
പാര്‍ട്ടി സ്റ്റഡി ക്ലാസിന് ഗോവിന്ദന്‍ മാഷെ വെല്ലാന്‍ ഭൂമിമലയാളത്തില്‍ വേറെ ഒരാളില്ലെന്നത് ശാസ്ത്രം പോലെ നേര്. എന്നാലും മാഷ് സമയം കിട്ടുമ്പോള്‍ തൃശ്ശൂരില്‍ ഇറങ്ങി കല്യാണ്‍ സഹോദരങ്ങളെ രണ്ടു പേരെയും ഒന്ന് കാണണേ. നല്ലൊരു ഉള്‍ക്കാഴ്ച ചിലപ്പോള്‍ കിട്ടിയേക്കും.
സൈക്കിള്‍ പഠിക്കുമ്പോള്‍ ചിലരെങ്കിലും നാട്ടുകാരുടെ മുന്നില്‍ വെച്ച് വീഴും. നല്ല വേദനയുണ്ടെങ്കിലും ഒന്നും പറ്റിയിട്ടില്ലെന്ന് മറ്റുള്ളവര്‍ വിചാരിച്ചോട്ടെ എന്ന മട്ടില്‍ ഒരു ചിരിയുണ്ട്. അതാണ് 'സൈക്കിളില്‍ നിന്ന് വീണാലുള്ള ചിരി' എന്ന് പറയുന്നത്.
ഞാനങ്ങനെ വീണിട്ടുണ്ട്. എന്റെ ഗ്രാമത്തിലെ അങ്ങാടിയിലേക്കുള്ള ചരല്‍ റോഡില്‍ സൈക്കിളില്‍ നിന്ന് വീണു കാലും കൈയും താടിയും പൊട്ടി ചോരയൊലിച്ചിട്ടും, ചമ്മി ചാടി പിടഞ്ഞെഴുന്നേറ്റു കൊണ്ട് ചിരിച്ചത് ഞാന്‍ മറന്നിട്ടില്ല. ഗോവിന്ദന്‍ മാഷിന് തളിപ്പറമ്പ് ആന്തൂരില്‍ അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടാവില്ല. പി.ടി മാഷായതു കൊണ്ട് വ്യായാമത്തിനിടയില്‍ വീണാലും സൈക്കിളില്‍ നിന്ന് വീണതു പോലെ ചമ്മേണ്ട . കാര്യമില്ലല്ലോ. പക്ഷേ, ഇന്ന് മാഷ് മാധ്യമങ്ങളുടെ മുന്നിലെത്തി 'ഗണപതി മിത്താണെന്ന് ഞങ്ങളില്‍ ആരെങ്കിലും പറഞ്ഞോ' എന്ന് ചോദിച്ച ശേഷം ചിരിച്ചത് ശരിക്കും സൈക്കിളില്‍ നിന്ന് വീണാലുള്ള ചിരിയായി.
വിശ്വാസം അതുക്കും മേലെ :
മാഷേ, അതുമതി ഷംസീര്‍ പറഞ്ഞത് പോലെ അമ്പലത്തില്‍ പോകുന്ന സഖാക്കള്‍ക്ക് വരെ ഹിതകരമല്ലെന്ന് അറിഞ്ഞാല്‍ അപ്പോള്‍തന്നെ അദ്ദേഹം ഒരു 'സോറി' പറയേണ്ടേ? മൂത്തവരെയോ മറ്റോ അറിയാതെ ഒന്ന് ചവിട്ടി പോയാല്‍ സോറി പറഞ്ഞാല്‍ ആ പ്രശ്‌നം തീരില്ലേ ? അത് ഗണപതിയുടെ വയറു പോലെ ഊതി വീര്‍പ്പിക്കേണ്ട വല്ല കാര്യമുണ്ടായിരുന്നോ മാഷേ ? ശാസ്ത്രം സത്യം തന്നെ. പക്ഷേ നമ്മുടെ നാട്ടില്‍ ശാസ്ത്രത്തെക്കാള്‍ മാര്‍ക്കറ്റ് വിശ്വാസത്തിനായി പോയില്ലേ ? തൃശ്ശൂര്‍ കല്യാണ്‍ സില്‍ക്കിന്റെ ഉടമസ്ഥന്‍ സ്വാമി 'വിശ്വാസമാണെല്ലാം' എന്ന പരസ്യം പ്രചരിപ്പിച്ചു തന്റെ തുണിക്കടയുടെ വിശ്വാസ്യത കൂട്ടിയത് നാം കണ്ടതല്ലേ ? മറ്റു നല്ല കടകളിലുള്ള സ്റ്റോക്ക് തന്നെയാണവര്‍ക്കുള്ളതെങ്കിലും സെലക്ഷന്‍ മറ്റു കടകളിലേക്കാള്‍ നാലിരട്ടിയാണെന്നും, ഒന്നിന്റെ വിലക്ക് രണ്ടെണ്ണം കിട്ടുമെന്നും, വില മറ്റുള്ളയിടങ്ങളെക്കാള്‍ വളരെ കുറവാണെന്നും പൃഥ്വിരാജിനെ കൊണ്ട് പള്ളിയിലെ അച്ചന്മാര്‍ വിശ്വാസികളെക്കൊണ്ട് സാക്ഷ്യം പറയിപ്പിക്കുന്നതാണ് മാഷേ പുതിയ എം.ബി.എ ട്രെന്‍ഡ്. രാഷ്ട്രീയക്കാര്‍ക്ക് കല്യാണ്‍ സ്വാമിമാരുടെ (ഏട്ടന്റെയും അനിയന്റെയും) സ്റ്റഡി ക്ലാസ്സ് വേണം. ബിസിനസും, രാഷ്ട്രീയവും, വിശ്വാസവും ഇപ്പോള്‍ ഇടകലര്‍ന്നതും പരസ്പരപൂരകങ്ങളായതുമാണല്ലോ.
എല്ലാം വൈറലാകും :
ഈ പ്രശ്‌നം ഒക്കെ ഉണ്ടായിട്ടും പിണറായി വല്ലതും മിണ്ടിയോ ? നിയമത്തെ നിയമത്തിന്റെ വഴിക്കും ഷംസീറിനെ ഷംസീറിന്റെ വഴിക്കും വിടുകയാണല്ലോ അദ്ദേഹം ചെയ്തത്. മാഷെ പോലെ ബാലനല്ലാതെ വേറെ ആരും അനങ്ങിയതേയില്ല. വെറുതെ ചൊറിഞ്ഞാല്‍ പല വീഡിയോകളും പുറത്ത് വരും. ഇപ്പോള്‍ തന്നെ ഇലക്ഷന്‍ കാലത്ത് ഒരു 'മിത്ത് ക്ഷേത്ര'ത്തില്‍ പോയി ഷംസീര്‍ പൂജാരിക്ക് ദക്ഷിണയോ മറ്റോ നല്‍കുന്ന വീഡിയോ വൈറലാണ്. തനിക്കുള്ള ഇസ്ലാം വിശ്വാസം ഊട്ടിയുറപ്പിക്കുന്നതും, സ്വര്‍ഗ്ഗീയ സുന്ദരികള്‍ ഭൂമിയിലിറങ്ങി നടക്കുന്നതും ഷംസീര്‍ കണ്ടതും കാണാത്തതുമായ നിരവധി വ്യാജ വീഡിയോകള്‍ വൈറലാകുന്നു. ഒടുവില്‍ ഷംസീര്‍ തന്നെ ഞാന്‍ പറഞ്ഞത് പറഞ്ഞോ, പറയാത്തത് പറയരുതേ എന്ന് പറയേണ്ടി വന്നില്ലേ ? സമൂഹമാധ്യമങ്ങളില്‍ അങ്ങനെ ഒരു നീതിയേ ഇല്ലല്ലോ.
രാഹുല്‍ വീണ്ടും എം.പി :
രാഹുല്‍ഗാന്ധിക്ക് എം.പി സ്ഥാനം തിരിച്ചു കിട്ടുന്ന സുപ്രീം കോടതി വിധി കോണ്‍ഗ്രസിന് വലിയ ആശ്വാസമായി. പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെടാവുന്ന രീതിയില്‍ പരമാവധി ശിക്ഷയായ 2 വര്‍ഷം ഗുജറാത്തിലെ കോടതികള്‍ വിധിച്ചുവെന്നതിനു മതിയായ കാരണങ്ങള്‍ വിധിന്യായത്തില്‍ പറയുന്നില്ല. അങ്ങനെയെങ്കില്‍ അത്തരം കാരണങ്ങള്‍ നിരത്തി എം.പി സ്ഥാനം നഷ്ടപ്പെടാവുന്ന രീതിയില്‍ തന്നെ ഗുജറാത്ത് കോടതികള്‍ അത് വീണ്ടും സമര്‍പ്പിക്കാനുള്ള അവസരം കിട്ടിയില്ലേ എന്ന ചോദ്യം വരാം. അങ്ങനെയൊന്നു ഉണ്ടാകുന്നതിനോടും സുപ്രീംകോടതി അനുകൂലമല്ലെന്ന സൂചന വിചാരണവേളയില്‍ നല്‍കിയിട്ടുണ്ട്. രാഹുലിനെ തിരഞ്ഞെടുത്ത ജനങ്ങള്‍ക്ക് നീതി കിട്ടണമെന്നും കോടതിക്ക് അഭിപ്രായമുണ്ട്.
മോദിജിക്ക് ക്ഷീണം :
ഇതോടെ ഉപതെരഞ്ഞെടുപ്പ് ചിത്രം തന്നെ മാറി. രാഹുല്‍ സംയുക്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി വരാനുള്ള സാധ്യത വര്‍ധിച്ചു. പാര്‍ലമെന്റ് ഇലക്ഷനില്‍ രാഹുലിന്റെ തിരിച്ചുവരവ് മോദിക്ക് കൂടുതല്‍ ഭീഷണിയായി. മാത്രമല്ല കോണ്‍ഗ്രസിന്റെ ഇമേജ് വര്‍ധിക്കുകയും ചെയ്തു. ഭരണകക്ഷി സ്വാധീനം ചെലുത്തിയാണ് കീഴ്ക്കോടതി വിധികള്‍ രാഹുലിനെതിരെ ഇങ്ങനെ ഉണ്ടായതെന്ന തോന്നലും പൊതുവേ ഉണ്ടാകും. അതെല്ലാം മോദിജിക്ക് ക്ഷീണം തന്നെ.
അടിക്കുറിപ്പ് : ആലുവയില്‍ ഒരു അതിഥി തൊഴിലാളി യുവാവ് അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു ദാരുണമായി കൊന്നതായിരുന്നല്ലോ പുകില്. സര്‍ക്കാര്‍ ആ കുഞ്ഞിന്റെ വീട്ടുകാര്‍ക്ക് 10 ലക്ഷം രൂപ നല്‍കി സമാശ്വസിപ്പിച്ചു. ഇന്നലെ മലപ്പുറത്തും അങ്ങനെയൊന്നുണ്ടായി. ഒരു നാലുവയസുകാരിയെ അതിഥി തൊഴിലാളി യുവാവ് കൊന്നില്ല ; പീഡിപ്പിച്ചു. പെരുമ്പാവൂരില്‍ ഇവര്‍ക്കിടയിലുള്ള ക്രിമിനലുകളെ തേടിയത് പോലെ കേരളം മുഴുവന്‍ അത് ചെയ്യാതെ തരമില്ല. ബാലഗോപാലന്‍ മന്ത്രി അതിന് സമ്മതിക്കുകയുമില്ല.
കെ.എ ഫ്രാന്‍സിസ്