
സി.പി.എമ്മിനും എല്ലാം കൊണ്ടും ഇത് പറ്റിയ സമയമല്ല. ഉമ്മന്‍ചാണ്ടിയുടെ ജനപിന്തുണ മാനിച്ച് അദ്ദേഹത്തിന്റെ മകന് പിന്തുണ നല്‍കി ഇത്തവണ മാറിനിന്നാല്‍ അതൊരു അന്തസ്സാകും. വേണ്ടാത്ത ഒരു വിഴുപ്പലക്കല്‍ അങ്ങനെ ഒഴിവാക്കാനും പറ്റും. ഈ ആശയം സുധാകരന്‍ സൂചിപ്പിച്ചത് നമുക്ക് മറന്നു കളഞ്ഞേക്കാം. സുധാകരന്‍ പറഞ്ഞത് ഹീനമായ രാഷ്ട്രീയവും, സി.പി.എം ചെയ്യുന്നത് രാഷ്ട്രീയ മര്യാദയായും ചരിത്രം കാണില്ലേ? മാത്രവുമല്ല വലിയൊരു പരാജയത്തില്‍ നിന്നു രക്ഷപ്പെടുകയും ചെയ്യാം.
സതീശന്‍ ഉമ്മന്‍ചാണ്ടിയെ പുണ്യാളനാക്കാതെ തന്നെ ഇത്തവണ ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് പുതുപ്പള്ളി മണ്ഡലത്തിലെ ആരോട് ചോദിച്ചാലും നിസ്സംശയം പറയും. ഉമ്മന്‍ചാണ്ടിയെ ജനം ഇത്രമേല്‍ സ്‌നേഹിച്ചുവെന്ന് നമ്മില്‍ പലരും തിരിച്ചറിഞ്ഞ് തന്നെ അദ്ദേഹത്തിന്റെ ചേതനയറ്റ ഭൗതികശരീരം തിരുവനന്തപുരത്തുനിന്ന് പുതുപ്പള്ളി വരെ എത്തിച്ചപ്പോഴുള്ള ജനത്തിന്റെ തള്ളിക്കയറ്റം ചാനലുകളില്‍ കണ്ടല്ലേ? മൂന്നര മണിക്കൂര്‍ കൊണ്ട് എത്താവുന്ന ദൂരം പിന്നിട്ടത് 34 മണിക്കൂര്‍ കൊണ്ടായിരുന്നു. എന്തിനേറെ തങ്ങളുടെ അപ്പ ഇത്രയേറെ ജനമനസ്സുകളില്‍ കയറിപ്പറ്റിയ ആളാണെന്ന് മക്കള്‍ വരെ അറിഞ്ഞതും അദ്ദേഹത്തിന്റെ മരണശേഷം !
തങ്ങള്‍ 53 വര്‍ഷമായി എം.എല്‍.എയായി സ്വന്തമാക്കി വച്ചിരുന്ന ഉമ്മന്‍ചാണ്ടി, തങ്ങള്‍ക്ക് മാത്രമല്ല മലയാളികള്‍ക്ക് മുഴുവന്‍ ഇത്ര പ്രിയങ്കരനായിരുന്നു എന്ന തിരിച്ചറിവ് പുതുപ്പള്ളിക്കാര്‍ക്ക് ഉണ്ടായത് ഇപ്പോഴല്ലേ ? മാത്രമല്ല, തങ്ങളുടെ നാട്ടിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലേക്ക് ഇപ്പോഴും ഒഴുകിയെത്തുന്ന ജനാവലിയെ നേരിട്ട് കാണുന്നതും അവരല്ലേ ? ആ മനുഷ്യനു കഴിഞ്ഞ തവണ വോട്ട് ചെയ്യാത്തവര്‍ പോലും ഇത്തവണ ചാണ്ടി ഉമ്മനല്ലേ പ്രായശ്ചിത്ത വോട്ട് ചെയ്യൂ. സഹതാപ വോട്ട് ഇപ്പോള്‍ കിട്ടിയില്ലെങ്കില്‍ പിന്നെ എപ്പോള്‍ കിട്ടാന്‍ ? ഉമ്മന്‍ചാണ്ടിയോടുള്ള ആദരവ് പ്രമാണിച്ച് ഈ ഇലക്ഷനില്‍ നിന്ന് സി.പി.എം മാറിനിന്നാല്‍ വിഴുപ്പലക്ക് ഇല്ലാതെ കഴിക്കാം.
റെക്കോര്‍ഡ് ജയമാകും :
ഇപ്പോഴത്തെ നിയമസഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷം കെ.കെ ശൈലജ ടീച്ചര്‍ക്കാണല്ലോ. അത് ഇത്തവണ ചാണ്ടി ഉമ്മന്‍ കടക്കുമോ എന്ന് മാത്രമേ നോക്കേണ്ടൂ. ശൈലജക്ക് 60000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. കേരളചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ജിന്‍. സ്പീക്കര്‍ ഷംസീറിന്റെ മിത്ത് പ്രയോഗവും ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂട്ടും. ആ വോട്ടൊന്നും ബി.ജെ.പിക്ക് കിട്ടില്ല. മിത്ത് കാര്യത്തിലുള്ള ഗണപതി ആരാധകരുടെ വോട്ട് ബി.ജെ.പി സ്ഥാനാര്‍ഥിക്ക് നല്‍കിയാല്‍ അവരുടെ പ്രതിഷേധത്തിന്റെ ഇഫക്ട് ശരിക്ക് കിട്ടില്ല. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂട്ടി സര്‍ക്കാറിനു സമ്മര്‍ദമുണ്ടാക്കുകയാകും എന്‍.എസ്സ്.എസ്സുകാര്‍ ചെയ്യുക.
വാസവനും അനിലും :
മന്ത്രി വാസവന്റെ അഭിപ്രായത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഒന്നും പറയാതെ ഈ ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലായി മാറ്റണമെന്നാണ്. അപ്പോള്‍ അതിനൊരു രാഷ്ട്രീയമാനം വരും. ഇടത് ചിന്താഗതിയുള്ളവര്‍ അധികം ഉള്ള ഈ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയായതു കൊണ്ടു മാത്രം വോട്ട് മാറി ചെയ്തവരെ തിരുത്തി, അത് പാര്‍ട്ടി വോട്ടുകളാക്കി മാറ്റാനാവുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. മണ്ഡലത്തിലെ 8 പഞ്ചായത്തുകളില്‍ ആറിലും ഇടതു മുന്നണിയാണല്ലോ ഭരിക്കുന്നത്. അനില്‍കുമാര്‍ വക്കീലിനെ പോലുള്ള മറ്റൊരു വിഭാഗം ഉമ്മന്‍ചാണ്ടിയുടെ ഇമേജ് തകര്‍ക്കുന്ന പ്രചാരണമാണ് നല്ലതെന്ന് വാദിക്കുന്നു, അതെങ്ങനെ പുതുപ്പള്ളിക്കാരെടുക്കും എന്നാണ് വാസവന്റെയും മറ്റും ഉത്കണ്ഠ.
പെരുന്നാളും ഓണവും :
ചാണ്ടി ഉമ്മന്റെ പ്രചാരണത്തിന് സഹോദരി അച്ചു ഉമ്മന്‍ ചുക്കാന്‍ പിടിക്കും. ഒരു ചരിത്ര വിജയം നേടാന്‍ മുഴുവന്‍ സമയം രംഗത്തിറങ്ങും. അച്ചു ഉമ്മന്‍ ഇതോടൊപ്പം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുമിടയുണ്ട്. കേരളത്തിന്റെ 'പ്രിയങ്ക'യായി പലരും അച്ചുവിനെ ഉയര്‍ത്തി കാട്ടുന്നുണ്ട്. ഒരുപക്ഷേ, ചാഴിക്കാടനെതിരെ കോട്ടയത്ത് മത്സരിക്കാന്‍ അച്ചു ഉമ്മന്റെ പേര് കോണ്‍ഗ്രസുകാര്‍ കൊണ്ടുവരും. അങ്ങനെയെങ്കിലും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ ആഗ്രഹം ഇല്ലാതാക്കാം എന്ന് കരുതുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ട്. മണര്‍കാട് പള്ളിയിലെ 8 നോമ്പിന്റെയും ഓണത്തിന്റെയും സമയത്ത് ഇലക്ഷന്‍ നടത്തിയതിന് എതിരെയും വോട്ടര്‍ പട്ടികയുടെ കാലാവധി നിര്‍ണ്ണയത്തിലും എതിര്‍പ്പുകളുണ്ട്.
മാസപ്പടി വരെ :
ഹര്‍ഷീനയുടെ കാര്യത്തില്‍ നല്ലൊരു തീരുമാനം ഉണ്ടാകാത്തതില്‍ സ്ത്രീകള്‍ പൊതുവെ ഷുഭിതരാണ്. വീണ മന്ത്രി ഏര്‍പ്പെടുത്തിയ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് തള്ളുകയും അതിനെതിരെ പ്രതിഷേധിച്ചതിന് ഹര്‍ഷീനയെയും കുടുംബക്കാരെയും അറസ്റ്റ് ചെയ്ത സംഭവവും ഉപതെരഞ്ഞെടുപ്പിനെ ബാധിക്കും. പിണറായിയുടെ മകള്‍ വീണയുടെ മാസപ്പടി വിവാദം തുടങ്ങിയവയെല്ലാം ഈ ഉപതെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാകും.
അടിക്കുറിപ്പ് : വിവാദങ്ങള്‍ രാഹുലിന്റെ കൂടപ്പിറപ്പായോ? സ്മൃതി ഇറാനി ഇന്നു പറയുന്നത് ബി.ജെ.പി വനിതാ എം.പിമാര്‍ക്ക് രാഹുല്‍ ഇന്ന് ഫ്‌ളൈയിങ് കിസ്സ് നല്‍കിയെന്ന്! ചിലപ്പോള്‍ ഇതും വലിയ വിവാദമായി ബി.ജെ.പി മാറ്റിയേക്കും.
കെ.എ ഫ്രാന്‍സിസ്