Image

കളിത്തോഴരായ വളർത്തു മൃഗങ്ങൾ ( കറുകുറ്റിയിലെ ജീവലോകം : ജാസ്മിൻ ജോയ് )

Published on 23 July, 2023
കളിത്തോഴരായ വളർത്തു മൃഗങ്ങൾ ( കറുകുറ്റിയിലെ ജീവലോകം : ജാസ്മിൻ ജോയ് )

കളിത്തോഴരെപ്പോലെയായിരുന്ന  കുറച്ച്  വളർത്തുമൃഗങ്ങൾ ഓർമകളിൽ ജീവിക്കുന്നുണ്ട്.
അവരെല്ലാം മനോഹരമായ ഒരു ബാലകഥയിലെ കഥാപാത്രങ്ങളെപ്പോലെ 
നിരനിരയായി ഇടയ്ക്കിടെ കടന്നുവരുന്നു.
അവർ ബാക്കിവെച്ചത് സ്നേഹവും നൊമ്പരവും ചേർത്ത സ്മരണകളാണ്.

ജീവലോകത്തുനിന്ന് വേർപ്പെട്ട ഒരുജീവിതം മനുഷ്യനില്ല. സഹജീവിയായും സ്നേഹമായും  സഹായിയായും അന്നമായും മറ്റ് ജീവികൾ മനുഷ്യൻ്റെ ചരിത്രകഥയിലുണ്ട്.
പ്രാചീനമനുഷ്യൻ്റെ കൂടെ കൂടിയവരാണ് നായകളും പൂച്ചകളുമെല്ലാം. മനുഷ്യപരിണാമത്തിൻ്റെയും അതിജീവനത്തിൻ്റെയും കഥയിൽ അവരും ശക്തരായ കഥാപാത്രങ്ങളാണ്. വേട്ടക്കാരനായ മനുഷ്യന് കൂട്ടായി നിന്നത് നായകളാണ്. 
എനിക്ക് തോന്നുന്നു, നിരുപാധികമായ സ്നേഹം  നായ്ക്കളിൽ നിന്നുമാത്രമാണ് മനുഷ്യന് ലഭിക്കുന്നത്.
എന്തായാലും മൃഗസ്നേഹം അനുഭവിക്കാതെ പോകുന്നവർക്ക് ചില സ്നേഹലോകങ്ങൾ നഷ്ടമാകുന്നുണ്ട്.

കറുകുറ്റിയിലെ വീട് പക്ഷികളുടെയും മൃഗങ്ങളുടെയും ഒരു സുന്ദരലോകമായിരുന്നു.
അധ്വാനികളായ കാളകൾ, പോത്തുകൾ,
പശുക്കൾ, ആടുകൾ, നായകൾ, പൂച്ചകൾ,  മുയലുകൾ, അണ്ണാൻ, തത്ത, പ്രാവ്, ടർക്കിക്കോഴി,  ഇണങ്ങിയ മാടത്തകൾ, പറക്കുന്ന താറാവുകൾ.. അങ്ങനെ  ഒരു സൂവോളജിക്കൽ ഗാർഡൻ തന്നെ !

പൂച്ചകളെക്കാൾ  നായകളാണ്  എൻ്റെ പ്രിയപ്പെട്ടവർ.
മാർജ്ജാരൻമാരുടെ അഹങ്കാരവും പുച്ഛവും സ്വാർത്ഥതയും അത്ര താൽപര്യമില്ല . നായയ്ക്ക് യജമാനനും പൂച്ചയ്ക്ക് സ്റ്റാഫുമാണ് ഉള്ളതെന്ന നിരീക്ഷണം മൃഗസ്നേഹികളുടെ ഇടയിലുണ്ട്.

എങ്കിലും പൂച്ചസ്നേഹിയായ ചേട്ടൻ്റെ 
മാർജ്ജാര
സംഘത്തിൽ നിന്ന് ഇന്ദു എന്ന മഞ്ഞുപോലെ വെളുത്ത ഒരു ഓമന പൂച്ച എൻ്റെ  പ്രിയപ്പെട്ടവളായി മാറി. അഴകും രസകരമായ 
ഗർവുകൊണ്ടും അവൾ വേറിട്ടുനിന്നു.
ഇന്ദു എന്ന് നീട്ടിവിളിക്കുമ്പോൾ  നെറ്റിയിൽ ചുമന്ന പൊട്ടും കഴുത്തിൽ ചുമന്ന റിബ്ബണുമണിഞ്ഞ്  ലജ്ജാവതിയെ പോലെ ഇന്ദു എൻ്റെയരുകിലേക്ക് വരുന്നത് ഞാൻ ഓർക്കുന്നു.

ഇന്ദു എലിയെ പിടിക്കുകയോ, ചെറുജീവികളെ ഉപദ്രവിക്കുകയോ ചെയ്തില്ല. ഒരു ആശ്രമൃഗത്തെപ്പോലെ വിട്ടിൽവരുന്ന അതിഥികളെ കാലിൽ 
ഉരുമി സ്നേഹത്തോടെ അവൾ സ്വീകരിച്ചു.

ഇന്ദുവിനെ സ്നേഹിക്കാൻ സുന്ദരൻമാരായ  ആൺപൂച്ചകൾ വന്നെങ്കിലും അവൾ അവരെയെല്ലാം തിരസ്ക്കരിച്ചു. ഏകാകിനിയായ അവൾ ഞങ്ങളെ മാത്രം സ്നേഹിച്ചുകൊണ്ട് ജീവിച്ചു മരിച്ചു.

നായകളെക്കുറിച്ചാണ് എനിക്ക് ഏറെ  പറയാനുള്ളത്.
ടാജ്, നിഷ, ചന്തു, കറുമ്പൻ, പപ്പു, ബ്ലാക്ക് .. 

ഇവരിൽ ടാജ് ഒരു ഗംഭീരനായ അൽസേഷനായിരുന്നു.
ഒരു ചെന്നായയെപ്പോലെ സുന്ദരനും  ശക്തിമാനും നിർഭയനുമായിരുന്നു ടാജ്.
മൃഗരാജനെപ്പോലെ അവൻ പറമ്പും പരിസരങ്ങളും അടക്കി ഭരിച്ചു. ബലവാൻമാരായ കാളക്കൊമ്പൻമാരും
വെട്ടുപോത്തുകളും അവന് വഴിമാറിക്കൊടുത്തു.
ടാജിൻ്റേത് കുരയല്ലായിരുന്നു, ഗർജ്ജനമായിരുന്നു.

ചന്തുവായിരുന്നു ടാജിൻ്റെ പിൻഗാമി. ബുദ്ധിമാനായിരുന്ന ചന്തു പല വിദ്യകളും പഠിച്ച്, വീടും പരിസരങ്ങളും ശ്രദ്ധയോടെ നോക്കി. അവൻ പെരുച്ചാഴികളെയെല്ലാം പറമ്പിൽ നിന്ന് തുരത്തി . കോഴികളെ വേട്ടയാടാൻ വരുന്ന മരപ്പട്ടികളുമായും കീരികളുമായും ചന്തു ഏറ്റുമുട്ടി. 
ഉഴവുകാളകളെ വയലിലേക്ക് കൊണ്ടു പോകുമ്പോൾ അവനും കൂടെപ്പോയി. കാളകളും ചന്തുവുമായി അസാധാരണമായ സ്നേഹബന്ധമാണ് ഉണ്ടായിരുന്നത്.
പപ്പു എന്ന സുന്ദരൻ നായയും ഞങ്ങൾക്ക് പ്രിയപ്പെട്ടവനായിരുന്നു.

കുറച്ച് വർഷങ്ങളായി ഞങ്ങളുടെ  കുടുംബാംഗമാണ് പൊമേറിയൻ സുന്ദരൻ ജെറി. അവന് മനുഷ്യ ഭാഷ സംസാരിക്കാൻ അറിയില്ലെന്നെയുള്ളു.
ഞങ്ങളുടെ ഒരോ ചലനവും സ്വഭാവസവിശേഷതകളും അവന് ഹൃദിസ്ഥമാണ്.
രാത്രി ജെറി ഉറങ്ങാറില്ല. പുറത്ത് എപ്പോഴും ജാഗ്രതയിലായിരിക്കും.
കാഴ്ച്ചയിൽ  യൗവ്വനമാണെങ്കിലും ജെറിക്ക് പ്രായമായിരിക്കുന്നു.

ഒരിക്കൽ, ഒരു സവിശേഷ അതിഥി കറുകുറ്റിയിലെ വീട്ടിലെത്തി. ഒരു കീരിക്കുഞ്ഞ്! പറമ്പിൽ നിന്ന് ചേട്ടന് കിട്ടിയതാണവനെ . 
കുഞ്ഞിലെ ലഭിച്ചതുകൊണ്ട് അവൻ നന്നായി ഇണങ്ങി.
കഴുത്തിലൊരു ചെറിയമണിയും കെട്ടി നടന്ന അവനെ മണിയൻ എന്നുതന്നെ  പേരിട്ടു. മാംസാഹാരിയായിരുന്ന മണിയന് കുളമത്സ്യങ്ങളായിരുന്നു ആഹാരം.
വീട്ടിലെ മറ്റുജീവികളുമായി അവൻ സൗഹാർദ്ദത്തിലായി.
വലുതായപ്പോൾ മണിയൻ പകൽ മുഴുവൻ തൊടിയിലും പൊന്തക്കാടുകളിലും അലഞ്ഞു നടന്നു, സന്ധ്യയ്ക്ക് വീട്ടിലെത്തി. ഏല്ലാവരുടെയും പ്രിയങ്കരനായിരുന്ന ആ കുറുമ്പൻ കീരി എന്തോ അസുഖം വന്നാണ് മരിക്കുന്നത്.

മീന എൻ്റെ ആത്മസഖിയായിരുന്നു.
നാട്ടുകാരനായ ഒരു സ്നേഹിതൻ എനിക്ക് സമ്മാനിച്ച തത്തക്കുഞ്ഞായിരുന്നു മീന.

മീനയെ ഞാൻ നിധിപോലെ സൂക്ഷിച്ചു.കരുതലോടെ പഴങ്ങൾകൊടുത്ത് വളർത്തി. തൂവലുകൾ വളർന്നപ്പോൾ മീന മനോഹരിയായി. ചുവന്ന് തുടുത്ത ചുണ്ടുകളും തിളങ്ങുന്ന കണ്ണുകളുമായി അവൾ കൂട്ടിൽ ചമഞ്ഞിരിക്കും.
കുറച്ചുനാളത്തെ പരിശീലനംകൊണ്ട് മീന പല വാക്കുകളും പഠിച്ചു. പൂച്ചകളെയും നായകളെയും  അവൾ ശാസിച്ചുനിർത്തി.
താമസിയാതെ അവൾ ഒരു വായാടിയായി മാറി.
പ്രിയ സഖിയായിരുന്നെങ്കിലും കൂട് അടയ്ക്കാൻ മറന്ന ഒരുദിവസം മീന സ്വന്തന്ത്രയായി ആകാശത്തേക്ക് ചിറകുവിരിച്ചു !

സ്നേഹലോകങ്ങളിലേക്ക് എന്നെ നയിച്ച ഈ സഹ ജീവികളെക്കുറിച്ച് ഇപ്പോൾ എഴുതാൻ കാരണം പ്രിയ ചാർലിയെക്കുറിച്ചുള്ള ഓർമകളാണ്. ചാർലിയുടെ ഓമനമുഖം മറ്റുള്ളവയ്ക്കും ജീവൻ കൊടുത്തു.

പഗ് എന്ന ഇനത്തിൽപ്പെട്ട നായയോടുള്ള ഇഷ്ടം വളരെ മുൻപെയുള്ളതാണ്. പഗ്ഗിൻ്റെ സവിശേഷ രൂപവും ശുണ്ഠിപിടിച്ച മുഖവും കുസൃതി കലർന്ന ചലനങ്ങളും എല്ലാവരെയും പോലെ എന്നെയും ആകർഷിച്ചു.

പരിസ്ഥിതി സ്നേഹത്തെക്കുറിച്ചുള്ള അധ്യാപനത്തിനിടയിൽ കുട്ടികളോട് അവരുടെ  വളർത്തുമൃഗങ്ങളെപ്പറ്റി പറയാൻ ഞാൻ ആവശ്യപ്പെട്ടു. പലരും ആവേശത്തോടെ മൃഗവിശേഷങ്ങൾ പങ്കുവെച്ചു. 
മൃഗസ്നേഹിയായ ആതിരയുടെ പഗ്  വിശേഷങ്ങൾ എന്നെ കൂടുതൽ ആകർഷിച്ചു.
എനിക്ക് ഒരു പഗ് കുഞ്ഞിനെ തരാമെന്ന് അവൾ സമ്മതിച്ചു.
അങ്ങനെയാണ് ആതിരയുടെ വീട്ടിൽ പിറന്ന  നായ്ക്കുട്ടി എൻ്റെ വീട്ടിലെത്തിയത്.

വീടുമുഴുവൻ ആഹ്ലാദത്തോടെ അവനെ എതിരേറ്റു.  ജെറിയാകട്ടെ കൊച്ചുസ്നേഹിതനെ ലഭിച്ചതിൽ ഏറെ സന്തോഷിച്ചു.പുതിയ കുടുംബാംഗത്തിന് ചാർലി എന്ന് ഞങ്ങൾ പേരിട്ടു.

ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ചു വളർത്തിയ അരുമയായിരുന്നു ചാർലി.
അവൻ്റെ കുസൃതിയും സ്നേഹശാഠ്യങ്ങളും  ബുദ്ധികൂർമതയുമെല്ലാം എൻ്റെ ഇഷ്ട സംസാരവിഷയങ്ങളായി. 

പക്ഷെ, ആ സ്നേഹത്തിന് ഹ്രസ്വമായ ആയുസ്സെ ഉണ്ടായിരുന്നുള്ളു.
വൈറസ് രോഗത്തിൻ്റെ ആക്രമണത്തിൽ ചാർലി അവശനായി.ചികിൽസയില്ലാത്ത രോഗമാണെന്ന് ഡോക്ടർ വിധിയെഴുതിയപ്പോൾ ഞങ്ങളുടെ പ്രതീക്ഷ തകർന്നു. ശരീരം മരവിച്ച് ശ്വസിക്കാൻ  പ്രയാസപ്പെട്ട് അവൻ രണ്ടുദിവസം കിടന്നു .

ഞാൻ സ്കൂളിൽ ആയിരിക്കുമ്പോഴാണ് ചാർലി പോയതറിഞ്ഞത്.
ജീവനറ്റ അവൻ്റെ ശരീരം ഞാൻ കണ്ടില്ല.

വൈകീട്ട് വീട്ടിലെത്തിയപ്പോൾ മുറ്റത്തും മുറികളിലും ചാർലിയെ അന്വേഷിച്ചു കൊണ്ട് നടക്കുന്ന ജെറിയെ ഞാൻ ദു:ഖഭാരത്തോടെ നോക്കി നിന്നു...
ചാർലി എന്ന കൊച്ചുസ്നേഹം ഓർമയായി മാറി.

 

പ്രിയപ്പെട്ട വര സമ്മാനിച്ച കുര്യൻ സാറിന് നന്ദി..

കളിത്തോഴരായ വളർത്തു മൃഗങ്ങൾ ( കറുകുറ്റിയിലെ ജീവലോകം : ജാസ്മിൻ ജോയ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക