
ഒരു 'സോറി' പറഞ്ഞു വിവാദമുണ്ടാക്കിയവന്‍ തന്നെ തീര്‍ക്കേണ്ട ഒരു പ്രശ്‌നം, നാമജപയാത്ര വരെ എത്തിക്കേണ്ട വല്ല കാര്യവുമുണ്ടോ ? ഏക സിവില്‍കോഡിനു മാത്രമല്ല ഗണപതിയുടെ കാര്യത്തിലും വിശ്വാസം തന്നെയാണ് പ്രശ്‌നം- 'വിശ്വാസം അതാണെല്ലാം' എന്ന പരസ്യവാചകം ഓര്‍മയിലുണ്ടാവട്ടെ !
നല്ല ഉദ്ദേശത്തോടെ ഒരു കാര്യം പറഞ്ഞതിന് നമ്മുടെ ഒരു ചങ്ങാതി പിണങ്ങിയാല്‍ നാം 'സോറി' പറയില്ലേ ?ഒരു സോറി പറഞ്ഞാല്‍ തീരാവുന്നത് അപ്പോള്‍ പറഞ്ഞില്ലെങ്കിലോ? അത് വലിയ വഴക്കാവും, വയ്യാവേലിയുമാകും. പിന്നത് സോറി കൊണ്ടൊന്നും തീരില്ലന്നല്ലേ നമ്മുടെയൊക്കെ അനുഭവം.
ലോക ബാങ്ക് എന്ന സ്ഥാപനത്തിന്റെ സേവനം ലോകം മുഴുവന്‍ പ്രയോജനപ്പെടുത്താവുന്നതാണല്ലോ. സ്റ്റാഫംഗങ്ങള്‍ക്ക് ലോകബാങ്ക് നല്‍കുന്ന നിര്‍ദ്ദേശം തന്നെ, ആര്‍ക്കെങ്കിലും ഇഷ്ടമല്ലാത്ത ഒരു കാര്യം വായില്‍ നിന്നു വീണാല്‍ ആ തെറ്റ് നമ്മുടെതല്ലെങ്കില്‍ പോലും ഒരു സോറി പറഞ്ഞു അതങ്ങു തീര്‍ത്തേക്കണമെന്നാണ്. വിശ്വാസമായില്ലെങ്കില്‍ അടുത്ത കാലം വരെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ രഞ്ജിത് സാറിനോട് ചോദിച്ചു നോക്കാം. അദ്ദേഹം പറഞ്ഞാലെങ്കിലും വിശ്വസിക്കാമല്ലോ.
ദേശീയ മാധ്യമങ്ങള്‍ :
ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഒരാളാണല്ലോ സ്പീക്കര്‍ ഷംസീര്‍. കെട്ടുകഥകള്‍ക്കെതിരായി പറഞ്ഞപ്പോള്‍ രാജ്യത്തെ ഗണപതി ഭക്തന്മാരെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും, ചില ശാസ്ത്ര സത്യങ്ങള്‍ വിളിച്ചു പറയുകയായിരുന്നുവെന്നും ഷംസീര്‍ സമ്മതിക്കുന്നു. അതു വരെ സമ്മതിക്കാമെങ്കില്‍ ഭക്തര്‍ക്ക് വേദനയുണ്ടാക്കിയെങ്കില്‍ 'സോറി' എന്ന് പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമല്ലേ ഇപ്പോള്‍ വെറുതെ ആളി പടരുന്നത് ? ബി.ജെ.പിക്കാര്‍ ഇത് സംസ്ഥാനത്ത് മാത്രമല്ല രാജ്യം മുഴുവന്‍ വലിയ ഇഷ്യു ആക്കിയിരിക്കുകയാണ്. അത് നാഷണല്‍ മീഡിയ നോക്കുന്നവര്‍ക്ക് അറിയാം. കമ്മ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തില്‍ വിശ്വാസികള്‍ക്ക് രക്ഷയില്ലെന്ന് അവര്‍ പ്രചരിപ്പിക്കുന്നതൊന്നും ഗോവിന്ദന്‍ മാഷ് അറിയുന്നില്ലേ?
എരിതീയില്‍ എണ്ണ :
നാട്ടില്‍ വേണ്ടത്ര പ്രശ്‌നമുള്ളപ്പോള്‍ പുതുതായി ഒന്നു കൂടി കൊണ്ടു വരേണ്ട കാര്യം ഷംസീറിനോ സി.പി.എമ്മിനെ ആവശ്യമില്ല, അതും മതവിശ്വാസം. തൊട്ടാല്‍ പൊള്ളുന്ന വിഷയം ആണതെന്ന് അറിയാത്ത മലയാളിയുണ്ടോ? തിരുവനന്തപുരത്ത് എന്‍.എസ്.എസ് നാമജപയാത്ര നടത്തിയതിന് ആ സംഘടനയുടെ വൈസ് പ്രസിഡണ്ട് സംഗീത് കുമാറിന്റെയും കണ്ടാലറിയുന്ന ആയിരം പേരുടെയും പേരില്‍ പോലീസ് കേസെടുത്തു. ഇനിയിപ്പോള്‍ മുറിവേറ്റവര്‍ കേരളം മുഴുവന്‍ നാമജപയാത്ര നടത്തിയാലോ? പ്രശ്‌നം രൂക്ഷമാക്കുന്നത് പാര്‍ട്ടിക്ക് നല്ലതല്ലെന്നും വെറുതെ ഒരു സമുദായ സംഘടനയെ എതിര്‍ചേരിയിലാക്കേണ്ട എന്നു തീരുമാനിച്ച ഇന്ന് തന്നെയാണ് പോലീസ് ഇങ്ങനെയൊരു കേസെടുത്തത്.
ആ ചിലര്‍ പറയരുത് :
'ചിലര്‍ പറയുമ്പോള്‍ വിവാദം വേറെ ചിലര്‍ പറയുമ്പോള്‍ അത് അഭിപ്രായ'മെന്ന സഖാക്കളായ ഡോ.തോമസ് ഐസക്കും, ദേവസ്വം മന്ത്രി രാധാകൃഷ്ണനും പറഞ്ഞത് സത്യം തന്നെയാണ്. ശശി തരൂര്‍ അതിനു മറുപടി പറയുന്നുണ്ട്. 'ഞാന്‍ ഗണപതി ഭക്തനാണ്. മറ്റൊരു മതക്കാരനു ഗണപതിയുടെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ എന്ത് കാര്യം ? തരൂരിനെ പോലുള്ള വിശ്വപൗരന്മാര്‍ അങ്ങനെ പ്രതികരിക്കുമ്പോള്‍ സാധാരണ വിശ്വാസി അങ്ങനെ കാണുന്നതിലെന്ത് തെറ്റ്? ഐസക് പറയുന്നത് പോലെ കോണ്‍ഗ്രസിനിത് സുവര്‍ണാവസരമാക്കാം.പക്ഷെ സതീശന്‍ ഇന്നു പറഞ്ഞത് ശ്രദ്ധേയം 'പരസ്യമായി ഏറ്റുമുട്ടല്‍ വേണ്ട. അതിനു ഷംസീറും സര്‍ക്കാറും വേണ്ടത് ചെയ്യട്ടെ. ശബരിമല പ്രശ്‌നം പോലെ ഇത് തെരുവിലിറക്കാതെ നോക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്'. സതീശന്‍ പറഞ്ഞതിലുമില്ലേ ഒരു ന്യായം ?
ഒരുവട്ടം കൂടി...:
അടുത്ത സാമ്പത്തിക വര്‍ഷവും മുണ്ടുമുറുക്കി ഉടുക്കണമെന്ന് ധനമന്ത്രി ആവര്‍ത്തിച്ച് പറയുമ്പോഴും അണ്ണാറക്കണ്ണനും തന്നാലായതെന്ന മട്ടില്‍ പുതിയ വരുമാന സ്രോതസ്സ് കണ്ടെത്തുന്ന ആന്റണി രാജുവിന്റെ മന്ത്രി സ്ഥാനം ഒരു വട്ടം കൂടി കൊടുത്തു കൂടെ എന്ന് ചോദിക്കുന്നവരുണ്ട്. എ.ഐ ക്യാമറ വഴി 32 ലക്ഷം ഗതാഗത കുറ്റങ്ങള്‍ അദ്ദേഹം കണ്ടെത്തി കഴിഞ്ഞു. 25.81 ലക്ഷം രൂപ ആ വഴി ബാലഗോപാലന്‍ മന്ത്രിക്ക് നല്‍കും. തീര്‍ന്നില്ല, ഇന്‍ഷുറന്‍സ് അടക്കണമെങ്കില്‍ പിഴ അടച്ചു തീര്‍ക്കണമെന്ന വ്യവസ്ഥയുണ്ടാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. അതിഥി തൊഴിലാളികളിലെ ക്രിമിനലുകളെ പിടികൂടുന്നതിന്റെ ഭാഗമായി 9 പേരെ പെരുമ്പാവൂര്‍ ഭാഗത്ത് പോലീസ് കരുതല്‍ തടങ്കലിലാക്കിയത് നല്ല തുടക്കമായി. കേരളം ക്രിമിനലുകളുടെ ഒളിത്താവളമായി മാറരുതല്ലോ.
അടിക്കുറിപ്പ് : സിനിമാ നടന്‍ സലിംകുമാര്‍ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനാണല്ലോ. ദേവസ്വം മന്ത്രിയെ അദ്ദേഹം വിളിക്കുന്നത് 'മിത്ത് മന്ത്രി' എന്നാണ് ക്ഷേത്രങ്ങളിലെ നേര്‍ച്ച പണത്തിനും പേരിട്ടു : മിത്തു മണി!
കെ.എ ഫ്രാന്‍സിസ്