Image

നടി വിൻസിയാണ് താരം!  (വിജയ് സി. എച്ച്)

Published on 13 August, 2023
നടി വിൻസിയാണ് താരം!  (വിജയ് സി. എച്ച്)

"ഒരു സ്വപ്നത്തിൻ്റെ സാക്ഷാൽകാരം," എന്നാണ് താൻ നേടിയ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെക്കുറിച്ചു യുവ അഭിനേത്രി വിൻസി അലോഷ്യസ് ആഹ്ളാദത്തോടെ പ്രതികരിച്ചത്.
ഉടനെയെത്തിയ വിശദീകരണം അതിലും ആഹ്ളാദം നിറഞ്ഞ സ്വരത്തിലായിരുന്നു: "സൂപ്പർസ്റ്റാർ മമ്മൂക്ക നേടിയ അതേ പദവിയുള്ള അവാർഡ് ഞാൻ നേടുകയോ, വിശ്വസിക്കാൻ കഴിയുന്നില്ല! അപ്പച്ചനും, അമ്മച്ചിയ്ക്കും, സഹോദരനും ഏറ്റവും ഇഷ്ടമുള്ള നടനാണ് മമ്മൂക്ക. അങ്ങനെയുള്ളൊരു ആരാധ്യ നായകൻ നേടിയതിനു തുല്യമായ അവാർഡ് കിട്ടുന്നത് മഹാഭാഗ്യം! അത്ഭുതം തോന്നുന്നു."
വിൻസിയുടെ വാക്കുകളിലൂടെ...


🟥 'രേഖ' നൽകിയ സൗഭാഗ്യം
എനിയ്ക്ക് അവാർഡ് നേടിത്തന്ന 'രേഖ' എന്ന പടത്തിൽ രേഖയെന്നു പേരുള്ള കേന്ദ്രകഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. സ്ത്രീകേന്ദ്രീകൃത കഥയാണ് 'രേഖ'യുടേത്. അഭിനയ മികവ് പ്രകടിപ്പിക്കാൻ ധാരാളം അവസരമുള്ള റോളാണിത്. ഉണ്ണി ലാലുവാണ് നായകൻ. കഥയിലും അതിൻ്റെ ചിത്രീകരണത്തിലുമുള്ള പുതുമകളാണ് 'രേഖ'യെ ഇത്തരം സാധാണ സിനിമകളിൽ നിന്നു വിഭിന്നമാക്കുന്നത്. സംവിധായകൻ ജിതിൻ ഐസകിൻ്റെ തന്നെയാണ് കഥ. അനീതിക്കെതിരെ, മുൻകൂട്ടിപറയാനാവാത്ത തരത്തിലുള്ള പ്രതികാര രീതിയും മറ്റും സിനിമയെ തന്നെ വേറിട്ടൊരു അനുഭവമാക്കുന്നുണ്ടെന്നാണ് നിരൂപകരുടെ വിലയിരുത്തൽ. കഥയിൽ വൈകാരികത തുളുമ്പി നിൽക്കുന്നൊരു സന്ദർഭത്തിൽ എത്തുന്ന സിതാര ചേച്ചിയുടെ (ഗായിക സിതാര കൃഷ്ണകുമാർ) ഗാനം സിനിമയ്ക്ക് നല്ലൊരു പഞ്ചു നൽകുന്നുണ്ട്. ഈ പാട്ടിൻ്റെ ചിത്രീകരണം ഭാവാഭിനയത്തിന് എനിയ്ക്ക് ധാരാളം അവസരം നൽകി. ഒരുപാടു പോസിറ്റീവ് ഫീഡ്ബേക്കുകൾ ലഭിച്ച വിഷ്വൽ സീക്വൻസുകളാണ് ഈ ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 'ഓർമകൾ ഒരുപാട്...' എന്നു തുടങ്ങുന്ന ഗാനം ശരിയ്ക്കും പറഞ്ഞാൽ പടത്തിൻ്റെ പ്രധാനപ്പെട്ടൊരു ഹൈലൈറ്റാണ്. മേൽ വെർഷൻ ആലപിക്കുന്നത് നിഖിലാണ്.


🟥 പുരസ്കാരം പ്രതീക്ഷിച്ചില്ല, പക്ഷേ...
തികഞ്ഞ ആത്മാർത്ഥതയോടെയുള്ളൊരു വർക്കാണ് 'രേഖ'യ്ക്കു വേണ്ടി ചെയ്തത്. ആ റോൾ ആവശ്യപ്പെടുന്നത്രയും ഡെഡിക്കേഷനോടെ ഞാൻ അഭിനയിക്കാൻ ശ്രമിച്ചു. കഥ നടക്കുന്നത് കാസറഗോഡ് ജില്ലയിലായതുകൊണ്ട് അവിടെയുള്ളവരുടെ സ്ലേംഗ് ഭാഷ പോലും പഠിച്ചു. യഥാർത്ഥത്തിൽ, ഒരു വെല്ലുവിളി ഏറ്റെടുത്തു പൂർത്തീകരിക്കുന്നൊരു മാനാസീകാവസ്ഥയിൽ ആയിരുന്നു ഞാൻ! ആത്മബന്ധമുള്ള കഥാപാത്രമായതിനാൽ സ്വാഭാവികമായിത്തന്നെ ആ കേരക്റ്ററായി ജീവിക്കാൻ കഴിഞ്ഞു. അതിനാൽ ഷൂട്ട് കഴിഞ്ഞപ്പോൾ തികഞ്ഞ സംതൃപ്തിയുണ്ടായിരുന്നു. പക്ഷേ, അപ്പോഴൊന്നും സംസ്ഥാന പുരസ്കാരത്തെക്കുറിച്ചു ചിന്തിച്ചിട്ടില്ല. തുടക്കത്തിൽ പടത്തിൻ്റെ വിതരണത്തിന് പ്രശ്നം നേരിട്ടു. ഒരു പോസ്റ്റർ പോലും ഇല്ലായിരുന്നു. അതിനാൽ കുറച്ചു തിയേറ്ററുകളിൽ മാത്രമേ 'രേഖ' ആദ്യം പ്രദർശിപ്പിക്കപ്പെട്ടിരുന്നുള്ളൂ. ആ സമയത്ത് ലഭിച്ച ചില ആസ്വാദനക്കുറിപ്പുകളിൽ എൻ്റെ അഭിനയ മികവിനെക്കുറിച്ചുള്ള പരാമർശനങ്ങൾ ഉണ്ടായിരുന്നു. അത് ചില പ്രതീക്ഷകൾക്കു വക നൽകി. അതിനാൽ ഇത് ആഗ്രഹിച്ച നേട്ടമാണ്. അഹങ്കാരമാണെന്ന് ആരും കരുതരുതല്ലൊ, കൂടുതലൊന്നും ഇതേപ്പറ്റി പറയുന്നില്ല. ഇപ്പോൾ 'രേഖ'യെക്കുറിച്ചു എല്ലാവരും അറിഞ്ഞു. അതാണ് വലിയ നേട്ടം. പടം എല്ലായിടത്തുമെത്തിക്കാൻ ഇനി വിതരണക്കാരെ ലഭിയ്ക്കുമെന്നാണ് കരുതുന്നത്. തിയേറ്ററില്ലെന്നു കരുതി ദുഃഖിച്ച അതേ സിനിമയിലെ അഭിനയത്തിനാണ് അവാർഡ് ലഭിച്ചത്. എന്നാൽ, മികച്ച നടനുള്ള പുരസ്കാരം മമ്മൂക്കയ്ക്ക് നേടിക്കൊടുത്ത 'നൻപകൽ നേരത്ത് മയക്കം' തിയേറ്റുകളിൽ ഹൗസ്ഫുൾ ഓടിയ പടമാണ്.


🟥 റിയാലിറ്റ ഷോയിൽ തുടക്കം
റിയാലിറ്റി ഷോയിലൂടെയാണ് ഞാൻ ആദ്യം പ്രേക്ഷകരുടെ മുന്നിലെത്തിയത്. സ്കിറ്റുകളിൽ, 'ചിക്കൺ കറി എങ്ങനെ ഉണ്ടാക്കാം' എന്നത് സമൂഹ മാധ്യമങ്ങളിൽ തരംഗങ്ങൾ തീർത്തു. വിഷയം എന്തായിരുന്നാലും അത് കുറ്റമറ്റതാക്കാൻ ശ്രമിച്ചു. കുറേ കഷ്ടപ്പാടുകൾ സഹിച്ചാണ് സിനിമാ രംഗത്തെത്തിയത്. ആത്മസമർപ്പണം താനെ വരില്ലേ! അതുകൊണ്ടായിരിക്കാം ജനങ്ങൾ എന്നെ ശ്രദ്ധിച്ചത്.


🟥 'വികൃതി' പ്രഥമ പടം
'വികൃതി'യാണ് ബിഗ് സ്ക്രീനിലെ ആദ്യ പടം. സൗബിൻ ഷാഹിറിൻ്റെ നായിക വേഷമായിരുന്നു. ആദ്യ പടമായ 'സുഡാനി ഫ്രം നൈജീരിയ'യിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചയാളാണ് സൗബിനിക്ക. പിന്നെ, 'ഭീമൻ്റെ വഴി', 'കനകം കാമിനി കലഹം', 'ജനഗണമന', 'സോളമൻ്റെ തേനീച്ചകൾ', 'വൈറ്റ് ആൾട്ടൊ' എന്നിവയാണ് ഞാൻ അഭിനയിച്ച പടങ്ങൾ. നാലെണ്ണത്തിൽ നായികയാണ്. അതും പെൺകരുത്ത് പ്രകടമാക്കുന്നവ.


🟥 ഹിന്ദിയിലും നായിക വേഷം
ഇൻഡോറിലെ സാമൂഹിക പ്രവർത്തകയായിരുന്ന റാണി മരിയയുടെ യഥാർത്ഥ ജീവിതകഥ പറയുന്ന 'ഫെയ്സ് ഓഫ് ദ ഫെയ്സ്ലസ്' എന്ന ഹിന്ദി ചിത്രത്തലൂടെയാണ് ബോളിവുഡിലെ അരങ്ങേറ്റം. റാണി മരിയയുടെ വേഷമാണ് അതിൽ ഞാൻ ചെയ്യുന്നത്. മൂംബൈയിലും, പൂണെയിലുമുള്ള ലൊക്കേഷനുകളിൽ ഒന്നര മാസത്തോളം ഷൂട്ട് കഴിഞ്ഞു. രാജ്യത്തെ അഞ്ചെട്ടു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഈ പടത്തിൽ അഭിനയിക്കുന്നുണ്ട്. കേരളത്തിൽ നിന്ന് ഞാൻ മാത്രമേയുള്ളൂ. സംഭാഷണം ഹിന്ദിയിൽ തന്നെയാണ്. റിലീസ് ഉടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.


🟥 കുടുംബ പശ്ചാത്തലം
മലപ്പുറം ജില്ലയിലെ പൊന്നാനിയാണ് ജന്മസ്ഥലം. വളരെ സാധാരണക്കാരായവരുടെ കുടുംബത്തിലെ അംഗം. പിതാവ് ആലോഷ്യസ്, മാതാവ് സോണി, ജേഷ്ഠൻ വിപിൻ. സിനിമയിൽ സജീവമാകുന്നതിനു മുന്നെ ആർക്കിടെക്ചർ എൻജിനീയറിംങിൽ ബിരുദമെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക