Image

അതിഥികള്‍ പിശാചുക്കളാകുമ്പോള്‍ (ഉയരുന്ന ശബ്ദം-86: ജോളി അടിമത്ര)

Published on 30 July, 2023
അതിഥികള്‍ പിശാചുക്കളാകുമ്പോള്‍ (ഉയരുന്ന ശബ്ദം-86: ജോളി അടിമത്ര)

രണ്ടു മിഠായി,ഒരു പാക്കറ്റ് ജ്യൂസ് !.അഞ്ചു വയസ്സുള്ള ഒരു കുഞ്ഞിന്റെ ജീവന്റെ വില . പൂമ്പാറ്റ പോലുള്ള ആ കുഞ്ഞ് ആ നിഷ്ടൂരന്‍ വച്ചുനീട്ടിയ മധുരത്തിനു  പിന്നാലെ ഒന്നുമറിയാതെ മരണത്തിലേക്കു നടന്നുപോയി.തിരിച്ചു വന്നത് മുഖം വികൃതമാക്കപ്പെട്ട് തല കല്ലുകൊണ്ടിടിച്ച് ചതച്ച്,പീഢനത്തിനു വിധേയമായി ശരീരം മുഴുവന്‍ മാരകമായി മുറിവേറ്റ്,ഒടിച്ചു മടക്കി വേസ്റ്റുകൂനയില്‍ ,ഒരു പ്‌ളാസ്റ്റിക്ക് ചാക്കില്‍.. ഇന്ന് എല്ലാ ചാനലുകളിലും വലുപ്പത്തില്‍ കറുത്ത അക്ഷരങ്ങളില്‍ എഴുതി കാണിച്ച വാക്കാണ് മാപ്പ്.കുഞ്ഞേ മാപ്പ് !.പറയാന്‍ എന്തെളുപ്പം...ആ അഞ്ചു വയസ്സുകാരി ലഹരിക്കടിപ്പെട്ട ഒരു അക്രമിയുടെ കൈയ്യില്‍കിടന്ന് പിടഞ്ഞത് ഓര്‍ക്കാന്‍ വയ്യ.ഇത്തിരിപ്പോന്ന ആ കുഞ്ഞ് അനുഭവിച്ച ക്രൂരത..എല്ലാം ഒരു മാപ്പ് എഴുതിക്കാണിച്ചാല്‍ തീരുമോ..
         
സ്ഥിരം കാണുന്ന പ്രൈം ടൈം ചര്‍ച്ച കാണാന്‍ ഇന്നു ഞാനിരുന്നില്ല.മനസ്സ് വല്ലാതെ കലങ്ങിയിരുന്നു.വയ്യാ, ആ ദൃശ്യങ്ങള്‍  വീണ്ടും വീണ്ടും ടെലിവിഷനില്‍ കാണിക്കുന്നത് കാണ്ടുകൊണ്ടിരിക്കാന്‍ മനസ്സ് സമ്മതിക്കുന്നില്ല.മനസ്സ് തകര്‍ന്ന ഒരച്ഛന്റെ വിങ്ങിയ മുഖം..യുവതിയായ ആ അമ്മയുടെ പാപ്പൂ എന്നു വിളിച്ചുള്ള പിടച്ചില്‍..വയ്യാ .കാണാന്‍ വയ്യാ.ഞാനെന്റെ മകളുടെ അഞ്ചു വയസ്സിലെ പ്രസരിപ്പു നിറഞ്ഞ ഓടിക്കളിക്കലും ചിരിയും വാശിയും കൊഞ്ചലും പിണക്കവും വെറുടെ ഓര്‍ത്തുപോയി.ബാല്യത്തിന്റെ നിഷ്‌കളങ്കത നിറഞ്ഞ പ്രായമാണ് ശൈശവം.ആര് എന്തു പറഞ്ഞാലും അവര്‍ വിശ്വസിക്കും.പരിചയമൊട്ടുമില്ലാത്ത ഒരു മാമന്‍ മിഠായി തരാമെന്നു പറഞ്ഞപ്പോള്‍ ആ കുഞ്ഞ് വിശ്വസിച്ചുപോയി.
                    
പട്ടിണിപ്പാവമായിരുന്നു അവളുടെ അച്ഛന്‍.നാലു മക്കള്‍ .അവരുടെ കൊതി അനുസരിച്ച് മിഠായിയും ഐസ്‌ക്രീമും ജ്യൂസുമൊന്നും വാങ്ങിക്കൊടുക്കാന്‍ കഴിവില്ലാത്തവന്‍. മക്കളുടെ വിശപ്പു മാറ്റാനാവണം അയാള്‍ കുടുംബത്തെക്കൂട്ടി കേട്ടറിവു മാത്രമുള്ള വിദൂരസംസ്ഥാനമായ കേരളത്തിലേക്കു പോന്നത്.ഭാഷയറില്ലെങ്കിലും എല്ലു മുറിയെ പണിയാനറിയാം.മക്കള്‍ക്ക് നല്ല വിദ്യാഭ്യാസവും ജോലിയും കിട്ടിക്കഴിഞ്ഞാല്‍ ദാരിദ്ര്യം മാറുമല്ലോ.നമ്മുടെ പോയ തലമുറ അങ്ങനെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ പോയി 'മദ്രാസി 'കളായി ജോലിചെയ്തിരുന്നല്ലോ.ഗള്‍ഫിലും മറ്റും പ്രവാസികളായി ജോലിചെയ്യ്തുവരുന്നതും ഇങ്ങനെത്തന്നെയാണല്ലോ.അതേ സ്വപ്‌നവുമായി കേരളത്തിലേക്കു വന്ന ഒരു സാധു കുടുംബത്തിനു നേരിട്ട ദുര്‍വിധി.ബീഹാറുകാരന് കേരളം ഒരു മിനി ഗള്‍ഫാണ്.ദിവസക്കൂലി എണ്ണൂറും തൊള്ളായിരവുമൊന്നും അവന്റെ നാട്ടില്‍ കിട്ടില്ല.ഇവിടെ എന്നും തൊഴില്‍ കിട്ടുമല്ലോ.ഇവരില്ലെങ്കില്‍ കേരളത്തിനു നിലനില്‍പ്പില്ലാത്ത സ്ഥിതിയാണിപ്പോള്‍.
                             
അതിരാവിലെ ഇപ്പോള്‍ നമ്മുടെ നാല്‍ക്കവലകളില്‍ കാണുന്ന ഒരു കാഴ്ചയുണ്ട്.അന്യ സംസ്ഥാനത്തൊഴിലാളികള്‍ നിരന്നു വന്നിരിക്കുന്ന പുതിയ കാഴ്ച. ആടു ചവയ്ക്കുംപോലെ   നിരന്തരം ചവയ്ക്കുന്ന ,അടുത്തു വന്നാല്‍ പാന്‍പരാഗ് മണക്കുന്ന ചെറുപ്പക്കാര്‍ .പണി കഴിഞ്ഞ് വൈകുന്നേരം പോകുമ്പോള്‍ പരിസരത്താകെ  ശംഭു,തുളസി പാക്കറ്റുകളുടെ ഒഴിഞ്ഞ കവറുകള്‍.മലയാളം നന്നായി പറയാന്‍ പഠിച്ചുകഴിഞ്ഞു.ഇവരില്‍ നല്ലവരും മാന്യമായി കുടുംബത്തെ പരിപാലിക്കുന്നവരും ഉണ്ട്.പക്ഷേ,നാടും വീടും അവര്‍ പറയുന്നതിനപ്പുറമില്ല. ബംഗാളിയോ,ബംഗ്‌ളാദേശിയോ,ജാര്‍ഘണ്ടോ,ആസാമിയോ മണിപ്പൂരിയോ എന്നൊന്നും നമ്മള്‍ക്കറിയില്ല.എല്ലാം നമ്മള്‍ക്ക് ബംഗാളികളാണ്. എല്ലാം നമ്മുടെ ' ഭായി ' മാരാണ് .ഇവരുടെ ഐഡന്റിറ്റി കേരളത്തില്‍ ആരും തിരക്കാറില്ല പറയാറുമില്ല.    
           
കോവിഡ് കാലത്ത് ചങ്ങനാശ്ശേരിക്കടുത്ത് പായിപ്പാട് ഗ്രാമത്തില്‍ ബംഗാളികളുടെ ശക്തി പ്രകടനം നടന്നതോര്‍ക്കുന്നു.അവര്‍ക്ക് വിശപ്പിന് ഒന്നുമില്ല,നാട്ടിലേക്കു പോകാന്‍ വാഹനമില്ല,പണിയില്ല,പണമില്ല എന്നൊക്കെയായിരുന്നു പരാതികള്‍.മിനുട്ടുകൊണ്ട് അവര്‍ സംഘടിച്ചു.തെരുവു മുഴുവന്‍ വെട്ടുക്കിളികളെപ്പോലെ അവര്‍ നിറഞ്ഞു. ഒരു കലാപ സാധ്യത മുന്‍കണ്ട് പൊലിസ്സ് ഉണര്‍ന്നതിനാല്‍ സംഘര്‍ഷം ഒഴിവായി.അന്ന് അവിടെയുണ്ടായിരുന്ന എന്റെ ഒരു ബന്ധു പറഞ്ഞത് ഓര്‍ക്കുന്നു.''ഭയന്നു പോയി.ഇവറ്റകള്‍ ഇരച്ചുകയറി വീട്ടിലേക്കു വന്ന് കൊള്ളയടിച്ചാല്‍ എന്നാ ചെയ്യാനാ..എങ്ങനെ എതിരിടാനാ..''എന്ന് . കിറ്റക്‌സ് ഗ്രാമത്തില്‍ നമ്മള്‍ ഇതേ കാഴ്ച കണ്ടുകഴിഞ്ഞു. ഇവരുടെയിടയില്‍   ക്രിമിനലുകളും അക്രമകാരികളും നാട്ടില്‍ കുറ്റകൃത്യംചെയ്ത് ഇവിടെയുള്ള കൂട്ടുകാര്‍ക്കിടയില്‍ ഒളിച്ചു പാര്‍ക്കുന്നവരും ഉണ്ട്.  പെരുമ്പാവൂര്‍ ഗ്രാമം ഇവരുടെ സ്വന്തം ഭൂമിയായി മാറിക്കഴിഞ്ഞു.വൈകുന്നേരങ്ങളില്‍ നാട്ടുകാര്‍ തെരുവുകള്‍ കാലിയാക്കും.പിന്നെ ഇവരുടെ വിളയാട്ടമാണ്.അടിപിടികള്‍ സ്ഥിരം സംഭവങ്ങളാണ്.കസ്റ്റഡിയിലെടുത്താലും നമ്മുടെ നാട്ടില്‍ ശിക്ഷ തീരെ കുറവാണെന്ന് അവര്‍ക്കറിയാം.അഥവാ ജയില്‍ ജീവിതത്തിനു പോയാലും അവിടെ കുശാലാണല്ലോ.ആ കുഞ്ഞിനെ കൊന്നവനും പരമസുഖം.ജയിലില്‍നിന്നും ജാമ്യത്തിലിറക്കാന്‍ ക്രിമിനല്‍ അഭിഭാഷകരെ എത്തിക്കാന്‍ ചിലര്‍ സജ്ജരാണ്.കാരണം ക്രിമിനലുകളെ ആവശ്യമുള്ളവര്‍ ഇവിടെയുണ്ട്.ജീവപര്യന്തം ശിക്ഷ കിട്ടിയാലെന്തു പേടിക്കാന്‍.ജയിലില്‍ തൊഴിലെടുക്കാം. അതിന് കൂലി കിട്ടും.ആഴ്ചയില്‍ ഒരിക്കല്‍ മട്ടണ്‍,രണ്ടുദിവസം മീന്‍കറി ,വിശേഷദിവസങ്ങളില്‍ സദ്യ,ബിരിയാണി..അടിച്ചുപൊളിച്ച് കൂടിയാല്‍ 14 വര്‍ഷം കഴിയണം.
                   
നമ്മുടെ കേരളത്തിലെ ഭരണപരമായ പിഴവുകള്‍ ഇവര്‍ക്ക് അനുഗ്രഹമാവുകയാണ്.തിരിച്ചറിയല്‍ കാര്‍ഡുകള്‍ വേണ്ട.ലഹരി യഥേഷ്ടം ഉപയോഗിക്കാം.ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ.ഇനി രണ്ടുമൂന്നാഴ്ചകളിലേക്ക് ഇത്തിരി എരിവുകാണും പൊലിസ്സിന്..പട്രോളിംഗ്,പരിശോധനകള്‍ അങ്ങനെ കുറേ പ്രഹസനങ്ങള്‍.അതു കഴിഞ്ഞാല്‍ ശങ്കരന്‍ വീണ്ടും തെങ്ങില്‍.അന്യസംസ്ഥാനത്തൊഴിലാളികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടി എടുക്കുന്നില്ല.കരാറുകാരന്‍ കൊണ്ടുവന്നു തള്ളുന്ന എല്ലാ തൊഴിലാളികള്‍ക്കും ഇവിടെ പരമ സുഖമായി കുടിപാര്‍ക്കാം.കേരളത്തെ കലാപ ഭൂമിയാക്കാന്‍ ഇവര്‍ക്ക് നിഷ്പ്രയാസം .കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച  സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആവാസില്‍   5.2 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.കോവിഡ്കാലത്ത് 3.5 ലക്ഷം പേര്‍ കേരളം വിട്ടുപോയി എന്നാണ് സര്‍ക്കാര്‍ കണക്ക്.എത്രപേര്‍ തിരിച്ചെത്തിയെന്നതിന് കണക്കുമില്ല.പോയതിന്റെ ഇരട്ടി തിരികെയെത്തി എന്നു പറയുന്നുണ്ട്.
             
 ഇതിനൊരു മറുവശമുണ്ട്.ഇവരില്ലെങ്കില്‍ കേരളത്തില്‍ കെട്ടിടം പണിയുള്‍പ്പടെ ബിസ്സിനസ്സുകള്‍ പലതും നിലയ്ക്കും.പണിയാന്‍ ആളെ കിട്ടില്ല.തട്ടുകട മുതല്‍ കെട്ടിടംപണിവരെ ഇവരുടെ കുത്തകയായിക്കഴിഞ്ഞു.മാടുപോലെ പണിയെടുക്കും.നല്ല ഉശിരുള്ള ചെറുപ്പക്കാരാണ് കൂടുതലും.മനുഷ്യരാണ്.വിശപ്പു കഴിഞ്ഞാല്‍ പിന്നത്തെ വിശപ്പ് ലൈംഗികതയാണ്.ശരീരത്തിന്റെ  ഉള്‍വിളികളെ തണുപ്പിക്കാന്‍ അവന് കുടുംബം ഒപ്പമില്ല.വന്‍ നഗരങ്ങളിലെ പോലെ  വേശ്യാലയങ്ങള്‍ കേരളത്തില്‍ ഇല്ല.അതിന് ഇക്കൂട്ടര്‍ കണ്ടു പിടിച്ച ചില കുറുക്കുവഴികളുണ്ട്.നാട്ടില്‍നിന്ന് ലൈംഗികത്തൊഴിലാളികളെ ഇറക്കുമതി ചെയ്യുക.കൂട്ടമായി പാര്‍ക്കുന്ന ഇടങ്ങളില്‍ ആരുടെയെങ്കിലും ഭാര്യയെന്നപേരില്‍ ഒപ്പം താമസിപ്പിക്കുക.രണ്ടാഴ്ച കഴിയുമ്പോള്‍ അവരെ അടുത്തയിടത്തേക്ക് മാറ്റി അവിടെനിന്ന് മറ്റൊരാളെ കൊണ്ടുവരിക.എല്ലാവര്‍ക്കും സന്തോഷം,പെണ്ണുങ്ങള്‍ക്ക് വരുമാനം,ആണുങ്ങള്‍ക്ക് പരമാനന്ദം.ലൈംഗികരോഗം അതിവേഗം പരക്കുന്നു.ആരും അതെപ്പറ്റി ബോധവാന്‍മാരുമല്ല.സര്‍ക്കാറിന് ആകുലതയുമില്ല.
                   
മദ്യവും  മയക്കുമരുന്നും ഇക്കൂട്ടരുടെ ബലഹീനതയാണ്.ക്രൂരന്‍മാരുമാണ്.തീവ്രവാദപ്രവര്‍ത്തകര്‍പോലും ഇക്കൂട്ടത്തില്‍ ഒളിച്ചുപാര്‍ക്കുന്നുണ്ടാകണം എന്നു സംശയിക്കാവുന്ന സാഹചര്യമാണുള്ളത്.രാസലഹരിപോലുള്ള അപകടകരമായ ലഹരികള്‍ യഥേഷ്ടം കേരളത്തിലേക്ക് ഒഴുകിയെത്തുന്നതിന്റെ ലക്ഷ്യം ഇവരാണ്.ആലുവയിലെ കുഞ്ഞിനെ പീഡിപ്പിച്ചവന്‍ പൊലിസ്സിന് ചോദ്യചെയ്യാന്‍പ്പോലും വയ്യാത്ത വിധത്തില്‍ കിറുങ്ങിയിരിക്കയായിരുന്നു .കോട്ടയത്തെ പൂവന്‍തുരുത്ത് ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായത് അന്യസംസ്ഥാനത്തൊഴിലാളിയായിരുന്നു.കോഴഞ്ചേരിയില്‍ ബാരിക്കേഡ് നിരത്തി പട്ടാപ്പകല്‍ മെയിന്റോഡ് തടഞ്ഞത് ഒരു മാസം മുമ്പ്.നിഷ്ടൂര കൊലപാതകങ്ങള്‍ നിരവധി.എന്നിട്ടും നമ്മള്‍ ഇവരെ കൊഞ്ചിക്കയാണ്.അന്യസംസ്ഥാനത്തൊഴിലാളിയെന്നോ ബംഗാളിയെന്നോ വിളിക്കരുതുപോലും.അതിഥിത്തൊഴിലാളിയെന്നേ സംബോധന പാടുള്ളൂ !.അതിഥി ദേവോ ഭവ: എന്നാണല്ലോ.

Join WhatsApp News
Sudhir Panikkaveetil 2023-07-30 01:50:32
മലയാളി സാഹിത്യപരമായി വളരെ ഉയർന്നുപോയി. എത്ര വികാരസാന്ദ്രമായ എഴുത്തുകൾ, എത്ര നല്ല പ്രകടനങ്ങൾ എത്ര ഗംഭീരം പ്രസംഗങ്ങൾ കലയും സാഹിത്യവും വളരുന്നു എന്നല്ലാതെ ഇത് കുറ്റങ്ങളെ കുറയ്ക്കുന്നില്ല. എന്ത് ചെയ്യാം,,,നിയമ പെണ്ണ് കെട്ടിയിരിക്കുന്ന ബാൻഡേജ് വലിച്ചൂരി പുറത്തു ചാടിച്ച് അവളെ വ്യഭിചരിക്കുന്ന വ വ്വാലുകളെ പറപ്പിച്ച് കുറ്റവാളികളെ അവർ അർഹിക്കുന്ന ശിക്ഷ കൊടുത്ത എല്ലാവര്ക്കും സുരക്ഷാ ഉറപ്പു വരുത്താൻ എന്ന് വരും ഒരു രക്ഷകൻ
ജോസഫ്‌ എബ്രഹാം 2023-07-30 13:50:03
ബാറുകള്‍ അനുവദിക്കുന്നത് പോലെ നിയമവിധേയമായ് ലൈംഗീക ഇടങ്ങള്‍ (Sexual recreation centres) കേരളത്തിലെ ഓരോ പട്ടണത്തിലും തുറക്കണം. കാമം എന്ന ചോദനയ്ക്ക് ഒരു വിരേചനം ആവശ്യമാണ്. ലോകത്തിലെ ഒരു പ്രമാണിക്കും അതിനെയൊന്നും പൂര്‍ണ്ണമായും അടക്കാന്‍ സാധ്യമല്ല. ബാറിലേക്ക് നടന്നു കയറുന്നത് പോലെ നടന്നു കയറി കാമപൂര്‍ത്തി നടത്താന്‍ ഒരിടം മനുഷ്യന് ആവശ്യമാണ്. മനുഷ്യസംസ്കൃതിയുടെ ഒരു കാലത്തും ഇത്തരം കാര്യങ്ങളെ ആരും സദാചാരത്തിന്‍റെ പേരില്‍ മാറ്റി നിര്‍ത്തിയിട്ടില്ല. പൌരാണിക രാജ്യങ്ങളിലെ ഗണിക തെരുവുകളും, വാരനാരികളും, അന്തപ്പുരങ്ങളും ഈ ഒരു ആവശ്യത്തിന് വേണ്ടി നില നിന്നതാണ്. മലയാളികള്‍ കപട സദാ ചാരം വെടിഞ്ഞു ആരോഗ്യപരമായ ലൈംഗീക വേഴ്ചയെ മദ്യപാനം പോലെ പുകവലി പോലെ ഒരു മനുഷ്യന് ശാരീരികവും മാനസികവുമായി ഉല്ലാസം കിട്ടുന്ന ഒരു കാര്യമായി അംഗീകരിക്കണം. വര്‍ഷങ്ങളായി കേരളത്തില്‍ ലൈഗീക തൊഴിലാളികള്‍ ഉണ്ട്. ഏതെങ്കിലും സദാചാരത്തിന് അതില്ലായ്മ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ ? മഹാ നഗരങ്ങളില്‍ അതിനായി പ്രത്യേകം തെരുവുകള്‍ തന്നെയുണ്ട്‌ അതുകൊണ്ട് ആ നാട്ടിലെ ജനങ്ങള്‍ക്ക്‌ എന്തെങ്കിലും കുഴപ്പമുണ്ടായോ ? അതില്ലായിരുന്നെങ്കില്‍ മുബയിലും മറ്റും സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റുമായിരുന്നോ? കേരളം വിട്ടാല്‍ മറ്റു നാടുകളിലെ ടൌണുകളില്‍ സ്ത്രീകള്‍ രാത്രിയിലും സഞ്ചരിക്കുന്നത് കാണാം , സദാചാര പ്രഭുക്കളുടെ നാടായ കേരളത്തില്‍ ഒരു സ്ത്രീക്ക് ഇരുള്‍ വീണാല്‍ പുറത്തിറങ്ങാന്‍ കഴിയുമോ ? അടക്കിപ്പിടിച്ച കാമം വലുതായി പൊട്ടിത്തെറിക്കാന്‍ ഇടം നല്‍കാതെ സ്വാഭാവികമായ വിരേചനത്തിനുള്ള ഇടം നല്‍കുക എന്നത് ഒരു മനുഷ്യാവകാശ പ്രശ്നം തന്നെയാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക