
ഇന്ത്യയിലെന്നല്ല ലോകത്ത് ആദ്യമായി ഒരു രാഷ്ട്രീയ നേതാവിനെ വിശുദ്ധനാക്കാനുള്ള ശ്രമം നടക്കുന്നു. അതാകട്ടെ നമ്മില്‍ പലരും എപ്പോഴെങ്കിലും കൈ പിടിച്ചു കുലുക്കിയോ, ആരാധനയോടെ നമസ്‌തേ പറഞ്ഞോ, നമ്മുടെ ആര്‍ക്കെങ്കിലും ജീവിതം തിരിച്ചു നല്‍കിയോ, നമ്മെ അത്ഭുതപ്പെടുത്തിയ ജനപ്രിയ നേതാവ് ഉമ്മന്‍ചാണ്ടിയെ പുണ്യാളനാക്കാനുള്ള ഒരു ചര്‍ച്ച തുടങ്ങിയിരിക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും ഇങ്ങനെ പുണ്യാളന്മാര്‍ ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
ഉമ്മന്‍ചാണ്ടിയുടെ കബറിടം ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറുകയാണല്ലോ. വേളാങ്കണ്ണിക്കും പഴനിയിലേക്കും പോകുന്നതു പോലുള്ള തീര്‍ഥാടന യാത്രകള്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തുടങ്ങിക്കഴിഞ്ഞു. ആറ്റിങ്ങലിലെ ടൂര്‍ ഓപ്പറേറ്റര്‍മാരാണ് വളരെ സീരിയസായി ഇത് തുടങ്ങി വച്ചത്. ഇപ്പോള്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉമ്മന്‍ചാണ്ടി ഭക്തന്മാര്‍ എത്തുന്നു, മെഴുകുതിരി കത്തിക്കുന്നു, പ്രാര്‍ത്ഥന നടത്തുന്നു.
സതീശന്റെ ആശയം :
പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് സഭാ പിതാക്കള്‍ സംബന്ധിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗത്തില്‍ തങ്ങളുടെ പ്രിയ നേതാവിനെ വിശുദ്ധനായി പ്രഖ്യാപിച്ചുക്കൂടേ? എന്ന ആശയം മുന്നില്‍ വച്ചത്. ആലഞ്ചേരി പിതാവ് അതിന് പിന്തുണ നല്‍കി. പക്ഷേ ഓര്‍ത്തഡോക്‌സ് സഭയില്‍ പുരോഹിത തര്‍ക്കമല്ലാതെ അങ്ങനെ ഒരു സ്ഥാനം നല്‍കാറില്ലെന്നും സൂചിപ്പിച്ചു. ഓര്‍ത്തഡോക്‌സ് സഭയുടെ മറ്റു രാജ്യങ്ങളില്‍ അങ്ങനെ പതിവുള്ളത് കൊണ്ട് ആലോചിക്കാവുന്നതാണെന്നു അവരുടെ ഒരു മെത്രാപ്പോലീത്തയും സമ്മതിച്ചു. അങ്ങനെ സംഭവിച്ചാല്‍ പുതുപള്ളി പള്ളി വികാരി ഫാദര്‍ വര്‍ഗീസ് വര്‍ഗീസിനെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. പുരോഹിതര്‍ക്ക് മാറ്റിവെച്ച് ഭാഗത്താണല്ലോ ഉമ്മന്‍ചാണ്ടിയുടെ കല്ലറക്ക് ആ വികാരിയച്ചന്‍ ഉമ്മന്‍ചാണ്ടിക്ക് സ്ഥലം അനുവദിച്ചത്.
ഉറക്കം വരില്ലേ... :
അധികാര സ്ഥാനത്തിരിക്കുന്ന സി.പി.എമ്മുകാര്‍ക്ക് എന്തെങ്കിലും ഒരു വിവാദമുണ്ടാക്കിയില്ലെങ്കില്‍ ഉറക്കം വരുന്നില്ലെന്ന് തോന്നുന്നു. കേരളത്തിന്റെ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാകട്ടെ അതിന്റെ ഒരാളായി മാറി. ഭരണഘടനയെ ചൊല്ലിയായിരുന്നല്ലോ ആദ്യത്തെ ചൊറിച്ചില്‍. എല്ലാം കെട്ടടങ്ങി വന്നപ്പോള്‍ സിനിമയിലെ വനിതാ സംഘടനയുടെ റിപ്പോര്‍ട്ടിനെയും ചൊല്ലിയായി വിവാദം. പിന്നെ സിനിമാ അവാര്‍ഡിനെ പറ്റിയായി. ഏറ്റവുമൊടുവില്‍ സൗദി അറേബ്യയിലെ പള്ളികളിലെ വാങ്ക് വിളിയെക്കുറിച്ചാണ്. പിണറായിയും മറ്റും വളരെ സൂക്ഷിച്ചും ഓമനിച്ചും കൂടെ കൊണ്ടു നടക്കുന്ന ഒരു സംവിധാനത്തെ അട്ടിമറിക്കുന്ന രീതിയിലായി സജി മന്ത്രിയുടെ കൊച്ചുവര്‍ത്തമാനം.
വാങ്ക് വിളികള്‍ :
ഗോവിന്ദന്‍ മാഷ് ലണ്ടനില്‍ പോയി അവിടുത്തെ ക്രൈസ്തവസഭയ്ക്ക് പറ്റിയ അപചയത്തെപ്പറ്റി പറഞ്ഞതു പോലെ സൗദിയിലെ വാങ്കു വിളിയും കേരളത്തിലെ വാങ്കു വിളിയും താരതമ്യപ്പെടുത്തുകയായിരുന്നു മന്ത്രി സജി. കേരളത്തിലെ പള്ളികളില്‍ മൈക്ക് വച്ച് ഉച്ചത്തില്‍ വാങ്ക് വിളിക്കുന്നത് കേട്ട തനിക്ക് സൗദിയില്‍ അങ്ങനെ ഒരു വിളി കേള്‍ക്കാന്‍ പറ്റിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞതിന്റെ സാരം. ഇതൊക്കെ കേട്ടാല്‍ കുഞ്ഞാലിക്കുട്ടി സാഹിബും മുനീര്‍ സാഹിബും അടങ്ങിയിരിക്കുമോ ? ഷംസീറിനെതിരെ എന്‍.എസ്.എസ് ഉണ്ടാക്കുന്ന പുകില് തീര്‍ന്നിട്ടില്ല. ചിലര്‍ പറയുമ്പോള്‍ അഭിപ്രായം ചിലര്‍ പറയുമ്പോള്‍ വിവാദം എന്ന് ദേവസ്വം മന്ത്രി പറഞ്ഞത് ശരി തന്നെ. ചിലര്‍ പറയുമ്പോള്‍ വിവാദമാകുമെന്ന് അറിഞ്ഞാല്‍ ആ ചിലര്‍ക്ക് വിവാദമുണ്ടാക്കേണ്ട വല്ല കാര്യവുമുണ്ടോ?
അടിക്കുറിപ്പ് : ശ്രീലേഖ ഐ.പി.എസ് ഇന്ന് എത്ര ഭംഗിയായാണ് എന്‍.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുമ്പോള്‍ കൈക്കൂലി വാങ്ങുന്നുവെന്ന് വീഡിയോ ചെയ്തു വൈറലാക്കിയത്. താനൊരു നായര്‍ ആയിട്ടും നായര്‍ സൊസൈറ്റിയില്‍ നിന്ന് തനിക്കുണ്ടായ അനുഭവം പറഞ്ഞു. അഭിപ്രായങ്ങള്‍ അങ്ങനെ പരിമിതപ്പെടുത്തിയാല്‍ വല്ല പ്രശ്‌നവുമുണ്ടോ ? ശ്രീലേഖക്ക് പകരം മറ്റു മതനാമധാരികള്‍ പറഞ്ഞാല്‍ അത് ഒരു അഭിപ്രായമായല്ല വിവാദമായി നമ്മുടെ ജാതി കോമരങ്ങള്‍ സമര്‍ത്ഥമായി മാറ്റും. ഏതായാലും സജി അത് തിരുത്തിയതും വളരെ നന്നായി.
കെ.എ ഫ്രാന്‍സിസ്