മിഠായിക്ക് മധുരം,
ഹായ് എന്ത് മധുരം !
പോക്കറ്റിലുള്ള ചില്ലറകൾ എനിക്കും കൂടെയോ !
വിശപ്പാണ്, കൊതിയാണ് ,
എന്റെ ചിരികണ്ട് ലോകമെനിക്കുതരും മധുരങ്ങൾ!
എന്നെ കൊഞ്ചിക്കും മുഖങ്ങൾ,
ഈ ചേട്ടനുമുണ്ടോ എന്റെ കൊതികാണും കണ്ണുകൾ!
എന്റെ കൈപിടിച്ച് തെല്ലു ദൂരം നടക്കാൻ,
കൊതിയുണ്ടെന്നു ചേട്ടൻ പറഞ്ഞു.
ഞാൻ പോയി , കാഴ്ച്ചകൾ കാണാൻ,
കണ്ടതൊക്കെ കൂട്ടുകാരോട് വർണ്ണിക്കാൻ.
വണ്ടി കയറി പുറത്തേക്ക് നോക്കി,
മരങ്ങൾ പുറകോട്ടു പായുന്നതു കണ്ടു,
വലിയ ചേച്ചിമാർ സാരിയുടുത്തു പോകുന്നതുകണ്ടു,
ചേട്ടന്മാർ മൈതാനത്തോടിക്കളിക്കുന്നതു കണ്ടു.
സാരഥി വണ്ടി വളക്കുന്നതും തിരിക്കുന്നതു-
മെനിക്ക് തീരാകടങ്കഥകളായി !
വണ്ടിക്കൊപ്പം ഞാനും തിരിയുന്നു ,
കുത്തിട്ടപോലെ ഞാനും നിൽക്കുന്നു!
എന്തൊരത്ഭുതം ചേട്ടനെന്നെക്കാണിക്കും കാഴ്ച്ചകൾ!
പഴച്ചാറ് തീർക്കാൻ തോന്നുന്നില്ല !
ഞാൻ കുറച്ചു കുറച്ചു കുടിച്ചു.
പോകും വഴി ഒരു മാമൻ ,
ഞാൻ ആരെന്നു ചോദിക്കുന്നതു കേട്ടു.
ചേട്ടൻ, ഞാൻ മകളെന്നു പറഞ്ഞു!
എനിക്കൊരച്ചനും കൂടി പിറന്ന ദിവസം !
എന്നെ എടുത്തുകൊണ്ടു നടന്നു,
പിന്നെ കൈപിടിച്ചു മാലിന്യക്കൂമ്പാരത്തിലേക്ക് !
ചേട്ടനെന്നെ എന്താണ് ചെയ്യുന്നത് !
എനിക്ക് സഹിക്കാൻ കഴിയുന്നില്ല.
ഞാൻ പഴച്ചാറ് കുടിച്ചു തീർത്തിട്ടില്ല,
ഇതൊക്കെ ഞാൻ എങ്ങനെ കൂട്ടുകാരോട് വിവരിക്കും!
എനിക്ക് വീട്ടിൽ പോകണം,
എനിക്ക് മിഠായി വേണ്ട,
എനിക്ക് പഴച്ചാറ് വേണ്ട,
എനിക്ക് ഈ പുതിയ അച്ഛനെ വേണ്ട,
ഞാനെപ്പോൾ വീട്ടിൽ പോകും!
ഞാനെപ്പോൾ തിരികെ നടക്കും!
എന്റെ കഴുത്തു ഞെരിയുന്നു,
എന്റെ തല തകരുന്നു.
ഞാനൊരു പൂവായിരുന്നില്ലേ ചേട്ടാ ,
ഞാൻ സ്നേഹമായിരുന്നില്ലേ ചേട്ടാ !
നാടുമുഴുവൻ എന്നെ തിരയുന്നു,
ചന്ദ്രിക എന്നെ നോക്കി വിതുമ്പുന്നു.
ഞാൻ ഉറുമ്പുകൾക്കാഹാരമാകുന്നു,
എനിക്കും മധുരമാണോ ഉറുമ്പുകളേ ?
ഞാനും മധുരക്കൊതിച്ചിയായിരുന്നു!