
നിബു ജോണ്‍ വിമതനായി പുതുപ്പള്ളിയില്‍ മത്സരിച്ചിരുന്നുവെങ്കില്‍ മത്സരം കോണ്‍ഗ്രസുകാര്‍ തമ്മിലായിരുന്നു എന്ന മട്ടിലാക്കാന്‍ സി.പി.എമ്മിന് എളുപ്പമായിരുന്നു. പിടിച്ച പൊന്‍ മീന്‍ വഴുതി പോയില്ലേ? എല്ലാം ഗണപതി കോപമാകാം.
ഇന്നലെ എന്തായിരുന്നു ചാനലുകാരുടെ ബ്രേക്കിംഗ് ന്യൂസ് ! സി.പി.എം ഒരു സ്വതന്ത്രനെ ഇറക്കുന്നു. ചാണ്ടി ഉമ്മനെതിരെ ഉമ്മന്‍ചാണ്ടി മകനെ പോലെ കൂടെ കൊണ്ടുനടന്ന ഒരാളെയാണ് ഇറക്കുക. അയാളുടെ പേരൊഴിച്ചു അയാളെപ്പറ്റിയെല്ലാം പറഞ്ഞതോടെ പ്രേക്ഷകരെല്ലാം ആശങ്കയിലായി. അവര്‍ പരസ്പരം ചോദിക്കാന്‍ തുടങ്ങി ആരാണീ 'ദത്തുപുത്രന്‍'?
ചാനലുകള്‍ മാറ്റി നോക്കിയാലും അവരെല്ലാം പറയുന്നതു ഒരുപോലെ. പുതുപ്പള്ളിയെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിയാണെന്ന് വരെ ഒരു ചാനല്‍ വെളിപ്പെടുത്തി. ഒടുവില്‍ ആളെ പിടികിട്ടി. ജില്ലാ പഞ്ചായത്തില്‍ പഞ്ചായത്തിനെ പ്രതിനിധീകരിക്കുന്ന ഈ കക്ഷി പുതുപ്പള്ളി പഞ്ചായത്ത് മെമ്പറുമായിരുന്നു. ഇപ്പോള്‍ ജില്ലാ പഞ്ചായത്തിലെ പ്രതിപക്ഷനേതാവ്. ചാനലുകാര്‍ക്ക് ഒരു സൂക്കേടുണ്ട്. ഒരു ചാനല്‍ പറഞ്ഞാല്‍ മറ്റുള്ള ചാനലുകളിലും അതേപടി അത് വരും. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് ആരും മത്സരരംഗത്ത് ഇല്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് പരിഗണിക്കാവുന്ന യുവാവാണ് നിബു ജോണ്‍. ആ പാവത്തിന് സ്ഥാനാര്‍ഥി മോഹം ഉള്ളിലുണ്ടെന്നറിഞ്ഞ സി.പി.എമ്മുകാര്‍ കക്ഷിയെ കാര്യമായി പ്രോത്സാഹിപ്പിച്ചു. പക്ഷെ മനസ്സാക്ഷി സമ്മതിക്കുന്നില്ല. എന്തു മനസ്സാക്ഷിയെന്നായി സി.പി.എം. കോണ്‍ഗ്രസുകാരും ഉമ്മന്‍ ചാണ്ടിയുടെ വീട്ടുകാരും നിബുവിനെ കണ്ടു. ഒടുവില്‍ നിബു ഒരു ചാനല്‍ റിപ്പോര്‍ട്ടറെ വിളിച്ചു വരുത്തി പറഞ്ഞു : 'ഞാന്‍ കോണ്‍ഗ്രസുകാരനായി തുടരും'.
ചാണ്ടി 'ഉമ്മ' :
ഇലക്ഷനില്‍ നില്‍ക്കുകയോ പാര്‍ട്ടി മാറുകയോ ചെയ്തില്ലെങ്കിലും നിബു ജോണ്‍ കോണ്‍ഗ്രസുകാര്‍ക്ക് വെറുക്കപ്പെട്ടവനായി. ഇലക്ഷനില്‍ ഇയാള്‍ നിന്നിരുന്നെങ്കില്‍ സി.പി.എമ്മുകാര്‍ പോലും ഇയാള്‍ക്ക് വോട്ട് ചെയ്യുമായിരുന്നില്ലെന്ന തിരിച്ചറിവ് പിന്നീട് സി.പി.എമ്മിനും ഉണ്ടായി. ഇത്തവണ ചാണ്ടി ഉമ്മന്‍ നിന്നാല്‍ സഹതാപതരംഗം ഉറപ്പല്ലേ ? ചുമരെഴുത്ത് തന്നെ പലതും ചാണ്ടി ഉമ്മ എന്നേ ആദ്യം വായിക്കൂ. 'നെ' ചെറിയ അക്ഷരത്തിലാണ്. പോസ്റ്ററില്‍ ചാണ്ടി ഉമ്മന്റെ പടം മാത്രമല്ല ഉമ്മന്‍ചാണ്ടിയുടെ പടവുമുണ്ട്.
മണര്‍കാട് എട്ടുനോമ്പ് അവസാനിക്കുന്ന ദിവസമാണ് ഇപ്പോഴത്തെ നിലക്ക് വോട്ടെണ്ണല്‍. പെരുന്നാളിന് ഇടയില്‍ വോട്ടെടുപ്പും നടക്കും. ഇലക്ഷന്‍ തീയതി മാറ്റണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെടുന്നുണ്ട് എങ്കിലും, ഇലക്ഷന്‍ എത്ര പെട്ടെന്ന് നടക്കുന്നുവോ കോണ്‍ഗ്രസിന് അത്രയും ഗുണകരമാവും. വലിയൊരു പരാജയം മുന്നില്‍ കണ്ടുള്ള ഈ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി നേതാക്കളില്‍ പലര്‍ക്കും താത്പര്യമില്ല. കഴിഞ്ഞ തവണ മത്സരിച്ച ജെയ്ക്കിനെ വെച്ച് മുന്നോട്ടു പോവുകയേ തല്‍ക്കാലം തരമുള്ളു. അല്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്നലെ നാം പറഞ്ഞതുപോലെ മത്സരത്തില്‍ നിന്നും മാറിനില്‍ക്കാം.
തൃക്കാക്കര തെരഞ്ഞെടുപ്പില്‍ പി.രാജീവിനുണ്ടായ ദുരനുഭവം തനിക്കും ഉണ്ടാകാതിരിക്കാനാണ് മന്ത്രി വാസവന്റെ മുന്‍കരുതലുകള്‍. പൊതുവേ വലിയ പരിക്കില്ലാതെ പോകുന്ന വാസവന്‍ മന്ത്രി സൂക്ഷിച്ച് തന്നെയാണ് ഓരോ കാലും മുന്നോട്ട് വെക്കുന്നത്. നിബു ജോണിനെ കിട്ടിയിരുന്നെങ്കില്‍ ഒരു വിമതനെ പിന്തുണച്ചുവെന്നങ്ങു പറയാമായിരുന്നു. വാസവനല്ലേ ആള്, എന്തെങ്കിലും തന്ത്രം മനസ്സില്‍ കണ്ടു കാണും. പുതുപ്പള്ളിയിലെ ചലനങ്ങള്‍ ഈ പാമ്പാടിക്കാരന്റെ കൈവെള്ളയില്‍ തെളിഞ്ഞു കാണാം.
ഗണേശന്‍ തുണ :
നാമജപ യാത്രക്കേസിന്റെ തുടര്‍ നടപടി നാലാഴ്ചത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ സമയത്ത് ഒരു അന്വേഷണമോ, അറസ്റ്റോ പാടില്ല. എന്‍.എസ്.എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാറും കണ്ടാലറിയുന്ന ആയിരം പേരും കേസില്‍ നിന്ന് തല്‍ക്കാലം വിമുക്തരായി. ആ സംഘടനയുടെ ഡയറക്ടറായി ഗണേഷ് കുമാര്‍ നായര്‍ ഉള്ളത് പിണറായിക്ക് തുണയായി. അടുത്ത നവംബറോടെ മന്ത്രിയാകുന്ന ഗണേശിനാകട്ടെ ഗണേശ് ആഗ്രഹിച്ച വകുപ്പും കിട്ടും. നാമജപയാത്രക്കേസ് ഇനി 'നാമമാത്രം'
അടിക്കുറിപ്പ് : രാഷ്ട്രീയ നേതാക്കള്‍ വ്യവസായികളില്‍ നിന്ന് പണം വാങ്ങുന്നതിലെന്താണ് തെറ്റെന്ന് സതീശന്‍ ഇന്ന് മാധ്യമങ്ങളോട് ചോദിക്കേണ്ട അവസ്ഥയിലെത്തി. വീട്ടിലെ തേങ്ങ വിറ്റ കാശുകൊണ്ട് ആരെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നുണ്ടോ ? സ്‌റ്റൈലന്‍ ചോദ്യം അല്ലേ ? പണം വാങ്ങിയ രാഷ്ട്രീയ നേതാക്കളെല്ലാം പണം പിരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ചുമതലപ്പെടുത്തിയവരാണ്, അത് സംഭാവന ! വീണ വാങ്ങിയത് അതല്ലയെന്നായി സതീശന്‍. കുഴല്‍നാടന്‍ ഒറ്റക്ക് നിയമസഭയില്‍ ഒരു പോരാട്ടം നടത്തി നോക്കി, സ്പീക്കര്‍ അത് തടഞ്ഞു.
കെ.എ ഫ്രാന്‍സിസ്