Image

തിരിച്ചുവരവില്ലാത്ത യാത്ര... എസ്.കെ. പൊറ്റക്കാടിന്റെ നാല്‍പ്പത്തിയൊന്നാം ചരമ വാര്‍ഷികം (ജോയ്ഷ് ജോസ്)

Published on 06 August, 2023
തിരിച്ചുവരവില്ലാത്ത യാത്ര... എസ്.കെ. പൊറ്റക്കാടിന്റെ നാല്‍പ്പത്തിയൊന്നാം ചരമ വാര്‍ഷികം (ജോയ്ഷ് ജോസ്)

'പുള്ളിക്കുപ്പായമിട്ട് പൊയ്ക്കാലിൽ നടക്കുന്ന ദീർഘസ്ക്കന്ധനായ ഒട്ടകപ്പുലി, മുക്രയിട്ട് മണ്ടുന്ന മുൻ ശുണ്ഠിക്കാരനായ കണ്ടാമൃഗം, വേലികളിൽ മരത്തടി നിരത്തി വച്ചതു പോലെ ആതപസ്നാനം ചെയ്യുന്ന മുതലക്കൂട്ടങ്ങൾ, നീല വില്ലീസി​​​​ന്‍റെ നിതംബകഞ്ചുകം ധരിച്ച് ഫ്രഞ്ച് നർത്തകികളെ പോലെ തുടയും തുള്ളിച്ചു കൊണ്ട് നൃത്തം ചവിട്ടി നടക്കുന്ന ഒട്ടകപക്ഷികൾ'' - നൈൽ ഡയറി.

ദൃശ്യമാധ്യമങ്ങളും സോഷ്യല്‍ മീഡിയായും പ്രചാരത്തില്‍ വരുന്നതിനു മുമ്പ്  ലോകം എന്നാല്‍ ഭൂപടത്തില്‍ കാണുന്നതിനപ്പുറം ഭാവനയില്‍ പോലും കാണുവാന്‍ കഴിയാതിരുന്ന ഒരു കാലത്ത് കപ്പല്‍ കയറി ലോക സഞ്ചാരം നടത്തി ഈ ലോകത്തിന്‍റെ വൈവിധ്യമാര്‍ന്ന മാനവികതയെക്കുറിച്ചും അതില്‍ താന്‍ കണ്ട ഏകതയെക്കുറിച്ചുമെല്ലാം സവിസ്തരം എഴുതി മലയാളിയെ ഭ്രമിപ്പിച്ച  എസ്.കെ.പൊറ്റെക്കാട്ടെന്ന
ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ടിന്‍റെ നാല്പത്തിയൊന്നാം ചരമവാര്‍ഷിക ദിനമാണിന്ന്.

ഇംഗ്ലീഷ് അധ്യാപകനായിയുന്ന
കുഞ്ഞിരാമന്‍ പൊറ്റക്കാട്ടിന്‍റെയും കിട്ടൂലിയുടെയും മകനായി 1913 മാര്‍ച്ച് 14 ന് കോഴിക്കോടാണ് എസ്.കെ.പൊറ്റെക്കാട്ടിന്‍റെ ജനനം.വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം  1936 മുതല്‍ 1939 വരെ ഗുജറാത്തി സ്കൂളില്‍ അദ്ധ്യാപകനായി അദ്ധേഹം ജോലി നോക്കി. 1939-ല്‍ ജോലി രാജിവെച്ച് ത്രിപുര കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ പോയി. പിന്നീട് ബോംബയിലെത്തിയ അദ്ദേഹം വിവിധ ജോലികളില്‍ കുറെക്കാലം ഏര്‍പ്പെടുകയും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേയ്ക്ക് യാത്ര ചെയ്യുകയും ചെയ്തു.

1949-ലാണ് എസ് കെ യുടെ ആദ്യ വിദേശയാത്ര. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂര്‍വ്വേഷ്യയിലേയും മിക്ക രാജ്യങ്ങളിലൂടെയും പല തവണ സഞ്ചരിക്കുകയും അവിടത്തെ സാധാരണ ജനങ്ങളുടെ കൂടെ ജീവിക്കുകയും അവരെ മനസ്സിലാക്കുകയും ചെയ്തു. നേപ്പാള്‍ യാത്ര, കാപ്പിരികളുടെ നാട്ടില്‍, സിംഹഭൂമി, നൈല്‍ഡയറി, ലണ്ടന്‍ നോട്ട്ബുക്ക്, ഇന്തോനേഷ്യന്‍ ഡയറി, പാതിരാസൂര്യന്റെ നാട്ടില്‍, ബൊഹീമിയന്‍ ചിത്രങ്ങള്‍, ബാലിദ്വീപ് എന്നിവ ഈ യാത്രകളുടെ ഫലമായി മലയാള ഭാഷയ്ക്ക് എസ്.കെ.പൊറ്റെക്കാട്ടില്‍ നിന്നു ലഭിച്ച ഈടുറ്റ സഞ്ചാരകൃതികളാണ്.

സഞ്ചാരകൃതികള്‍ക്കു പുറമേ നോവലുകള്‍, ചെറുകഥാ സമാഹാരങ്ങള്‍, കാവ്യസമഹാരങ്ങള്‍, നാടകങ്ങള്‍ എന്നിവയെല്ലാം ചേര്‍ത്താല്‍ അറുപതോളം കൃതികള്‍ പൊറ്റക്കാട്ടിന്റെ തൂലികയില്‍ നിന്നു പിറന്നിട്ടുണ്ട്. ഒരു തെരുവിന്റെ കഥ 1961-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹമായി. ഒരു ദേശത്തിന്റെ കഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.1962ൽ തലശ്ശേരിയിൽ നിന്ന് സുകുമാർ അഴീക്കോടിനെ  പരാജയപ്പെടുത്തി എസ്.കെ ലോകസഭംഗമായി. തെരഞ്ഞെടുപ്പിലൂടെ ലോക്‌സഭയിലെത്തിയ അപൂർവ്വം സാഹിത്യകാരന്മാരിൽ ഒരാളായിരുന്നു പൊറ്റെക്കാട്ട്.1980-ല്‍ ജ്ഞാനപീഠം അവാര്‍ഡ് നല്കി രാജ്യം അദ്ധേഹത്തെ ആദരിച്ചു. 

ജയവല്ലിയായിരുന്നു പൊറ്റെക്കാട്ടിന്റെ ഭാര്യ.1980-ലുണ്ടായ ജയവല്ലിയുടെ മരണം
കടുത്ത പ്രമേഹബാധിതൻ കൂടിയായിരുന്ന പൊറ്റെക്കാട്ടിനെ തളർത്തി.രാജ്യാതിർത്തികൾ താണ്ടിയുള്ള യാത്രകളിൽ, കണ്ടതും കേട്ടതുമായ സംഭവങ്ങൾ ത​ന്‍റെ തൂലികത്തുമ്പിലൂടെ നമുക്ക്​ സമ്മാനിച്ച എസ്.കെ ഈ ഭൂമിയുടെതല്ലാത്ത മറ്റൊരു ലോകത്തിന്‍റെ അത്ഭുതകാഴ്ചകള്‍ കാണാനായി 1982 ആഗസ്റ്റ് 6-ന് യാത്രയായി..തിരിച്ചുവരവില്ലാത്തൊരു
യാത്ര...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക