Image

"ഭാവയാമി രഘുരാമം ഭവ്യ സുഗുണാരാമം"  (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

Published on 05 August, 2023
"ഭാവയാമി രഘുരാമം ഭവ്യ സുഗുണാരാമം"  (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

ശ്രീരാമ രാമ ശ്രീരാമ രാമ 

"ഭാവയാമി രഘുരാമം ഭവ്യ സുഗുണാരാമം" "വിജയമരുളുന്ന സദ്ഗുണങ്ങളുടെ മൂർത്തിമദ്ഭാവമായ രഘുവംശത്തിലെ ശ്രീരാമനെ ഞാൻ സ്തുതിക്കുന്നു  എന്നാണ് അർത്ഥം.  സവിശേഷ ഗുണങ്ങളുള്ള സ്ത്രീരാമനെ സ്തുതിക്കുന്നതിന് സ്വാതിതിരുനാൾ മഹാരാജാവ് സാവേരി രാഗത്തിൽ രൂപക താളത്തിൽ ചിട്ടപ്പെടുത്തിയ കർണാടക സംഗീതത്തിലെ   കൃതിയാണിത്. അദ്ധ്യാത്മരാമായത്തിലെ ബാലകാണ്ഡം മുതൽ ഉത്തരകാണ്ഡംവരെ പൂർണ്ണമായും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശ്രീരാമചന്ദ്രന്റെ അപദാനങ്ങൾ പാടിപുകഴ്ത്തുന്ന രാമായണമാസത്തിൽ ശ്രീരാമനെകുറിച്ച്  സ്മരിക്കാനുതകുന്ന സമ്പൂർണ്ണ കൃതിയാണിത്.  വിഷ്ണുവിന്റെ അവതാരമായ ശ്രീരാമനെ അവതരിപ്പിക്കുന്ന ഈ കൃതി രാമായണത്തെപ്പോലെ ഭക്തിനിർഭരമാണ്.

ഭാരതത്തിന്റെ മഹത്തായ   രണ്ട് ഇതിഹാസങ്ങളിൽ  ഒന്നാണ് രാമായണം.  രാമനെന്ന മനുഷ്യന്റെ  ജീവിതത്തിലെ അയനത്തെ (സഞ്ചാരത്തെ) കുറിച്ചാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്.  രാമനെ ധര്മത്തിന്റെ മൂർത്തിമദ്  ഭാവമായി കണക്കാക്കുന്നു. അദ്ദേഹത്തിന്റെ ധര്മനിഷ്ഠയും, മാതാ-പിതാ-ഗുരു ഭക്തിയും, അചഞ്ചലമായ സ്‌നേഹവും വിശ്വാസവും, ഏകപത്നിവൃതവും സാധാരണ മനുഷ്യന്  അനുകരണീയമായ മാതൃകകളാണ്.

രാമായണത്തിന്റെ ആവിര്ഭാവത്തെക്കുറിച്ചുള്ള ഐതിഹ്യവും മനുഷ്യന് ഒരു ഗുണപാഠം തന്നെയാണ്. കൊള്ളക്കാരനായി ജീവിതം നയിച്ചുപോന്ന രത്‌നാകരൻ ആരണ്യ വീഥികളിലൂടെ നടന്നുവന്നെത്തിയ സപ്തർഷികളെ ആക്രമിക്കാൻ ശ്രമിച്ചു. കൈവശമുള്ളതെല്ലാം നൽകാൻ സപ്തർഷികൾ സ്വമേധയാ തയ്യാറായി. പക്ഷെ അവർ ഒരു വ്യവസ്ഥ രത്‌നാകരനോട് പറഞ്ഞു. നീ ഓരോദിവസവും ചെയ്തുകൂട്ടുന്ന പാപങ്ങൾ അനുഭവിക്കാൻ  നിന്റെ കുടുംബവും തയ്യാറാകുമോ എന്ന് അവരോട് ചോദിച്ചു വരണം. അതുവരെ അവർ കാത്തുനിൽക്കാൻ തയ്യാറായി. എന്നാൽ കുടുംബത്തോട് ഇതേക്കുറിച്ച് ആരാഞ്ഞപ്പോൾ "താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ" എന്ന മറുപടി കിട്ടിയ രത്‌നാകരൻ സ്വയം പ്രാശ്ചിത്തം ചെയ്യാൻ തീരുമാനിച്ചു. പാപപരിഹാരത്തിനായി സപ്തർഷികൾ തിരിച്ചുവരുന്നതുവരെ 'രാമാ രാമാ' എന്ന നാമം ഉരുവിട്ടുകൊണ്ടിരിക്കാൻ പറഞ്ഞു.  അതിന്റെ അർത്ഥവ്യാപ്തിയെക്കുറിച്ച് അത്ജ്ഞാനിയായ രത്നാകരനോട് സപ്തർഷികൾ ‘മരാ’ എന്ന ഉച്ചരിച്ചുകൊണ്ടിരിക്കാൻ ഉപദേശിച്ചു. രത്‌നാകരൻ വേഗത്തിൽ മരാ' എന്ന് ഉരുവിട്ടുകൊണ്ട് കാലങ്ങളോളം ഇരുന്നു.  വളരെ വിശ്വാസത്തോടെ ഏകാഗ്രതയോടെ മന്ത്രം ഉരുവിട്ടുകൊണ്ടിരുന്ന രത്‌നാകരനെ വാത്മീകം (ചിതൽ) പൊതിഞ്ഞു. അന്നുമുതൽ രത്‌നാകരൻ വാത്മീകി ആയി. അതോടൊപ്പം അദ്ദേഹത്തിന്റെ ഉള്ളിൽ ജ്ഞാനം വളർന്നു. 'രാമാ' ജപത്താൽ സ്വായത്തമാക്കിയ പാണ്ഡിത്യത്താൽ അദ്ദേഹം സംസ്‌കൃതത്തിൽ  രാമായണം രചിച്ചു.  

രാമനാമം താരകമന്ത്രമാണ്. വിഷ്ണുസഹസ്രനാമം ജപിക്കുന്നതുകൊണ്ടുള്ള ഫലം ഒരു തവണ രാമനാമം ജപിച്ചാൽ ഉണ്ടാകുമെന്നു ഹിന്ദുക്കൾ വിശ്വസിക്കുന്നു. ഇത് അടിസ്ഥാനപ്പെടുത്തിക്കൊണ്ടാകാം     വടക്കേ ഇന്ത്യക്കാർ പരസ്പരം ‘രാം രാം’ എന്നു അഭിവാദനം ചെയ്യുന്നത്.    

പിൽക്കാലത്ത് വാൽമീകിമഹർഷി സംസ്കൃതത്തിൽ എഴുതിയ കാവ്യം തുഞ്ചത്ത് എഴുത്തച്ഛൻ മലയാളത്തിൽ "അദ്ധ്യാത്മ രാമായണം " എന്ന പേരിൽ പുനരാവിഷ്കരിച്ചു. രാമനെക്കുറിച്ചുള്ള സ്തുതികളും കീർത്തനങ്ങളും കൊണ്ട് ഭക്തിസാന്ദ്രമാണ് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം.സാധാരണക്കാർക്ക് ശ്രീരാമഭക്തിയിലൂടെ പരമപദം  ലഭിക്കാൻ വേണ്ടിയാണ് എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം രചിച്ചിട്ടുള്ളത്. രാമനെ പുരുഷോത്തമനായ സാധാരണ മനുഷ്യനായിട്ടാണ് വാൽമീകി അവതരിപ്പിച്ചത്. അദ്ദേഹം അയോധ്യാപുരിയിലെ രാജാവും രാവണനെ നിഗ്രഹിച്ചവനും ആയിരുന്നു. എന്നാൽ എഴുത്തച്ഛൻ രാമനെ  ദൈവത്തിന്റെ അവതാരമായി  സാധാരണ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചു.

ഏഴു കാണ്ഡങ്ങളിലായാണ് രാമായണ കഥ പ്രതിപാദിച്ചിരിക്കുന്നത്‍. അവ  ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം  എന്നിവയാണ്. ഇരുപത്തിനാലായിരം ശ്ലോകങ്ങളും ഏഴു കാണ്ഡങ്ങളും അഞ്ഞൂറ് സർഗ്ഗങ്ങളും ഇതിൽ  ഉണ്ട്. 

രാമനാമജപംകൊണ്ട് പാണ്ഡിത്യം ലഭിച്ച വാത്മീകി രാമായണം രചിക്കുവാനുള്ള സാഹചര്യതേക്കുറിച്ചും ഐതിഹ്യങ്ങളുണ്ട്. ഒരിക്കല്‍ വാല്മീകിമഹര്‍ഷിയുടെ ആശ്രമത്തില്‍ വന്ന നാരദനോട് വാല്മീകി ചോദിച്ചു. എല്ലാ സത്ഗുണങ്ങളും തികഞ്ഞ, എല്ലാ മാനുഷര്‍ക്കും മാതൃകയായ ഒരു മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ടോ? ഇങ്ങനെയുള്ള നരനെക്കുറിച്ച് അറിവുള്ള ആള്‍ താങ്കളാണല്ലോ. സര്‍വ്വഗുണസമ്പന്നനായ ആ നരനെക്കുറിച്ച് എനിക്ക് അറിയാന്‍ ആഗ്രഹമുണ്ട്.” മഹര്‍ഷിയുടെ ചോദ്യത്തിനുത്തരമായി ഇക്ഷ്വാകു പരമ്പരയില്‍പ്പെട്ട ശ്രീരാമന്റെ ചരിത്രം നാരദമഹര്‍ഷി വാല്‍മീകിയ്ക്ക്‌ പറഞ്ഞുകൊടുക്കുന്നു. ഇക്ഷ്വാകുവംശത്തില്‍ ജനിച്ചവനും ജനങ്ങള്‍ക്ക് സുപരിചിതനുമായ ശ്രീരാമനാണ് എല്ലാ ഗുണവും തികഞ്ഞവന്‍. ധര്‍മ്മജ്ഞനും സത്യസന്ധനുമായ രാമന്‍ വേദങ്ങളും ഉപനിഷത്തുക്കളും ധനുര്‍വേദവും അഭ്യസിച്ചിട്ടുണ്ട്. അങ്ങനെ രാമന്‍റെ നിരവധി ഗുണങ്ങള്‍ വാല്മീകിയോട് നാരദന്‍ വിസ്തരിച്ചു പറഞ്ഞു ദേവലോകത്തേക്ക് പോയി.. 

നാരദൻ പറഞ്ഞ കഥകൾ എഴുതാൻ വാലിമികിയോട് പറഞ്ഞത് ബ്രഹ്മാവാണ് . തമസ്സാനദിയിൽ കുളിച്ചുകൊണ്ടിരുന്ന വാൽമീകി ക്രൗഞ്ചമിഥുനങ്ങൾ പ്രണയാതുരരായി കൊക്കും ചിറകുമുരുമ്മുന്ന  ചാരുദൃശ്യം കണ്ടു ആനന്ദിക്കുമ്പോൾ ഒരു വേടൻ ആൺകിളിയെ അമ്പെയ്തു വീഴ്ത്തി. ദുഃഖം കൊണ്ട് മഹർഷി കോപാകുലനായി അദ്ദേഹത്തിന്റെ നാവിൽ നിന്നും  വേടനെതിരെയുള്ള ശാപവചനങ്ങൾ  നാലുവരി കാവ്യമായി പുറത്തുവന്നു. മാനിഷാദ പ്രതിഷ്ഠാം ത്വമഗമഃ ശാശ്വതീഃ സമാഃ യത് ക്രൗഞ്ചമിഥുനാദേകമവധീഃ കാമമോഹിതം. അത് അനുഷ്ടുപ് വൃത്തമായിരുന്നു. ബ്രഹ്മാവിന്റെ നിർദേശപ്രകാരം ദേവി സരസ്വതി അപ്പോൾ അദ്ദേഹത്തിന്റെ നാവിൽ അനുഗ്രഹിച്ച് പുറപ്പെട്ട വാക്കുകളായിരുന്നു. ആ അനുഷ്ടുപ്പ് വൃത്തത്തിലാണ് രാമായണം കഥ എഴുതാൻ വാല്മികിയോട് ബ്രഹ്‌മാവ്‌ നിർദേശിച്ചത്. 

ഹിന്ദുഭക്തരെ സംബന്ധിച്ചേടത്തോളം രാമായണപാരായണം കർക്കിടകമാസത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഹൈന്ദവർ കർക്കിടകത്തിലെങ്കിലും രാമായണം വായിച്ചിരിക്കണമെന്ന ഉദ്ദേശത്തോടെയാണ് കർക്കിടകമാസത്തെ രാമായണമാസമായി കൊണ്ടാടണം എന്ന തീരുമാനത്തിലെത്തിച്ചത്.   കാരണം രാമായണം എന്നത് ഒരു ദൈവത്തെക്കുറിച്ചുള്ള വിവരണമല്ല  മറിച്ച് സന്തോഷങ്ങളും, ദുഖങ്ങളും പ്രതിസന്ധികളും നിറഞ്ഞ ജീവിതത്തെ അഭിമുഖീകരിച്ച മനുഷ്യജന്മം സ്വീകരിച്ച രാമന്റെ ജീവിതസഞ്ചാരമാണ്. മര്യാദ പുരുഷോത്തമൻ എന്ന് പറയുമ്പോഴും രാമന്റെ ജീവിതത്തിലെ  പല സാഹചര്യങ്ങളെയും വിമർശിക്കാൻ കഴിഞ്ഞേക്കാം. ഗർഭിണിയായ സീതയെ കാട്ടിൽ ഉപേക്ഷിച്ചത് അക്ഷന്തവ്യമായ അപരാധമായി പലരും കരുതുന്നുണ്ട്. രാജാവിന്റെ പ്രഥമകർത്തവ്യം പ്രജകളുടെ ക്ഷേമവും അവരുടെ വിശ്വാസവും ആണെന്ന് രാമൻ വിശ്വസിച്ചു. സീത തെറ്റുകാരിയല്ലെന്ന് രാമനറിയാമെങ്കിലും പൊതുജനാഭിപ്രായത്തിനെ മാനിക്കയായിരുന്നു രാമൻ. അതേസമയം  അദ്ദേഹം ഏകപത്നിവൃതനായി ജീവിച്ചു. അശ്വമേധയാഗം നടത്തുമ്പോൾ ഭാര്യയുടെ സാന്നിധ്യം ആവശ്യമാകയാൽ അവിടെ സീതയുടെ സ്വർണ്ണവിഗ്രഹം ഉണ്ടാക്കി. രാമൻ ഒരു കർമ്മയോഗിയായിരുന്നു.  "രാമോ വിഗ്രഹവാന്‍ ധര്‍മ്മ:” (ധര്‍മ്മം ആള്‍രൂപമെടുത്തതാണ് രാമന്‍) എന്നാണ് രാമനെ കവി വാഴ്ത്തുന്നത്.

ശ്രീരാമന്റെ ജീവിതം പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നിറഞ്ഞതായിരുന്നു എന്ന് രാമായണ കഥകളിലൂടെ മനസ്സിലാക്കാം. പ്രതികൂലമായ സാഹചര്യങ്ങൾ ജീവിതത്തിൽ ഉണ്ടായപ്പോഴെല്ലാം അദ്ദേഹം ധർമ്മം ഉയർത്തിപ്പിടിച്ചു. എല്ലാവരെയും സ്നേഹിക്കാനും വിവേചനമില്ലാതെ പെരുമാറാനും അദ്ദേഹം മാതൃക കാട്ടി.  ജാതിവ്യവസ്ഥകൾ നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ നീചജാതിക്കാരിയായ ശബരി    രുചിച്ചുനോക്കിയ ഫലം ശ്രീരാമൻ ഭക്ഷിച്ചതായി കഥകളിൽ പറയുന്നു.   ജാതിമത ചിന്തകൾക്കതീതമായിരുന്നു അദ്ദേഹത്തിന്റെ മനുഷ്യത്വം എന്ന് ഇതിൽനിന്നും അനുമാനിക്കാം. അച്ഛന്റെ ആജ്ഞ  വിവേകപരമല്ലാതിരുന്നിട്ടുകൂടി അദ്ദേഹം അനുസരിച്ചു. മാതാപിതാക്കളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും അർപ്പണ മനോഭാവവുമാണ് ഇതിൽനിന്നും മനസ്സിലാക്കേണ്ടത്. അസ്ത്രങ്ങളിലും ശാസ്ത്രങ്ങളിലും അപാര  പാണ്ഡിത്യമുണ്ടായിട്ടും അദ്ദേഹം ഒരിക്കലും അഹങ്കരിച്ചില്ല എന്നതാണ് രാമായണത്തിലുടനീളം രാമന്റെ സ്വഭാവത്തിലൂടെ നമുക്ക്  കാണാൻ കഴിയുന്ന മറ്റൊരു ഗുണം.  തന്റെ മുന്നിൽ വന്ന പ്രശ്നങ്ങളെല്ലാം സമചിത്തതയോടെ സമീപിക്കുവാനുള്ള വിവേകമാണ് രാമനിലൂടെ രാമായണം സാധാരണ ജനങ്ങളെ പഠിപ്പിക്കുന്നത്. കൈകേയി മാതാവിന്റെ സ്വാർത്ഥതാല്പര്യങ്ങൾ തന്റെ ജീവിതത്തെ ദുസ്സഹമാക്കി എന്ന് മനസ്സിലാക്കിയിട്ടും ക്രോധമോ, പ്രതികാരമോ കൂടാതെ സമചിത്തതയോടെ ജീവിതത്തെ വീക്ഷിക്കുന്ന രാമനെയാണ് രാമായണത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. അദ്ദേഹം അവർക്ക് മാപ്പ് കൊടുക്കുന്നതായും കാണുന്നു. രാമായണത്തിൽ രാമൻ എന്ന ഉത്തമപുരുഷന്റെ ജീവിതത്തിൽ നിന്നും അനേകകാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ പകർത്താനുണ്ട് എന്നതാണ്  രാമായണത്തിന്റെ മഹത്വം.. 

വേദങ്ങളും ഉപനിഷത്തുക്കളും സാധാരണ മനുഷ്യർക്ക് അപ്രാപ്യവും മനസ്സിലാക്കാൻ പ്രയാസവുമുള്ളതായതിനാൽ അവർക്ക് എളുപ്പം മനസ്സിലാകുന്ന വിധത്തിൽ കഥകളിലൂടെ അതെല്ലാം എഴുതി. ധർമ്മം, അർഥം, കാമം മോക്ഷം എന്നീ പുരുഷാർത്ഥങ്ങൾ  നേടാൻ ഇതിഹാസങ്ങൾ സഹായകമായി. രാമായണ പാരായണത്തിലൂടെ ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണം നടക്കുന്നു. ധർമ്മവീഥികളിലൂടെ നടക്കാൻ അവർ ശീലിക്കുന്നു. പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥാപാത്രങ്ങളെ അറിയുമ്പോൾ രാമൻ എല്ലാ ഗുണങ്ങളോടും കൂടി വിളങ്ങി  നിൽക്കുന്നു  ലക്ഷ്മണനെ ഉപദേശിക്കുമ്പോൾ സർവശാസ്ത്രങ്ങളും വേദാന്തതത്വങ്ങളും രാമൻ ഉൾപ്പെടുത്തിയിരുന്നു. ഈ ഉപദേശങ്ങളെ വിലയിരുത്തുകയാണെങ്കിൽ മനസ്സിലാക്കാം ഇത് ലക്ഷ്മണന് മാത്രമല്ല ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിൽ പ്രയോഗികമാകാവുന്നഉപദേശങ്ങളാണ്

“ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം  വേഗേന നഷ്ടമാമായുസ്സും ഓർക്ക  നീ"  നമ്മുടെ സുഖങ്ങൾ എല്ലാം ക്ഷണികമാണ് അതേപോലെ ആയുസ്സും. ജീവിതം ഒരു  പെരുവഴിയമ്പലം. നമ്മൾ ഇവിടെ  ഒത്തുചേരുകയും പിരിയുകയും ചെയ്യുന്നു, അതേപോലെ തന്നെ  കാമ-ക്രോധ-മദമാത്സര്യങ്ങളും. ഇതിന്റെയെല്ലാം നിസ്സാരത മനസ്സിലാക്കി പരമാത്മാവിനെ ഭജിച്ച് കഴിയാൻ രാമൻ ഉപദേശിക്കുന്നു. 

"സർവ്വലക്ഷണസമ്പന്ന സർവ്വധർമ്മ പരായണ, ദശ വർഷ സഹസ്രാണി രാമോ രാജ്യം കാര്യത". ശ്രീരാമൻ തന്റെ സർവ്വ ലക്ഷണമൊത്ത രാജ്യധർമ്മത്തിന്റെ പാതയിൽ പതിനായിരം വർഷം ഭരിച്ചു. എന്നാൽ രാമൻ എന്ന ഉത്തമപുരുഷന്റെ സ്‌മരണ രാമായണത്തിലൂടെ ഇന്നും ജനങ്ങളിൽ നിലനിൽക്കുന്നു
ജയ് ശ്രീരാം 

Join WhatsApp News
അനിൽ മിത്രാനന്ദപുരം 2023-08-05 04:54:00
വളരെ ഹൃദ്യമായ ലേഖനം ജ്യോതി.. 👌👌👌👌👌 ഒരു വിഷയം അതിന്റെ യഥാർത്ഥ രുചിയും മണവും നൽകുവാൻ വേണ്ട യോഗ്യത എന്നത് ആ വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള അറിവാണ്. അത് കുറയുമ്പോഴാണ് നമ്മൾ എഴുതുന്ന എഴുത്തിൽ പൂർണ്ണത നഷ്ടപ്പെടുന്നത്. ഇവിടെ, രാമായണം എന്ന കാവ്യം അതിൻ്റെ വിവിധ തലങ്ങളിൽ വിശദീകരിക്കുന്നു എഴുത്തുകാരി! ഒരു ഐതിഹ്യം എങ്ങനെ ഉരിത്തിരിഞ്ഞു എന്നത് കാൽപ്പനികമായ ദേവലോകവും വാൽമീകവും കൊണ്ട് വരച്ചിട്ട പശ്ചാത്തലത്തിൽ നിന്നുകൊണ്ട് വായനക്കാർക്ക് പകർന്നു നൽകി. ഒരു മനുഷ്യൻ എങ്ങനെയാവണം എന്നും എങ്ങനെയൊക്കെയാവരുത് എന്നതിനും കഥനത്തിലൂടെ വഴികാട്ടുന്ന ഭാരത സംസ്കാരം.., അതിൻ്റെ ഉദാത്തമായ സൃഷ്ടികളാണ് രാമായണം മഹാഭാരതം പഞ്ചതന്ത്രം കഥകൾ, ഉപനിഷത്തുകൾ വേദങ്ങൾ എന്നിവ. ഇവയിൽ ഏറ്റവും കൂടുതൽ ജനകീയമായതും ഏറ്റവുമധികം തലമുറകളിലേക്ക് കൈമാറി പോന്നതും സാധാരണ ജനങ്ങളിലേക്ക് സംവദിക്കുവാൻ പ്രാപ്തമായതുമായ കൃതിയാണ് രാമായണം. ഈ സത്യം ലേഖനം വ്യക്തമാക്കി തരുന്നുണ്ട്. ഓരോ കഥാപാത്രവും എന്താണ് എന്ന് വിവരിക്കുന്നു എഴുത്തുകാരി. കഥ എന്ന നിലയിൽ നിന്നും ഉയർന്ന് അതിൻ്റെ ശാസ്ത്രീയമായ യുക്തിപരമായ ഒരു തലം കൂടി ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. രാമൻ ആയാലും കൈകേയി ആയാലും സീത ആയാലും , കഥയുടെ ഘടന പ്രകാരം അവരിൽ നിക്ഷിപ്തമായ കർമ്മങ്ങൾ അവരുടെ സ്വഭാവത്തിനനുസൃതമായി ചെയ്യുന്നു എന്ന് വ്യക്തമായി പറയുന്നു. ഇവിടെയാണ് ഞാൻ ആദ്യം പറഞ്ഞ പൂർണ്ണത ഈ ലേഖനം കൈവരിക്കുന്നത് !! 🌹🌹🌹🌹 ഇത് പറയാതെ പോയിരുന്നു എങ്കിൽ, ഒരുപക്ഷേ, വിശ്വാസവും മതവും മതചിന്തകളിലുള്ള അന്ധതയിൽ മുഴുകുന്ന വർത്തമാന ലോകത്തിൽ ഇന്ന് കാണുന്ന സ്ഥിരം പല്ലവിയായി ഈ ലേഖനം ചുരുങ്ങുമായിരുന്നു. പുരാതന കാലം സ്വപ്നം കാണാൻ പഠിപ്പിക്കുന്ന ഒരു വലിയ വിഭാഗം ഇപ്പോൾ നമ്മുടെയൊപ്പമുണ്ട്. വിവേകവും വിജ്ഞാനവും ചിന്തയും ശാസ്ത്രവും ഗവേഷണവും ശാസ്ത്ര ബോധവും സാങ്കേതിക വിദ്യകളും ഒന്നുമല്ല ഒരു മനുഷ്യൻ പരിശീലിക്കേണ്ടത് എന്ന് പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരിക്കുന്ന വലിയ വിഭാഗം നിലവിലുണ്ട്. മറിച്ച്, വിശ്വാസവും പുരാണങ്ങളും ദൈവങ്ങളുടെ സാങ്കൽപ്പിക ലോകവും യാഥാർത്ഥ്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത ജീവിത സാഹചര്യങ്ങളും ഇന്നത്തെ പുത്തൻ തലമുറ കണ്ണടച്ച് വിശ്വസിച്ചു കൊള്ളണം എന്നും, അതാണ് യഥാർത്ഥ ജീവിതം യഥാർത്ഥ കർമ്മം യഥാർത്ഥ നന്മ എന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നു ഇവർ.. അത്യന്തം അപകടകരമായ അവസ്ഥ! ഇവിടെ ഒരു ചെറിയ തോതിലുള്ള ചെറുത്തുനിൽപ്പിന്റെ പുതുനാമ്പാണ് ജ്യോതിയുടെ ഈ ലേഖനം എന്നത് അത്യധികം സന്തോഷം നൽകുന്നു. 🌻🌻🌻🌻🌻🌻 പുരാണം അല്ലെങ്കിൽ ഐതിഹ്യം അല്ലെങ്കിൽ കഥ എന്നതിന് യുക്തിപരമായ അർത്ഥതലങ്ങൾ പ്രദാനം ചെയ്യുമ്പോഴാണ് ഞാൻ ആദ്യം പ്രതിപാദിക്കുന്ന "ഭാരത സംസ്കാരത്തിന്റെ കഥനം എന്ന് ജീവിത പഠനത്തിൻ്റെ" യഥാർത്ഥ ഉദാഹരണമായി ഈ ലേഖനം അനന്യമാകുന്നത്. 🌹🌹🌹 ഇവിടെയാണ് ഈ ലേഖനം തികച്ചും വേറിട്ട ഒരു അനുഭവമാകുന്നത് !!! എഴുത്തുകാരിക്ക് ഒത്തിരി അഭിനന്ദനങ്ങൾ !!!! 💐💐💐💐💐💐💐💐 👏👏👏👏👏👏👏👏
P.R. 2023-08-05 12:45:08
ജയ് ശ്രീറാം. രാമായണം പാരായണം ചെയ്യുന്ന ഈ കർക്കിടകമാസത്തിൽ ശ്രീരാമന്റെ അപദാനങ്ങൾ ഭക്തിപുരസ്സരം അവതരിപ്പിച്ചിരിക്കയാണ് ജ്യോതി. വിശ്വാസത്തിന്റെ ഒരു നവജ്യോതി ലേഖനത്തിലുടനീളം മിന്നിത്തിളങ്ങുന്നു. ധാരാളം വിസ്തരിക്കാതെ വളരെ ക്രമമായി ഓരോന്നും വായനക്കാരനെ മനസ്സിലാക്കിപ്പിക്കുന്ന വൈദഗ്ധ്യം പ്രശംസനീയം. "ഭാവയാമി രഘുരാമ"..രഘുവംശത്തിൽ ജനിച്ച രാമനെ ആരാധിക്കുന്നു. കർക്കിടകമാസം ഇനിയും ബാക്കിയാണ് രാമായണത്തെപ്പറ്റി ജ്യോതിയുടെ തുടർ ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു
അജിത്ത് 2023-08-05 07:01:50
സമഗ്രമായ സംഷിപ്തത... രണ്ടു വാക്കിൽ ഇതാണീ ലേഖനം.. അഭിനന്ദനം
ബാബു രാഘവൻ 2023-08-21 12:35:31
രാമായണം എന്ന ഉത്തമ ഗ്രൻഥം അതിന്റെ സരാംശവിവരണം സാധരണ മനുഷ്യൻ എങ്ങനെ കൊള്ളാൻ സാധിതമാവണം എന്ന ഉത്തമ ഉൾകാഴ്ച ഭക്തിരസം നഷ്ടപ്പെടാതെ തർജ്ജിമരൂപേണാവതരണം ! പ്രശംസാർഹം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക