റിയാദ്: തലസ്ഥാന നഗരിയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ ബംബാനില്‍ കൊടിയ തൊഴില്‍ ചൂഷണത്തിനിരയായ ഒന്‍പത് ഇന്ത്യന്‍ തൊഴിലാളികള്‍ പരാതിയുമായി ഇന്ത്യന്‍ എംബസിയെ സമീപിച്ചു.
മാസ്റ്റേഴ്‌സ് കണ്‍സ്ട്രക്ഷന്‍ കമ്പനി ആര്‍കിടെക്റ്ററല്‍ കോണ്‍ട്രാക്റ്റിംഗ് എന്ന സ്ഥാപനത്തില്‍ പ്ലാസ്റ്ററിംഗ് ജോലിക്കായാണ് തൊഴിലാളികളെ കൊണ്ടുവന്നത്. ശമ്പളം നല്‍കാത്തതിനു പുറമെ മുറിയിലേക്കുള്ള ജല വിതരണം റദ്ദാക്കുകയും ചെയ്തു.
ഭക്ഷണമോ കുടിവെള്ളമോ നല്‍കാതെ ബുദ്ധിമുട്ടിക്കുന്നതായും തൊഴിലാളികള്‍ പരാതിയില്‍ പറഞ്ഞു. നാല് ഉത്തരാഖണ്ഡ് സ്വദേശികളും മൂന്ന് ഉത്തര്‍പ്രദേശുകാരും ഒരു മലയാളിയും ഒരു തമിഴ്‌നാട്ടുകാരനുമാണ് പരാതിയുമായി എംബസിയെ സമീപിച്ചത്.
ഒന്നര വര്‍ഷം മുതല്‍ നാലുമാസം വരെയുള്ള വ്യത്യസ്ത ഘട്ടങ്ങളിലായാണ് തൊഴിലാളികളെ സൗദിയില്‍ എത്തിച്ചത്. ഒന്നര വര്‍മായി കമ്പനിയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി രഞ്ജുവിന്റെയും മൂന്ന് ഉത്തരാഖണ്ഡുകാരുടെയും ഇക്കാമയുടെ കാലാവധി കഴിഞ്ഞിട്ട് ആറുമാസമായി.
നാലുമാസങ്ങള്‍ക്ക് മുമ്പ് എത്തിയ നാല് ഉത്തര്‍പ്രദേശുകാരായ തൊഴിലാളികള്‍ക്ക് ഇതുവരെ ഇക്കാമ പോലും നല്‍കിയിട്ടില്ല. തുടക്കം മുതലേ രണ്ടുമാസത്തെ ഇടവേളയില്‍ ആയിരുന്നു ശമ്പളം നല്‍കിയിരുന്നത്. പിന്നീട് അഞ്ചു മാസം വരെ ശമ്പളം ലഭിക്കാതിരുന്നപ്പോള്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് നിര്‍ത്തുകയായിരുന്നു.
എംബസിയില്‍ നിന്നും അറിയിപ്പ് ലഭിച്ച കേളി കലാ സാംസ്‌കാരിക വേദിയുടെ ജീവകാരുണ്യവിഭാഗം തൊഴിലാളികളുടെ താമസസ്ഥലം സന്ദര്‍ശിക്കുകയും നിജസ്ഥിതി ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തില്‍ താമസ സ്ഥലത്ത് വെള്ളമെത്തിക്കുയും ഭക്ഷണത്തിനും കുടിവെള്ളത്തിനുമുള്ള അവശ്യ സഹായങ്ങള്‍ എത്തിച്ച് നല്‍കുകയും ചെയ്തു.
ഷുമേസിയിലെ മിനി സൂപ്പര്‍ മാര്‍ക്കറ്റ് എന്നറിയപ്പെടുന്ന പെര്‍ഫക്റ്റ് ഫാമിലി ട്രേഡിംഗ് കമ്പനിയുടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് സഹായത്തിനാവശ്യമായ ഭക്ഷണസാധനങ്ങള്‍ ലഭിച്ചത്.
എംബസിയെ വിവരങ്ങള്‍ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കാനുള്ള ഇടപെടല്‍ നടത്തുകയും ചെയ്തു. തൊഴില്‍ ചെയ്യുന്നത് നിര്‍ത്തിയ സാഹചര്യത്തില്‍ ഏതുസമയവും റൂമില്‍ നിന്നും സ്‌പോണ്‍സര്‍ ഇറക്കിവിടുമെന്ന ഭയത്തിലാണ് തൊഴിലാളികള്‍ ഓരോ നിമിഷവും കഴിയുന്നത്.