എത്ര നേരമായി കാത്തു നിൽക്കാൻ തുടങ്ങിയിട്ട്..അയാൾ വല്ലാത്ത അസ്വസ്ഥതയോടെ അങ്ങുമിങ്ങും നടന്നു..ടെലഫോണെടുത്ത്ആരൊയൊക്കെയോ വിളിച്ചു.പിന്നെ,വാട്സ് ആപ്പിലും ഫെയ്സ് ബുക്കിലും എന്തൊക്കെയോ പോസ്റ്റു ചെയ്തു..
‘’കുറച്ചു കൂടി ക്ഷമിക്ക്,ഒന്ന് കൺഫേം ആയിക്കോട്ടെ,എന്നിട്ട് ഞാൻ പോസ്റ്റു ചെയ്യാം..’’
അയാൾ ആരോടോ ശബ്ദം താഴ്ത്തി പറഞ്ഞു..
പിന്നെ ആശുപത്രി വരാന്തയിൽ ദു;ഖഭരിതരായി നിൽക്കുന്ന ബന്ധുക്കളേയും സുഹൃത്തുക്കളേയും വീക്ഷിച്ചു..എല്ലാം ഉറപ്പാണെങ്കിൽ പിന്നെ ഡോക്ടർമാർക്ക് പ്രഖ്യാപിച്ചു കൂടെ..അവർ ഒന്ന് പ്രഖ്യാപിച്ചിരുന്നെങ്കിൽ പോസ്റ്റിട്ടിട്ട് വീട്ടിൽ പോകാമായിരുന്നു..
അയാളുടെ അസ്വസ്ഥതകൾക്കിടയിലും കൂടി നിന്നവർ അവസാന ആശ്രയമായി പ്രാർത്ഥനകളിൽ മുഴുകി.അപ്പോഴും അയാൾ വല്ലാതെ വെപ്രാളപ്പെടുകയായിരുന്നു.ഇത് ആദ്യത്തെ അനുഭവമൊന്നുമല്ല,
ഈ വി.ഐ.പികൾക്ക് ഇത് സ്ഥിരം പരിപാടിയാണെന്ന് തോന്നുന്നു..മുൻപൊക്കെ ഏകദേശം ഉറപ്പായിക്കഴിഞ്ഞാൽ ആദരാജ്ഞലികൾ പോസ്റ്റു ചെയ്ത് ലൈക്കിന്റെയും കമന്റിന്റെയും എണ്ണം നോക്കലായിരുന്നു പരിപാടി.എങ്കിലും അത് കണ്ട് ആളുകളുടെ ഉപദേശമൊക്കെയുണ്ടാകും,നിങ്ങൾ മരിക്കാതെ ആളുകളെ കൊല്ലുകയാണോ,വീട്ടുകാർ ജീവനു വേണ്ടി പ്രാർത്ഥിക്കുമ്പോഴാണോ നിങ്ങളുടെ ആദരാജ്ഞലി?
അങ്ങനെ ആൾക്കാരുടെ ചീത്തവിളി കേട്ട് പോസ്റ്റ് പിൻവലിക്കേണ്ടിയും വന്നിട്ടുണ്ട്.ഒരിക്കൽ വലിയ അബദ്ധവും പറ്റി.മരണം ഏതാണ്ട് ഉറപ്പിച്ച ഒരു വി.ഐ.പിയുടെ ചിത്രം വെച്ച് പോസ്റ്റിട്ട് രാത്രി ഉറങ്ങാൻ പോയതാണ്.പിറ്റേന്ന് രാവിലെ ഗുഡ്മോണിംഗ് പോസ്റ്റുകൾക്ക് മറുപടി അയക്കാൻ മൊബൈൽ ഓണാക്കിയപ്പോഴാണ് ഇന്നലത്തെ പോസ്റ്റിന് താഴെ ചീത്ത വിളികൾ കൊണ്ട് അഭിഷേകം..
‘’ജീവിച്ചിരിക്കുന്നവരെ കൊന്നിട്ട് നിനക്കെന്തു കിട്ടുമെടാ ..’’ എന്ന് തുടങ്ങി ചീത്ത വിളികൾക്ക് കയ്യും കണക്കുമില്ല.മലയാളത്തിലും ഇംഗ്ളീഷിലുമായി ഇത്രയധികം ചീത്തകളുണ്ടെന്ന് അന്നാണ് അയാൾക്ക് മനസ്സിലായത്.അന്ന് നിർത്തിയതാണ് പിന്നെ ഏകദേശം ഉറപ്പായാൽ മാത്രമെ കുറിപ്പും അദരാജ്ഞലികളും പൊസ്റ്റു ചെയ്യൂ. ആളുകൾ അഭിപ്രായം തുടങ്ങുമ്പോഴേയ്ക്കും വി.ഐ.പി.മരിച്ചിട്ടുണ്ടാകും.
അശുപത്രിയ്ക്ക് മുന്നിൽ ആളുകൾ കൂടിക്കൂടി വരുന്നുണ്ട്.ഡോക്ടർമാർ പുറത്തേക്ക് പോകുകയും അകത്തേയ്ക്ക് കയറുകയും ചെയ്തു കൊണ്ടിരുന്നു. അസ്വസ്ഥതയുടെ മണിക്കൂറുകൾ ഒന്നൊന്നായി കടന്നു പൊയ്ക്കൊണ്ടിരുന്നു. അപ്പോഴാണ് അകത്തു നിന്ന് ഒരു സിസ്റ്റർ പുറത്തേയ്ക്ക് വരുന്നതു കണ്ടത്,പ്രതീക്ഷയോടെ അയാൾ സിസ്റ്ററെ നോക്കി.
‘’സിസ്റ്റർ, തീരുമാനം വല്ലതുമായോ?’’
അയാളുടെ ചോദ്യം ഇഷ്ടപ്പെടാത്തതു കൊണ്ടാകണം സിസ്റ്റർ അത് കേൾക്കാത്തതു പോലെ നടന്നകന്നു.
സമയം ഒത്തിരി വൈകിയിരിക്കുന്നു,ലക്ഷണം കണ്ടിട്ട് ഇന്നു തന്നെ മരിക്കാനാണ് സാദ്ധ്യത..നിരന്നു നിൽക്കുന്ന റിപ്പോർട്ടർമാരുടെയും ക്യാമറമാൻമാരുടെയും ഇടയിലൂടെ അയാൾ പുറത്തേക്ക് നടന്നു..മൊബൈൽ കയ്യിലെടുത്ത് ആദരാജ്ഞലികൾ പോസ്റ്റു ചെയ്യുമ്പോൾ വി.ഐ.പിയുടെ കാര്യത്തിൽ എത്രയും വേഗം തീരുമാനമാകണേ എന്ന് അയാൾ പ്രാർത്ഥിച്ചു.അപ്പോൾ അകത്ത്,ദൈവമേ അദ്ദേഹത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരണേ എന്ന് ഭാര്യയും മക്കളും കുടൂംബാംഗങ്ങളും ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു.