Image

കര്‍ക്കടകം 8: രാമായണ പാരായണം : വന യാത്ര(ദുര്‍ഗ മനോജ്)

ദുര്‍ഗ മനോജ് Published on 24 July, 2023
കര്‍ക്കടകം 8: രാമായണ പാരായണം : വന യാത്ര(ദുര്‍ഗ മനോജ്)

അയോധ്യ വെടിഞ്ഞ രാമന്‍ വനവാസത്തിലേക്കു പ്രവേശിക്കുന്നതും, തിരികെ വന്ന സുമന്ത്രര്‍ പറയുന്ന വൃത്താന്തം കേട്ടുള്ള പ്രതികരണങ്ങളും, ഭരദ്വാജ ആശ്രമവും വാല്മീകി ആശ്രമവും കടന്ന് ചിത്രകൂടത്തിലേക്കു യാത്ര തിരിക്കും വരെ ഈ ദിനത്തില്‍ പാരായണം ചെയ്യുന്നു.

രാമന്റെ അഭാവത്തില്‍ അയോധ്യയില്‍ ജീവനോടെ പാര്‍ക്കാന്‍ ദശരഥന്‍ ആഗ്രഹിച്ചില്ല. താപത്തില്‍ വെന്തുരുകുന്ന ദശരഥനോടു കൗസല്യ, രാമനെ കാട്ടിലയച്ച കൈകേയിയുടെ ക്രൂരത എണ്ണിപ്പറഞ്ഞു കരയുവാന്‍ തുടങ്ങി. ഇതൊക്കെ കേട്ട് ലക്ഷ്മണമാതാവു സുമിത്ര കൗസല്യയെ സമാധാനിപ്പിച്ചു. അവര്‍ പറഞ്ഞു, കീര്‍ത്തിക്കു കീര്‍ത്തിയും, ക്ഷമക്കു ക്ഷമയുമാണു രാമന്‍. അച്ഛന്‍ നല്‍കിയ വാക്കുപാലിക്കുവാനാണു രാമന്‍ അയോധ്യ വിട്ടത്.ലക്ഷ്മണന്‍ പിതാവിനെ എന്ന പോലെ രാമനെ ശുശ്രൂഷിക്കും.അവര്‍ വനവാസം ക്ഷണത്തില്‍ പൂര്‍ത്തിയാക്കി തിരികെ വന്നു അയോധ്യാപതിയാകും. അതുവരെ കാത്തിരിക്കൂ എന്ന്.

ഈ സമയം അയോധ്യാനഗരി വിട്ടു സുമന്ത്രര്‍ തെളിച്ച തേരു പാഞ്ഞു. എന്നാല്‍ പൗരന്മാര്‍ പിന്തുടരാതിരുന്നില്ല. രാമനുളളയിടമാണയോധ്യയെന്നും രാമനില്ലാത്തിടം അടവിയെന്നും പറഞ്ഞ് അവര്‍ രഥം പോയ വഴിയേ സഞ്ചരിച്ചു. ഒടുവില്‍ തമസാ നദിക്കരയിലെത്തി. നേരം സന്ധ്യയാകുന്നതു കണ്ട്, കെട്ടഴിച്ചു കുതിരകളെ മാറ്റിക്കെട്ടി പുല്ലിട്ടുകൊടുത്തും അവയുടെ ധാരാളം വെള്ളം ദാഹം മാറ്റുകയും ചെയ്തു സുമന്ത്രര്‍. അപ്പോഴേക്കും പൗരന്മാരും എത്തിച്ചേര്‍ന്നു. ആ രാത്രി അവിടെ കഴിച്ചുകൂട്ടാമെന്നായി. മരങ്ങളുടെ ഇലകളാല്‍തീര്‍ത്ത ശയ്യയില്‍ രാമനും സീതയും വിശ്രമിച്ചു. ലക്ഷ്മണനും സുമന്ത്രരും അവര്‍ക്കു കാവലായ് നിലകൊണ്ടു. രാവു പുലരാനായി രാമന്‍ കാത്തു നിന്നില്ല. പൗരന്മാര്‍ ഉണരും മുമ്പ് അവര്‍ക്ക് എത്തിപ്പിടിക്കാനാകുന്നതിലും ദൂരെ എത്തണം. അതിനായി മുന്നിലെ തേര്‍ പോകുന്ന വഴിയേ കുറേ ദൂരം തേര്‍ നടത്തി തിരികെ വരാന്‍ സുമന്ത്രരോടു പറഞ്ഞു. അപ്രകാരം ചെയ്തു തിരികെ വന്നു കഴിഞ്ഞപ്പോള്‍ തേരിലേറി, അവര്‍ വടക്കു ദിക്കിലേക്കു യാത്രയായി.

പുലര്‍ന്നപ്പോള്‍ രാമനെക്കാണാഞ്ഞ് പൗരന്മാര്‍ അലമുറയിട്ടു. ഉറങ്ങിപ്പോയത് കഷ്ടമായല്ലോ എന്നു വിലപിച്ചു. പിന്നെ, അവര്‍ തിരികെ അയോധ്യക്കു മടങ്ങി. അവരെ എതിരേറ്റത് പുരസ്ത്രീകളുടെ വിലാപമാണ്. അയോധ്യയിലെ ശ്രീ രാജ്യം വിട്ടു പോയി. കൈകേയിയുടെ രാജ്യത്തു ഭൃത്യരെപ്പോലെ ജീവിക്കുന്നതിലും നല്ലതു മരണമാണെന്നൊക്കെ പറഞ്ഞ് അവര്‍ വിലപിച്ചു. സൂര്യനസ്തമിക്കേ അയോധ്യ നീര്‍ വറ്റിയ നീരാഴി പോലെ സന്തോഷമറ്റതായ് തീര്‍ന്നു.

ഈ സമയം രാമന്‍ ബഹുദൂരം യാത്ര ചെയ്തു. പിന്നെ കോസലം പിന്നിട്ട് അവര്‍ ഗംഗാതടത്തിലെത്തി. ഗംഗ കണ്ടുകണ്‍കുളിര്‍ക്കേ രാമന്‍ അന്നവിടെ തങ്ങാം എന്നു നിശ്ചയിച്ചു. ഈ സമയം നിഷാദ രാജാവായ ഗുഹന്‍, തന്റെ വൃദ്ധരും ജ്ഞാനികളുമായ മന്ത്രിമാരുമായി രാമനെ എതിരേല്‍ക്കുവാനെത്തി. എന്തു സൗകര്യവും ഒരുക്കുവാന്‍ തയ്യാറായ അവരോട് കുതിരകള്‍ക്കു ഭക്ഷണവും, തങ്ങള്‍ക്കു വിശ്രമിക്കുവാന്‍ ഇടവും മാത്രമാണു രാമന്‍ ആവശ്യപ്പെട്ടത്. അന്നു രാത്രി വെറും നിലത്തു സീതയോടൊപ്പം രാമന്‍ നിദ്രയെ പുല്‍കി. അല്പം മാറി, സുമന്ത്രര്‍ക്കും ഗുഹനുമൊപ്പം കാവലായ് സൗമിത്രി നിലകൊണ്ടു. ഗുഹന്‍ എത്ര നിര്‍ബന്ധിച്ചിട്ടും ലക്ഷ്മണന്‍ വിശ്രമിക്കുവാന്‍ കൂട്ടാക്കിയില്ല.

സൂര്യോദയമായി. ഗുഹന്‍ ഗംഗ കടക്കുവാന്‍ തോണി ഏര്‍പ്പാടു ചെയ്തു. രാമന്‍ സുമന്ത്രരോട് വേഗം അയോധ്യയിലേക്കു തിരികെ പോകുവാന്‍ ആവശ്യപ്പെട്ടു.അവിടെ ചെന്ന് ഏവരേയും ആശ്വസിപ്പിക്കുവാനും പറഞ്ഞു. രാമന്റെ ഏറെ നിര്‍ബന്ധത്തിനു വഴങ്ങി സുമന്ത്രര്‍ മടങ്ങി. പിന്നെ വനത്തിലേക്കു കടക്കും മുമ്പ് ജടാധാരണത്തിനായി പേരാലിന്‍ കറകൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. അതുപയോഗിച്ചു രാമലക്ഷ്മമണന്‍മാര്‍ ജടാധാരികളായി. വത്ക്കലവും ചുറ്റി അവര്‍ ഋഷികളെപ്പോലെ ശോഭിച്ചു. അനന്തരം ഗംഗ തരണം ചെയ്യുവാന്‍ തോണി എത്തി. മൂവരും തോണിയില്‍ കയറി. സീത, ഗംഗാദേവിയെ പ്രാര്‍ത്ഥിച്ചു. പതിനാലു വര്‍ഷത്തിനു ശേഷം മടങ്ങിവന്നു കഴിഞ്ഞ് വേണ്ട വിധം പ്രസാദിപ്പിക്കുമെന്നു പ്രാര്‍ത്ഥിച്ചു. മൂവരേയും ഗംഗയുടെ മറുകരയില്‍ വിട്ട്, തോണി മടങ്ങി. അന്നു മുതല്‍ അവര്‍ യഥാര്‍ത്ഥ വനവാസം ആരംഭിച്ചു. ആ രാത്രി , വേട്ടയാടിക്കിട്ടിയ നാലു മൃഗങ്ങളെ ഭക്ഷണമാക്കി, മരച്ചുവട്ടില്‍ അവര്‍ ഉറങ്ങി.
നേരം പുലര്‍ന്നപ്പോള്‍  ഗംഗ യമുനയുമായി സന്ധിക്കുന്നിടത്തേക്കു യാത്ര ചെയ്തു. അധികം വൈകാതെ ഭരദ്വാജ ആശ്രമത്തിലെത്തി.അന്നവിടെ തങ്ങി, പിറ്റേന്ന്, വാല്മീകിയുടെ ആശ്രമത്തിലും എത്തി. മുനി തന്റെ കഥ രാമനെ വിശദമായി പറഞ്ഞു കേള്‍പ്പിച്ചു.
എഴുത്തച്ഛന്‍ വാല്മീകിയുടെ കഥ പറയുന്നിടത്തെ കര്‍മഫലത്തെക്കുറിച്ച് പറയുന്നത് ശ്രദ്ധേയമാണ്.

നിത്യവും ചെയ്യുന്ന കര്‍മ്മ ഗണഫലം
കര്‍ത്താവൊഴിഞ്ഞു മറ്റന്യന്‍ ഭുജിക്കുമോ?
താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍
താന്താനനുഭവിച്ചീടുകെന്നേ വരൂ...

 പിന്നെ മിനിയുടെ നിര്‍ദ്ദേശാനുസരണം കാളിന്ദി നദി മുറിച്ചു കടന്നു ചിത്രകൂടത്തിലേക്കു യാത്ര ചെയ്യുവാന്‍ നിശ്ചയിച്ചു. 
ഈ സമയം സുമന്ത്രര്‍ തിരികെ അയോധ്യയിലെത്തി. വിവരങ്ങള്‍ ഓരോന്നും സവിസ്തരം പറഞ്ഞു കേള്‍പ്പിച്ചു. അയോധ്യയിലെ വിലാപം അവസാനിച്ചില്ല. അയോധ്യ രാമനെ ഓര്‍ത്തു വേദനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക