Image

മണിപ്പൂർ കത്തുന്നത് ഉത്തരവാദിത്വപ്പെട്ട ആരും കാണുന്നില്ലേ? (ജോർജ്ജ്  എബ്രഹാം)

Published on 04 August, 2023
മണിപ്പൂർ കത്തുന്നത് ഉത്തരവാദിത്വപ്പെട്ട ആരും കാണുന്നില്ലേ? (ജോർജ്ജ്  എബ്രഹാം)

(നാളെ, ശനി)  ന്യു യോർക്കിൽ യു.എന്നിന് മുന്നിൽ പ്രതിഷേധ റാലി)

ഇന്ത്യയിലെ മണിപ്പൂർ എന്ന സംസ്ഥാനം ഏകദേശം മൂന്ന് മാസമായി അഗ്നിക്കിരയായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ വാർത്താ റിപ്പോർട്ടുകൾ അനുസരിച്ച്, നൂറ്റിനാല്പതോ അതിലധികമോ ആളുകൾ കൊല്ലപ്പെടുകയും, അമ്പതിനായിരത്തിലേറെ ആളുകൾക്ക്  തങ്ങൾ  താമസിച്ചിരുന്ന വീടുകൾ  നഷ്ടപ്പെടുകയും ചെയ്തു. പലരും കാടുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. 317 പള്ളികൾക്ക്  അക്രമികൾ തീ വച്ചു, 6137 വീടുകളും  കത്തിച്ച്‌ ചാമ്പലാക്കി.  

നമ്മുടെ കൺമുന്നിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഭീമാകാരമായ മനുഷ്യ ദുരന്തമാണ് ഇതെന്ന് പകൽ പോലെ വ്യക്തമായിട്ടും, സംസ്ഥാനത്തിലോ കേന്ദ്രത്തിലോ ഉള്ള അധികാര കേന്ദ്രങ്ങൾ ഇതിനൊരു പരിഹാരം കണ്ടെത്തുന്ന തരത്തിലുള്ള സമീപനമെടുക്കാൻ താല്പര്യപ്പെടുന്നില്ലെന്ന് തോന്നുന്നു.

ഇന്ത്യയിലെ 'ഗോഡി' മാധ്യമങ്ങൾ ഇത് രണ്ട് വംശീയ  വിഭാഗങ്ങൾ തമ്മിലുള്ള മത്സരമാക്കി ചിത്രീകരിക്കുമ്പോൾ, ചില രാഷ്ട്രീയ നിരീക്ഷകർ  ഇത് പലപ്പോഴും സംഭവിക്കാറുള്ള  ഗോത്രവർഗ സംഘട്ടനം മാത്രമാണെന്ന് നിസാരമട്ടിൽ  തള്ളിക്കളയുന്നു. വംശീയ ഉന്മൂലനം ലക്ഷ്യംവച്ച് പഴുതടച്ച് ആസൂത്രണവും രൂപകല്പനയും   ചെയ്ത  ഗോത്രവർഗ്ഗക്കാർ തമ്മിലുള്ള ഭയാനകമായ ഈ ആക്രമണത്തിന്റെ മാരക പ്രത്യാഘാതം, മേയ് 3 മുതൽ കുക്കി-സോമി വിഭാഗക്കാരാണ് അനുഭവിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല.

മണിപ്പൂരിലെ ജനസംഖ്യയുടെ ഏകദേശം 16 ശതമാനം കുക്കി-സോമികളും, പ്രധാനമായും ഹിന്ദുക്കൾ ഉൾപ്പെടുന്ന മെയ്തികൾ 53 ശതമാനവും വരും. നിലവിലെ ഈ കലാപത്തിന്  മതപരമായ കാരണമുണ്ടോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്! ഭൂരിഭാഗം വരുന്ന പട്ടികവർഗക്കാരുടെ (കൂടുതലും ക്രിസ്ത്യാനികൾ) ഭൂമിയുടെ അവകാശത്തിന്റെ പേരുപറഞ്ഞ് ഹിന്ദു ഭൂരിപക്ഷത്തെ ശാക്തീകരിക്കാനുള്ള സംസ്ഥാന ഗവൺമെന്റിന്റെ ശ്രമമാണ് ഇതിന് തിരി കൊളുത്തിയതെന്ന് നിസംശയം പറയാം. ആ ലക്ഷ്യം നേടാനായി മെയ്തി ട്രൈബ് യൂണിയൻ അംഗങ്ങൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഒരു റിട്ട് പെറ്റീഷന് മെയ്തികൾക്ക് അനുകൂലമായി ഒരു വിധി വന്നു. ഇതാണ് നിലവിലെ കുഴപ്പങ്ങൾക്ക്  കാരണമായത്.  

വിവിധ സംസ്ഥാനങ്ങളിൽ ബിജെപി സർക്കാർ ഇത്തരം ആദിവാസി വിരുദ്ധ നയങ്ങൾ കൂടുതൽ കൂടുതൽ നടപ്പിലാക്കുന്നു. ഇന്ത്യയിലുടനീളമുള്ള തദ്ദേശീയരെയും ഗോത്രവർഗക്കാരെയും ദ്രോഹിച്ചുകൊണ്ട് കുത്തക മുതലാളിമാരെ പിന്തുണയ്ക്കാൻ നടത്തിയ വിനാശകരമായ പ്രവർത്തികൾക്ക് ഇരയായ വ്യക്തിയാണ് ഫാ. സ്റ്റാൻ സ്വാമിയെന്ന് എല്ലാവർക്കും അറിയാം.

ആക്രമണങ്ങൾ മുൻകൂട്ടി ആലോചിച്ച് നന്നായി ആസൂത്രണം ചെയ്തതാണ് എന്നുവേണം കരുതാൻ. ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകൾ തിരഞ്ഞുപിടിച്ച് കത്തിക്കുകയായിരുന്നെന്ന് റിപ്പോർട്ടുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ വ്യക്തമാകും. മെയ്തികളിൽപെട്ട  അറമ്പായി തെങ്കോൾ, മെയ്തി ലീപുൺ എന്നീ  ഭീകരവാദികൾക്ക്,  പോലീസിന്റെയും നിയമപാലകരുടെയും പരോക്ഷമായ പിന്തുണയുണ്ട്. മണിപ്പൂരിലെ കലാപം ആരംഭിച്ചതിന് ശേഷം അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 4000-ത്തിലധികം ആയുധങ്ങൾ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നിന്ന് കൊള്ളയടിച്ചതായാണ് വിവരം. അക്രമം രൂക്ഷമാക്കുന്നതിൽ ഈ ആയുധങ്ങൾ നിർണായക പങ്ക് വഹിച്ചതായാണ് കണക്കാക്കപ്പെടുന്നത്. മരണത്തിൽ നിന്നും സർവ്വനാശത്തിൽ നിന്നും രക്ഷപ്പെടാൻ വനത്തിലേക്ക് ഓടിപ്പോയ കുക്കി-സോമി അഭയാർത്ഥികൾക്കെതിരെ മോർട്ടാർ ഉപയോഗിച്ചത്, ഈ ഭീകരവാദ  ഗ്രൂപ്പുകളെ സഹായിക്കാൻ ഉയർന്ന തലത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ്  ചൂണ്ടിക്കാണിക്കുന്നത്.

മെയ്തികളിൽ ക്രിസ്ത്യാനികൾ ഉണ്ടെന്നത് ഏവർക്കും അറിയാവുന്ന  വസ്തുതയാണ്. ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമിനിക് ലൂമൺ പറയുന്നതനുസരിച്ച്, അക്രമം ആരംഭിച്ച് 36 മണിക്കൂറിനുള്ളിൽ മെയ്തി  ക്രിസ്ത്യാനികളുടെ 249 പള്ളികളാണ് നശിപ്പിക്കപ്പെട്ടത്. കുക്കികളും മെയ്‌തികളും തമ്മിലുള്ള പോരാട്ടത്തിനിടയിൽ, മെയ്തി വിഭാഗം മെയ്തികളുടെ  ഹൃദയഭൂമിയിലെ 249 പള്ളികൾ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തത് എന്തുകൊണ്ടാണ് എന്നതാണ് ആശ്ചര്യം! മെയ്തികളുടെ പള്ളികളിൽ തന്നെ ആക്രമണം ഉണ്ടായത് എങ്ങനെയാണ്?  മുമ്പ് ആസൂത്രണം ചെയ്തിട്ടില്ലെങ്കിൽ പള്ളികൾ എവിടെയാണെന്ന് ജനക്കൂട്ടത്തിന് കൃത്യമായി എങ്ങനെ അറിയാം." അദ്ദേഹം ചോദിക്കുന്നു.

അറമ്പായി തെങ്കോൾ, മെയ്തി ലീപുൺ തുടങ്ങിയ ഗ്രൂപ്പുകളുടെ ആവിർഭാവവും  'സനാമഹിസ'ത്തിന്റെ പുനരുജ്ജീവനവുമാണ് ഈ ആക്രമണങ്ങൾക്ക് കാരണമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

 ഈ കലാപത്തിന് പിന്നിൽ വർഗീയത ഇല്ലെന്ന തരത്തിൽ നിക്ഷിപ്ത താൽപ്പര്യങ്ങൾ ഉയർത്തുന്ന സിദ്ധാന്തം തികച്ചും സംശയാസ്പദമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ബിജെപി വളരെക്കാലമായി വിമർശിക്കുകയും വിഘടനവാദ പ്രവണതകൾക്ക് മിഷനറിമാർ ഉൾപ്പെടെയുള്ള വിദേശികളെ കുറ്റപ്പെടുത്തുകയും ചെയ്തുവരുന്നതാണ്. ആ സംസ്ഥാനങ്ങളിലെ ജനങ്ങൾ ഹിന്ദുത്വ അജണ്ടയിൽ ആശങ്കാകുലരാണെങ്കിലും, സംസ്ഥാന അധികാരത്തിനും അതിലും പ്രധാനമായി കേന്ദ്ര ഫണ്ടുകൾക്കുവേണ്ടിയും അവർ പാർട്ടിയെ പിന്തുണയ്ക്കാൻ വഴങ്ങി.  2014-ൽ ബിജെപി കേന്ദ്രസർക്കാരിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം, ഈ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കൾ ക്രമേണ ബി.ജെ.പിയിലേക്ക് കൂറുമാറി. ഇപ്പോൾ, നിർണായക തീരുമാനങ്ങൾ എടുക്കുന്നതിൽ ബോധപൂർവമായ അവഗണന നേരിടുന്നതുൾപ്പെടെ  അവർ വലിയ വില കൊടുത്തു തുടങ്ങിയിരിക്കുന്നു.

ബിജെപി യുടെ സമീപകാല ചരിത്രത്തിലേക്ക് കണ്ണോടിച്ചാൽ, മണിപ്പൂരിൽ ആദ്യം അധികാരം പിടിച്ചെടുത്തതും പിന്നീട് സംസ്ഥാനത്ത്  അശാന്തിയും അക്രമവും അഴിച്ചുവിട്ടതും ബിജെപിയുടെ കുതന്ത്രമാണെന്ന് മനസ്സിലാകും. ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ കണക്കനുസരിച്ച്, 1998-ൽ ക്രിസ്ത്യാനികൾക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട അക്രമസംഭവങ്ങളിൽ ഭൂരിഭാഗവും ഗുജറാത്തിലെ പടിഞ്ഞാറൻ സംസ്ഥാനത്തിലാണ് നടന്നത്. അതേ വർഷം തന്നെയാണ് സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നത്. ഹിന്ദുത്വ ഗ്രൂപ്പുകളുടെ അഭൂതപൂർവമായ വിദ്വേഷ പ്രചാരണത്തോടെയാണ് ഈ വർഷം ആരംഭിച്ചത്. ക്രിസ്ത്യൻ ഗോത്രവർഗക്കാർക്കെതിരെ പത്ത് ദിവസം തുടർച്ചയായി അക്രമം അഴിച്ചുവിടുകയും വർഷാവസാനം തെക്കുകിഴക്കൻ ജില്ലകളിലെ പള്ളികളും ക്രിസ്ത്യൻ സ്ഥാപനങ്ങളും തകർക്കുകയും ചെയ്തു. തെക്കുകിഴക്കൻ ഗുജറാത്തിലെ ഡാങ്‌സ് ജില്ലയിൽ നടന്ന ഈ ആക്രമണങ്ങളെക്കുറിച്ച് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് അന്വേഷണം നടത്തിയിരുന്നു. സംഭവങ്ങൾക്ക് മുമ്പ് സംസ്ഥാനത്തുടനീളം അക്രമം വർദ്ധിച്ചു, അതിൽ നിരവധി പോലീസും സംസ്ഥാന ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരുന്നു.

മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങും ഇതേ മാതൃകയാണ് പിന്തുടരുന്നത്. നിലവിലെ പ്രതിസന്ധിക്ക് മുമ്പ്, കയ്യേറ്റ വിരുദ്ധ നീക്കത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ സർക്കാർ മൂന്ന് പള്ളികൾ ബുൾഡോസർ കൊണ്ട് തകർത്തു. ഇവയിൽ ചിലത് ഇംഫാലിന്റെ ഈസ്റ്റ് ഡിസ്ട്രിക്റ്റ് ട്രൈബൽ കോളനിയിൽ 70-കളുടെ തുടക്കം മുതൽ നിലവിലുള്ളതാണ്.

വ്യാപകമായ നാശനഷ്ടങ്ങളും മനുഷ്യരുടെ ജീവഹാനിയും ഉണ്ടായിട്ടും, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി  അമേരിക്ക ഉൾപ്പെടെ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിരവധി സുപ്രധാന  സന്ദർശനങ്ങൾ നടത്തുമ്പോൾ ഇതേക്കുറിച്ച്  ഇതുവരെയും ഒരക്ഷരം ഉരിയാടിയിട്ടില്ല. ജാതിയോ മതമോ പ്രദേശമോ പരിഗണിക്കാതെ ഇന്ത്യയിലെ ഓരോ പൗരന്റെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ് അദ്ദേഹത്തിന്റെ ഭരണഘടനാപരമായ പ്രാഥമിക കടമ. എന്നിട്ടും, ഇന്ത്യയെ വിശ്വഗുരു ആക്കുകയെന്ന ലക്ഷ്യത്തോടെ, ഒരു ക്രിക്കറ്റ് കളിക്കാരൻ അപകടത്തിൽ പെട്ടാൽ ഉടൻ ട്വീറ്റ് ചെയ്യുന്ന മഹാനായ ഈ  രാഷ്ട്രത്തലവൻ, തന്റെ മുന്നിൽ കത്തിയെരിയുന്ന ഒരു സംസ്ഥാനത്തിന്റെ നേർക്ക് കണ്ണടയ്ക്കുന്നതാണ് നല്ലതെന്ന് കരുതിയിരിക്കുകയാണ്.

തന്റെ വിദേശ സന്ദർശനങ്ങളിൽ, അദ്ദേഹം പലപ്പോഴും വിദേശ നേതാക്കളോട്, പ്രത്യേകിച്ച് ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളിൽ, ഹിന്ദു ആരാധനാലയങ്ങൾ സംരക്ഷിക്കാനും അവയുടെ വിശുദ്ധി സംരക്ഷിക്കാനും ആവശ്യപ്പെടാറുണ്ട്. എന്നാൽ, താൻ ഭരണചക്രം തിരിക്കുന്ന രാജ്യത്തെ മുന്നൂറോ അതിലധികമോ ക്രിസ്ത്യൻ പള്ളികളുടെ നാശത്തെക്കുറിച്ച് തുറന്നുപറയാൻ മോഡിക്ക് ധൈര്യമില്ല. പ്രൊപഗണ്ടയിൽ വൈദഗ്ധ്യം നേടിയ അദ്ദേഹത്തിന്റെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് പാരമ്പര്യങ്ങളുടെയും സംസ്കാരത്തിന്റെയും പേരിൽ തന്റെ ചിന്തകളെ എപ്പോഴും യുക്തിസഹമാക്കാൻ പ്രത്യേക കഴിവാണ്. അദ്ദേഹം മനുഷ്യാവകാശങ്ങളെ പുനർനിർവചിച്ചിരിക്കുന്നതുപോലും, വിദേശത്തുള്ള തന്റെ ഒരുകൂട്ടം ആളുകൾക്ക് അനുയോജ്യമായ ഒന്ന്, ജന്മനാട്ടിലെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് മറ്റൊന്ന് എന്ന തരത്തിലാണ്.

വിവരമുള്ള രാഷ്ട്രീയ നിരീക്ഷകർക്ക് മണിപ്പൂരും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളും വിഭജിക്കപ്പെടുകയാണെന്ന് മനസ്സിലാകുന്നുണ്ട്. മോഡി ഭരണകൂടം ഉയർത്തിപ്പിടിക്കുന്ന ധ്രുവീകരണ രാഷ്ട്രീയം മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുകയാണ്. ജനങ്ങളെ തമ്മിൽ അകറ്റുന്നതിന്  പുറമേ, മഹത്തായ ഒരു രാജ്യത്തിന്റെ ധാർമ്മിക അടിത്തറയെ നശിപ്പിക്കാനും ഇത് കാരണമാകുന്നു. ദേശീയതയിൽ അഭിമാനിക്കുന്ന പാർട്ടി അതിന്റെ അനന്തരഫലങ്ങൾ കണക്കിലെടുക്കാതെ അധികാരത്തിന്റെ സ്വാർത്ഥതയ്ക്കായി രാഷ്ട്രത്തെ ശിഥിലമാക്കാൻ ഭീകരവാദ ഘടകങ്ങൾക്ക് പ്രേരണ നൽകുകയാണ്.

ആരാണ് യഥാർത്ഥത്തിൽ ദേശവിരുദ്ധൻ? വിനാശകരമായ ഫലങ്ങളുള്ള ഒരു ഉപകരണമായി മതത്തെ ഉപയോഗിച്ച് നിന്ദ്യമായ നയങ്ങളിലൂടെ രാജ്യത്തെ ശിഥിലീകരണത്തിലേക്ക് നയിക്കുന്ന ഒരാളാണോ അതോ നിലവിലെ ഭരണത്തിന് കീഴിലുള്ള ഒരു രാജ്യത്തിന്റെ അധഃപതനത്തെ സത്യസന്ധമായി വിമർശിക്കുന്നവനാണോ? ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചേ മതിയാകൂ!

Join WhatsApp News
എ. സി. ജോർജ് 2023-08-04 19:15:00
ഇവിടെ ശ്രീമാൻ ജോർജ് എബ്രഹാം എല്ലാം വിശദമായി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെയും രണ്ടുമൂന്ന് ദിവസം മുൻപ് ശ്രീമാൻ പോൾ പനയ്ക്കൽ എഴുതിയ ലേഖനത്തോടും യോജിച്ചു കൊണ്ട് ഞാനിവിടെ ചെറിയ അഭിപ്രായങ്ങൾ കുറിക്കുകയാണ്. ഇവിടെ രണ്ട് ഗോത്രങ്ങളോ, അല്ലെങ്കിൽ ഏതാനും ഗോത്രങ്ങളോ തമ്മിലുള്ള യുദ്ധമാണ് നടക്കുന്നതെങ്കിൽ അതിന് ഒരു വിരാമം ഇടാൻ എന്തുകൊണ്ട് കേന്ദ്രം ഭരിക്കുന്ന ഗവൺമെൻറ്, മണിപ്പൂർ സ്റ്റേറ്റ് ഭരിക്കുന്ന ബിജെപി ഗവൺമെൻറ് ഫലപ്രദമായി ഇടപെടാൻ തുനിയുന്നില്ല? എന്തുകൊണ്ട് പാർലമെന്റിൽ പോലും പ്രധാനമന്ത്രി അടക്കം മൗനം പാലിക്കുന്നു. . ഏതാണ്ട് മൂന്നുമാസമായി നടക്കുന്ന ഇത്രയും വലിയ കൊള്ളയും കവർച്ചയും, കൂട്ടക്കൊലയും, ദേവാലയങ്ങളുടെ തീവയ്പ്പും തടയാൻ ബിജെപി ഗവൺമെന്റുകൾക്ക് കഴിയുന്നില്ല? ഗോത്രങ്ങൾ തമ്മിലുള്ള യുദ്ധം മാത്രമാണെന്ന് പറയുന്നതിൽ മാത്രം അർത്ഥമുണ്ടോ? കാരണം കുക്കി വിഭാഗത്തിലെയും മെയ്തി വിഭാഗത്തിലെയും ക്രിസ്തീയ ദേവാലയങ്ങൾ മാത്രം തകർക്കപ്പെടുന്നത് എന്തുകൊണ്ട്? ഇതിനിടയിൽ വളരെ ചെറിയ തോതിൽ ഏതാനും അമ്പലങ്ങളും തകർക്കപ്പെട്ടിട്ടുണ്ട് എന്ന് പറയപ്പെടുന്നു. ഗുജറാത്തിൽ സംഭവിച്ച മാതിരി ഇവിടെ മണിപ്പൂരിലും മറ്റൊരു ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യാനുള്ള ഒരു മൗനാ അനുവാദ പദ്ധതി ആണോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ നിർവാഹമില്ല. എന്നിട്ടാണ് അമേരിക്കൻ പ്രതിനിധി സഭയിലും മറ്റും വന്ന് ഇന്ത്യയിൽ എല്ലാം ഭദ്രമാണ് എന്ന തോതിൽ ഇന്ത്യൻ പ്രധാനമന്ത്രി വന്ന് ഗീർവാണമടിച്ചത്. എന്നാൽ മണിപ്പൂരിലെ മനുഷ്യാവകാശ ലംഘനങ്ങളും, കൊല്ലും കൊലയും സംഭവിക്കുന്നതിനെപ്പറ്റി ഇന്ത്യയ്ക്കകത്ത് പറഞ്ഞാലും കുറ്റം. മനുഷ്യാവകാശ ലംഘനങ്ങളും, ഭരിക്കുന്ന കക്ഷിയുടെ മൗനാനുവാദത്തോടെ നടത്തപ്പെടുന്ന ഇത്തരം ഹീന കൃത്യങ്ങൾ സത്യം സത്യമായി ലോക ജനതയുടെ മുമ്പിൽ, യുഎൻ ഓയുടെ മുമ്പിൽ അവതരിപ്പിക്കുന്നതിൽ എന്താണ് തെറ്റ്? അതൊരിക്കലും ഒരു രാജ്യദ്രോഹ കുറ്റമായി വ്യാഖ്യാനിക്കപ്പെടരുത്. സ്വന്തം രാജ്യത്ത് നീതി കിട്ടാതിരിക്കുമ്പോൾ, ഒരു മതവിശ്വാസികളെ, ന്യൂനപക്ഷങ്ങളെ തേടിപ്പിടിച്ച് ഉന്മൂലനം ചെയ്യാൻ ശ്രമിക്കുമ്പോൾ അതിനെതിരെ ഗാന്ധിമാർഗ്ഗത്തിലൂടെ, സഹന മാർഗ്ഗത്തിലൂടെ, പ്രാർത്ഥനാ പ്രതിഷേധ യോഗങ്ങൾ UNO, മറ്റ് വിവിധ ഇന്ത്യൻ കൗൺസിലേറ്റുകളുടെ മുമ്പിലും നീതി കിട്ടുന്നത് വരെ ചേരുന്നത് ഏറ്റവും ഉചിതമാണ്. ഇത്തരം ന്യായമായ സഹന സമരങ്ങൾക്ക് ക്രിസ്ത്യാനികൾ മാത്രം ചേർന്നാൽ പോരാ, ഹിന്ദുക്കൾ അടക്കമുള്ള എല്ലാ മതവിശ്വാസികളും, അവിശ്വാസികളും നിരീശ്വരന്മാരും പങ്കുചേരേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ്. ഒരുദാഹരണത്തിന് ഇവിടെ അമേരിക്കയിൽ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഒരു രാജ്യമാണല്ലോ. പക്ഷേ ഇവിടെ അമേരിക്കയിൽ ഹിന്ദു അമ്പലങ്ങൾ തകർക്കപ്പെട്ടാൽ, ജാതീയതയുടെ, മതത്തിൻറെ പേരിൽ ഒരു ഹിന്ദു എങ്കിലും കൊല്ലപ്പെട്ടാൽ ഇവിടെ ജീവിക്കുന്ന ഇന്ത്യയിൽ നിന്നു വന്ന ക്രിസ്റ്റിയാനികൾ അടക്കം, മുഴുവൻ ക്രിസ്ത്യാനികളും അതിനെതിരെ പ്രതികരിക്കണം. അതാണ് മതസൗഹാർദം. അതാണ് സെക്കുലറിസം. ആ നിലയിൽ ഇന്ത്യയിലെ മതേതര സ്വഭാവത്തിന് കൊള്ളിവയ്ക്കുന്ന, ഏതു മത ദേവാലയങ്ങളെയും വേർതിരിച്ച് തീവയ്ക്കുന്ന, കൊല്ലുന്ന ആ പരിപാടിക്കെതിരെ സമാധാനപരമായി നമ്മൾ പ്രതിഷേധിക്കണം. സുഖലോലുപതയിൽ ജീവിക്കുന്ന, ഓരോ പ്രത്യേക അജണ്ടയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മതമേലധ്യക്ഷന്മാരായ മെത്രാന്മാർ വേണ്ട രീതിയിൽ പ്രതികരിച്ചില്ലെങ്കിലും സാധാരണക്കാരായ വിശ്വാസികളും കുഞ്ഞാടുകളും പ്രതികരിക്കുക തന്നെ വേണം. എങ്ങും മനുഷ്യാവകാശ ലംഘനങ്ങൾ പാടില്ല. മതമുള്ളവരും മതമില്ലാത്തവരും നിരീശ്വരും ഇവിടെ ജീവിക്കണം. ഓഗസ്റ്റ് അഞ്ചാം തീയതിയിലെ നിരായുധ സഹന സമരം മാത്രമല്ല ഈ കൊല്ലും കൊലയ്ക്കും. എ. സി. ജോർജ്
Indian Christian 2023-08-04 20:18:19
ദുഖകരമായ ഒരു കാര്യം ഇത്തരം പ്രതിഷേധം ഹ്യൂസ്റ്റനിൽ നടന്നപ്പോൾ അതിനെതിരെ ഒരു വിഭാഗം വന്ന് ശക്തമായി പ്രതികരിച്ചതാണ്. മൈക്ക് വച്ച് അലറി അവിടെ പ്രാർത്ഥന സമ്മേളനം തകർക്കാൻ അവർ ശ്രമിച്ചു. അമേരിക്ക സ്വാതന്ത്യമുള്ള രാജ്യമായതു നന്നയി. ഒരു ക്രൈസ്തവ രാജ്യത്തു ജീവിച്ചുകൊണ്ട് ക്രിസ്ത്യാനികൾക്കെതിരെ പ്രവർത്തിക്കുന്നവരെ തിരിച്ചറിയെണ്ടതുണ്ട്. ഇവിടെ എല്ലാ സ്വാതന്ത്ര്യവും വേണം. ഇന്ത്യയിൽ ക്രിസ്ത്യാനിയും മുസ്ലിമും പേടിച്ചു ജീവിക്കണം. ഇത് ശരിയോ എന്ന ആലോചിക്കണം. ഇന്ത്യാക്കാരായ അഞ്ചു കോൺഗ്രസംഗങ്ങൾ ഉണ്ടല്ലോ. അവർക്ക് മിണ്ടാട്ടമില്ല? ഹിന്ദുത്വ ശക്തികൾക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന അത്തരക്കാരെ എന്തിനു പിന്തുണക്കുന്നു?
സുരേന്ദ്രൻ നായർ 2023-08-05 03:29:38
അക്രമം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണം എന്ന ആവശ്യത്തെ സർവാത്മനാ സ്വാഗതം ചെയ്യുന്നു. എന്നാൽ ഈ പ്രശ്നത്തിൽ ക്രൈസ്തവ വിരുദ്ധതയാണ് മൗലിക പ്രശ്നമെന്ന് വിളിച്ചുകൂകുന്നവർ വിഷയത്തെ വർഗീയവത്കരിക്കരുതെന്നു CBCI അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തിലിനെയും ലേഖകൻ പരാമർശിക്കുന്ന ഇൻഫാൽ ആർച്ചു ബിഷപ്പിനെയും പേരുകൾ ഉദ്ധരിച്ചു മുംബൈ കർദ്ദിനാൾ ഓസ്വാഡ് ഗ്രേഷ്യസ് പുറത്തുവിട്ട വിഡിയോ സന്ദേശം കൂടി കേൾക്കുക. ജനസംഖ്യ സംബന്ധിച്ച കണക്കുകൾ കാനേഷുമാരി പ്രകാരം ഉറപ്പുവരുത്തിയിട്ടു മാത്രം ന്യുനപക്ഷ ഭൂരിപക്ഷ വാദം സ്ഥിരീകരിക്കുക. ജനസംഖ്യയിൽ 53 ശതമാനം വരുന്ന മെയ്തികളിൽ ഹൈന്ദവസമാനമായ ആചാരങ്ങൾ പിന്തുടരുന്നവർ 41% മാത്രമാണ് എട്ടര ശതമാനം ഇസ്ലാം വിശ്വാസികളും അവിടെയുണ്ട്.36 ലക്ഷം വരുന്ന മണിപ്പുർ ജനസംഖ്യയിൽ പത്തു ലക്ഷത്തിലേറെ കുക്കുകളാണ്. ഗോത്രവർഗ്ഗ സംസ്ഥാനമായ മണിപ്പൂരിലെ 9 ജില്ലകളിൽ ഭൂമി വാങ്ങാനും താമസിക്കാനും ആ വിഭാഗത്തിന് മാത്രമേ കഴിയു എന്നിരിക്കെ 53 ശതമാനം വരുന്ന മെയ്തികളെ കൂടി ആ പട്ടികയിൽ ഉൾപ്പെടുത്താൻ പറഞ്ഞതു മോദിയല്ല ഹൈക്കോടതിയാണ്. അതിനെതിരെ ആയുധമെടുത്തു സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ ആയുധം എടുത്തവരാണ് ഇന്ന് ഏറ്റവുംകൂടുതൽ കഷ്ടനഷ്ടങ്ങൾ അനുഭവിക്കുന്നത്. അവരും മനുഷ്യരാണ് തീർച്ചയായും അവരെ സംരക്ഷിക്കാൻ ഭരണകൂടം ബാധ്യസ്ഥരുമാണ്. മതമല്ല മനുഷ്യരാണ് സംരക്ഷിക്കപ്പെടേണ്ടത്. അതിനായി പ്രാർത്ഥിക്കാം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക