മെയ് അലങ്കാരങ്ങൾ അഥവാ ബോഡി അഡോൺമെൻറ് മനുഷ്യരുടെ മനസ്സിൻറെ ഏറ്റവും വലിയ പ്രതിസന്ധികളുമായും പ്രശ്നങ്ങളുമായും ചേർന്നു കിടക്കുന്ന ഒന്നാണ്. ജുവനയിൽ ഡെലിൻക്വൻന്റ് ആയിട്ടുള്ള പെൺകുട്ടികൾ നിസ്സഹായമായിട്ടുള്ള അവസ്ഥയിൽ മുടി മുറിച്ചും അനാവശ്യമായ ഇറുക്കമുള്ള വസ്ത്രങ്ങൾ ധരിച്ചും കാണപ്പെടാറുണ്ട് എന്ന് ഒരു ആർട്ടിക്കിളിൽ വായിച്ചത് ഓർമിക്കുന്നു.
എന്തായാലും എൻറെ കാര്യത്തിലാണെങ്കിൽ നിർമ്മമത വിഷാദം ആഹ്ലാദം എന്നിവയൊക്കെയുമായി ചേർന്ന് കുഴഞ്ഞു മറഞ്ഞു കിടക്കുന്ന ഒന്നാണ് ബോഡി അഡോൺമെൻറ്.
ഏഴാം ക്ലാസ് വരെ എല്ലാ വെക്കേഷനും മുടി മുറിച്ച് ആൺകുട്ടികളെപ്പോലെ ട്രൗസറും ഷർട്ടും ഇട്ട് സ്കൂളിൽ പോകുന്ന എന്നെ പലരും കളിയാക്കിയിട്ടുണ്ട് ഡിഗ്മായി എന്നും തലയോട്ടിയോട് ചേർന്ന് കിടക്കുന്ന ഇത്തിരി മുടി കെട്ടാനുള്ള ആഗ്രഹം കൊണ്ട് രണ്ട് സൈഡിൽ റബർബാൻഡ് കൊണ്ട് കഷ്ടപ്പെട്ട് കെട്ടിവയ്ക്കുമ്പോൾ അപ്പക്കാള എന്നും വിളികൾ കേട്ട് പൊട്ടി കരഞ്ഞിട്ടുണ്ട്.നല്ല വെളുത്ത തൊലി നിറവും കാണാൻ ഭംഗിയുള്ള ഒരു അമ്മയും അതിലേറെ നുണക്കുഴിയും ബ്രൗൺ കണ്ണുകളും സ്വർണ്ണത്തേക്കാൾ പ്രദീപ്തമായ ചർമ്മവും അതിമനോഹരമായ പുഞ്ചിരിയും മുട്ടുകവിഞ്ഞു കിടക്കുന്ന ചുരുണ്ട മുടിയും ഉള്ള അമ്മമ്മയും ഉള്ള ഒരു പെൺകുട്ടിയായിരുന്നു ഞാനെന്ന ആരും പറയുമായിരുന്നില്ല.അമ്മു അമ്മിണി കീർത്തി എൻറെ വീട്ടിലെ മുഴുവൻ സഹോദരിമാരും വെളുത്ത തൂവെള്ള കുട്ടികളായിരുന്നു.എൻറെ കസിൻസ് ആയ അനൂപ്, വാവ എന്നിവർ തൊലി നിറം കൊണ്ടും ഭംഗികൊണ്ടും ഏറെ സുന്ദരന്മാരായി കാണപ്പെട്ടു.
സൗന്ദര്യമുള്ള മനുഷ്യരുടെ ഇടയിൽ കാപ്പിരിയെ പോലെ കിടക്കുന്ന ചുരുണ്ട മുടി ഇഴകളും ഇരു നിറവും ഉയരക്കുറവും ചെറിയ കണ്ണുകളും ഉള്ള ഞാൻ അപകർഷതയോടെ തല താഴ്ത്തി നിന്നിട്ടുണ്ട്.മുടി കുനു കുനാ വളരുവാൻ വേണ്ടി പോച്ച പറിച്ച് തലയിൽ ചൂടി മാത്രം സ്ക്കൂളിൽ പോയ കുട്ടിക്കാലം. കൂട്ടുകാരിയുടെ അമ്മ പറഞ്ഞ കളിയാക്കൽ മനസ്സിലാക്കാതെ, പൂച്ചക്കാട്ടത്തിന്റെ എണ്ണകാച്ചി തേക്കാൻ തയ്യാറായവളുമാണ് ഞാൻ .
മാഷ് കറപ്പ, മക്കള് മാഷ് പോലെയാണ് എന്നൊക്കെ പല ആവർത്തി കേട്ടപ്പോഴും ഞാൻ അമ്മൂമ്മയും അമ്മയും തുറിച്ചു നോക്കി.
എന്നെ കാണാൻ ഭംഗിയുണ്ടോ അമ്മേ എന്ന് ചോദിച്ചപ്പോഴെല്ലാം
ആ എന്ന് ഒരു മറുപടിയിൽ ആവറേജ് ആയ ഒരുവൾ അമ്മ തന്നെ സർട്ടിഫിക്കറ്റ് തന്നു .
അമ്മയുടെ മോളെ കാണാൻ എന്ത് ഭംഗിയാണ് ! എന്ന് ഒരിക്കലുമെന്റ അമ്മ പറഞ്ഞില്ല.
8 9 10 ക്ലാസുകളിൽ നിർമ്മമത പൂർണ്ണമായി ബാധിച്ച ഞാൻ സന്യാസിനിയെ പോലെയാണ് ജീവിച്ചത്. വെള്ള സഫ്രോൺ പിങ്ക് കറുപ്പ് എന്നീ നാല് സന്യാസ നിറങ്ങളിൽ ഒഴുക്കൻ മട്ടിൽ തൈപ്പിച്ചിട്ട് പാവാടയും ബ്ലൗസും മാത്രമായിരുന്നു എനിക്ക് സ്വന്തമായി ഉണ്ടായിരുന്നത്.ഭംഗിയുള്ള ഫ്രോക്കുകളോ കോട്ടൺ അല്ലാത്ത വസ്ത്രങ്ങളും ഞാൻ ഉപയോഗിക്കുമായിരുന്നില്ല.
ഭംഗി വേറെ, കുത്തൽ വേറെ എന്നതായിരുന്നു എന്റെ പോളിസി എൻറെ ശരീരത്തെ കുത്തുകയോ അല്പം വേദനിപ്പിക്കുകയും ചെയ്യുന്ന ഒരു വസ്ത്രവും എനിക്ക് ധരിക്കുവാൻ ഇഷ്ടമായിരുന്നില്ല.നല്ല ഫ്രില്ലുള്ള തട്ടുതട്ടായ പിറന്നാൾ ഉടുപ്പുകൾക്കെല്ലാം വേദനിപ്പിക്കുന്ന ഒരു മറുപുറം ഉണ്ട് . അവ ധരിക്കുമ്പോൾ എന്തൊക്കെയോ കുത്തുകയും കടിക്കുകയും ചെയ്തു.വെളുത്ത മല്ലു തുണിയും കോട്ടൺ തുണിയും ഉപയോഗിച്ചുള്ള ഉടുപ്പുകളിൽ ഞാൻ സംതൃപ്തയായിരുന്നു.അതല്ലാതെ ഹാപ്പി എന്ന് എഴുതിയ ബനിയനും അതിൻറെ പാവാടയും ഞാൻ പതിവായി ഉപയോഗിക്കുമായിരുന്നു.
അടുക്കളയിൽ പണിയെടുക്കുമ്പോൾ വെള്ള വസ്ത്രങ്ങൾ ധരിച്ചു വേണം പാചകം ചെയ്യാൻ എന്ന് എന്റെ അമ്മൂമ്മയാണ് എന്നെ പഠിപ്പിച്ചത് ആ വെള്ള വസ്ത്രങ്ങൾ ചളിയോ മഞ്ഞളോ കരിയോ പിടിപ്പിക്കാതെ സൂക്ഷ്മതയോടെ പാചകം ചെയ്തു കഴിഞ്ഞാൽ മിടുക്കി എന്ന ലേബൽ കിട്ടും.ശാന്തമായും സമാധാനമായും ജോലി ചെയ്യുമ്പോൾ വെളുത്ത വസ്ത്രങ്ങൾ ധരിക്കാൻ ഞാൻ ഇപ്പോഴും ഇഷ്ടപ്പെടുന്നു.
അച്ഛൻ ഭാഗവതരായതുകൊണ്ട് അമ്പലങ്ങളും കച്ചേരികളും പട്ടുപാവാടകളും കൊണ്ട് സമൃദ്ധം ആയിരുന്നു അക്കാലമല്ലാം. പ്രീഡിഗ്രി ആദ്യവർഷം മുതൽ തന്നെ സാരിയുടുക്കാനും തുടങ്ങി.
പൗഡർ, P 1 വലുപ്പത്തിലുള്ള പൊട്ട് എന്നിവയായിരുന്നു എക്കാലത്തെയും ഏറ്റവും മുന്തിയ മേക്കപ്പ് .
പിജികാലത്ത് തൃശ്ശൂർ വിമല കോളേജിൽ നിന്നും മാള കാർമലിൽ നിന്നും ഇറങ്ങി വന്ന ഫാഷൻ താര റാണിമാരായിരുന്നു എൻറെ ക്ലാസിലെ പെൺകുട്ടികൾ.ശാലിനി അജിത്തിനെ തോൽപ്പിക്കുന്ന സൗന്ദര്യമുള്ള ജിൽ ആന്റോയും മെലിഞ്ഞു കൊലുങ്ങനെ സുന്ദരിയായ വിനീതയും പോലെയുള്ള അതിസുന്ദരികളുളള ക്ലാസ്സിൽ ഞാനൊരു നാട്ടിൻപുറം തന്നെയായിരുന്നു. അവരിടുന്ന വ്യത്യസ്തമായ കളറുകൾ ഉള്ള ലിപ്സ്റ്റിക്കുകളും ഉടുപ്പുകളും എല്ലാം ഞാൻ വളരെയധികം കൗതുകത്തോടെ നോക്കി നിന്നു.
പ്രീഡിയെക്കാലത്ത് തന്നെ ഏറ്റവും ഭംഗിയായി കണ്ണെഴുതിയിരുന്നത് അജിനിയും സുമിയുമാണ് ചെറുപ്പത്തിൽ അമ്മ എങ്ങാണ്ട് കണ്ണെഴുതിച്ചപ്പോൾ എരിവ് വന്നു എന്ന് പറഞ്ഞു ഞാൻ ഭയങ്കര കൺമഷി വിരോധിയായിരിക്കുന്ന സമയമാണത്.എനിക്ക് വൃത്തിയായി കണ്ണെഴുതാനെ അറിയുമായിരുന്നില്ല.
കുറച്ചുകഴിഞ്ഞപ്പോൾ കണ്ണുകൾ മേൽപ്പോള എഴുതാൻ ആരംഭിച്ചു.രണ്ടായിരത്തി പത്ത് ആയപ്പോഴേക്കും ജീവിതത്തിലെ കഠിന വിഷാദ കാലങ്ങൾ ആരംഭിച്ചു.കണ്ണാടിയിൽ നോക്കുമ്പോൾ അസഹനീയമായ നിസ്സഹായത എനിക്ക് അനുഭവപ്പെട്ടു. വിളർത്ത് വെളുത്ത് നിർമമയായിരിക്കുന്ന എന്റെ എൻറെ മുഖം വിഷാദം കൊണ്ട് കൂടുതൽ അശരണമായി തീർന്നിരുന്നു.
ഞാനല്ല മറ്റൊരാളാണ് ദുഃഖിത എന്ന് കാണിക്കാൻ വേണ്ടി നിറമുള്ള വസ്ത്രങ്ങൾ ധരിക്കുകയും ലിപ്സ്റ്റിക് തേക്കുകയും ചെയ്തു.
2020 വരെ കണ്ണിന് താഴെ കൺമഷി എഴുതുവാൻ എനിക്ക് അറിയുമായിരുന്നില്ല.ഞാൻ കണ്ണുകൾ മുകളിൽ ഒപ്പിച്ച് കൊണ്ട് എഴുതിയിരുന്നത് കോവിഡാനന്തരം കണ്ണിന് താഴെ എഴുതുവാൻ കൂടി പഠിച്ചു.
വിഷാദസമയത്ത് പല നിറങ്ങളിലും പല അളവുകളിലും ഉള്ള വസ്ത്രങ്ങൾ പ്രത്യേകിച്ച് സാരികൾ ഞാൻ ധരിക്കാൻ തുടങ്ങി. വിഷാദത്തെ സംബന്ധിച്ചിടത്തോളം കളർ ഈ സ് എ ഡിസ്ട്രാക്ഷൻ എന്ന് റൂൾ പ്രധാനമായിരുന്നു.
നിങ്ങൾ എപ്പോഴും വളരെ ഒരുങ്ങിയും ആഭരണങ്ങൾ ധരിച്ചുമാണ് എന്നെ ഫോട്ടോയിൽ കാണുന്നതെന്ന് ചിലരെങ്കിലും പറയാറുണ്ട്.ഫോട്ടോഷൂട്ട് നടത്തുവാനോ സാഹിത്യകാരന്മാരെ പോലെ സിൽക്ക് , കുർത്തി, ലിനൻ സാരി എന്നിവ വാങ്ങുവാനോ എൻറെ വീട്ടിലെ സാമ്പത്തികം എന്നെ അനുവദിച്ചിരുന്നില്ല.ചെറിയമ്മമാരും വല്യമ്മമാരും എല്ലാം സമ്മാനം തന്ന സാധാരണ ചുരിദാറും മറ്റും ഞാൻ ഉപയോഗിച്ചു.ആദ്യ സാരി മുതൽ ഉള്ള സാരികൾ എൻറെ ചോയ്സ് ആയിരുന്നു വീട്ടിലെ കല്യാണത്തിനൊക്കെ സാരികൾ വാങ്ങി കിട്ടിയിരുന്നത്. കല്യാണത്തിന് വരുന്ന ഫോട്ടോഗ്രാഫർമാരാണ് അന്നത്തെ എൻറെ പ്രസ് ഫോട്ടോഗ്രാഫർമാർ.കല്യാണത്തിന് പോകുന്ന സമയത്ത് ധാരാളം ഫോട്ടോകൾ അങ്ങനെ എടുത്ത് കിട്ടി.അനവധി ഫോട്ടോകൾ അപ്രകാരത്തിൽ ഉണ്ട് .തീർച്ചയായും ആഭരണങ്ങളുടെയും സാരിയുടെയും ഒരു തിളക്കം ആ ഫോട്ടോകളിൽ കാണും .
സാരി തന്നെ ധരിക്കണമെന്ന് എനിക്ക് ഒരു നിർബന്ധവുമില്ല.എന്തുതരം ഉടുപ്പുകളോടും പ്രിയമാണ്.ചരടിൽ കോർത്ത ആഭരണങ്ങളാണ് ഇഷ്ടം സ്വർണം ആയാലും വെള്ളിയാണെങ്കിലും ശരി.മുള കളിമണ്ണ് തുടങ്ങിയ ഹാൽമേഡ് ജ്വല്ലറി ഇഷ്ടക്കുറവ് ഒന്നുമില്ല.അവയൊന്നും വാങ്ങാനുള്ള സാമ്പത്തികം അമ്മയ്ക്ക് ഉണ്ടായിരുന്നില്ല.നല്ല പരിപാടിക്കും അമ്മയുടെ ചെറിയ മാലകൾ ഇടുക എന്നത് മാത്രമായിരുന്നു പോംവഴി .
കല്യാണത്തിന് എല്ലാവരും തൂക്കവും പൊലിമയും നോക്കി അഭരണങ്ങൾ വാങ്ങിയപ്പോൾഎൻറെ കല്യാണത്തിന് ഞാൻ നിറയെ കല്ലുകളും ഭംഗിയുമുള്ള ചെറിയ ചെറിയ ആഭരണങ്ങളാണ് എനിക്കിഷ്ടമായവയും ഭംഗിയുള്ളവയുമായ ആഭരണങ്ങളാണ് ഞാൻ തെരഞ്ഞെടുത്തത്..ആഭരണങ്ങൾ വേണം എന്ന് തോന്നൽ ഇല്ലാതായത് കല്യാണത്തോടെ കൂടിയാണ് ഇഷ്ടമുള്ള അത്രയും ആഭരണങ്ങൾ വീട്ടിൽ നിന്നും വാങ്ങിത്തന്നു . ഗുട്ടാ പുസ്സാലുവും പിച്ചി മൊട്ടുമാലയും മാറ്റിവെച്ചിട്ടുണ്ട്.അങ്ങനെ പൂർത്തീകരിക്കാതെ കിടക്കട്ടെ എന്നാണ്.
ഞാൻ കല്ലുകൾ ഉള്ള ആഭരണങ്ങൾ വാങ്ങുമ്പോൾ ഈ ആഭരണം പണയം വയ്ക്കാൻ പറ്റില്ല എന്ന് പറഞ്ഞ ബന്ധുക്കളും നാട്ടുകാരും ആയ സ്ത്രീകളോടും കടയിലെ എടുത്തുകൊടുപ്പുകാരനായ ചെക്കനോടും ഒറ്റ സന്ദേശമേ കൊടുക്കാൻ ഉണ്ടായിരുന്നുള്ളൂ
"ഒരു പെൺകുട്ടിക്ക് ആഭരണം വാങ്ങി കൊടുക്കുമ്പോൾ ഒരിക്കലും ആഭരണം പണയത്തിന് പോകേണ്ടുന്ന ഒരു സാമ്പത്തിക അവസ്ഥ അവളുടെ ഭർത്താവിന് ഉണ്ടാകരുത് എന്ന് പോസിറ്റീവ് ആയി കരുതിക്കൊണ്ട് ഭംഗിയുള്ള മാലകൾ വാങ്ങിക്കൊടുക്കുക.മറിച്ച് നിങ്ങൾ ചെയ്യുമ്പോൾ ഇവളുടെ ഭർത്താവ് മുടിഞ്ഞു കുത്തുപാളയാകും എന്നും അവൻ അവളുടെ കഴുത്തിൽ നിന്നും മാല പറിച്ചെടുത്ത് പണയം വയ്ക്കേണ്ടി വരും എന്നും നിങ്ങൾ ആശീർവദിക്കുന്നത് പോലെയാണ് " എൻറെ ആ യുക്തി പലർക്കും മനസ്സിലായി.
ഗോത്രവകുപ്പിൽ ജോലി ചെയ്തപ്പോൾ ഒരു നരവംശശാസ്ത്രജ്ഞ എന്ന നിലയിൽ എനിക്ക് കൗതുകമാർന്ന മേഖലയായി തീർന്നു. ഗോത്രങ്ങളുടെ അവരെക്കുറിച്ച് പഠിക്കുകയും പലപ്പോഴും അവ അണിയുകയും ചെയ്തു.
എന്താണ് എൻറെ ഫാഷൻ അഭിരുചി എന്ന് ചോദിച്ചാൽ വളരെ കൗതുകകരമായ ഒന്നാണത് എന്ന് പറയേണ്ടിവരും.
മാപ്പിള സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് കാതുകളിൽ എല്ലാം ചിറ്റു ഇടണമെന്നും വെള്ള കാച്ചിയും കുപ്പായവും ഇടണമെന്ന് ആയിരുന്നു എൻറെ ആഗ്രഹം. കാച്ചിയും തുള്ളങ്കിയും കാതലകളും എനിക്ക് പ്രിയകരമായി. ഏറനാടൻ മുസ്ലിം വസ്ത്ര സംസ്കാരം ഉള്ളതുകൊണ്ട് യാത്രകളിൽ ഞാൻ പർദ്ദ ഉപയോഗിക്കുമായിരുന്നു. ഇപ്പോഴും പൊക്കിളിനടുത്ത് വരെ ഇറക്കുള്ള ബ്ലൗസുകളാണ് ധരിക്കുക
ഒരു ഭാഗവതർ എന്ന നിലയിൽ അച്ഛനെപ്പോഴും കർണാടക സംഗീതവും തമിഴ്നാട് സംസ്കാരവുമായാണ് ആയിട്ടാണ് ബന്ധം .പട്ടുപാവാടയും ദാവണിയും കാഞ്ചീപുരം കോട്ട സാരികളും എൻറെ വാർഡ്രോവിൽ ആ വഴിയിൽ കയറിക്കൂടി . അച്ഛൻ വാങ്ങിത്തന്നതത്രയും പട്ടു പാവാടകളായിരുന്നു.
വിവാഹം കഴിച്ചത് റോമൻ കത്തോലിക്കാ വിഭാഗത്തിൽപ്പെട്ട തൃശ്ശൂർക്കാരൻ ഒരു നസ്രാണിയെയാണ് അതുകൊണ്ട് അമ്മായിയമ്മയും ഭർത്താവും അവരുടെ ബന്ധുക്കളും എല്ലാം എടുത്തു തരുന്ന സാരിയും മറ്റ് സംഗതികളും ടിപ്പിക്കൽ മധ്യതിരുവിതാംകൂർ വസ്ത്ര ഭൂപടത്തിലെ പ്രത്യേക വസ്ത്രങ്ങളാണ്. ചട്ടയും മുണ്ടും ഏറ്റവും ഭംഗിയായി ധരിച്ചത് ഇക്കാലത്താണ്.
മേക്കപ്പ് ബോക്സ് എന്ന് പറഞ്ഞ് ലിപ്സ്റ്റിക് പോലും ഹാൻഡ് ബാഗിൽ സൂക്ഷിക്കാറില്ല. ഇനി വീട്ടിലെ മേക്കപ്പ് ബോക്സിൽ ഐലൈനർ, പൗഡർ ലിപ്സ്റ്റിക് മോയിസ്ചറൈസർ മാത്രമേ ഉള്ളു.
എന്തിനാ ഇത്ര ചായം തേയ്ക്കുന്നത് എന്നു ചോദിച്ചത് കേട്ട് പൗഡർ ഇടാൻ മറന്ന ഞാൻ അമ്പരന്ന് നിന്നിട്ടുണ്ട്. അവരുടെ ഒക്കെ മുഖത്ത് 4 ലേയർ പുട്ടുപൊടി പതിവായി കാണാറുള്ളതാണ്. അല്ലെങ്കിൽ അവരുടെ ഭാര്യമാരുടെ മക്കളുടെ മുഖത്ത് അതിഗംഭീര മേക്കപ്പ് ഞാൻ പലകുറി കണ്ടിട്ടുള്ളതാണ്. ഫംഗ്ഷനുകൾക്ക് ആഘോഷങ്ങൾക്ക് ഫെസ്റ്റിവരുകൾക്ക് ഒക്കെ ഞാൻ നല്ല സാരിയും ആഭരണങ്ങളും വിട്ടുപോകാറുണ്ട് എന്നത് വാസ്തവമാണ്.സ്വന്തം കല്യാണം അല്ലാതെ 3 3 പ്രധാനപ്പെട്ട ചടങ്ങുകൾക്ക് വേണ്ടി മാത്രമാണ് ഞാൻ മേക്കപ്പ് ചെയ്തിട്ടുള്ളത്.
വസ്ത്രാലങ്കാര കഥ തീരുന്നില്ല പച്ചക്കറി വാങ്ങാൻ പോകുമ്പോഴോ ഷോപ്പിങ്ങിന് പോകുമ്പോഴോ കുളിപ്പിക്കുമ്പോഴോ ഒന്നും പുതിയ വസ്ത്രങ്ങൾ ധരിച്ച അല്ല ചെയ്യുക പതിവ്.
ആശുപത്രിയിൽ കിടക്കുമ്പോഴും അങ്ങനെതന്നെ.
പറഞ്ഞുവന്നത് ഇത്രയുമാണ് ആശുപത്രിയിൽ ലിപ്സ്റ്റിക്കോ കണ്മഷി യോ പൊട്ടോ ഇല്ലാതെ ഉടലിൽ ഘടിപ്പിച്ച യന്ത്രങ്ങളും വയറുകളും മാത്രം കൊണ്ടും നമുക്കൊരു ഭംഗിയുണ്ടാകും കഴിഞ്ഞ അച്ഛൻറെ ഹോസ്പിറ്റൽ അഡ്മിഷന്റെ സമയത്ത് ഹൃദയവുമായി ബന്ധപ്പെട്ട പല ടെസ്റ്റുകൾ എനിക്കും നടത്തുകയുണ്ടായി അതിലൊരു ടച്ചിന്റെ ഫോട്ടോയാണ് .
എന്തുപറ്റി എന്തുപറ്റി എന്ന് ചോദ്യംദയവായി ചോദിക്കരുത്.16 വർഷമായി കടുത്ത ഹൃദ്രോഗം ഉണ്ട് . .മൈട്രൽ വാൽവിന് സാരമായ സ്റ്റെനോസിസ് റിഗർഗിറ്റേഷനും ഉണ്ട് .കടുത്ത ഡിപ്രഷൻ, 39 വർഷം പഴക്കമുള്ള മൈഗ്രേൻ , എപ്പിലെപ്സി,സ്ലീപ് അപ്നിയ , അന ഫൈലാക്സസ് റിയാക്ഷൻ, സൈനസൈറ്റിസ്സ് എന്നിവ ഉണ്ട് .ചെറുപ്പത്തിൽ ആറ് വർഷത്തോളം മരുന്നു കഴിച്ച് അപസ്മാരത്തെ അമ്മ ഇല്ലാതാക്കിയിട്ടുണ്ട്.പ്രസവാനന്തരം ഉണ്ടായ കോംപ്ലിക്കേഷൻ കളും ഇൻഫെക്റ്റീവ് കാർഡൈറ്റിസ് ബാധയുമായി കിടന്ന സമയത്ത് കാതറീന വിളിച്ച് മോശമായ കാര്യങ്ങൾ പറയുകയും എനിക്ക് വർഷങ്ങൾക്കുശേഷം ഫിറ്റ്സ് വരികയും ചെയ്തിട്ടുണ്ട്. 2012 ലാണത്.പിന്നെ കല വന്നു 2019 കഥകൾ -ശരിയോ നുണയോ ആർക്കറിയാം - പറഞ്ഞ സന്ധ്യയ്ക്കും വീണ്ടും അപസ്മാരം വന്നു.ജീവിതത്തിൽ ഏറ്റവും കൂടുതൽ ദുർബലമാവുകയും വണ്ണറബിളാവുകയും വിഷമിക്കുകയും ചെയ്ത രണ്ടു ദിവസങ്ങളിലും ഒഴിച്ചു നിർത്തിയാൽ അപമാനം പൂർണമായും എന്നിൽ നിന്നും വിട്ടു പോയിട്ടുണ്ട്.ഫെസ് ഓപ്പറേഷൻ ചെയ്തു സൈനസൈറ്റിസിനെ കളഞ്ഞിട്ടുണ്ട്.
മറ്റു രോഗങ്ങളെ മാനേജ് ചെയ്യുക മാത്രമേ വഴിയുള്ളൂ.അതിന് മാനേജ് ചെയ്തുകൊണ്ടിരിക്കുന്നു.
എന്നോട് വഴക്ക് അടിക്കാനും അന്യായമായി ലഹളയുണ്ടാക്കാനും വരുന്ന ആരോ ഒരാൾക്ക് മുമ്പിൽ അപസ്മാരവും ഹൃദ്രോഗവും എല്ലാം കൂടി വന്ന് ഞാൻ ചാവുന്ന ഒരു കിനാശ്ശേരി ഇടയ്ക്കിടെ ഓർക്കാറുണ്ട്.അരിത്മീയ വന്ന് ചത്തുപോയ എന്നെ അശരണമായി അവർ പേടിച്ചു വിളിക്കുന്നത് എത്ര രസകരമായിരിക്കും എന്ന് ഓർക്കാറുണ്ട്.ക്രൂരമായ ഒരു രസം അത്രതന്നെ.
കുഴപ്പങ്ങളും ശാരീരിക വൈഷമ്യങ്ങൾ എല്ലാം ഉണ്ട് . എന്നുവച്ച് ഞാൻ ഒരു രോഗിയെ അല്ല .ഈ മെയ് അലങ്കാരങ്ങൾ എന്നെ എത്ര ഭംഗിയുള്ളവളായി മാറ്റിയിരിക്കുന്നു !!
നബി: രാമായണം മുഴുവൻ വായിക്കാതെ എനിക്ക് എന്താണ് അസുഖം എന്ന് കമൻറ് ഇടുകയോ അനിയത്തിയെ വിളിച്ചു ചോദിക്കുകയോ എനിക്ക് തന്നെ വാട്സ്ആപ്പ് മെസ്സേജ് ഇടുകയോ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.ഇപ്പോൾ പ്രത്യേകിച്ച് യാതൊരു അസുഖവും ഇല്ല രോഗാവസ്ഥകൾ എല്ലാം അതേപടിയുണ്ട്.പെട്ടെന്ന് അരിഞ്ഞ് വന്ന തട്ടിപ്പോകാൻ സാധ്യതയുണ്ട് എന്നതിനാൽ ചില ടെസ്റ്റുകൾ നടത്തുന്നതപടമാണ്