Image

മണ്ണിൽ ചവുട്ടി നടക്കുന്ന പ്രത്യാശയുടെ പദയാത്രികൻ: എനിക്ക് അറിയാവുന്ന ചാണ്ടി ഉമ്മൻ (ജെ എസ് അടൂർ)

Published on 16 August, 2023
മണ്ണിൽ ചവുട്ടി നടക്കുന്ന പ്രത്യാശയുടെ പദയാത്രികൻ: എനിക്ക് അറിയാവുന്ന ചാണ്ടി ഉമ്മൻ (ജെ എസ് അടൂർ)

തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി വീട്ടിൽവച്ച് ഉമ്മൻചാണ്ടി സാറാണ് ചാണ്ടി ഉമ്മനെ പരിചയപ്പെടുത്തുന്നത്.
അന്ന് ചാണ്ടി ഉമ്മൻ ഡിഗ്രിക്ക് ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ പഠിക്കുകയായിരുന്നു.
ഞാൻ വിദേശത്തു നിന്ന് ഡൽഹിയിൽ വരുമ്പോഴൊക്കെ ചാണ്ടി ഉമ്മനെ കണ്ടിരുന്നു. ആ പ്രായത്തലുള്ള ചെറുപ്പക്കാരിൽ നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു ചാണ്ടി.
ആദ്യമെ ശ്രദ്ധിക്കപ്പെട്ടത് അദ്ദേഹത്തിന്റ് വിനയമായിരുന്നു.ഒരു മുഖ്യമന്ത്രിയുടെ മകൻ പലപ്പോഴും നടന്നോ ഓട്ടോ റിക്ഷയിലോ ആണ് കാണാൻ വരുന്നത്.  ചാണ്ടി  സാധാരണക്കാരെപ്പോലെയാണ് ഡൽഹിയിൽ ജീവിച്ചത്. എത്രയെങ്കിലും പ്രാവശ്യം ഡൽഹി മെട്രോയിൽ.പലപ്പോഴും ഒന്നോ രണ്ടോ കിലോമീറ്റർ നടന്നാണ് വന്നിരുന്നത്. അയാളുടെ പ്രായമുള്ള മറ്റു ചില നേതാക്കളുടെ മക്കൾ അമ്പത് ലക്ഷം വിലയുള്ള കാറിൽ സഞ്ചരിക്കുന്നതും ബിസിനസ്സ് ക്ലാസ്സിൽ യാത്ര ചെയ്യുന്നതും കണ്ടിട്ടുണ്ട്.
ചാണ്ടി ഉമ്മൻ മുഖ്യമന്ത്രിയുടെ മകനാണന്ന് അയാളെ ഡൽഹിയിൽ കണ്ട ആർക്കും തോന്നില്ല. കാരണം അയാളുടെ വാക്കിലോ ഭാവത്തിലോ ആ പ്രിവിലേജ് കണ്ടിട്ടേ ഇല്ല.
ചാണ്ടി ഉമ്മൻ പഠിച്ചു മാർക്ക് വാങ്ങിയാണ് എല്ലായിടത്തും പ്രവേശനം നേടിയത്. പഠിച്ചത് പൊതു വിദ്യാലയങ്ങളിൽ. എല്ലായിടത്തും മെറിറ്റിലാണ് അഡ്മിഷൻനേടിയത്. ബി എ യും എം എ യും എൽ എൽ ബി യും രണ്ടു എൽ എൽ എം എല്ലാം ഇന്ത്യയിലെ സർവ്വകലാശാലകളിൽ. ഒരു സ്വാശ്രയ കോളേജിലും പഠിച്ചില്ല.മറ്റു ചില നേതാക്കളുടെ മക്കളെപ്പോലെ ഉമ്മൻ ചാണ്ടിക്ക്‌ മകനെ ലണ്ടനൊ യിലോ,അമേരിക്കയിലോ  വിട്ട് പഠിപ്പിക്കാമായിരുന്നു.നിരവധിപേർക്ക് അഡ്മിഷൻ നേടിക്കൊടുത്ത ഉമ്മൻ ചാണ്ടി സ്വന്തം മക്കളുടെ കാര്യത്തിൽ അത് ചെയ്തിട്ടില്ല. അവർ പണക്കാരോ, ബിസിനസുകാരകണമന്നോ ആഗ്രഹിച്ചിട്ടില്ല.
 അതുകൊണ്ടാണ് ചാണ്ടി ഉമ്മൻ കോർപ്പറേറ്റ് മുതലാളിമാരുടെ കമ്പനിയിൽ ഉന്നത ശമ്പളത്തിൽ വൈസ് പ്രസിഡന്റോ സി ഈ ഓ ആകാത്തത്. മുഖ്യമന്ത്രിയുടെ മക്കൾ എന്ന പ്രിവിലേജ് ഉമ്മൻ ചാണ്ടി  അനുവദിച്ചിരുന്നില്ല.അവർക്ക് വേണ്ടി അധികാരം ഉപയോഗിച്ച് ഒന്നും ചെയ്തില്ല.അനർഹമായതൊന്നും അവർ നേടിയിട്ടില്ല.
ചാണ്ടി ഉമ്മൻ ഡൽഹിയിൽ ഒരു ചെറിയ മുറിയിലായിരുന്നു താമസം.പൊതുഗതാഗത യാത്ര.അമ്മ നൽകിയിരുന്ന പരിമിത ചിലവിൽ ജീവിതം. മിക്കവാറും വൈകുന്നേരങ്ങളിൽ സന്ധ്യ പ്രാർത്ഥനക്ക് അടുത്തുള്ള  പള്ളിയിൽ പോകും. സാമൂഹിക- രാഷ്ട്രീയ പ്രവർത്തനത്തിൽ അതിയായ താല്പര്യം.
വിനയവും തിരിച്ചറിവും ശുദ്ധ ഹൃദയവുമുള്ള ചെറുപ്പക്കാരനെയാണ് കാണാൻ കഴിഞ്ഞിട്ടുള്ളത് . അങ്ങനെയുള്ള ചെറുപ്പക്കാർ വിരളമായിരുന്നു. ചാണ്ടി ഒരിക്കലും ചാണ്ടി ഉമ്മനെ കുറിച്ച് പറയില്ല.ഉന്നത ജോലിക്കൊ കോർപ്പെറേറ്റ് ലോ ഫേമിലോ ചേരാൻ പറഞ്ഞിട്ടുണ്ട്.പക്ഷെ ചാണ്ടിയുടെ മനസ്സ് എപ്പോഴും സാമൂഹിക പ്രവർത്തനത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലുമായിരുന്നു.
 സുപ്രീം കോടതിയിൽ എൻറോൾ ചെയ്തു കബിൽ സിബൽ അഭിഷേക് സിംഗ്വി മുതലായ പ്രമുഖ അഭിഭാഷകൊപ്പം പ്രവർത്തിച്ചു.ഡൽഹിയിൽ ഡൽഹിയിൽ ലോ കോളേജിൽ അധ്യാപകനായി. അധ്വാനിച്ചാണയാൾ ജീവിച്ചത്.
 എവിടെയാണെങ്കിലും അടിസ്ഥാന തലത്തിൽ കോൺഗ്രസിന് വേണ്ടി വീട് കയറും. ആരെയും സഹായിക്കുന്നതിൽ ഒരു മടിയും ഇല്ല. ചില സമയത്ത് പൂർണ്ണ സാമൂഹിക പ്രവർത്തകനാകണോ എന്ന് ചാണ്ടി ആലോചിട്ടുണ്ട്. രാഷ്ട്രീയത്തിലുപരി പൂർണ സാമൂഹിക പ്രവർത്തകനാകുന്നത് ഉമ്മൻ ചാണ്ടി സാറിന് താല്പര്യമുള്ള കാര്യമായിരുന്നു.
കഴിഞ്ഞ ഇരുപതു വർഷങ്ങളായി എൻ എസ്‌ യു വിലും യൂത്ത് കോൺഗ്രസ്സിലുമൊക്കെ പ്രവർത്തിക്കുമ്പോഴും പഞ്ചാബിലും കർണാടകത്തിലും കേരളത്തിലും എല്ലാ തെരെഞ്ഞെടുപ്പിലും ചാണ്ടി ഉമ്മൻ സജീവമായിരുന്നു
കേരളത്തിൽ വെള്ളപൊക്കം,കോവിഡ് സമയത്ത് ദുരിത്വാശ്വാസ പ്രവർത്തനങ്ങളിൽ ചാണ്ടി സജീവമായിരുന്നു. കോവിഡ് സമയത്തു വിവിധ സംസ്ഥാനങ്ങളിൽ കുരുങ്ങിയ മലയാളികളെ പ്രത്യേക ബസ് ഏർപ്പെടുത്തി കേരളത്തിൽ എത്തിക്കാൻ മുൻകൈ എടുത്തത് ചാണ്ടിയാണ്. ഡൽഹിയിൽ കോവിഡ് കാലത്തു രാപ്പകൽ പലായനം ചെയ്യുന്ന തൊഴിലാളികൾക്കും ഡൽഹിയിലെ പാവപ്പെട്ടവർക്ക് ആഹാരവും വെള്ളവും എത്തിക്കാൻ ചാണ്ടി ഉമ്മൻ മുന്നിലുണ്ടായിരുന്നു.കോവിഡ് കാലത്ത് ഓൺലൈൻ പഠിക്കുവാൻ സ്മാർട്ട്‌ ഫോണൊ, ടാബോ വാങ്ങാൻ നിവൃത്തി ഇല്ലാത്ത ആയിരത്തിൽ അധികം വിദ്യാർത്ഥികൾക്ക്‌ ഓൺലൈൻ പഠന സൗകര്യമൊരുക്കിയത് ചാണ്ടിയാണ്.


ചാണ്ടി ഉമ്മന്റെ  പ്രൊഫഷണൽ വിദ്യാഭ്യാസമുള്ളരാൾക്ക്,എം എ, എൽ എൽ ബി, രണ്ട് എൽ എൽ എം ലണ്ടൻ സ്കൂൾ ഓഫ് ഇക്കോണോമിക്സിൽ നിന്ന് മാനേജ്മെന്റ് പബ്ലിക് പോളിസി എന്നിവയിൽ പ്രത്യേക പരിശീനമുള്ളയാൾക്ക് അന്താരാഷ്ട്ര തലത്തിൽ പ്രൊഫഷണൽ ജോലി നിഷ്പ്രയാസം കിട്ടുമായിരുന്നു.ലണ്ടനിൽ ആംനെസ്റ്റി ഇൻന്റർ നാഷണലിലോ ഞാൻ നേതൃത്വം കൊടുത്തിരുന്ന ആക്ഷൻ എയ്ഡ് ഇന്റർനാഷണണലിലോ ചാണ്ടി ഉമ്മന് ലീഗൽ എക്സ്പെർട്ട് ആയി ജോലി ലഭിക്കുമായിരുന്നു.പക്ഷെ ചാണ്ടിയുടെ താല്പര്യം എന്നും ജനങ്ങളെ നേരിട്ട് സംവദിക്കാനായിരുന്നു.
ഉമ്മൻ ചാണ്ടി ഒരു ചെറു വിരൽ അനക്കിയെങ്കിൽ  ചാണ്ടിക്ക് എൻ എസ്‌ യു ഐ ഭാരവാഹിയോ യൂത്ത് കൊണ്ഗ്രസ്സ് ദേശീയ പ്രസിഡന്റോ എം പി യോ എം ൽ എ യോ ആക്കാമായിരുന്നു.പക്ഷെ രാഷ്ട്രീയ നേതാവായ ഉമ്മൻ ചാണ്ടി രാഷ്ട്രീയത്തിൽ മക്കൾക്ക്‌ വേണ്ടി ഒരു ചെറു വിരൽ അനക്കിയില്ല.
ചാണ്ടി ഒരു ദിവസം കൊണ്ട് നേതാവായതല്ല..സ്കൂൾ ലീഡർ,ഡൽഹിയിൽ സെന്റ് സ്റ്റീഫൻസ് കോളേജ് ചെയർമാനായിരുന്നു . അതിനു മുമ്പ് അങ്ങനെ തെരെഞ്ഞെടുക്കപ്പെട്ട നേതാവ് ശശി തരൂരാണ്.  ഉമ്മൻ ചാണ്ടിയുടെ മേൽവിലാസത്തിൽ അദ്ദേഹത്തിനു ഒരു പദവിയും കിട്ടിയില്ല. ഒരു രാഷ്ട്രീയ പദവിയും ഇല്ലാതെ സാധാരണ പ്രവർത്തകനായിരുന്നു ചാണ്ടി ഉമ്മൻ. നിലവിൽ യൂത്ത് കോൺഗ്രസ്‌ ദേശീയ ഔട്ട്‌ റീച്ച് വിഭാഗം ചെയർമാൻ ആയത് കെ സി വേണുഗോപാൽ പറഞ്ഞാണ്.
ചാണ്ടി ഉമ്മൻ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയിലുനീളം ഒരു മിനിറ്റ് പോലും ഇരിക്കാതെ സങ്കടത്തോടെ കൈ കൂപ്പി നിൽക്കുന്നത് പലരെയും അത്ഭുതപെടുത്തി. അത് എന്നെ അത്ഭുതപെടുത്തിയില്ല. കാരണം എനിക്ക് അറിയാവുന്ന ചാണ്ടി ഉമ്മൻ സ്വാഭാവികമായി അങ്ങനെയാണ്. ഉമ്മൻ ചാണ്ടിക്ക്‌ അസുഖമായതിൽ പിന്നെ നിഴൽപോലെ പലപ്പോഴും ഉമ്മൻ ചാണ്ടിക്ക്‌ ഒപ്പം ചാണ്ടി ഉമ്മൻ ഉണ്ടായിരുന്നു. അപ്പ എന്ന് പറഞ്ഞാൽ ചാണ്ടിക്ക്‌ ജീവനായിരുന്നു.
പക്ഷെ അച്ഛനെന്ന നിലയിൽ മക്കളോട് സ്നേഹ കരുതൽ ഉണ്ടായിരുന്നു. ചാണ്ടി യാത്ര ചെയ്യുമ്പോൾ എവിടെയാണ് എന്ന് ഉമ്മൻ ചാണ്ടി വിളിച്ചു ചോദിച്ചുകൊണ്ടിരിക്കും.
ഉമ്മൻ ചാണ്ടി ബർളിനിൽ ചികിത്സക്ക്‌ പോയപ്പോൾ അവിടെ എന്റെ മകൻ വിനീത്, ഉമ്മൻ ചാണ്ടി സാറിനെയും ചാണ്ടി ഉമ്മനെയും എല്ലാ ദിവസവും സന്ദർശിച്ചിരുന്നു . വൈകുന്നേരം ഡിന്നറിന് അദ്ദേഹം ചാണ്ടിയെ തിരക്കും. എന്നിട്ട് പറയും ചാണ്ടി വന്നിട്ട് കഴിക്കാമെന്ന്. അത്ര മേൽ അപ്പ എന്ന പേരിൽ കരുതലുണ്ടായിരുന്നു.നിരവധിപേർക്ക് വീട് വക്കാൻ സഹായിച്ച ഉമ്മൻ ചാണ്ടി, പുതുപ്പള്ളിയിൽ ചാണ്ടിക്ക്‌  ഒരു വീട് പണിയാൻ  പില്ലറിനപ്പുറം പോകാനായില്ല. കാരണം അത്രയും പണം ഇല്ലായിരുന്നു.അതുപോലെ നിരവധിപേർക്ക് ചികിത്സ സഹായം നൽകിയ ഉമ്മൻ ചാണ്ടിക്കു ബർളിനിൽ ചികിത്സക്ക്‌ പോകാൻ രാഹുൽ ഗാന്ധിയും കൊൺഗ്രസ്സ് പാർട്ടിയുമാണ് പണം നൽകിയത്.
രാഹുൽ ഗാന്ധിക്കൊപ്പം കന്യാകുമാരി മുതൽ കാശ്മീർ വരെ ചാണ്ടി നഗ്ന പാദ നായി ഇന്ത്യയുടെ മണ്ണിൽ ചവിട്ടി നടന്നത് രാജ്യത്തോടുള്ള പ്രതിബദ്ധതയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ മണ്ണിൽ ഓരോ അടിയും കന്യാകുമാരി മുതൽ കശ്മീർ വരെ നടന്ന ഏക പദയാത്രികൻ ചാണ്ടിയായിരിക്കും. വെറുപ്പിന്റെ ബസാറിൽ സ്നേഹത്തിന്റെ ഉൾവെളിച്ചവുമാണയാൾ നടന്നത്. അത് അയാളുടെ നിശ്ചയ ദാർഢ്യവും രാജ്യത്തെ പാവപെട്ട ജനങ്ങളോട് ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടുമുള്ള പ്രതിബദ്ധതയുടെ അടയാള
മായതു കൊണ്ടാണ്.
പ്രത്യാശയുടെ പദയാത്രികൻ ആയത് അതുകൊണ്ടാണ്
ഉമ്മൻ ചാണ്ടിയുടെ യഥാർത്ഥ ജനകീയ ലീഗസിയുള്ള ഒരേ ഒരാൾ ചാണ്ടി ഉമ്മൻ തന്നെയാണ്. വിനയവും സ്നേഹവും പക്വതയുമുള്ള ചെറുപപ്പക്കാരൻ. ജനങ്ങളെ സഹായിക്കാൻ ഹൃദയത്തിൽ നിന്ന് ആഗ്രഹിക്കുന്ന ഒരാൾ. അധിക പ്രസംഗങ്ങളോ വചോപടങ്ങളോ ജാടയോ ഇല്ലാത്ത ചെറുപ്പക്കാരൻ. ഉമ്മൻ ചാണ്ടിയെ പോലെ കേൾക്കാൻ വേഗതയും പറയാൻ താമസവുമുള്ളയാൾ. ആരെയും വാക്കുകൾ കൊണ്ടോ പ്രവർത്തി കൊണ്ടോ ഉപദ്രവിക്കാത്ത ചെറുപ്പക്കാരൻ.
ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും . ചാണ്ടി ഉമ്മൻ കേരളത്തിലും ദേശീയ തലത്തിലും വളരെ ജനകീയനായ കൊൺഗ്രസ്സ് നേതാവായി വളരുമെന്നതിൽ എനിക്ക് സംശയമില്ല.
 അയാൾ ഒരു ചെറു തിരി വെളിച്ചമാണ്. ഉള്ളിൽ വെളിച്ചവും തെളിച്ചവുമുള്ളയാൾ.
ചാണ്ടി ഉമ്മനെ പോലെ പ്രത്യാശയുടെ വെളിച്ചവുമായി ഇന്ത്യയുടെ മണ്ണിൽ ചവുട്ടി നടക്കുന്ന ഒരു നേതാവിനെ പുതുപ്പള്ളിക്കും കേരളത്തിലും ഇന്ത്യക്കും വേണം
.പ്രകാശത്തിന്റെ തീപ്പന്തവുമായി ഇരുട്ടിൽ വഴി തെളിക്കുവാൻ ശേഷിയുള്ളവർ ഇന്ത്യയിൽ വളരണം.
 ജെ എസ് അടൂർ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക