പാതിരാത്രി കഴിഞ്ഞപ്പോള്‍ പതിവില്ലാത്തൊരു ഫോണ്‍ കോള്‍. 'മറിമായവും, അളിയന്‍സും' കണ്ടതിനുശേഷം 'തട്ടീംമൂട്ടീം' കഴിഞ്ഞ് ഒന്ന് കണ്ണടച്ചതേയുള്ളൂ- ചില അലവലാതികള്‍ അങ്ങനെയാണ്. യാതൊരു ഔചിത്യബോധവുമില്ലാതെ, അസമയത്ത് വെറുതെ വിളിച്ച് 'എന്തൊക്കെയാണ് വിശേഷങ്ങള്‍' -എന്നൊരു ക്ഷേമാന്വേഷണം.
'നിന്റെ അമ്മയെ ഒന്നുകൂടി കെട്ടിക്കാന്‍ പോവുകാ- നീ വരുന്നോ?' എന്നു ചോദിക്കാന്‍ തോന്നുമെങ്കിലും അതിന്റെ അനന്തര ഭവിഷ്യത്തുകള്‍ ഓര്‍ക്കുമ്പോള്‍ വേണ്ടായെന്നു വയ്ക്കും.
ഫോണിന്റെ ബെല്ലടി ഞാന്‍ കേട്ടെങ്കിലും ഒന്നുമറിയാത്തവനെ പോലെ ഞാന്‍ പൊട്ടന്‍കളിച്ചു.
'ദേ, ഫോണിന്റെ ബെല്ലടിക്കുന്നു.....' ഭാര്യയുടെ ഞോണ്ടല്‍. എനിക്ക് ഗുണമുള്ള ഒരു ഫോണ്‍ കോളുപോലും ഇന്നുവരെ എനിക്ക് ലഭിച്ചിട്ടില്ല എന്നത് ഒരു സത്യമാണ്.
എന്റെ ഭാഗത്തുനിന്നും അനുകൂല പ്രതികരണമൊന്നും കാണാതെ വന്നപ്പോള്‍, അവള്‍ തന്നെ ഫോണെടുത്തു.
'രാജു അവിടെയുണ്ടോ?'
ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ അവള്‍ ഫോണ്‍ കൈമാറി.
'രാജുവാണോ?'
'അല്ലാതെ നിന്റെ മറ്റവനാണോടെയ് പാതിരാത്രിയ്ക്ക്....' ഞാന്‍ വാചകം മുഴുമിപ്പിച്ചില്ല.
'എടാ, ഇത് ഞാനാ കുഞ്ഞൂഞ്ഞ്'
'ഏതു കുഞ്ഞൂഞ്ഞ്?'
'മോനേ രാജു, കുഞ്ഞൂഞ്ഞ്- പുതുപ്പള്ളിക്കാരന്‍'
'താന്‍ ഭ്ബഭ വയ്ക്കാതെ കാര്യം തെളിച്ചു പറയടോ?'
എനിക്ക് ദേഷ്യം വന്നു. 'താന്‍ ആരുവാ?'
'എടോ ഞാനാ ഈയിടെ മരിച്ചുപോയ ഉമ്മന്‍ചാണ്ടി'-
'സാറെ ക്ഷമിക്കണം- ആളറിയാതെ വല്ലതും പറഞ്ഞുപോയെങ്കില്‍'
'അതൊന്നും സാരമില്ല. ഇതിലും എത്രയോ വലുത് ഞാന്‍ കേട്ടിരിക്കുന്നു'.
'സാറെ ഒരു സംശയം, പാതിരാത്രി ആയതുകൊണ്ടാ- സാര്‍ എന്നോട് ഇപ്പോള്‍ സംസാരിക്കുന്നത് മിത്താണോ, സത്യമാണോ, അതോ ശാസ്ത്രമാണോ?'
'ഒന്നു പോടോ അവിടുന്ന്, അവിടെ വേറെ ഒരുകൂട്ടം കാര്യങ്ങള്‍ കിടക്കുമ്പോഴാ, അവന്മാരുടെയൊക്കെ ഒരു മിത്തും സത്യവും' ഉമ്മന്‍ചാണ്ടി പതിവ് ശൈലിയില്‍ ആ വിഷയവും ചിരിച്ചുതള്ളി.
'പിന്നെ മറ്റൊരു കാര്യംകൂടി പറയാനാ വിളിച്ചത്. അവന്മാരെല്ലാം കൂടി എന്റെ ചെറുക്കനെ സ്ഥാനാര്‍ത്ഥിയാക്കി'.
'അതു പിന്നെ നല്ല കാര്യമല്ലിയോ, ചാണ്ടി ഉമ്മന്‍ കഴിവുള്ള ചെറുപ്പക്കാരനാണെന്നാണ് കണ്ടടത്തോളം എനിക്ക് തോന്നുന്നത്.' ചാണ്ടി സാറിനെ പിണക്കരുതല്ലോ!
'അതല്ല രസം, അതിനു മുമ്പ് അവന്മാര് ഒരു തറവേല കാണിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നും ഒരാളായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന്. പിള്ളേരും, എന്റെ പെമ്പ്രന്നോരും കൂടി സ്ഥനാര്‍ത്ഥിത്വത്തിന്റെ പേരില്‍ തല്ലിപ്പിരിയുമെന്നാ അവര് മനക്കോട്ട കെട്ടിയത്. അപ്പോള്‍ സമവായത്തിന്റെ പേരില്‍ ഒരാളെ കെട്ടിയിറക്കാമെന്ന് വിചാരിച്ചു. ഏതായാലും അവന്മാരുടെ പരിപ്പ് പുതുപ്പള്ളിയില്‍ വെന്തില്ല'- ചാണ്ടി സാറിന്റെ മുഖത്തെ പുഞ്ചിരി ഞാന്‍ കാണാതെ കണ്ടു.
'എന്തായാലും ചാണ്ടി ഉമ്മന്‍ അവിടെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നുള്ളതിന് സംശയമൊന്നുമില്ല'-
എന്നിലെ ജ്യോത്സ്യന്‍ പ്രവചിച്ചു.
'ഇത്തവണ എന്തായാലും എന്റെ ചെറുക്കന്‍ വിജയിക്കും. അവന്‍ ജയിച്ചാലും തോറ്റാലും കോണ്‍ഗ്രസിന് പ്രത്യേകിച്ചൊരു ഗുണവുമില്ല. പിണറായിക്ക് ഒരു ദോഷവുമില്ല. അവന്റെ പ്രവര്‍ത്തനശൈലി കണ്ടായിരിക്കും അടുത്ത പൊതു തെരഞ്ഞെടുപ്പിലെ റിസള്‍ട്ട്. അതായത് ഞാന്‍ പറഞ്ഞുവരുന്നത് 'ഉമ്മന്‍ ചാണ്ടിയുടെ മകന്‍' എന്ന ലേബല്‍ ഈയൊരു തവണയേ പ്രയോജനപ്പെടൂ എന്നാണ്- മനസ്സിലായോ?'
'മനസ്സിലായി- സാറെ മറ്റൊരു സംശയം ചോദിച്ചോട്ടെ. സംസ്‌കാര സമയത്ത് ആചാരവെടി വേണ്ടായെന്നു വച്ചതെന്താണ്?'
'ഞാന്‍ ജീവിച്ചിരുന്നപ്പോള്‍ അവന്മാര് എന്റെ നെഞ്ചത്ത് കയറി വെടിവയ്ക്കുകയല്ലായിരുന്നോ? മരിച്ചു കഴിഞ്ഞിട്ടും അങ്ങനെ വെടിവച്ച് കളിക്കണ്ട എന്നു ഞാന്‍ തീരുമാനിച്ചു. തന്നെയുമല്ല, ഇപ്പോള്‍ ഏത് അണ്ടനും അടകോടനും മരിച്ചാല്‍ സംസ്ഥാന ബഹുമതികളോടെയല്ലോ സംസ്‌കാരം- അതിന്റെ വില തന്നെ കളഞ്ഞു കുളിച്ചു.' ആചാര വെടി വേണ്ടായെന്ന് തീരുമാനിച്ചതിന്റെ ഒരു ചെറിയ വിശദീകരണം അദ്ദേഹം നല്‍കി.
'അല്ല രാജു നിന്നോട് ഞാന്‍ ഹോണസ്റ്റ് ആയിട്ട് ഒരു കാര്യം ചോദിച്ചോട്ടെ! ഞാന്‍ മരിച്ചു കഴിഞ്ഞപ്പം നിങ്ങള്‍ അമേരിക്കക്കാര്‍, നീയുള്‍പ്പടെ, കുറെ ബഡായി അടിക്കുന്നത് കണ്ടല്ലോ- എനിക്ക് മുണ്ടും ഉടുപ്പും വാങ്ങിത്തരുന്നത് നിങ്ങളാണെന്നും, കുളിക്കാനുള്ള കുഴമ്പും സോപ്പുമൊക്കെ നിങ്ങളുടെ വീട്ടില്‍ നിന്നാണെന്നും; കഞ്ഞിയും ചമ്മന്തിയും മറ്റും. ഇവരുടെയൊക്കെ തള്ളല്‍ കേട്ടാല്‍, ഞാനവരുടെ തോളില്‍ കൈയ്യിട്ടോണ്ടാ നടന്നതെന്നു തോന്നും. തള്ളലിനും വേണ്ടേ മോനേ ഒരതിര്-'
'കുഞ്ഞൂഞ്ഞച്ചായന്‍ അതങ്ങ് ക്ഷമിച്ചുകള- അത് ഞങ്ങള്‍ അമേരിക്കന്‍ പ്രാഞ്ചികളുടെ ഒരു ദൗര്‍ബല്യമാണ്. ഭരണാധികാരികളും, സിനിമാക്കാരുമൊക്കെ വരുമ്പോള്‍, അവരുടെ കൂട്ടത്തില്‍ നിന്നൊരു ഫോട്ടോ എടുത്തിട്ട്, അവസരം കിട്ടുമ്പോള്‍ അതെടുത്ത് അലക്കും.
അതുപോട്ടെ, കഴിഞ്ഞൊരു അനുശോചന സമ്മേളനത്തില്‍ അങ്ങയെ പരിശുദ്ധനായി പ്രഖ്യാപിക്കണമെന്ന് ചിലരൊക്കെ നിര്‍ദേശിച്ചല്ലോ! അതെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?
'എന്റെ പൊന്നുമോനേ- ഞാന്‍ ജീവിച്ചിരുന്നപ്പോള്‍ എന്റെ പാര്‍ട്ടിക്കാരുള്‍പ്പടെ എന്നെ കൊല്ലാക്കൊല ചെയ്തതല്ലേ? എന്റെ സഭക്കാര് എന്നെ പടിയടച്ചു പിണ്ഡം വച്ചതല്ലേ? അവിടെയിപ്പോള്‍ തന്നെ 'പരിശുദ്ധന്‍' എന്ന ലേബലും നെറ്റിയില്‍ ഒട്ടിച്ചുകൊണ്ട് കുറെപേര്‍ തേരാ പാരാ നടക്കുന്നുണ്ടല്ലോ! അക്കൂട്ടത്തില്‍ എന്നെക്കൂടി പരിശുദ്ധനാക്കി അപമാനിക്കല്ലേ- എന്റെ കബറിടത്തില്‍ കാണിക്കവഞ്ചി വെച്ച് പാവങ്ങളുടെ കാശ് പിരിക്കാതിരുന്നാല്‍ മതിയായിരുന്നു'
കുറ്റങ്ങളും കുറവുകളുമുള്ള ഒരു സാധാരണ മനുഷ്യനാണ് ഞാന്‍. കുറച്ച് പാവങ്ങളെ ഞാന്‍ മനസ്സറിഞ്ഞ് സഹായിച്ചിട്ടുണ്ട്. അവരുടെ ആത്മാര്‍ത്ഥത കണ്ട് മരിച്ചുകിടന്ന ഞാന്‍ പോലും 'ഇത്ര വലിയ മഹാനായിരുന്നോ ഞാന്‍' എന്നു ചിന്തിച്ചുപോയി- അവരുടെ മനസും, കണ്ണീരുമാണ് എനിക്കുള്ള നിത്യസ്മാരകം. മറ്റുള്ളതെല്ലാം ഒരു താത്കാലിക പ്രതിഭാസമാണ്. തന്നെയുമല്ല എന്നെ പരിശുദ്ധനാക്കിയാല്‍, എനിക്കെതിരേ നരകത്തെ പോലും നാണിപ്പിക്കുന്ന വിധത്തില്‍, അതിക്രൂരമായ നുണ പ്രചാരണം നടത്താന്‍ അവര്‍ ഉപയോഗിച്ച സരിതയെന്ന മഹിളയെ പരിശുദ്ധയായി പ്രഖ്യാപിച്ച് എന്നെ അവഹേളിക്കാനും അവര്‍ മടിക്കില്ല.
അതുകൊണ്ട് എന്നെ പരിശുദ്ധനാക്കുവാന്‍ നടക്കുന്നവരോട് ഒരു എളിയ അപേക്ഷ
'ലിവ് മീ എലോണ്‍'.