Image

ഗണ്ണല്ല, ഇനി സിറിഞ്ച് ! : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 05 August, 2023
ഗണ്ണല്ല, ഇനി സിറിഞ്ച് ! : (കെ.എ ഫ്രാന്‍സിസ്)

ശത്രുക്കളെ കൊല്ലാന്‍ ഗണ്ണുമായി പോകുന്ന ആണ്‍കുട്ടികളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ കാമുകനെ തിരിച്ചു കിട്ടാന്‍ കാമുകന്റെ ഭാര്യയെ തട്ടാന്‍  സിറിഞ്ച് മതിയെന്ന് കണ്ടെത്തിയ യുവതിയെ പരിചയപ്പെട്ടാലോ ?

നല്ലൊരു ബന്ധം ഒത്തുവരുമ്പോള്‍ അതുവരെ 'തേനേ. പാലേ' എന്നൊക്കെ വിളിച്ച് നടന്നവരെ പാമ്പിനെ കൊണ്ട് കൊത്തിച്ചോ, വിഷ കഷായം കുടിപ്പിച്ചോ കൊല്ലാന്‍ ശ്രമിക്കുന്ന പെണ്‍കിടാങ്ങളെ പറ്റി നാം കേട്ടിട്ടുണ്ട്. പക്ഷേ പഴയ കാമുകനെ സ്വന്തമാക്കാന്‍ അയാളുടെ ഭാര്യയെ നേരിട്ട് ചെന്ന് കൊല്ലാന്‍ ശ്രമിച്ച ഒരു യുവതിയെ ഇന്ന്  പോലീസ് അറസ്റ്റ് ചെയ്തു. മാത്രമല്ല അതിന് അവര്‍ ഉപയോഗിച്ചതാകട്ടെ എയര്‍ ഇഞ്ചക്ഷനും!  

നേഴ്‌സ് വേഷവുമായി : 

പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ച ശേഷം ഡിസ്ചാര്‍ജ് കാത്തു കിടക്കുകയായിരുന്നു  സ്‌നേഹ. കായംകുളം കുണ്ടല്ലൂര്‍കാരി അനുഷ നേഴ്‌സിന്റെ വേഷത്തിലെത്തി ഡിസ്ചാര്‍ജിനു മുമ്പുള്ള ഇഞ്ചക്ഷനാണെന്ന് പറഞ്ഞാണ് മരുന്നില്ലാതെ വായു നിറച്ച ഇഞ്ചക്ഷന്‍ നല്‍കിയത്. സ്‌നേഹയുടെ അമ്മ  മരുന്നില്ലാത്ത ഇഞ്ചക്ഷന്‍ എന്താണെന്ന് ചോദിച്ചു ബഹളം ഉണ്ടാക്കിയപ്പോള്‍ അനുഷ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. സ്റ്റാഫ് അംഗങ്ങളും രോഗികള്‍ക്കൊപ്പം ഉള്ളവരും ചേര്‍ന്ന് പിടിച്ചു പോലീസില്‍ ഏല്പിച്ചു. അപ്പോഴാണ് പഴയ ഒരു പ്രണയ കഥയുടെ ചുരുളഴിയുന്നത്. 

വായു ഇഞ്ചക്ഷന്‍ : 

അനുഷ  ഫാര്‍മസി കോഴ്‌സ് പഠിച്ചപ്പോള്‍, ഇഞ്ചക്ഷന്‍ ചെയ്യുമ്പോള്‍ അതില്‍ വായു കയറി രക്തധമനികളില്‍ ബ്ലോക്കുണ്ടായാൽ  മരിക്കുമെന്ന് പഠിച്ചിരുന്നു. അങ്ങനെ ഒരു അറിവുമായാണ് സ്‌നേഹയെ കൊല്ലാന്‍ നഴ്‌സ് വേഷവും സിറിഞ്ചും വിലകൊടുത്തു വാങ്ങി വലിയ പ്ലാനിങ്ങില്‍ ആശുപത്രിയിലെത്തി കൃത്യം നിര്‍വഹിച്ചത്. അരുണും അനുഷയും  നേരത്തെ 'അടയും ചക്കരയു'മായിരുന്നു പോലും!  ഭാര്യ ഏതു ആശുപത്രി ഏതു നിലയില്‍ എവിടെ കിടക്കുന്നുവെന്ന വിവരങ്ങളെല്ലാം അരുണില്‍ നിന്നാണ് അനുഷ മനസ്സിലാക്കിയത്. ഒടുവില്‍ കേസ്സായപ്പോള്‍ അരുണ്‍ കാലുമാറി അനുഷയെ തള്ളിപ്പറയുന്നു. പോലീസ് അന്വേഷണത്തില്‍ പുതിയ കഥകളുണ്ടാകാം.  

ആന്‍ മരിയ : 

ഇരട്ടയാര്‍ പള്ളിയിലെ കുര്‍ബാനയ്ക്കിടെ ജൂണ്‍ ഒന്നിന് ഹൃദയാഘാതമുണ്ടായ ആന്‍ മരിയ എന്ന 17കാരിയെ മന്ത്രി ജോഷി അഗസ്റ്റിന്റെ ഇടപെടലിലൂടെ ഇടുക്കിയില്‍ നിന്ന് അമൃത ഹോസ്പിറ്റലിലേക്ക് ആംബുലന്‍സില്‍ എത്തിച്ചതിന്റെ  സ്പീഡിനെ  പറ്റി മാധ്യമങ്ങള്‍ വിശദീകരിച്ചിരുന്നുവല്ലോ. ആ കുട്ടി ഇന്നലെ മരിച്ചു. നാളെ അതേ പള്ളിയില്‍ ശവമടക്കു നടക്കും. 

രാഹുലിനു  നല്ല കാലം : 

രാഹുലിനെ എം.പിയായി അടുത്ത തിങ്കളാഴ്ച ലോക സഭയിലെത്തിക്കാന്‍ കോണ്‍ഗ്രസുകാര്‍ കിണഞ്ഞു ശ്രമിക്കുന്നു. അതിനുള്ള രേഖകള്‍ സ്പീക്കര്‍ക്ക് സമര്‍പ്പിച്ചപ്പോള്‍ അത് സെക്രട്ടറി ജനററലിനു  കൊടുക്കണമെന്നും, സെക്രട്ടറി ജനറലിനു കൊടുക്കുമ്പോള്‍ അത് സ്പീക്കര്‍ക്ക്  നല്‍കണമെന്നുമാണത്രെ  മറുപടി. രാഹുലിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതെല്ലാം അദ്ദേഹത്തെ ഹീറോയാക്കി മാറ്റുന്നതായാണ് അനുഭവം. ഇത്തവണ ഇനി  രാഹുല്‍ പ്രധാനമന്ത്രി പദത്തിലെത്തുമോ ? 

അടിക്കുറിപ്പ് : മിത്ത് നിലപാടില്‍ എന്‍.എസ്.എസ്  ആവേശപൂര്‍വം മുന്നേറുമ്പോള്‍ വെള്ളാപ്പള്ളിയുടെ തുഷാര്‍ മോന്‍ പിന്തുണയുമായി എത്തുന്നു. അതേസമയം സി.പി.എം മിത്ത് വിവാദം വിട്ടു. ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടി ഗണേശന്‍മാര്‍ ഇനി പങ്കെടുക്കില്ല. ആ വിവാദം പ്രതികരിക്കാതെ തന്നെ തണുപ്പിക്കാനാണ് സഖാക്കളുടെ ശ്രമം.

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക