Image

പൊരുളറിയാതെ ( കവിത : രാധാമണി രാജ് )

Published on 29 July, 2023
പൊരുളറിയാതെ ( കവിത : രാധാമണി രാജ് )

എന്നെത്തേടിയെത്തുന്ന
ആകാശത്തിനെന്നും
മതില്‍ക്കെട്ടിന്‍റെ
നിറങ്ങളാണ്

ആരൊക്കെയോ
സന്ദേഹത്തോടെ
നോക്കുന്നതും
സങ്കടപ്പെടുന്നതും
ഞാനറിയുന്നുണ്ട്

ആരവങ്ങളൊന്നുമില്ലെങ്കിലും
എന്നെത്തിരയുന്ന
കണ്ണുകള്‍
തുളുമ്പിന്‍റെ വക്കില്‍
നിന്നുപെയ്യുന്നതും
ഞാനറിയുന്നുണ്ട്

എന്നെപ്പോലെ
മുറ്റവും ചെടികളും
ഒരിക്കലും
വാടാത്ത കിണറും
വാടിത്തളര്‍ന്നിരിക്കുന്നു

വിരുന്നുവരാറുള്ള
തുമ്പികളും കിളികളും
ഒരു ചിരിയോ നോട്ടമോ
കടംകൊള്ളാന്‍
ലക്ഷ്യം മറന്ന്
ചില്ലകള്‍ തേടുന്നു

ഒന്നുനനയാന്‍ കൊതിക്കുന്ന
തിണ്ണയും വീട്ടകങ്ങളും
ദാഹിച്ചുമടുത്തൊരു
നെലവെളക്കും
ഒരു ശബ്ദത്തിനായി
കാതോര്‍ക്കുന്നു

മുന്നൂറ്റിഅറുപത്തഞ്ചു
ദിവസവും
രുചിമണം ദാനമേകുന്ന
ചെറിയ കരിയാപ്പുകൂട്ടം

ഇടക്കൊരു  മരുന്നായും
കറിക്കൊരു  പൊലിവായും
ഇടക്കിടെ ഓടിയെത്തുന്ന
ഇരുമ്പന്‍പുളി

പച്ചയായും പഴമായും
ഇഷ്ടമേറെ പങ്കിട്ട പ്ളാവും മാവും
ചതിയിലൂടെ വെട്ടിക്കളഞ്ഞിട്ടും
അമ്മക്കെെക്കുമ്പിള്‍ നിറഞ്ഞ
പേരപ്പഴമണവും

ഒരു വിളിയൊച്ച കാതോര്‍ത്ത്
തുളസിയും കോളാമ്പിപ്പൂക്കളും
ഒരു തലോടല്‍ കൊതിക്കുന്ന
ഇലച്ചെടികളും

സ്നേഹമുള്ള ശകാരങ്ങള്‍
ഈണം തേടുന്ന പൊട്ടവരികള്‍
അതിനു
താളം പിടിക്കുന്നതിന്‍റെയും
കള്ളനോട്ടത്തിന്‍റെയും
അറിയാച്ചിരികള്‍

അങ്ങനെ
പട്ടിണിതുഴയാത്തൊരു
കഞ്ഞിക്കലവും തവിയും
വയറുപൊത്തി കരയുന്നു

ആളകന്നവീട്
എന്നാരൊക്കെയോ
സഹതപിക്കുമ്പോഴും
വഴിക്കണ്ണുമായി
ഞാന്‍ കാത്തിരിക്കുന്നു
വേര്‍പിരിയലിന്‍റെ
നന്മകളില്‍
രഹസ്യത്തിന്‍റെ
പൊരുളറിയാതെ.....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക