Image

പ്രതിപക്ഷത്തിന്റെ 'ഇന്‍ഡ്യ' സഖ്യം ദല്‍ഹി പിടിക്കുമോ?(ദല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 29 July, 2023
 പ്രതിപക്ഷത്തിന്റെ 'ഇന്‍ഡ്യ' സഖ്യം ദല്‍ഹി പിടിക്കുമോ?(ദല്‍ഹികത്ത്: പി.വി.തോമസ്)

'ക്വിറ്റ് ഇന്‍ഡ്യ' ഇതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷത്തിന്റെ ഇന്‍ഡ്യസഖ്യത്തോട് രാജസ്ഥാനിലെ ഒരു റാലിയില്‍ വച്ചു പറഞ്ഞത്. മഹാത്മജി സ്വാതന്ത്ര്യ സമരക്കാലത്ത് ബ്രിട്ടീഷുകാരോട് ആജ്ഞാപിച്ചതും ഇതുതന്നെ: ഇന്ത്യ വിടുക. മോദി പറഞ്ഞത് അഴിമതിക്കാരും കുടുംബ വാഴചക്കാരും ആയ പ്രതിപക്ഷം ഇന്‍ഡ്യ വിടണമെന്നാണ്. രാജ്യവിരുദ്ധരായ പ്രതിപക്ഷം ഇന്‍ഡ്യ എന്ന പേരിന്റെ പിറകില്‍ ഇപ്പോള്‍ ഒളിക്കുകയാണ്. പ്രതിപക്ഷത്തിന്റെ ഇന്‍ഡ്യ 'റ്റുക്കഡെ-റ്റുക്കഡെ' സംഘത്തിന്റേതാണെന്നും മോദി ആരോപിച്ചു. അഴിമതിക്കാരായ പ്രതിപക്ഷം ഇന്‍ഡ്യ വിടണമെന്ന് മോദി പറയുമ്പോള്‍ അഴിമതിയാണോ വര്‍ഗ്ഗീയതയാണോ ഇന്‍ഡ്യ വിടേണ്ട വന്‍വിപത്ത് എന്ന ചോദ്യവും ഉയരുന്നുണ്ട്. അഴിമതി ഭീകരമായ ഒരു ജനവിരുദ്ധ കുറ്റം ആണ്. എന്നാല്‍ വര്‍ഗ്ഗീയത- തീവ്രഹിന്ദുത്വ വര്‍ഗ്ഗീയത-അതിനെക്കാള്‍ വലിയ ഒരു പാതകം ആണ്. അത് ഗുജറാത്ത് മണിപ്പൂര്‍ പോലെയുള്ള വംശഹത്യകള്‍ക്ക് വഴിയൊരുക്കുന്നു. അഴിമതിക്കാരനെ ജയിലിലടക്കാം, വസ്തുവകകള്‍ കണ്ടുകെട്ടാം. എന്നാല്‍ വര്‍ഗ്ഗീയ, വംശീയ കലാപങ്ങളില്‍ നഷ്ടപ്പെട്ടുപോയ ഒരു ജീവനെയെങ്കിലും തിരിച്ചുകിട്ടുമോ? ആരും ഇന്‍ഡ്യ വിടേണ്ട. ഇന്‍ഡ്യ വിടേണ്ടത് വര്‍ഗ്ഗീയതയും അഴിമതിയും മാത്രം ആണ്. ഇന്‍ഡ്യ സഖ്യത്തിനു നേരെയുള്ള മോദിയുടെ ആക്ഷേപത്തില്‍ അദ്ദേഹം പറഞ്ഞു ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയിലും നിരോധിക്കപ്പെട്ട പീപ്പിള്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യയിലും ഇന്‍ഡ്യന്‍ മുജ്ജാഹിദ്ദീനിലും ഇന്‍ഡ്യ എന്ന പേര് ഉണ്ടായിരുന്നു. പ്രതിപക്ഷത്തിന്റെ ഇന്‍ഡ്യന്‍ നാഷ്ണല്‍ ഡെവലപ്പ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയസ്(ഇ.ന്‍.ഡ്യ) ബാഗ്ലൂര്‍ സമ്മേളനത്തില്‍ വച്ച് 26 പാര്‍ട്ടികൂടി രൂപീകരിച്ചതോടെ 2024-ലെ സമരമുഖം ഉണര്‍ന്നിരിക്കുകയാണ്. അതേദിവസം തന്നെ ദല്‍ഹിയില്‍ എന്‍.ഡി.എ.യുടെ വിപുലീകരിച്ച 38 അംഗസഖ്യവും കൂടി. അടുത്ത 'ഇന്‍ഡ്യ' സഖ്യത്തിന്റെ സമ്മേളനം മുംബൈയിലാണ് ഓഗസ്റ്റ് 25,26 ദിവസങ്ങളില്‍. ഈ 26 പാര്‍ട്ടികള്‍ക്കിടയില്‍ സീറ്റ് വിഭജിക്കുക എന്ന ശ്രമകരമായ ദൗത്യം ആണ് ഈ സമ്മേളനത്തിന് മുഖ്യമായിട്ടും ഉള്ളത്. സീറ്റ് വിഭജനം ഒരു വലിയ വെല്ലുവിളി തന്നെയാണ്. ഇന്‍ഡ്യ സഖ്യം ഇത് തരണം ചെയ്യുമോ? അതിന് 26 പാര്‍ട്ടികളും പരസ്പരം വിട്ടുവീഴ്ചക്ക് തയ്യാറാകണം. എങ്കില്‍ മാത്രമെ 'ഇന്‍ഡ്യ' സഖ്യം ഈ വൈതരണി കടക്കുകയുള്ളൂ. പിന്നീടാണ് നേതൃത്വത്തിന്റെ പ്രശ്‌നം വരുന്നത്. ആരു നയിക്കും ഈ 26 പാര്‍ട്ടികളെ? കോണ്‍ഗ്രസ് അതിനില്ലെന്ന് പാര്‍ട്ടി അദ്ധ്യകഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറയുകയുണ്ടായി. രാഹുല്‍ ഗാന്ധിയും ഇതുതന്നെ പറഞ്ഞു. ഇവരുടെയൊക്കെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കാമെന്ന് കരുതാം. നേതൃപ്രശ്‌നം തെരഞ്ഞെടുപ്പു കഴിഞ്ഞിട്ട് ആവശ്യമുണ്ടായാല്‍ അപ്പോഴും പരിഹരിക്കാം. എന്നിരുന്നാലും തെരഞ്ഞെടുപ്പിനെ നയിക്കുവാന്‍ ഇന്‍ഡ്യസഖ്യത്തിന് ഒരു നേതാവ് വേണം. അതൊരു കൂട്ടുനേതൃത്വവും ആകാം. ഈ നിര്‍ദ്ദേശവും ഉയര്‍ന്നു വരുന്നുണ്ട്. പക്ഷേ സംഘടനയെ- ഇന്‍ഡ്യസഖ്യം-കെട്ടിപ്പടുക്കണം. ശക്തമായ ഒരു സംഘടനയില്ലെങ്കില്‍  സഖ്യം ശിഥിലമായിപ്പോകും. ഒരു പൊതുകാര്യപരിപാടിയും ആവശ്യം ആണ്. ആദര്‍ശസംഹിതവേണം. ഇതില്‍ ചില കക്ഷികളെങ്കിലും എന്‍.ഡി.എ. സഖ്യത്തില്‍ അധികാരത്തിലുണ്ടായിരുന്നതാണ്. ജെ.ഡി.യു., റ്റി.എം.സി., ശിവസേന എല്ലാം ഇതില്‍പ്പെടും. ഇന്‍ഡ്യ സഖ്യത്തില്‍ വൈരുദ്ധ്യങ്ങള്‍ ഏറെയുണ്ട്. ഇടതുപക്ഷവും ആദം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഉള്‍പ്പെടും ഇതില്‍. പഞ്ചാബില്‍ മുഖ്യമന്ത്രി കോണ്‍ഗ്രസിന്റെ മുഖ്യവിമര്‍ശകനാണ്. ബംഗാളില്‍ റ്റി.എം.സി.യും ഇതേ കൊമ്പു കോര്‍ക്കുന്നു. കേരളത്തില്‍ ഇടതും കോണ്‍ഗ്രസും അതേപോലെതന്നെ. ഇവരെല്ലാവരും ഒന്നായിരിക്കുന്നത് മോദിയെ അധികാരത്തില്‍ നിന്നും മാറ്റുക എന്നതിലുപരി ഇന്‍ഡ്യ എന്ന ഭരണഘടനാപരമായ ആശയത്തെ വീണ്ടെടുക്കുവാനാണെന്ന് അവകാശപ്പെടുന്നു. അതുകൊണ്ടാണത്രെ പാറ്റ്‌നയില്‍ 16-ല്‍ നിന്നും ബാംഗ്ലൂരില്‍ 26 ആയി ഇന്‍ഡ്യ സഖ്യം വികസിച്ചത്. ഗവണ്‍മെന്റ് ഏജന്‍സികളായ ഈ.ഡി., സി.ബി.ഐ എന്നിവയെ വിമര്‍ശിക്കുന്നതിലുപരി ഇന്‍ഡ്യസഖ്യം പോസിറ്റീവ് വീക്ഷണത്തോടെയും അനുയോജ്യമായ നയപരിപാടിയോടെയും മുമ്പോട്ടുപോയാല്‍ സഖ്യത്തിനും ഇന്‍ഡ്യക്കും നല്ലത്. മോദി എന്ന ഒറ്റ അജണ്ടയുമായി നില്‍ക്കാതെ നേരിടേണ്ടത് അദ്ദേഹവും ആര്‍.എസ്.എസും പ്രതിനിധാനം ചെയ്യുന്ന നയപരിപാടികളെയാണെന്ന് ഇന്‍ഡ്യ സഖ്യത്തിന്റെ സംഘാടകര്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. വളരെ നല്ലത്. അതുപോലെ തൊഴില്‍ രംഗം ശോഭനമാക്കുവാനും മണിപ്പൂര്‍ പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുവാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള നയപരിപാടികള്‍ക്കും ആലോചന ഉള്ളതായി അറിയുന്നു. അതും നല്ലതുതന്നെ. അഴിമതി ആരോപണത്തെയും കുടുംബവാഴ്ചയെന്ന മോദിയുടെ സ്ഥിരം വിമര്‍ശനത്തെയും ഇന്‍ഡ്യ സംഖ്യത്തിനു നേരിടേണ്ടതായിട്ടുണ്ട്. എല്ലാത്തിനും ഉപരി ബി.ജെ.പി.യുടെ തീവ്രഹിന്ദുത്വ നിലപാടിനെയും. മോദി ഇന്‍ഡ്യ സഖ്യത്തിനും മുമ്പെയാണ് മുദ്രാവാക്യങ്ങളുടെയും വാഗ്ദാനങ്ങളുടെയും കാര്യത്തില്‍. എന്‍.ഡി.എ.യുടെ മൂന്നാം ഭരണത്തില്‍ (2024) ഇന്‍ഡ്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നു സമ്പദ് വ്യവസ്ഥയില്‍ ഒന്നായിരിക്കുമെന്ന് അദ്ദേഹം മോദിയുടെ ഗ്യാരന്റി എന്ന പേരില്‍ പ്രഖ്യാപിക്കുന്നു. 2024-ലെ വിജയം അദ്ദേഹം ഇപ്പോഴെ തന്നെ ഉറപ്പിക്കുകയാണ്. അതാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസം. മോദി എന്ന നേതാവിലും വാഗ്മിയിലും ഇന്‍ഡ്യസഖ്യം അതിശക്തനായ ഒരു എതിരാളിയെ ആണ് നേരിടുന്നത്. ഒപ്പം ആദ്യം സൂചിപ്പിച്ചതുപോലെ തീവ്രഹിന്ദുത്വവും ധ്രൂവീകരണവും. ഇന്‍ഡ്യ സഖ്യത്തിന് കാര്യക്ഷമതയും ജനങ്ങള്‍ക്ക് വിശ്വാസ യോഗ്യവുമായ ഒരു നേതൃനിരയെ നിരത്തേണ്ടിവരും. ഭരണഘടന മൂല്യങ്ങളെ സംരക്ഷിക്കുകയെന്ന ഇന്‍ഡ്യ സഖ്യത്തിന്റെ നിലപാട് ശ്ലാഘനീയം ആണ്. മതേതര ജനാധിപത്യ മൂല്യങ്ങളും ഇന്‍ഡ്യ സഖ്യത്തിന്റെ ആധാരശിലകള്‍ ആണെന്നുള്ള അവകാശവാദവും നല്ലതുതന്നെ. ഇതെല്ലാം സമര്‍ത്ഥമായിചാതുര്യത്തോടെ തള്ളിക്കളഞ്ഞ് 2014-2019-0 ജയിച്ച നേതാവും സഖ്യവും സമ്മതിദായകരും ആണുള്ളത്. സാമ്പത്തീക സര്‍വ്വാധികാരും സാമൂഹ്യനീതിയും ഇന്‍ഡ്യ സഖ്യം വിഭാവന ചെയ്യുന്നത് നല്ലതുതന്നെ. നീതിയുക്തമായ ധനവ്യവസ്ഥയും വളരെ പ്രധാനപ്പെട്ടതാണ്. സാമൂഹ്യനീതി ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ളതുമാണ്. പക്ഷേ, ഇതെല്ലാം മരീചിക മാത്രം. ഭരണരീതിയും ഭരണസത്തയും മാറ്റുവാനുള്ള ഇന്‍ഡ്യ സഖ്യത്തിന്റെ നിലപാടും സമയോചിതം ആണ്. സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയില്ലെന്ന നിശ്ചയം നല്ലതുതന്നെ. പക്ഷേ, ഇത് ഒരു കുനിഷ്ഠു പിടിച്ച ഒരു മേഖലയാണ്. അതിനെയും മറികടന്നാല്‍ വ്യത്യസ്തമായ ഒരു ഭരണം കാഴ്ചവയ്ക്കുവാന്‍ ഇന്‍ഡ്യ സഖ്യത്തിനു സാധിക്കും. ഫെഡറല്‍ സംവിധാനത്തെ ബലപ്പെടുവാന്‍ രാജ്ഭവനുകളെ ജനാധിപത്യവല്‍ക്കരിക്കുവാനുണ്ട്. മണിപ്പൂരില്‍ ക്രമസമാധാന നിലതകര്‍ന്നിട്ടും അവിടത്തെ ഗവര്‍ണ്ണര്‍ എവിടെ എന്ന ചോദ്യം അപ്പോഴാണ് ഉയരുന്നത്. മതേതരത്വം സ്വാതന്ത്ര്യലബദിക്കുശേഷമുള്ള ഇന്‍ഡ്യയില്‍ വളരെ സ്വീകാര്യമായ ഒന്നായിരുന്നു. എന്നാല്‍ ഇന്ന് അതിന്റെ അപ്പീല്‍ കുറഞ്ഞിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ അതിന്റെ പ്രസക്തി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അത് അക്ഷരാര്‍ത്ഥത്തില്‍ വീണ്ടെടുക്കുവാന്‍ ഇന്‍ഡ്യസഖ്യത്തിന് സാധിക്കുമോ? കഴിഞ്ഞ രണ്ടു പൊതുതെരഞ്ഞെടുപ്പുകളിലും എന്‍.ഡി.യെ ജയിച്ചത് ബി.ജെ.പി.-ആര്‍.എസ്.എസിന്റെ സംഘടനാ വൈഭവത്താല്‍ ആയിരുന്നു. മോദിയുടെ നേതൃപാടവവും തീവ്രഹിന്ദുത്വ മുദ്രാവാക്യവും കൂടെ ഉണ്ട്. കൂടാതെ ബി.ജെ.പി.യുടെ സാമ്പത്തീക ശക്തിയും. അതുകൊണ്ടുതന്നെ ബി.ജെ.പി.ക്ക് തനിച്ച്  കേവല ഭൂരിപക്ഷവും കിട്ടി. 2019-ല്‍ ബി.ജെ.പി.ക്ക് 303 സീറ്റുകള്‍ ലഭിച്ചപ്പോള്‍ വോട്ടുവിഹിതം 39-0 പ്രതിപക്ഷത്തിന് 35-0 ശതമാനവും ആയിരുന്നു. ഇവിടെയാണ് ഇന്‍ഡ്യ സഖ്യത്തിന്റെ പ്രസക്തിയും പ്രാധാന്യവും വരുന്നത്. ഒരു മാറ്റത്തിന് സാദ്ധ്യത കണ്ടേക്കാമെന്ന്. പക്ഷെ, ഇപ്പോഴും ബി.ജെ.പി. സഖ്യത്തിനുതന്നെ മുന്‍കൈ. ബി.ജെ.പി.ക്ക് ഇപ്രാവശ്യം തനിച്ച് 272 എന്ന മാന്ത്രിക സംഖ്യ കടക്കുമോ എന്ന് ആത്മവിശ്വാസം ഇല്ല. അതാണ് 39 എന്ന മഹാസഖ്യം. ഇതില്‍ 22 പാര്‍ട്ടികള്‍ക്ക് ഒരു സീറ്റും ലോകസഭയില്‍ ഇല്ലെന്നത് മറ്റൊരു കാര്യം  തെരഞ്ഞെടുപ്പു നിരീക്ഷകരുടെ കണക്കുകൂട്ടല്‍ അനുസരിച്ച് മോദിയും സഖ്യവും 230-250 സീറ്റുകള്‍ നേടിയേക്കാം. ഹിന്ദിബെല്‍റ്റിലെ സീറ്റുകളില്‍ ബി.ജെ.പി. സഖ്യം 2019 ല്‍ 196 സീറ്റുകള്‍ നേടി. ഇവിടെ ആകെ 218 സീറ്റുകള്‍ ആണ്. പക്ഷേ, ഇപ്രവാശ്യം ബീഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഘട്ട്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ തിരിച്ചടി ഉണ്ടായേക്കാം. മഹാരാഷ്ട്ര, ഗുജറാത്ത്, ബംഗ്ലാള്‍, ഒഡീഷ, പഞ്ചാബ് സംസ്ഥാനങ്ങളിലെ 150 സീറ്റുകളില്‍60 സീറ്റുകള്‍ ലഭിച്ചേക്കാം. കഴിഞ്ഞ പ്രാവശ്യം 80 സീറ്റുകള്‍ ആണ് ലഭിച്ചത്. ദക്ഷിണേന്ത്യയിലെ 13 സീറ്റുകളില്‍ 31 സീറ്റുകള്‍ ലഭിച്ചത് താഴോട്ടുപോകുവാനാണ് സാദ്ധ്യത. ദല്‍ഹി, ജമ്മു-കാശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 43 സീറ്റുകളും ബി.ജെ.പി.ക്ക് അധികം പ്രതീക്ഷിക്കുവാനില്ല. കോണ്‍ഗ്രസ് 120 സീറ്റുകളില്‍ കൂടുതല്‍ നേടിയാല്‍ ഏറെ സഖ്യകക്ഷികള്‍ ഇന്‍ഡ്യ സഖ്യത്തില്‍ വരുവാന്‍ സാധ്യതയുണ്ട്. അപ്പോഴും ഭരണം പിടിക്കുക അത്ര എളുപ്പം അല്ല. ബീഹാര്‍, ഉത്തര്‍പ്രദേശിലെ 120 സീറ്റുകള്‍(40 പ്ലസ് 80) ആണ് ബി.ജെ.പി. കഴിഞ്ഞ പ്രാവശ്യം കൊയ്തത്. ബീഹാറിലെ 40 സീറ്റുകളില്‍ 39 സീറ്റും എന്‍.ഡി.ഐ. സഖ്യം നേടി. ഇപ്രാവശ്യം നിതീഷ്‌കുമാര്‍ ചേരി മാറി ഇന്‍ഡ്യ സഖ്യത്തിന്റെ നായകസ്ഥാനം ഏറ്റെടുത്തു. 'ജീതേങ്കാ ഭാരത്' എന്ന മുദ്രാവാക്യവുമായിട്ടാണ് ഇന്‍ഡ്യ സഖ്യം രംഗത്തുള്ളത്-ഇന്‍ഡ്യ ജയിക്കും. ഏതായാലും സമരവേദി സജീവം ആവുകയാണ്. ഒരു മാറ്റം അഭികാമ്യം ആണ്. അല്ലെങ്കില്‍ ശക്തമായ ഒരു പ്രതിപക്ഷം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക