.
ഡർബൻ- ദക്ഷിണാഫ്രിക്കയിലെ ഒരു പട്ടണം.
വിലാപങ്ങളുടെ മതിൽ- മധ്യപൂർവ്വേഷ്യയിലെ ഒരു വിശുദ്ധസ്ഥലം.
എ ലോംഗ് വാക് ടു ഫ്രീഡം- നെൽസൻ മണ്ടേലയുടെ ആത്മകഥ
മക്ഡൊണാൾഡ്സ്- അമേരിക്കൻ ഭക്ഷ്യ കുത്തകക്കമ്പനി.
..........................................

            

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക