
കരിമണല്‍ 'മാസപ്പടി' കഥകള്‍ പുറത്തു വന്നതോടെ നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ പൊയ്മുഖങ്ങളല്ലേ അഴിഞ്ഞു വീഴുന്നത്. ഒരു പണിയും ചെയ്യാത്ത ഇവരുടെ വീടും ആഡംബര ജീവിതവും ഇങ്ങനെയൊക്കെ കിട്ടുന്ന പണം കൊണ്ടല്ലേയെന്ന് നാട്ടുകാര്‍ വിലയിരുത്തുന്നു. കരിമണല്‍ സംബന്ധിച്ച് പണം വാങ്ങിയ പല നേതാക്കളുടെയും പേരുകള്‍ പുറത്തുവന്നു, ആരും നിഷേധിച്ചിട്ടില്ല. വാങ്ങിയത് പാര്‍ട്ടിയ്ക്കാണു പോലും ! മക്കളുടെ കല്യാണ പാര്‍ട്ടിയ്ക്കോ, വീടുകൂടല്‍ പാര്‍ട്ടിയ്ക്കോ, ഫാമിലി ടൂര്‍ പാര്‍ട്ടിയ്ക്കോ?
പറമ്പിലെ തേങ്ങ വിറ്റ് ആരും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നില്ലെന്ന് സതീശന്‍ പറയാതെ തന്നെ നമുക്കൊക്കെ അറിയാം. കരിമണല്‍ കമ്പനിയില്‍ നിന്ന് പണം കിട്ടിയത് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനയാണെന്ന് രാഷ്ട്രീയപാര്‍ട്ടിക്കാര്‍ക്ക് പറയാം. അതാണല്ലോ പത്രസമ്മേളനം നടത്തി യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞത്. ചില നേതാക്കള്‍ ഇത്തരം പണം കൈ കൊണ്ട് തൊടാറു പോലുമില്ലത്രേ ! കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍സ് ഈ രാഷ്ട്രീയ നേതാക്കള്‍ക്കടക്കം 'പണ'മായാണ് പോലും നല്‍കിയിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
പണം വാങ്ങിയവരില്‍ അധികപേരും പ്രതിപക്ഷത്ത് ഉള്ളവരാണെങ്കിലും മറ്റു പാര്‍ട്ടിക്കാരും വിശുദ്ധരല്ല. ഈ പണമിടപാടില്‍ പ്രതികരിച്ച രാഷ്ട്രീയ നേതാക്കള്‍ എല്ലാം പാര്‍ട്ടി അധികാരപ്പെടുത്തിയതനുസരിച്ച് സംഭാവന വാങ്ങിയെന്നാണ് ഒഴുക്കന്‍ മട്ടില്‍ പറയുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യവസായികളില്‍ നിന്നോ മറ്റോ സംഭാവന വാങ്ങുമ്പോള്‍ അതിനു ചില ചട്ടവട്ടങ്ങള്‍ ഒക്കെയുണ്ട്. അത് പാലിച്ചിട്ടുണ്ടോ എന്ന് ഒരു അന്വേഷണം വന്നാല്‍ മേനി പറഞ്ഞു നടക്കുന്ന പല നേതാക്കളും തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും. അഴിമതിയുടെ വിരല്‍ ഒരാളുടെ മേല്‍ ചൂണ്ടുമ്പോള്‍ചുണ്ടുവിരലൊഴിച്ചുള്ള നാല് വിരലുകളും അവരവരുടെ നെഞ്ചിലേക്കാണ് ചൂണ്ടുന്നതെന്ന് പറയുന്നത് എത്ര ശരി ! കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ താഴേക്കിട മുതല്‍ മേലോട്ടുള്ള അംഗീകൃത പ്രവര്‍ത്തകര്‍ക്ക് നിശ്ചിത വേതനം നല്‍കണം ഇക്കാര്യത്തില്‍ സി.പി.എം മാതൃകാപരമായി അത് ചെയ്യുന്നുണ്ടെങ്കിലും അവരുടെ നേതാക്കളും ഇത്തരം സംഭാവന വാങ്ങുന്നതില്‍ ഒട്ടും പിന്നിലല്ല. ചില മിടുക്കന്മാര്‍ ഇല്ലീഗലായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി കോടിക്കണക്കിന് രൂപ തന്നില്ലെങ്കില്‍ ഇടപാട് പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു.
അടിക്കുറിപ്പ് : കോണ്‍ഗ്രസ് നേതാവ് മുരളിയുടെ ജെയ്ക്കിനെ പറ്റിയുള്ള വാചകം നന്നായി. 'ജെയ്ക്കിന് ഹാട്രിക് ഉറപ്പായി. അപ്പനോടും മകനോടും തോറ്റുവെന്ന ഖ്യാതിയും നേടാം' മുരളി ലീഡറുടെ മകന്‍ തന്നെ.
കെ.എ ഫ്രാന്‍സിസ്