Image

കേരളം തൊഴുന്നു (ചിഞ്ചു തോമസ്)

Published on 20 July, 2023
കേരളം തൊഴുന്നു (ചിഞ്ചു തോമസ്)

I am sorry. I believed her. I believed the media. I was not insightful enough to see the political deception. I am sorry to the greatest leader of the era , Oommen chandy.  

ഞാൻ ക്ഷമ ചോദിക്കുന്നു. എനിക്കറിയാം നിങ്ങളും.

വഴിയരികിലെ ആൾക്കൂട്ടം കണ്ടോ ? ഒരു പക്ഷേ അവരെ കുറ്റബോധം അവിടെ  എത്തിച്ചതാകാം. ചിലപ്പോൾ ചെയ്തു കിട്ടിയ എണ്ണമില്ലാത്ത സഹായങ്ങൾക്കുള്ള മറുപടിയാകാം. ചിലപ്പോൾ ഇങ്ങനെ ഒരാൾ ഇനി പിറക്കുമോ എന്ന് ചിന്തിച്ചിട്ടാകാം. ഞാനും ഈ മഹാന്റെയൊപ്പം  ഈ ലോകത്ത്‌  ഉണ്ടായിരുന്നു എന്നുള്ള അഭിമാനം  കൊണ്ടാകാം. ചങ്കു പൊട്ടിയിട്ടാകാം. ഒന്നുമല്ല അവസാനമായി ഒന്നു കാണാൻ വേണ്ടിയാകാം. ഒരു സ്ത്രീ പറഞ്ഞു ജനസമ്പർക്ക പരിപാടിയിൽ വെച്ച് ഉമ്മൻ ചാണ്ടി സാറിനെ കണ്ടപ്പോൾ യേശു ക്രിസ്തുവിനെപ്പോലെ തോന്നിച്ചു എന്ന്. ഒരുപക്ഷേ യേശുക്രിസ്തുവായി വിശ്വസിച്ചിട്ടാകാം. മനോരമയിലെ നിഷ പറഞ്ഞു ഉമ്മൻ ചാണ്ടി സാർ  ചെറിയവരിൽ ചെറിയവർക്ക് വേണ്ടിയാണ് നിലകൊണ്ടത് , അതുകൊണ്ട് ക്രിസ്തുവിന്റെ ശെരിയായ അനുയായി ആണ് ഉമ്മൻ ചാണ്ടി സാർ എന്ന്.  ക്രിസ്തുവിന്റെ അനുയായി എന്ന് കണ്ടിട്ടാകാം. കണ്ണാടിക്കൂട്ടിൽ ഇരിക്കാത്ത , ജനങ്ങൾക്കിടയിൽ ജീവിച്ച പുണ്യാളനായി കണ്ടിട്ടാകാം. ഇത് അപൂർവ്വ ജന്മം ആണ് എന്ന് വിശ്വസിക്കുന്നത് കൊണ്ടാകാം. ഇതൊക്കെക്കൊണ്ടാകാം കേരളം വഴിയരികിൽ കാത്തു നിന്ന് ഉമ്മൻ ചാണ്ടി സാറിന്റെ വിലാപ യാത്രയെ കൈകൂപ്പി  തൊഴുന്നത്.

ജനങ്ങൾ പറയുന്നു  ഇരുപത്‌ മണിക്കൂർ ജനസമ്പർക്ക പരിപാടിയിൽ ഉമ്മൻ ചാണ്ടി സാറിന് ഞങ്ങളെ കേൾക്കാമെങ്കിൽ സാറിനെ ഒരുനോക്ക്  കാണാൻ ഞങ്ങൾക്കും മണിക്കൂറുകൾ കാത്തു  നിൽക്കാം. സാറിന്റെ കൂടെ ഉണ്ടായിരുന്നവർക്കു പോലും സാർ ഇത്രമാത്രം ജനങ്ങളിലേക്ക് ഇറങ്ങി ചെന്നിട്ടുണ്ടെന്ന് മനസ്സിലായത് സാറിന്റെ മരണശേഷമാണ്. 

മലങ്കര ഓർത്തഡോക്സ്‌ സഭ സാറിനോടുള്ള ആദരവ് എന്നോണം സാറിന്റെ കല്ലറ പള്ളിക്ക് ചേർന്ന് വൈദികർക്കുള്ള കല്ലറ എന്ന പോലെയാണ് ഒരുക്കിയിരിക്കുന്നത്. ആ കല്ലറ നിത്യ സ്മാരകമായി എന്നും നിലകൊള്ളണം എന്ന് സഭ ആഗ്രഹിക്കുന്നു.

കരച്ചിലിന് കാതോർത്താലോ സ്ത്രീകളുടെ കരച്ചിലാണ് കൂടുതൽ. ഉമ്മൻ ചാണ്ടി സാർ പെൻഷൻ ശെരിയാക്കി തന്നു , ജോലി തന്നു , ശുചിമുറിക്ക് അപേക്ഷ കൊടുത്തു പക്ഷേ സാർ വീട് തന്നെ തന്നു , ചികിത്സാ സഹായം തന്നു, കുട്ടികളുടെ വിദ്യാഭ്യാസം  നടത്തിത്തന്നു ,  മക്കളുടെ വിവാഹം നടത്തിത്തന്നു  , കുഞ്ഞിന് വയ്യാഞ്ഞപ്പോൾ മെഡിക്കൽ കോളേജിൽ പോകാനുള്ള എല്ലാ സൗകര്യങ്ങളും ചികിത്സയും സാർ നേരിട്ടൊരുക്കിത്തന്നു , കുളം നിർമ്മിച്ചു വെള്ളം എത്തിച്ചുതന്നു , ഓരോ മനുഷ്യരേയും വിളിച്ചു അവരുടെ ആവശ്യം ചോദിച്ചറിഞ്ഞു സഹായം ചെയ്തു , അവർ പറയാത്തത് കണ്ടറിഞ്ഞു സഹായിച്ചു , അങ്ങനെ എണ്ണിയാൽ തീരാത്ത കാര്യങ്ങൾ ഉണ്ട് എന്നിട്ടും എന്നിട്ടും കുറേ കാലം ആ സ്ത്രീയുടെ വാക്കുകൾ മാത്രം മാധ്യമത്തിൽ പറഞ്ഞു കൊണ്ടിരുന്നു. അന്നാരും ഉമ്മൻ ചാണ്ടി സാർ സഹായിച്ചവരെ അന്വേഷിച്ചു പോയില്ല. അവർക്ക് പറയാനുള്ളതൊക്കെ  അന്ന് മാധ്യമത്തിൽ  വന്നിരുന്നെങ്കിൽ ആ സ്ത്രീ പറയുന്ന ആരോപണം കണ്ണുംപൂട്ടി വിശ്വസിച്ചു പുച്ഛത്തോടെ ഞാനടക്കമുള്ള പലരും സാറിനെ നോക്കുകയില്ലായിരുന്നു.  

ഉമ്മൻ ചാണ്ടി സാറിനെ  പറ്റി ജനങ്ങൾ പറയുന്നത് കേൾക്കാൻ ഞാൻ  കുറേ വീഡിയോ കാണുന്നു, കുറേ നേരമായി. കണ്ടിട്ടും കണ്ടിട്ടും തീരുന്നില്ല. കേരളത്തിലെ ഓരോ മനുഷ്യരേയും അറിയാമായിരുന്നോ സാറിന്  ! ഓരോ മനുഷ്യർക്കുമുണ്ട് കുറേ ഓർമ്മകൾ പങ്കുവയ്ക്കാൻ ! സാറിനെ പറ്റി അറിഞ്ഞതൊന്നും പോരാതെ വരുന്നു കൂടെ നിന്നവർക്കും. 

ഉമ്മൻ ചാണ്ടി സാറിന് സ്വർഗ്ഗ രാജ്യം ലഭിക്കേണമേ എന്നൊരാൾ  ശതകോടി പ്രണാമം അർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു. കൂടെ ഞാനും  പ്രാർത്ഥിക്കുന്നു. ഉമ്മൻ ചാണ്ടി സാറിന് സ്വർഗ്ഗ രാജ്യം അവകാശമായി കൊടുക്കേണമേ. ആമേൻ.
ജനങ്ങളുടെ കാണപ്പെട്ട ദൈവത്തിന് , ജനങ്ങളുടെ ഇടയിൽ ജീവിച്ച  പുണ്യാളന് , ക്രിസ്തുവിന്റെ ശരിയായ അനുയായിക്ക് , കാണപ്പെട്ട ക്രിസ്തുവിന് സ്വർഗ്ഗരാജ്യം ലഭിക്കാൻ പ്രാർത്ഥിക്കുന്നോ എന്ന് ഞാൻ സ്വയം ചോദിച്ചു പോകുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക