Image

പ്രകൃതി പോലും  കരഞ്ഞു, ജനസാഗരം നീന്തിവന്ന നായകന് കണ്ണീർപ്പൂക്കൾ (കുര്യൻ  പാമ്പാടി)

Published on 20 July, 2023
പ്രകൃതി പോലും  കരഞ്ഞു, ജനസാഗരം നീന്തിവന്ന നായകന് കണ്ണീർപ്പൂക്കൾ (കുര്യൻ  പാമ്പാടി)

കേരളം കണ്ട ഏറ്റവും നീണ്ട വിലാപയാത്രക്കൊടുവിൽ  ജനസാഗരങ്ങളെ സാക്ഷി നിർത്തി ജനനായകന് ജനിച്ച നാട്ടിൽ അന്ത്യോപചാരം. പ്രകൃതി പോലും കരഞ്ഞു, ജഗതിയിലെ പുതുപ്പള്ളി ഹൗസ്  മുതൽ പുതുപ്പള്ളിയിലെ പണിതീരാത്ത വീട് വരെ  മഴയും വെയിലും നൽകി പ്രകൃതി ഉമ്മൻ ചാണ്ടിക്കു അശ്രു പൂജ നടത്തി.

കർക്കിടക മഴയെ വെല്ലുവിളിച്ച്‌ സെന്റ് ജോർജ് വലിയപള്ളി മുമ്പിൽ തമ്പടിച്ച സ്ത്രീ പുരുഷ സഞ്ചയത്തിന്റെ  കണ്ണുകൾ നിറച്ചുകൊണ്ടു മുൻ മുഖ്യമന്ത്രിയുടെ മൃതദേഹം പള്ളി സെമിത്തേരിയിലെ തെങ്ങിൻ തോപ്പിൽ പണിത പുതിയ കല്ലറയിൽ വ്യാഴാഴ്ച രാത്രി അടക്കം ചെയ്തു. 

അന്ത്യ വിശ്രമം: പുതുപ്പള്ളി സെറ്റ് ജോർജ് വലിയ പള്ളി

ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയനും  കർദിനാൾ ജോർജ്  ആലഞ്ചേരിയും ഇരുപതോളം സഭാ മേലധ്യക്ഷന്മാരും അന്ത്യ ശുശ്രൂഷകൾ നയിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരും മന്ത്രിമാർ ഉൾപ്പെടെ കമ്മ്യുണിസ്റ് നേതാക്കളും അന്ത്യോപചാരത്തിനു എത്തിയിരുന്നു. ശുശ്രൂഷ നയിക്കാൻ  ആയിരത്തിലേറെ വൈദികരും സന്നിഹിതരായി. 

പുതുപ്പള്ളിയിലൂടെ  ഇനിയൊരു യാത്ര ഉണ്ടാവില്ല    

ഉമ്മൻചാണ്ടിയുടെ തട്ടകമായ കോട്ടയം തിരുനക്കര മൈതാനത്ത്  2000 പൊലീസുകാരെ അണിനിരത്തിയിട്ടും പതിനായിരക്കണക്കിന് ആരാ ധകരെ   നിയന്ത്രിക്കാൻ കഴിഞ്ഞില്ല. കാസർഗോഡ് നിന്നും കണ്ണൂർ നിന്നും വയനാട്ടിൽ നിന്നും വന്നുകാത്തിരുന്നവർ അക്കൂടെ യുണ്ടായിരുന്നു. 'മരിക്കില്ല, മരിക്കില്ല, ഞങ്ങളിലൂടെ   അദ്ദേഹം ജീവിക്കും' അവർ   പ്രഖ്യാപിച്ചു. മമ്മൂട്ടിപോലുള്ളവർ പോലും ജനക്കൂട്ടത്തിനിടയിൽ പാടു പെട്ടു. സുരേഷ്‌ ഗോപി, ദിലീപ്,  രമേശ് പിഷാരടി  എന്നിവരും എത്തി. ഇപി ജയരാജൻ, എംഎ ബേബി, സുരേഷ് കുറുപ്പ്  തുടങ്ങിയവരും.  

തിരുനക്കര മൈതാനത്തെ ജനസഹസ്രങ്ങൾ

അറുപതു വർഷം മുമ്പ് അന്തരിച്ച നേതാവ് പിടി ചാക്കോയ്ക്ക് ഇളങ്ങോയി പള്ളിസെമിത്തേരിക്ക് പുറത്ത് പ്രത്യേക കല്ലറയിൽ അന്ത്യവിശ്രമം ഒരുക്കിയതിനു ശേഷം ഇതാദ്യമാണ്   അത്തരമൊരു ആദരവ് പള്ളിയിൽ ഒരു ജനനായകന് നൽകുന്നത്. 

ജന്മനാട്ടിലേക്കുള്ള അവസാനത്തെ മടങ്ങി വരവിൽ ഉമ്മൻ ചാണ്ടിയുടെ  അഭിലാഷമനുസരിച്ച്  ഔദ്യോഗിക ബഹുമതിൽ കൂടാതെയായിരുന്നു സംസ്‌കാരം. 

കോട്ടയത്തെ പൊതു ദർശനം; ദൂരം താണ്ടി വന്നയാൾ

'ഇല്ല മരിക്കില്ല, മരിക്കില്ലൊരിക്കലും, ഉമ്മൻ ചാണ്ടി മരിക്കില്ല, എന്ന മുദ്രാവാക്യം വിലാപയാത്രയിലു ടനീളം കേൾക്കാമായിരുന്നു. മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും അദ്ദേഹം മുഖം നോക്കാതെ നടപ്പാക്കിയ സാന്ത്വന പരിപാടികളുടെ അംഗീകാരം കൂടിയായിരുന്നു  ഇടറിയ കണ്ഠങ്ങളിൽ നിന്നുയർന്ന ഈ വിളികൾ.   

കോട്ടയം കണ്ട ഏറ്റവും വലിയ വിലാപയാത്ര കെസി മാമ്മൻ മാപ്പിള ഹാൾ കടക്കുമ്പോൾ എഴുപതു വർഷം മുമ്പ് 1953  ഡിസംബർ 31 നടന്ന കെസി മാമ്മൻമാപ്പിളയുടെ വിലാപ യാത്രയാണ് ഓർമ്മവരുന്നത്. ഉമ്മൻ ചാണ്ടിയെ കൈപിടിച്ച് നടത്തിയ അഖില കേരള ബാലജനസഖ്യത്തിന്റെ രക്ഷാധികാരിയായിരുന്നു മാമ്മൻ മാപ്പിള. പത്രാധിപരും നിയമസഭാഗവും പ്ലാന്ററും ബാങ്കറുമെല്ലാമായി ശോഭിച്ച അദ്ദേഹത്തിന്റെ  വിലാപയാത്രയെ നയിച്ചത്  മുഖ്യമന്ത്രി ഏ. ജെ ജോൺ,

ആൾകൂട്ടത്തിൽ മമ്മൂട്ടി

കെസി മാമ്മൻ മാപ്പിള ഹാൾ  ഉണ്ടായത് 1957ൽ. മലയാള മനോരമയിൽ പൊതുദർശനത്തിനു വച്ച മൃത ദേഹത്തിനു വലം വച്ചു നടന്നു നീങ്ങിയ ആയിരങ്ങളുടെ കൂടെ നിക്കറിട്ട ഏഴാംക്ളാസ്കാരനായ ഞാനും ഉണ്ടായിരുന്നു. ആ കർമ്മയോഗി ആരാണെന്നു  തിരിച്ചറിയാൻ പോലും ഇടയില്ലാത്ത ബാല്യകാലത്ത്‌ എന്നെ അതിനു പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്നു  ഓർത്തെടുക്കാൻ കഴിയുന്നില്ല. 

വ്യാഴാഴ്ച കോട്ടയവും പുതുപ്പള്ളിയും കണ്ട  പതിനായിരങ്ങളുടെ മുമ്പിൽ അസ്തപ്രജ്ഞരായി നിൽക്കാനേ ആർക്കും  കഴിയുമായിരുന്നുള്ളൂ. പുതുപ്പള്ളി കഴിഞ്ഞാൽ ഉമ്മൻ ചാണ്ടിക്കു ഏറ്റവും കൂടുതൽ അടുപ്പമുള്ള സ്ഥലം കോട്ടയമാണെന്നു നിയമ സഭാ സാമാജികനായി അമ്പതു വർഷം പൂർത്തിയാക്കിയ വേളയിൽ  അദ്ദേഹം ഒരഭിമുഖത്തിൽ തുറന്നു സമ്മതിച്ചു. 

മാമ്മൻ മാപ്പിള  ഹാളിൽ നടന്ന ഏറ്റവും കൂടുതൽ പൊതുയോഗങ്ങളിൽ പ്രസംഗിച്ചിട്ടുള്ള മുഖ്യമന്ത്രിയും ഉമ്മൻചാണ്ടിയാണ്. 1957ൽ  തുറന്നു കൊടുത്ത മുനിസിപ്പൽ ടൗൺഹാൾ ഉദ്ഘാടനം ചെയ്തത് അന്ന് മദ്രാസ്  ഗവർണർ ആയിരുന്ന ഏ. ജെ. ജോൺ തന്നെ. 

ചടയമംഗലത്തെ ഗർഭിണി ആലിയ; ആരാധിക

അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യവുമായി പുതുപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഏറ്റവും കൂടുതൽ യാത്ര ചെയ്തിട്ടുള്ള മലയാളി ഉമ്മൻ ചാണ്ടിയാണെന്നു ഒരിക്കൽ കെഎം മാണി പറഞ്ഞത് പലരുടെയും ഓർമയിൽ ഉണ്ടാവും.  ഏറ്റവും കൂടുതൽ പേരെ അണിനിരത്തി അന്ത്യയാത്ര നടത്താനും കേരളം അദ്ദേഹത്തിന് വഴിയൊരുക്കി. 

ജഗതിമുതൽ തിരുവനന്തപുരം ജില്ലാ അതിത്തിയായ വെഞ്ഞാറമൂട് വരെ നാല് മണിക്കൂർ വേണ്ടിവന്നു വിലാപ യാത്ര എത്തിചേരാൻ. കോട്ടയത്ത് എത്തിയതാകട്ടെ പിറ്റേന്ന്- 28 മണിക്കൂറിനു ശേഷം.  കൊട്ടാരക്കരയിലും  അടൂരും പന്തളത്തും ചെങ്ങന്നൂരും തിരുവല്ലയിലും  ജനം സ്നേഹത്തിന്റെയും ആദരവിന്റെയും കൂറ്റൻ മതിലുകൾ തീർത്തു.  

എന്നും  ഓടി വരാറുള്ള  പുതുപ്പള്ളി വലിയ പള്ളി

ഉമ്മൻ ചാണ്ടി 1963-66 കാലത്ത് എക്കണോമിക്‌സ്  ബിഎക്കു പഠിച്ച ചങ്ങനാശ്ശേരി എസ്ബി കോളജിന്റെ അശ്രുപൂജ  ഹൃദയ സ്പര്ശിയായി. 'എന്റെ സ്വന്തം സഹോദരൻ' എന്ന് പറഞ്ഞുകൊണ്ടാണ് പെരുന്നയിൽ എൻഎസ്എസ് സെക്രട്ടറി ജി. സുകുമാരൻ നായർ പുഷ്‌പാർച്ചന നടത്തിയത്. 

വിലാപ യാത്ര കോട്ടയം നഗരത്തിലൂടെ കടന്നു പോയപ്പോൾ മുഖ്യമന്ത്രി എന്ന നിലയിൽ കെ.സി മാമ്മൻ മാപ്പിള ഹാളിൽ  ഏറ്റവും കൂടുതൽ പ്രസഗിച്ചിട്ടുള്ള ആൾ ഉമ്മൻ ചാണ്ടിയാണെന്നത് എത്രപേർ ഓർക്കുന്നുണ്ടോ ആവോ? മാമൻ മാപ്പിള അന്തരിക്കുമ്പോൾ അദ്ദേഹം ഒമ്പതാം  വയസിൽ സ്‌കൂളിൽ പഠിക്കുന്നതേ ഉള്ളു. ഹാൾ ഉദ്‌ഘാടനം നടക്കുമ്പോൾ  13 വയസ്.

ചാണ്ടി ഒരാദ്ധ്യാൽമിക പാഠമെന്നു വികാരി വർഗീസ്

ഉമ്മൻ ചാണ്ടിയുടെ വിടവാങ്ങൽ 'കവർ ചെയ്യാൻ' ചാനലുകളും പത്രങ്ങളും നടത്തിയ മത്സരം ഏതൊരു മാധ്യമ വിചാരകനും പഠിക്കേണ്ടതാണ്. ചാനലുകൾ തമ്മിൽ തത്സമയ റിപ്പോർട്ടിങ്ങിൽ മരണപോരാട്ടം  നടത്തിയപ്പോൾ 24 ന്യൂസ് മേധാവി ശ്രീകണ്ഠൻ നായർ പ്രഖ്യാപിച്ചു " ജഗതി മുതൽ പുതുപ്പള്ളി വരെ ലൈവ് ആയ തങ്ങൾ ഒരു പരസ്യവും  സ്വീകരിക്കുന്നില്ല' എന്ന്. ഏഷ്യാനെറ്റ് ആകട്ടെ നിരന്തരമായി  ആവർത്തന വിരസതയോടെ ചിക്കിങ് റെസ്റ്റോറന്റിന്റെ പരസ്യം കാട്ടിക്കൊണ്ടിരുന്നു. 

കൊറോണക്കാലത്ത്  പ്രചാരത്തിൽ ഉണ്ടായ ഇടിവിൽ നിന്ന് പത്രങ്ങൾ കരകയറി വരികയാണ്. ഒന്നാമത് ഇന്ന് മനോരമ 20 ലക്ഷം, മാതൃഭൂമി 11 ലക്ഷം, ദേശാഭിമാനി 7 ലക്ഷം. 

മരണവാർത്തയുമായി മനോരമ ഒന്നാമത് 

ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ജനപ്രീതി നേടാനുള്ള കിടമത്സരത്തിൽ മനോരമ മുന്നിൽ നിന്നു. മരണം റിപ്പോർട്ട് ചെയ്ത 19നു മനോരമക്ക് 28 പേജ്.  ഫുൾ പേജ് കവറേജ് ഉള്ള ഒന്നാം പേജ് ഉൾപ്പെടെ 14 പേജും മുൻ മുഖ്യന് നീക്കി വച്ചു. അതിൽ അഞ്ചു സെന്റർ സ്പ്രെഡും. മാതൃഭൂമിക്കു 16 പേജ്. ഫുൾ കവറേജുള്ള ഒന്നാം പേജ് ഉൾപ്പെടെ 10 പേജ് ഉമ്മൻ ചാണ്ടിക്ക്.  നാല് സെന്റര് സ്പ്രെഡ്.  

ആറു മാസത്തിനകം  നടക്കുന്ന പുതുപ്പള്ളിയിലെ ഇടക്കാല തെരെഞ്ഞെടുപ്പിൽ ഇനി ആര് മത്സരിക്കുമെന്ന ചർച്ച  തുടങ്ങിക്കഴിഞ്ഞു. തൃക്കാക്കരയിൽ അന്തരിച്ച പിടി തോമസിന് പകരം ഉമാ തോമസിനെ ജയിപ്പിച്ച യുഡിഎഫിന്  ചാണ്ടി ഉമ്മനെ നിർത്തി ജയിപ്പിക്കാൻ എളുപ്പമാണ്. എന്നാൽ ചാണ്ടി ഉമ്മനെ കേന്ദ്രത്തിൽ പ്രധാന ചുമതല ഏൽപ്പിച്ചു എംപി സ്ഥാനം നൽകാൻ  രാഹുലിന് താൽര്യമുണ്ടെന്ന് കേൾക്കുന്നു. 

രണ്ടും മൂന്നും സ്ഥാനമുള്ള പത്രങ്ങൾ   

എങ്കിൽ പുതുപ്പള്ളിയിൽ ആരെ  നിർത്തുമെന്നതിന് രാഷ്ട്രീയ, മത സമവാക്യങ്ങൾ രണ്ടു മുന്നണികൾക്കും പരിഗണിക്കേണ്ടി വരും. യാക്കോബായക്കാർക്ക് പ്രാമുഖ്യമുള്ള മണ്ഡലമാണ് പുതുപ്പള്ളി. ഇതുവരെ അത് തടഞ്ഞു നിർത്തിയിരുന്നത് ഉമ്മനെ ചാണ്ടിയുടെ വ്യക്തിപ്രാഭവം ഒന്ന് മാത്രം. മണ്ഡലത്തിൽ എട്ടു പഞ്ചാ യത്തുകൾ ഉള്ളതിൽ ആറെണ്ണവും ഭരിക്കുന്നത് ഇടതു മുന്നണിയാണ്.  പ്രധാന കാരണം കേരളകോൺഗ്രസ്  എമ്മിന്റെ കൂറുമാറ്റം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക