Image

'പുലിക്കുട്ടപ്പന്‍' (രാജു മൈലപ്രാ)

Published on 16 August, 2023
'പുലിക്കുട്ടപ്പന്‍' (രാജു മൈലപ്രാ)

കൊറകുട്ടപ്പനായിരുന്നു ഞങ്ങളുടെ നാട്ടിലെ സ്ഥിരം പുലി. ഒരുകണക്കിന് പുലികളി അയാളുടെ കുത്തകയായിരുന്നു. ആശാരിപ്പയ്യന്‍ ശിവരാമനും, പൊടിയന്‍ പുലയന്റെ മകന്‍ സുകുമാരനും പുലിവേഷം കെട്ടി ആടിനോക്കിയെങ്കിലും അവരൊക്കെ കുട്ടപ്പന്റെ പുലിയുടെ മുന്നില്‍ വെറും പൂച്ചകളായിരുന്നു. 

ഓണത്തിന്റെ വരവിനെ അറിയിച്ചുകൊണ്ടാണല്ലോ നാട്ടില്‍ പുലികള്‍ ഇറങ്ങാറുള്ളത്. പുലിവേഷം കെട്ടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ദിവസങ്ങളോളം അതിനുള്ള തയാറെടുപ്പ് വേണം. പുലിക്ക് വേണ്ടുന്ന മഞ്ഞ, വെള്ള, കറുപ്പ് തുടങ്ങിയ ചായം ഉണ്ടാക്കിയെടുക്കുന്നത് ശ്രമകരമായ ജോലിയാണ്. വിളക്കിന്റെ കരി, ചിരട്ടക്കരി, മഞ്ഞള്‍, ചുണ്ണാമ്പ്, ചാരം, പച്ചില തുടങ്ങിയ അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ കൊണ്ടാണ് ചായം ഉണ്ടാക്കിയിരുന്നത്. 

കുട്ടപ്പന്റെ അമ്മാവന്‍ കൊറനാണുവായിരുന്നു മേക്കപ് മാന്‍. അവരുടെ കുടിലിന് പുറകിലുള്ള ഒരു പാറയിലിരുന്നാണ് ചമയകര്‍മ്മങ്ങള്‍ നടത്തിയിരുന്നത്. പഴുപ്പിച്ച് ചൂടാക്കി വളച്ചുകെട്ടിയ ചൂരലില്‍ പഴന്തുണികള്‍ ചുറ്റിയാണ് പുലിവാല് ഉണ്ടാക്കിയിരുന്നത്. പുലിയുടെ കൂടെ വേട്ടക്കാരനുമുണ്ട്. പുതുക്രിസ്ത്യാനി പാപ്പനാണ് വേട്ടക്കാരന്റെ വേഷം. പാന്റ്, ഷര്‍ട്ട്, തൊപ്പി, വീരപ്പന്‍ മീശ - അതാണ് അയാളുടെ വേഷം. ഓലമടല്‍ കൊണ്ടുണ്ടാക്കിയ ഒരു തോക്കും കൈയ്യിലുണ്ട്. സായിപ്പാണെന്നാണ് വെയ്പ്. ഇവരുടെ കൂടെ ചെണ്ടക്കാരന്‍ മണിയനുമുണ്ട്. 

തന്തക തിന്തക തോം..
തിന്തക തന്തകതോം....

ചെണ്ടയുടെ താളത്തിനനുസരിച്ച് പുലി ചുവട് വെയ്ക്കുന്നു. വേട്ടക്കാരന്‍ തോക്കുമായി ഒപ്പത്തിനൊപ്പമുണ്ട്. മീശ വിറപ്പിക്കുക, കരണം മറിയുക, വാല് ചുഴറ്റിക്കുക തുടങ്ങിയ ചില അഭ്യാസങ്ങള്‍ ഇടയ്ക്കിടെ കാണിച്ച് കാണികളെ ത്രസിപ്പിക്കുന്നുണ്ട്. 

അങ്ങിനെ പല വീടുകള്‍ കയറിയിറങ്ങി, പുലി സംഘം ഊട്ടിമൂട്ടിലെ കുറുപ്പച്ചന്റെ വീട്ടിലെത്തി. ഉച്ചയൂണും കഴിഞ്ഞ് നാലുംകൂട്ടി മുറുക്കി, ഇറയത്ത് ഒരു ചാരുകസേരയില്‍ കുടവയറും തിരുമ്മി മലര്‍ന്ന് കിടക്കുകയാണ് കുറുപ്പച്ചന്‍. 

പുലിയും പുലിയുടെ ആരാധകരായ ഒരു സംഘം കുട്ടികളും മുറ്റത്ത് അണിനിരന്നു. ചെണ്ടക്കാരന്‍ മണിയന്‍ ചെണ്ട പെരുക്കി. കുറുപ്പച്ചനെ ഇംപ്രസ് ചെയ്യാനായി, പുലി അങ്ങേരുടെ മുന്നില്‍ ഒറ്റക്കാലില്‍ നിന്ന് വട്ടംകറങ്ങി. ആവേശത്തിമര്‍പ്പില്‍ പുലിയുടെ വാല്‍ത്തുമ്പ് കുറുപ്പച്ചന്റെ കണ്ണില്‍കൊണ്ടു. മേലു നൊന്തുകഴിഞ്ഞാല്‍ ഇടംവലം നോക്കുന്നവനല്ല അങ്ങേര്. പുലിയുടെ കരണക്കുറ്റി തീര്‍ത്തൊരു പൊട്ടീര് കൊടുത്തു. കുട്ടപ്പന്റെ കണ്ണില്‍ക്കൂടി പൊന്നീച്ച പറന്നു. തലകറങ്ങി അയാള്‍ താഴെ വീണു. വേട്ടക്കാരന്‍ പാപ്പന്‍ തോക്കും ഉപേക്ഷിച്ച് കണ്ടംവഴി ഓടി. കുട്ടികള്‍ നാലുപാടും ചിതറിയോടി. 

അവശനായ കുട്ടപ്പന്‍ പിന്നെ കുറെ നാളത്തേക്ക് കളത്തിലിറങ്ങിയില്ല. ഒരു നാണക്കേട്. 
എങ്കിലും 'പുലിക്കുട്ടപ്പന്‍' എന്നൊരു സ്റ്റൈലന്‍ പേര് സ്വന്തമായി. 

(എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു)

 

Join WhatsApp News
Gopalan Nair 2023-08-16 04:07:47
ഗ്രാമീണ പശ്ചാത്തലത്തിൽ ലളിതമായ ഭാഷയിൽ എഴുതിയ ഹൃദ്യമായ ആവിഷ്കരണം. വീണ്ടും ഓണത്തിന്റെ ഓർമ്മകളുമായി ബാല്യകാലത്തേക്കു മടങ്ങിപ്പോയ ഒരു അനുഭവം. കുട്ടപ്പനെപ്പോലെയുള്ള കഥാപാത്രങ്ങൾ പണ്ടുകാലത്തു എല്ലാ ഗ്രാമങ്ങളിലും ഉണ്ടായിരുന്നു.
Observer 2023-08-16 14:16:05
ജാതിപ്പേര് പറഞ്ഞു കഥയെഴുതി ആക്ഷേപിക്കുന്നത് ജാമ്യമില്ലാ ക്രിമിനൽ കുറ്റമാണ്. 'Cast' name can only be used for school admission and to receive benefits allocated to 'backward communities.' ഏതായാലും കുട്ടപ്പന്റെ കഥ ഇഷ്ടപ്പെട്ടു.
Rajan Mekozhoor 2023-08-16 21:08:25
എന്റെ ഗ്രാമത്തിലും പുലിക്കളി വളരെ ജോറായിരുന്നു. കഥാപാത്രങ്ങളും അവരുടെ റോളുകളും വേറെയായിരുന്നു. ചില സമയങ്ങളിൽ രണ്ടു പുലികൾ വരെയുണ്ടായിരുന്നു. ഇന്നും മനസ്സിൽ നിന്നും മായാത്ത ചില ഓർമ്മകൾ കുറിക്കട്ടെ. വെടിക്കാരൻ കണ്ണൻപെലേന്റെ തോക്ക് (പാന്റ്സിന് പകരം കൈലി മുണ്ട് ആണെങ്കിലും) സാക്ഷാൽ 'വെടിപാപ്പിയുടെ' ലൈസെൻസുള്ള ഉണ്ടയില്ലാത്ത വലിയ നീളമുള്ള നാടൻ തോക്കായിരുന്നു. കണ്ണൻ പുലയന്റെ വൈദഗ്ധ്യം മൂലം നല്ല വെടിയൊച്ചയും ഇടയ്ക്കിടയ്ക്ക് കേൾപ്പിക്കും. ഈയുള്ളവന് വെടീം പൊകേം പണ്ടേ പേടിയാണ്. പുലിക്കളി കാണണമെന്ന് ആഗ്രഹമുണ്ടെങ്കിലും... ആ പഞ്ചായത്തിലെ മുഴുവൻ കളിയും തീരുന്നതുവരെ കച്ചിതുറുവിനകത്തു ഈ വെടി പേടിച്ചു ഞാൻ പാത്തിരിന്നിട്ടുണ്ട്. അങ്ങനെയും നല്ല ഓർമ്മകൾ തന്നോരോണക്കാലം!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക