Image

ചിങ്ങപ്പുലരിയില്‍ കേരളം (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 17 August, 2023
ചിങ്ങപ്പുലരിയില്‍ കേരളം (ദുര്‍ഗ മനോജ് )

ഇന്ന് ചിങ്ങമാസം ആരംഭിക്കുകയാണ്. കനത്ത മഴയുടെ കാറൊഴിഞ് ആകാശം പൊന്‍നിറം ചാലിച്ചു വിളങ്ങിനില്‍ക്കുന്ന കാലമാണ് ചിങ്ങമാസം. വിളവെടുപ്പിന്റെ, വിളയിറക്കലിന്റെ കാലം. പത്തായം നിറയേണ്ടതും ഈ കാലത്തിലാണ്. എന്നാല്‍ ഇത്തവണ കര്‍ക്കടകം മഴയുടെ നേര്‍ക്ക് പിണങ്ങി മുഖം തിരിച്ചു നിന്നപ്പോള്‍ വയലുകള്‍ ഉണങ്ങിവരണ്ടു വിണ്ടുകീറി. ഓണത്തിനു നട്ടുപിടിപ്പിച്ച പച്ചക്കറി പാടങ്ങളും വെള്ളം കിട്ടാതെ കരിഞ്ഞു തുടങ്ങി. വര്‍ഷകാലം കേരളത്തെ ചതിച്ചത് പെയ്യാന്‍ കൂട്ടാക്കാതെയാണെങ്കില്‍, വടക്കേ ഇന്ത്യയ്ക്കു മേല്‍ ഇടിച്ചു കുത്തി പെയ്തിറങ്ങുകയുമാണ്. അതായത് കാലാവസ്ഥ കീഴ്‌മേല്‍ മറിയുന്ന സ്ഥിതി.

ഏതായാലും, താപവൈദ്യുതി വലിയ തുകയ്ക്കു വാങ്ങുന്നതു വില കുറച്ച് ജനങ്ങള്‍ക്കു നല്‍കി നഷ്ടം കൂട്ടാന്‍ സാധിക്കില്ലെന്നും, കറണ്ട് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നുമുള്ള ശുപാര്‍ശ മന്ത്രിസഭയുടെ മുന്നിലുണ്ട്. കെ എസ് ആര്‍ ടി സി ക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഓണത്തിനു മുന്‍പു കിട്ടുമോ? അതു കണ്ടു തന്നെ അറിയേണ്ട കാര്യമാണ്. ഓണത്തിനും ചിങ്ങമാസത്തിനുമറിയണ്ടല്ലോ കേരളത്തിന്റെ ധനസ്ഥിതി.
ഏതായാലും, വറ്റിത്തുടങ്ങിയ ഡാമുകളും, കാലിയായ ഖജനാവും, സബ്‌സിഡി സാധനങ്ങള്‍ കണികാണാനില്ലാത്ത സപ്ലൈകോയും ഒക്കെ ചേര്‍ന്നാണ് ഇത്തവണ ഓണപ്പുലരിവന്നെത്തുന്നത്. ഇതൊക്കെ മുന്നില്‍ കണ്ടാകുമോ പണ്ടേക്കും പണ്ടേ, കാണം വിറ്റും ഓണമുണ്ണണം എന്ന പഴഞ്ചൊല്ലുണ്ടായത്? അതിനു വില്‍ക്കാന്‍ കാണം വേണ്ടേ എന്നതു മറ്റൊരു ചോദ്യം.

ഏതായാലും ഒന്നുണ്ട്, വിപണി ഓണത്തെ സ്വീകരിച്ചു കഴിഞ്ഞു. മഴ പെയ്തില്ലെങ്കിലും ഓഫര്‍ മഴ പെയ്യുന്നുണ്ട് എല്ലായിടത്തും. പക്ഷേ, പാതി വിലയ്ക്കു കിട്ടുന്ന ഫ്രിഡ്ജും, ടി വി യും എടുത്ത് ഓണസദ്യക്ക് ഇലയില്‍ വിളമ്പാനാകില്ലല്ലോ, തുണിക്കടകള്‍ നല്‍കുന്ന ആടിക്കിഴിവ്, ഓണ റിബേറ്റ് ആയി പുതിയ പരസ്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. പൂര്‍ണമായും ഉപഭോക്തൃ സംസ്ഥാനമായിക്കഴിഞ്ഞ നമുക്ക് സെല്‍ഫി എടുക്കുമ്പോള്‍ മറക്കാതെ പാടാം,
മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെയെന്ന്.
പ്രതീക്ഷകള്‍ക്കു പരിധിയില്ല, വെള്ളപ്പൊക്കമാകാത്ത വിധത്തില്‍ പെയ്യട്ടെ, ഡാമുകള്‍ നിറയട്ടെ, കര്‍ഷകര്‍ക്കു നെല്‍വില കിട്ടട്ടെ,
നമുക്കും വരവേല്‍ക്കാം ഓണക്കാലത്തെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക