Image

കര്‍ക്കടകം അഞ്ച്: രാമായണ പാരായണം;പരശുരാമ ദര്‍ശനം, അയോദ്ധ്യാവാസം,(ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 21 July, 2023
കര്‍ക്കടകം അഞ്ച്: രാമായണ പാരായണം;പരശുരാമ ദര്‍ശനം, അയോദ്ധ്യാവാസം,(ദുര്‍ഗ മനോജ് )

സീതാസ്വയംവരം കഴിഞ്ഞു മടക്കമാണ് അയോധ്യയിലേക്ക്. സ്വര്‍ണരത്‌നങ്ങളും, വസ്ത്രങ്ങള്‍, തോഴിമാര്‍, പരിചാരകര്‍ എന്നിങ്ങനെ ജനകന്‍ നല്‍കിയ കന്യാധനവുമായി നാലു പുത്രവധുക്കളും ദശരഥനും പത്‌നിമാര്‍ക്കുമൊപ്പം മടക്കയാത്ര തുടങ്ങി. യാത്ര അല്പം മുന്നേറിയപ്പോള്‍ ചില ദുര്‍ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ദശരഥന്‍ പരിഭ്രമിച്ചു. എന്താണിങ്ങനെയെന്നു വസിഷ്ഠനോടു ചോദിച്ചു. വസിഷ്ഠന്‍ അദ്ദേഹത്തെ സമാധാനിപ്പിച്ചു. അത് കോപിഷ്ഠനായ ഭാര്‍ഗവരാമന്റെ വരവാണ്. എങ്കിലും അങ്ങു ഭയക്കേണ്ടതില്ലെന്നു ഗുരു പറഞ്ഞു. പറഞ്ഞു തീരും മുന്‍പു ഭാര്‍ഗവരാമന്‍ അവര്‍ക്കു മുന്നിലെത്തി. തന്റെ ഗുരു, സാക്ഷാല്‍ പരമശിവന്‍ നല്‍കിയ വില്ലൊടിച്ച രാമനെ വകവരുത്താനാണ് പരശുരാമന്റെ വരവ്. അദ്ദേഹം മുന്നിലെത്തിയപ്പോള്‍ ദശരഥന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പരശുരാമന്‍ യുദ്ധം കൂടിയേ തീരൂ എന്നൊരു നിലപാട് എടുത്തു. രാമനും രാമനും നേര്‍ക്കുനേര്‍ പോരാടി. രാമന്‍ തൊടുത്ത അസ്ത്രം പരശുരാമനു നേരെ പാഞ്ഞടുത്തപ്പോള്‍ പരശുരാമന്‍ നേരറിഞ്ഞു, തന്റെ മുന്നില്‍ നില്‍ക്കുന്ന രാമന്‍ സാക്ഷാല്‍ നാരായണന്‍ തന്നെ. അതോടെ ആ നാരായണനു മുന്നില്‍ പരശുരാമന്‍ പ്രണമിച്ചു. രാമന്‍ താനയച്ച അസ്ത്രം മടക്കി പകരം പരശുരാമ തേജസ്സ് തന്നിലേക്ക് ഏറ്റുവാങ്ങി. നാരായണന്റെ അനുഗ്രഹം വാങ്ങി പരശുരാമന്‍ തപസ്സിനായ് മടങ്ങി. പിന്നെ, എല്ലാവരും വേഗം അയോധ്യയില്‍ എത്തിച്ചേര്‍ന്നു. രാമനും ജാനകിയും ദശരഥനും അമ്മമാര്‍ക്കും ഒപ്പം സന്തോഷത്തോടെ കഴിഞ്ഞു വന്നു. ഇതിനിടയില്‍ കൈകേയിയുടെ സഹോദരന്‍ യുധാജിത്ത് സഹോദരിപുത്രന്മാരുടെ വിവാഹത്തിനു പങ്കെടുക്കാന്‍ വന്ന ശേഷം തിരിച്ചു മടങ്ങാന്‍ നിശ്ചയിച്ചു. അദ്ദേഹം ഭരതനെ ഒപ്പം കൂട്ടാന്‍ ആഗ്രഹിച്ചു. ഭരതന്റെ നിഴല്‍ പോലെ ശത്രുഘ്‌നന്‍ ഉണ്ടാകുമല്ലോ. അങ്ങനെ അമ്മാവനൊപ്പം അവര്‍ രണ്ടു പേരും കോസല രാജ്യത്തേക്കു യാത്രയായി. അയോധ്യയില്‍ രാമനും ലക്ഷ്മണനും ദശരഥനൊപ്പം രാജ്യ കാര്യങ്ങള്‍ പരിപാലിച്ച് മുന്നോട്ടു പോയി. രാജര്‍ഷിയായ ദശരഥന്റെ പുത്രന്‍ രാമന്‍, ഉത്തമരാജനന്ദിനിയായ ജാനകിയോടൊത്ത് ലക്ഷ്മീദേവിക്കൊപ്പം മഹാവിഷ്ണു എന്നപോലെ അയോധ്യയില്‍ ശോഭിച്ചു.

രാമനാരെന്നു ഭാര്‍ഗവരാമന്‍ തിരിച്ചറിയുന്നത് രാമായണത്തിലെ ഒരു സുന്ദര നിമിഷമാണ്. നാരായണന്റെ അംശാവതാരമായ പരശുരാമന്‍ തന്റെ ക്ഷിപ്രകോപത്തിന് പ്രസിദ്ധനാണ്. കോപാഗ്‌നിയില്‍ താന്‍ ഏതൊന്നിന്റെ അംശമാണോ അതിനെ തിരിച്ചറിയാന്‍ അദ്ദേഹത്തിനാകുന്നില്ല. ഇരുപത്തൊന്നു വട്ടം ക്ഷത്രിയ വംശത്തെ ഇല്ലാതാക്കിയ ഭാര്‍ഗവരാമന്‍, വെറും കുട്ടിയായ ശ്രീരാമനു മുന്നിലേക്കു പാഞ്ഞടുക്കുന്നത് ദര്‍പ്പപ്പോടെയാണ്. എന്നാല്‍ നിമിഷം കൊണ്ട് രാമനതു തീര്‍ത്തു കൊടുക്കുന്നു. സാക്ഷാല്‍ പരശുരാമനെ മൂടിയ മായയില്‍ നിന്ന് സാക്ഷാല്‍ നാരായണന്‍ തന്നെ ഈ സമസ്ത ലോകവും കാത്തുകൊള്ളട്ടെ.

Ramayana Parayanam.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക