ജീവിതം ഒരു കാത്തിരിപ്പാണ്. ചിലപ്പോള്‍ ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി എത്രസമയമെന്നോ, ദിവസമെന്നോ വര്‍ഷമെന്നോ അറിയാതെ കാത്തിരിക്കുന്നവരാകും നാമെല്ലാം. നാം കാത്തിരിക്കുന്നത് ചിലപ്പോള്‍ വേര്‍പിരിഞ്ഞുപോയവരെ വീണ്ടും കാണും എന്ന പ്രതിക്ഷയോടെ. ചിലര്‍ പ്രണയിച്ച് നഷ്ടമായവരെ, മറ്റുചിലര്‍ നല്ല ഒരു ജീവിതത്തെ, ചിലര്‍ കുട്ടികളുടെ നല്ല ഭാവി അങ്ങനെ നിരവധി കാര്യങ്ങളില്‍ ആണ് നമ്മുടെ കാത്തിരുപ്പുകള്‍. ഓരോ കാത്തിരിപ്പും ഓരോ പ്രതീക്ഷയാണ്.. അത് ഒരു സ്വപ്നമാണ്.. ഓരോ കാത്തിരിപ്പിന്റെ പിന്നിലും കണ്ണീരില്‍ ചാലിച്ച ഒരു കഥയുണ്ടായിരിക്കും.
കാത്തിരിക്കുന്നവരുടെ മനസ്സുകള്‍ക്കെല്ലാം ഒരു ചലനാത്മകതയുണ്ട്.. ഒരു കടല്‍ പോലെ അത് അസ്വസ്ഥമായിക്കൊണ്ടേയിരിക്കും. ഒരിക്കലും അത് ഒരു പുഴപോലെ ശാന്തമായി ഒഴികില്ല. ഓരോ കാത്തിരിപ്പിനും വിരഹത്തിന്റെ ചൂടുണ്ട്. സംഗമത്തിന്റെ സംഗീതമുണ്ട്. ഓരോ ദിനം കഴിയുന്തോറും മുടിയിഴകള്‍ വെളുക്കുന്നതും ഉടല്‍ ചുരുങ്ങുന്നതും ചര്‍മം ചുളിയുന്നതുമൊന്നും കാത്തിരിപ്പിന്റെ ഓളങ്ങളില്‍പ്പെട്ട് നമ്മള്‍ അറിയുന്നതേയില്ല. ജീവിതത്തിന്റെ കാത്തിരുപ്പില്‍ നാം നമ്മെത്തന്നെ മറന്നുപോകും . അവിടെ നാം എന്നതിന് പ്രസക്തിയില്ലാതാവും ... പക്ഷേ ഈ കാത്തിരിപ്പിലും പല പഴയകാല കാഴ്ചകളും കാണുവാന്‍ നമ്മുടെ മനസ്സ് ആഗ്രഹിക്കുന്നുണ്ടാകും.
ചില കാഴ്ചകള്‍ കാണാമറയത്തേക്കു മായുമ്പോള്‍ അതിന്റെ മധുരം ഇരട്ടിയാകും. ഒരിക്കല്‍ കൂടി കാണാനും കേള്‍ക്കാനും ആസ്വദിക്കാനും ഒക്കെ കൊതിപ്പിക്കുന്ന ചില കാഴ്ചകള്‍ കാണുവാന്‍ നമ്മുടെ മനസ്സ് അറിയാതെ ആഗ്രഹിക്കും . പകല്‍ വെളിച്ചത്തില്‍ പലപ്പോഴും നമുക്ക് ഭംഗിയുള്ള പല കാഴ്ചകളും കണ്ട് മനസ്സ് ശാന്തമായിരിക്കാം. പക്ഷേ രാത്രിയുടെ മറവിലാണ് പലപ്പോഴും നഷ്ടങ്ങളുടെയും ഒറ്റപ്പെടലിന്റെയുമെക്കെ വേദന നമ്മള്‍ തിരിച്ചറിയുന്നത്. എങ്കിലും ഉള്ളില്‍ നഷ്ടപെടലുകളുടെ ഭ്രാന്തമായ ഓര്‍മ്മകളെ ചങ്ങലക്കിട്ടു മറ്റുള്ളവര്‍ക്ക് മുന്നില്‍ ചിരിച്ചുകാണിക്കുന്ന നാടകത്തിന്റെ പേരാണ് 'ജീവിതം'.
ചില സ്വപ്നങ്ങളില്‍ നമ്മള്‍ക്ക് ഒരുപാട് അടുപ്പമുള്ളവര്‍ അതിഥികളായ് എത്താറുള്ളത് പോലെ തോന്നും.
എന്നിട്ടും സ്വപ്നങ്ങളില്‍ നമ്മള്‍ വാതോരാതെ സംസാരിക്കും, പിണങ്ങും, ചേര്‍ന്നു നില്‍ക്കും, യാത്ര പോവും... ഉറക്കം വിട്ടുണരുമ്പോള്‍ നാം വേറെ ഒരു ലോകത്തായിരിക്കും. പഴയ നിമിഷങ്ങള്‍ മനസ്സിലിങ്ങനെ ഓടി നടക്കും. അവ്യക്തമായ കാഴ്ച്ചകളും ശൂന്യതയും ചുറ്റും പടരും. നമ്മള്‍ എന്തക്കയോ മിസ്സ് ചെയ്യും. എന്നിട്ട്, നമ്മള്‍ കാത്തിരിക്കും മറ്റൊരു സ്വപ്നത്തില്‍ വീണ്ടും കണ്ടുമുട്ടാന്‍. ആ കാഴ്ചകള്‍ വീണ്ടും കാണുവാന്‍. പിന്നെയും കാത്തിരിപ്പാണ് ....
മിക്ക മനുഷ്യരും ജീവിതത്തില്‍ എന്തെങ്കിലുമെക്കെ നഷ്ടം സംഭവിച്ചവര്‍ ആണ്. ജീവിത്തിൽ എന്തെങ്കിലും സങ്കടങ്ങള്‍ അനുഭവിച്ചവര്‍ക്കേ മറ്റുള്ളവരുടെ സങ്കടങ്ങള്‍ മനസിലാവുകയുള്ളൂ. അല്ലെങ്കില്‍ അവര്‍ കേള്‍ക്കുന്നത് വെറും കഥകള്‍ മാത്രമായിരിക്കും.
ചുറ്റിലും ആളുണ്ടായിട്ടും നമ്മള്‍ മാത്രമാകുന്ന ചില നേരങ്ങളുണ്ട്. അതൊരു തിരിച്ചറിവാണ് നമ്മള്‍ ആരെന്നും മറ്റുള്ളവര്‍ക്ക് നമ്മള്‍ എന്താണെന്നും. ഈ അവസ്ഥയില്‍ നാം എന്തായിരുന്നു എന്ന് ചിന്തിക്കുമ്പോള്‍ അറിയാതെ നമ്മുടെ കണ്ണുകളില്‍ ഒരു തുളളി കണ്ണുനീരിനാല്‍ ഒരു നനവ് പടരും. വാക്കുകള്‍ക്കായ് നാം പരതും, തൊണ്ടയില്‍ എന്തോ ഇങ്ങനെ തടഞ്ഞു നില്‍ക്കും.. ശബ്ദങ്ങള്‍ ഇടറും..
ഒരിക്കല്‍ പറഞ്ഞൊഴിഞ്ഞ തിരക്കുകള്‍ നമ്മേ തിരക്കി വരാതാകും. ഇനിയൊരിക്കലും നമ്മേ തേടിയെത്താത്ത ആരെയൊക്കയോ നാം ഒത്തിരിയങ്ങ് സ്‌നേഹിക്കും. കാരണം പോലുമറിയാതെ അകന്നു പോയവരെ പറ്റി, അവര്‍ തന്ന ഇന്നലകളെ പറ്റി, പിന്നെ സ്വന്തം കാര്യത്തിന്, ഒരു നേരമ്പോക്കു പോലെ, സൗഹൃദത്തെ കണ്ട ചിലരെ പറ്റി, ചിലതൊക്കെ മനസ്സില്‍ നിന്നും മായാതെ നില്ക്കും.
ചില മനസ്സുകളെ നാം അറിയാതെ ഇഷ്ടപ്പെട്ടു പോകും. അത് അവരുടെ സന്ദര്യം കൊണ്ടൊന്നുമല്ല. അവരോടു മിണ്ടുമ്പോള്‍ പറയാനാവാത്ത സന്തോഷം തോന്നും. അവരൊന്നു പിണങ്ങിയാല്‍ ജീവന്‍ പോകുന്നതുപോലെ തോന്നും. എത്രവേണ്ടെന്നു വെച്ചാലൂം നാം അറിയാതെ സ്‌നേഹിച്ചുകൊണ്ടേയിരിക്കും, ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ് .
അന്യമായ് തീര്‍ന്ന സ്വന്തങ്ങള്‍! ഒരു പിടി ചാരമായ് ചിലര്‍ മണ്ണിന്റെ അടിത്തട്ടിലേക്ക് മറഞ്ഞിരിക്കുന്നു ,.... മുറ്റത്തെ മുല്ല പൂക്കാന്‍ മറന്നു പോയിരിക്കുന്നു.. പിച്ചി ചെടികള്‍ ഉണങ്ങി കരിഞ്ഞിരിക്കുന്നു , ഓടി കളിച്ച മുറ്റത്തിലും തൊടിയിലും കാടുകയറിയിരിക്കുന്നു.. ചിത്രശലഭങ്ങളെ കൊണ്ട് നിറഞ്ഞിരുന്ന ഗാര്‍ഡനില്‍ പൂക്കളും ഇല്ല, ശലഭങ്ങളും ഇല്ല ... ആഹാരത്തിനുവേണ്ടി പാട്ടുപാടിത്തന്നിരുന്ന കിളികളും അപ്രത്യക്ഷം.. നഷ്ടപ്പെടലുകളുടെ കൂമ്പാരത്തില്‍ പ്രകൃതിപോലെ മുഖം തിരിച്ചിരിക്കുന്നു, എങ്കിലും ഞാന്‍ കാത്തിരിക്കുകയാണ് ...
ചിലത് അങ്ങനെയാണ്, അകന്നു കഴിയുമ്പോള്‍, സ്വന്തമല്ലാതെയാവുമ്പോള്‍ കൂടുതല്‍ മധുരം തോന്നും.
നഷ്ടബോധം കലര്‍ന്ന മധുരം. ചവര്‍പ്പു കലര്‍ന്ന മധുരം. നല്ല നാടന്‍ നെല്ലിക്കയുടെ മധുരം! ഇന്നിപ്പോ യാത്ര പറയാന്‍ പോലും സമയമില്ലാതെ അകന്നു പോവുന്ന ബന്ധങ്ങള്‍ നാളെ കഥകളാകും പിന്നെ അത് ഓര്‍മ്മകളാകും..
കാലമെന്ന ആല്‍മരത്തില്‍ നിന്ന് പിന്നെയും ദിനങ്ങള്‍ ഇലകളായി കൊഴിഞ്ഞു കൊണ്ടേയിരിക്കുന്നു. മാറി മാറി വരുന്ന ഋതുക്കളും വര്‍ണങ്ങള്‍ നിറഞ്ഞ സ്വപ്നങ്ങളുമായി ജീവിതം ആര്‍ക്കും പിടി തരാതെ ഓടികൊണ്ടേയിരിക്കുന്നു. സമയം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കാറില്ല. ജീവിതത്തിന്റെ കലണ്ടറില്‍ നിന്നും ഓരോ ദിവസവും നമ്മള്‍ പോലുമറിയാതെ പറിച്ചു മാറ്റപ്പെടുബോള്‍ മധുരമായ കുറെ ഓര്‍മ്മകള്‍ മാത്രമാണ് ബാക്കിയാവുന്നത്. ആഗ്രഹിച്ചത് ഒക്കെ കിട്ടാനായുള്ള ഓട്ടത്തില്‍ ചിലര്‍ ജയിക്കുന്നു. ചിലര്‍ പരാജയപ്പെടുന്നു. വിജയം നേടിയവര്‍ അതിലും വലിയ വിജത്തിന് വേണ്ടി ഓടുബോള്‍ പരാജിതര്‍ കാത്തിരിക്കുകയാണ് ....
നഷ്ടപ്പെട്ടുപോയ പ്രണയത്തിലേക്കും, ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പില്‍ പരാജയപ്പെട്ടുപോയ സൗഹൃദങ്ങളിലേക്കും അതുപോലെ പ്രതീക്ഷയോടെ മറ്റൊരു കാത്തിരിപ്പിലേക്കും. അപ്പോഴും ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാതെ കാലം മുന്നോട്ടു പോയ്‌ക്കൊണ്ടേയിരിക്കും.. നമ്മളും !
നമുക്ക് കാത്തിരിക്കാം പക്ഷേ കാലം നമുക്കായി ഒരിക്കലും കാത്തു നില്‍ക്കില്ല...