Image

എ.കെ.എം.ജി ഭരണസമിതിയിൽ മികവുറ്റ ഡോക്ടർമാർ (സുരേന്ദ്രൻ നായർ)

Published on 28 July, 2023
എ.കെ.എം.ജി ഭരണസമിതിയിൽ മികവുറ്റ ഡോക്ടർമാർ (സുരേന്ദ്രൻ നായർ)

മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്സ് (എകെഎംജി) പ്രസിഡണ്ട് യി ഡോ. സിന്ധു പിള്ളയോടൊപ്പം  (കാലിഫോര്‍ണിയ)   ചുമതലയേറ്റത്   യുവത്വത്തിന്റെ പ്രസരിപ്പും വിവിധ മേഖലകളിൽ  സംഘടനാ പാടവവുമുള്ള പുതിയ ടീം. 

ഡോ: എലിസബത്ത്  മാമ്മൻ (വൈസ് പ്രസിഡന്റ്) ഡോ. തോമസ് രാജൻ ( സെക്രട്ടറി) ഡോ. ഷെൽബി കുട്ടി (ട്രഷറർ) ഡോ. ദീപു സുധാകരൻ (പ്രസിഡന്റ് ഇലെക്ട് ) ഡോ. ഗീത നായർ (മുൻ പ്രസിഡന്റ്) എന്നിവരടങ്ങിയതാണ് പുതിയ ടീം. 

2023-24 കാലഘട്ടത്തിൽ നവാഗതരായ ഡോക്ടർമാർക്കുള്ള വിവിധ പരിശീലന പരിപാടികളും പ്രൊഫഷണൽ പ്രാവീണ്യം ഉറപ്പാക്കുന്ന തുടർ വിദ്യാഭ്യാസ പദ്ധതികളും ലക്ഷ്യമിടുന്ന പുതിയ നേതൃത്വം കോവിഡ് മഹാമാരിക്കാലത്തു കേരളത്തിന് കരുതലായി നൽകിയ സേവന പ്രവർത്തനങ്ങളുടെ തുടർച്ചയായി കേരള ആരോഗ്യ പ്രവർത്തന രംഗത്ത് പുത്തൻ സംരംഭങ്ങൾ തുടങ്ങാനും ആലോചിക്കുന്നു. തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ ഭൗതിക സാഹചര്യങ്ങളും ഗവേഷണ സാധ്യതകളും വർധിപ്പിക്കുന്ന സഹകരണ പ്രോജക്ടുകളും എ.കെ. എം.ജി. വിഭാവനം ചെയ്യുന്നു.

തൊഴിൽപരമായ വിരസതകൾക്കു വിരാമം കുറിക്കുന്ന സർഗ്ഗാത്മക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി നവംബർ 5 നു കേരളത്തിന്റെ തനതു കലാരൂപങ്ങൾ ഉൾക്കൊള്ളിച്ചുള്ള വർണ്ണാഭമായ കേരളപ്പിറവി മഹോത്സവം സംഘടിപ്പിക്കാനും തീരുമാനിച്ചതായി പ്രസിഡന്റ് ഡോ: സിന്ധു പിള്ള അറിയിച്ചു. സംഘടനയുടെ മുപ്പത്തി ഒൻപതാമത് പ്രസിഡന്റാണ്  അവർ. 

പ്രശസ്ത ശിശുരോഗ വിദഗ്ധയും സാമൂഹ്യ പ്രവർത്തകയുമാണ്  ഡോ: സിന്ധു പിള്ള.  അമേരിക്കയിലും കേരളത്തിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം കൊണ്ടും ആകർഷകമായ പെരുമാറ്റരീതികൊണ്ടും ശ്രദ്ധേയയായ ഡോ. സിന്ധു പിള്ളയുടെ നേതൃത്വത്തിലുള്ള സമിതി   ചുമതലയേൽക്കുമ്പോൾ അമേരിക്കയിലെ ഡോക്ടർ സമൂഹം  അത് വൻപ്രതീക്ഷയോടെയാണ് വരവേൽക്കുന്നത്.

 സഹനത്തിന്റെയും സമർപ്പണത്തിന്റെയും സന്ദേശവുമായി അൻപതുകൾ മുതൽ മലയാളക്കരയിൽ നിന്നും അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിയ ഡോക്ടർമാരും നേഴ്‌സുമാരും ഇവിടത്തെ വൈദ്യശാസ്ത്ര രംഗത്തും ഗവേഷണ രംഗത്തും വിലമതിക്കാനാവാത്ത സംഭാവനകളാണ് നൽകിയിട്ടുള്ളത്. ഒരു തൊഴിൽ എന്നതിനപ്പുറം അർപ്പിതമായ സാമൂഹ്യ സേവനത്തിന്റെ കർമ്മ മണ്ഡലം കൂടിയായി ആരോഗ്യ പരിപാലന രംഗത്തെ പരുവപ്പെടുത്തിയതിന്റെ കാരണം എ.കെ.എം. ജി. എന്ന സംഘടന നൽകിയ ദിശാ ബോധം തന്നെയാണെന്ന് ഡോ. സിന്ധു ഉറച്ചു വിശ്വസിക്കുന്നു.

ഔദ്യോഗിക കൃത്യ നിർവഹണത്തിന്റെയും സ്വകാര്യ ജീവിതത്തിന്റെയും തിരക്കുകൾക്കിടയിലും സംഘടന കെട്ടിപ്പടുക്കാനും മികവിന്റെയും സേവനത്തിന്റെയും മാതൃകകളായി മലയാളി ഡോക്ടർമാരെ മാറ്റിയെടുക്കാനും  സ്ഥാപക നേതാക്കൾമാരടക്കമുള്ള മുൻഭാരവാഹികൾ ചെയ്ത പ്രവർത്തനങ്ങൾക്ക് പുതിയ തലമുറ അവരോടു കടപ്പെട്ടിരിക്കുന്നതായും സിന്ധു തുടർന്നു പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക