ഉമ്മന്‍ ചാണ്ടി ആരാണന്ന് ഒരു സിനിമ നടന്‍ ചോദിച്ചതുകേട്ടു. അയാളുടെ പേരുപോലും ഉച്ചരിക്കാന്‍ ഞാന്‍ ഇഷടപ്പെടുന്നില്ല. ഒരുപക്ഷേ, അയാളുടെ വിവരക്കേടുകൊണ്ട് ചോദിച്ചതാകാം. അതുപോകട്ടെ. ഉമ്മന്‍ ചാണ്ടി ആരായിരുന്നു എന്നത് അദ്ദേഹത്തിന്റെ മരണശേഷമാണ് ശരിക്കും മനസിലാകുന്നത്. രാഷ്ട്രീയ അഭിപ്രായ വ്യത്യസങ്ങളുടെ പേരില്‍ അദ്ദേഹത്തെ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും ഉമ്മന്‍ ചണ്ടിയെ എനിക്കെന്നും ബഹുമാനമായിരുന്നു., ഇഷ്ടമായിരുന്നു. കെ എസ് യുവില്‍ പ്രവര്‍ത്തിക്കുന്ന കാലംതൊട്ട് എനിക്ക് അദ്ദേഹത്തെ അറിയാമായിരുന്നു. അന്ന് ഞാനും ഒരു കെ എസ് യുക്കാരനായിരുന്നു., തൃശ്ശൂര്‍ കേരളവര്‍മ്മ കോളജിലെ യൂണിയന്‍ ചെയര്‍മാനായിരുന്നു.
മാര്‍ക്‌സിസ്റ്റ് ഗുണ്ടകളുടെ ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ അന്ന് കെ എസ് യു ജനറല്‍ സെക്രട്ടറിയായിരുന്ന ഉമ്മന്‍ ചാണ്ടി എന്നെ കാണാന്‍വന്നത് ഓര്‍ക്കുന്നു. അദ്ദേഹം ഒരു കെ എസ് യു പ്രവര്‍ത്തകനെ ആശുപത്രിയില്‍പോയി കാണണമെന്ന് നിര്‍ബന്ധമൊന്നും ഇല്ല. പക്ഷേ, അതായിരുന്നു അന്ന് എറണാകുളം ലോ കോളേജ് വിദ്യാര്‍ഥിയായിരുന്ന ഉമ്മന്‍ ചാണ്ടി. പിന്നീട് കെ എസ് യു പ്രസിഡണ്ടായപ്പോഴും യൂത്തുകോണ്‍ഗ്രസ്സ് പ്രസിഡണ്ടായപ്പോഴും എം എല്‍ എയും മന്ത്രിയുമൊക്കെ ആയപ്പോഴും ഉമ്മന്‍ ചാണ്ടിയെ ഞാന്‍ ദൂരെനിന്ന് നോക്കികണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതിയോട് ആദരവ് തോന്നിയിട്ടുണ്ട്. ചിലപ്പോഴൊക്കെ വിമര്‍ശ്ശിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജനസമ്പര്‍ക്ക പിരിപാടിയോട് എനിക്ക് യോജിപ്പില്ലായിരുന്നു. മുഖ്യമന്ത്രി തന്റെ ഓഫീസിലിരുന്നാണ് നിടിനെ ഭരിക്കേണ്ടത് എന്ന അഭിപ്രായമാണ് എനിക്കുണ്ടായിരുന്നത്. ഓഫീസുവിട്ട് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയതുകൊണ്ടാണല്ലോ അദ്ദേഹത്തിന് പല അപകടങ്ങളും സംഭവിച്ചത്. ഒരു ഭ്രാന്തന്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ കയറി ഇരുന്നതും പേര്‍സണല്‍ സ്റ്റാഫില്‍പെട്ട ചിലര്‍ അദ്ദേഹത്തിന്റെ ഫോണ്‍ ദുരുപയോഗം ചെയ്ത് ദുരിതത്തിലാക്കിയും.
ജനങ്ങളോടുള്ള അമിതമായ സ്‌നേഹംകൊണ്ടും അവരുടെ ആവശ്യങ്ങള്‍ നേരിട്ട് അറിയനുമാണ് ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രി അവരുടെ ഇടയിലേക്ക് ഇറങ്ങിചെന്നതെന്ന് മനസിലായത് അദ്ദേഹത്തെ ഈ ദുഷ്ടഭൂമിയില്‍നിന്ന് യാത്രയാക്കാന്‍ തടിച്ചുകൂടിയ ആരാധകരുടെ ബാഹുല്യം കണ്ടപ്പോഴാണ്. കോണ്‍ഗ്രസ്സുകാര്‍ മാത്രമല്ല കമ്മ്യൂണിസ്റ്റുകാരും അവരുടെ മധ്യത്തില്‍ ഉണ്ടായിരുന്നു. പിണറായിയും കൂട്ടരും അദ്ദേഹത്തോടുചെയ്ത നീചമായപാതകം അറിയാതെയെങ്കിലും വിശ്വസിച്ചുപോയവര്‍, തങ്ങളുടെ ചെറുതുംവലുതുമായ ആവശ്യങ്ങളും പരാതികളും ക്ഷമയോടുകേട്ട് പരിഹാരം കണ്ടെത്തിയ മുഖ്യമന്ത്രിയോടുള്ള നന്ദിയുളളവര്‍., എല്ലാവരും ആ ബഹുജന സമശ്ചയത്തില്‍ ഉണ്ടായിരുന്നു.
ഉമ്മന്‍ ചാണ്ടി മരിച്ചിട്ടില്ല., അദ്ദേഹം ബഹുജനങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്നു. അദ്ദേഹത്തിന്റെ കല്ലറയില്‍നിന്ന് ഇപ്പോഴും തിരക്കൊഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന് യാത്രാമൊഴിചെല്ലാന്‍ അവസരം കിട്ടാഞ്ഞവര്‍ കല്ലറയിലെത്തി തിരികത്തിച്ച് കൈകള്‍കൂപ്പുന്നു. മരണശേഷം അദ്ദേഹം ഒരു ദിവ്യനായി തീര്‍ന്നിരിക്കുന്നു എന്നുവേണം ഇതില്‍നിന്നും അനുമാനിക്കാന്‍.
ഉമ്മന്‍ ചാണ്ടിയുടെ ജീവിതം രാഷ്ട്രീയവിദ്യര്‍ഥികള്‍ക്ക് ഒരു പാഠമാണ്. എങ്ങനെ ആയിരിക്കണം ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍. തന്നെ തെരഞ്ഞടുത്തുവിട്ട ജനങ്ങളുടെ സേവകനാണ് അല്ലാതെ യജമാനനല്ല എന്നബോധം അവര്‍ക്കുണ്ടായിരിക്കണം. എത്ര തിരക്കുണ്ടായലും തന്നെ കാണാനെത്തുന്നവരുടെ ആവലാതി—കള്‍ കേള്‍ക്കാനും പരിഹരം കണ്ടെത്താനും ഉമ്മന്‍ചാണ്ടി കാട്ടിയ സന്മനസാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. ജനങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടിയോടുള്ള സ്‌നേഹത്തിന്റെ പ്രവാഹമാണ് തിരുവനന്തപുരം മുതല്‍ പുതുപ്പള്ളിവരെയുള്ള വീഥികളല്‍ കണ്ടത്.
samnilampallil@gmail.com