
പത്രം തുറന്നാല്‍ തട്ടിപ്പ്, വെട്ടിപ്പ്. കൊള്ള, കൊല, പീഡനം എന്നിവയുടെ ഞെട്ടിക്കുന്ന കഥകള്‍. ഇതൊക്കെ അന്വേഷിക്കുന്ന പോലീസിനാകട്ടെ ഷംസീര്‍ കാര്യത്തില്‍ എന്ത് പറയണമെന്നറിയാത്ത കോണ്‍ഗ്രസ്സുകാരെ പോലെ ഒരു കണ്‍ഫ്യൂഷനും ! അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഒരു സംവിധാനവും പോലീസിനില്ല. കുറ്റവാളികളുടെ സുരക്ഷിതമായ ഒരിടമായി കേരളം മാറുകയാണോ ?
എളുപ്പത്തില്‍ പണം കൈയില്‍ വരുന്ന എന്തെങ്കിലുമൊരു സൂത്രം കണ്ടാല്‍ നമ്മില്‍ പലരും അതൊന്നു പരീക്ഷിച്ചു നോക്കും. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എങ്ങനെയൊക്കെ പണമുണ്ടാക്കാമെന്നറിയാന്‍ പത്തു രൂപ ഈയുള്ളവന്‍ തന്നെ അയച്ചു കൊടുത്തതാണ്. ഉടനെ മറുപടി കാര്‍ഡ് എത്തി 'ഇങ്ങനെയും പണമുണ്ടാക്കാം'!
പഠിച്ച പാഠങ്ങള്‍ :
പത്തുരൂപ പോയാലെന്താ പണമുണ്ടാക്കാനുള്ള ഒരു വഴിയെങ്കിലും പഠിച്ചുവല്ലോ. കോളേജ് ഹോസ്റ്റലില്‍ മൂട്ട ശല്യം പെരുകിയപ്പോള്‍ പഴയതൊക്കെ മറന്നു 'മൂട്ടയെ കൊല്ലാന്‍ ഒരു യന്ത്രം' വാങ്ങാനും 100 രൂപ അയച്ചു കൊടുത്തു. മടക്ക തപാലില്‍ രണ്ട് കല്ലു കിട്ടി. കൂടെ ഒരു കുറിപ്പും: 'മൂട്ടയെ പിടിച്ചു ഇതില്‍ വലിയ കല്ലില്‍ വച്ച് ചെറിയ കല്ലുകൊണ്ട് ചതയ്ക്കുക' ജീവനുള്ള മൂട്ടയായതുകൊണ്ട് അത് ചതയ്ക്കാന്‍ പാകത്തില്‍ നിന്ന് തരില്ല. ഇനി ചതച്ചാലോ ? വല്ലാത്തൊരു മണവും ! ഇതോടെ പരസ്യങ്ങളില്‍ ഇനിയും വീഴരുതെന്ന രണ്ടാം പാഠവും പഠിച്ചു.
മണ്ടനോ, ഇല്ല :
ഇങ്ങനെ പണം കളഞ്ഞ എന്നെ പോലുള്ള മണ്ടന്മാര്‍ എന്റെ വായനക്കാരില്‍ ആരുമുണ്ടാവില്ല. ഉണ്ടെങ്കിലും അത് പുറത്തു പറയേണ്ട. പോയത് പോട്ടെ, മണ്ടന്‍ എന്ന വിളിപ്പേര് കൂടി വെറുതെ കേള്‍ക്കേണ്ട. ഇങ്ങനെ പണക്കാരനാകാന്‍ ശ്രമിച്ച ചില സാജന്‍മാര്‍ ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്തി. 'മരം, മാഞ്ചിയം' പരസ്യവുമായി വന്നാല്‍ നമ്മില്‍ ചിലര്‍ അതില്‍ വീഴും. കോവിഡ് കാലം മുതല്‍ വന്ന 'വര്‍ക്ക് ഫ്രം ഹോം' ജോലി സാധ്യത പരസ്യം ചെയ്താല്‍, വീട്ടില്‍ നൂറുകൂട്ടം പണിയും കുഞ്ഞുകുട്ടി പരാധീനതകളുമുള്ള അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ തലകുത്തി മറിയും. ഈയ്യിടെ ആ വകയില്‍ കോടിക്കണക്കിന് രൂപ തട്ടിപ്പുകാരുടെ പെട്ടിയില്‍ വീണില്ലേ ?
കണ്ടതും കേട്ടതുമായ :
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴിയുള്ള നിര്‍മ്മിത കുബുദ്ധികളെയും നാട് കണ്ടു. ചുരുക്കി പറഞ്ഞാല്‍ സ്വന്തം കണ്ണുകൊണ്ട് കണ്ടതും സ്വന്തം ചെവി വഴി കേട്ടതും വരെ മായ! തട്ടിപ്പ് നടത്തുന്നതില്‍ മാത്രമല്ല അതില്‍ കുടുങ്ങുന്നതിലും മലയാളികള്‍ തന്നെയാണല്ലോ മുന്നില്‍. മാത്രമല്ല തട്ടിപ്പോ വെട്ടിപ്പോ കേസ്സോ കൂട്ടമോ ഉണ്ടായാല്‍ പ്രതികള്‍ ജാമ്യത്തിലോ അല്ലാതെയോ മുങ്ങി എത്തുന്നതും മലയാളക്കരയിലേക്കും. ആലുവയില്‍ അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന് ചാക്കിലാക്കി തള്ളിയതിന് അറസ്റ്റിലായ അസഫാക് ആലം അങ്ങനെ വന്ന ഒരു കൊടുംകുറ്റവാളി. 2018 ല്‍ ഡല്‍ഹിയില്‍ പത്തുവയസുകാരിയെ മാനഭംഗപ്പെടുത്തിയതിന് ഒരു മാസം ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ജാമ്യത്തില്‍ മുങ്ങിയ പുള്ളിയാണ്. ഇയാളെ കൊച്ചി പരിസരത്ത് കാണുന്നത് ആദ്യമാണെന്നായിരുന്നു പോലീസ് ഭാഷ്യം. മോഷ്ടിച്ചും കള്ളടിച്ചും ബഹളം വച്ചും ഇയാള്‍ ഇവിടെയൊക്കെയുണ്ടായിരുന്നു എന്ന് സാക്ഷികള്‍.
ആളുമാറി അറസ്റ്റ് :
പാലക്കാട് പോലീസ് ആളുമാറി ഒരു 80കാരിയെ അറസ്റ്റ് ചെയ്തത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമായി. വീട്ടില്‍ കയറി അതിക്രമിച്ചതിന് ഒരു സ്ത്രീയുടെ പേരില്‍ കേസ്സുണ്ടായിരുന്നു. ആ സ്ത്രീ നല്‍കിയ തെറ്റായ വിലാസം വെച്ചാണ് വൃദ്ധ നാലുവര്‍ഷം കോടതി കയറിയിറങ്ങിയത്. പോലീസിനോട് പല തവണ ഞാനല്ല യഥാര്‍ത്ഥ പ്രതി എന്ന് പറഞ്ഞതൊന്നും പോലീസ് വിശ്വസിച്ചതേയില്ല. വിചാരണ വേളയിലാണ് സത്യം തെളിഞ്ഞത്. പോരെ, പോലീസിന്റെ കാര്യക്ഷമത !
അടിക്കുറിപ്പ് : ചില കാര്യങ്ങളില്‍ കോണ്‍ഗ്രസുകാര്‍ക്ക് കണ്‍ഫ്യൂഷന്‍ പെട്ടെന്ന് മാറില്ല. ഗണേശന്‍ മിത്താണെന്നു സ്പീക്കര്‍ ഷംസീര്‍ പറഞ്ഞത് അവര്‍ കേട്ട ഭാവമില്ല. അമ്പലത്തില്‍ പോകുന്നവരെയെല്ലാം പ്രയാസപ്പെടുത്തിയ ഈ സംഭവം എന്‍.എസ്.എസ് വലിയ പ്രശ്‌നമാക്കിയിരിക്കുന്നു. നാളെ ഗണപതി അമ്പലങ്ങളിലെല്ലാം പൂജയാണ്. കോണ്‍ഗ്രസിനാകട്ടെ ഷംസീര്‍ വിവാദത്തില്‍ എന്തു പറയണമെന്ന ഒരു തീര്‍പ്പായിട്ടുമില്ല.
കെ.എ ഫ്രാന്‍സിസ്