Image

കുഴല്‍നാടന്റെ കാര്യം ഇനി എത്രമേല്‍ കഷ്ടം ! : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 17 August, 2023
കുഴല്‍നാടന്റെ കാര്യം ഇനി എത്രമേല്‍ കഷ്ടം ! : (കെ.എ ഫ്രാന്‍സിസ്)

എന്തായിരുന്നു മാത്യു കുഴല്‍നാടന്റെ ഷൈനിംഗ്! നിയമസഭയില്‍ മാത്രമല്ല പുറത്തും ഒറ്റയാന്‍ പോരാട്ടം. നാളെ മുതല്‍ ഈ വക്കീലിന്റെ കാര്യം പോക്കാവും. പോലീസ് മാത്രമല്ല റവന്യു ഉദ്യോഗസ്ഥരും അദ്ദേഹത്തെ വളയും. സഖാക്കളാകട്ടെ, ഉറക്കം കളയുകയും ചെയ്യും. 

കുഴല്‍നാടന്‍ വക്കീലിന്റെ പത്രസമ്മേളനത്തിലെ വെല്ലുവിളികള്‍ തള്ളിയ സി.പി.എം ഘടകങ്ങളെല്ലാം  അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് കോണ്‍ഗ്രസുകാര്‍. ചിന്നക്കനാലിലെ റിസോര്‍ട്ടിന്റെ കാര്യത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനു പിന്നാലെ അദ്ദേഹത്തിന്റെ കുടുംബവീട്ടില്‍ നാളെ റവന്യൂ വിഭാഗം സര്‍വ്വേ നടത്തും. വീട്ടിലേക്ക് മണ്ണിട്ടു നികത്തി റോഡ് നിര്‍മ്മിച്ചതിനെതിരെ നേരത്തെ ചില പരാതികളുണ്ടായിരുന്നു. ഈ രണ്ടു കാര്യത്തിലും കുഴല്‍നാടനെ കുടുക്കാനാകും എന്നാണ് സി.പി.എം നേതാക്കളുടെ പ്രതീക്ഷ. 

കല്ലെറിഞ്ഞവന്റെ ...:

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വൈകാരികമായി നീക്കുന്നതില്‍ കോണ്‍ഗ്രസ് പ്രത്യേകം ശ്രദ്ധിക്കുന്നു. ചാണ്ടി ഉമ്മനു ഇത്തവണ കെട്ടിവെച്ച പണം നല്‍കിയത് കണ്ണൂരില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കല്ലെറിഞ്ഞ കേസിലെ പ്രതി സി.ഒ.ടി നസീറിന്റെ കുടുംബം! 2013 ഒക്ടോബറിലാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന  ഉമ്മന്‍ ചാണ്ടിക്ക് കല്ലെറില്‍  പരിക്കേറ്റത്. വാഹനത്തില്‍ കൂടെയുണ്ടായിരുന്ന കെ.സിജോസഫിനും ടി.സിദ്ദിഖിനും പരിക്കേറ്റിരുന്നു. പ്രതിയായ നസീര്‍ അന്ന് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. വികസന കാര്യം ചര്‍ച്ച ചെയ്യണമെന്ന് ജെയ്ക്ക് വാശി പിടിക്കുമ്പോഴും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് സഹതാപ വോട്ടുകള്‍ തന്നെ. 

കൈതോല പായ : 

കൈതോലപ്പായയില്‍ പണം കടത്തിയത് സംബന്ധിച്ച് കേസെടുത്തു മൊഴിയെടുത്തപ്പോള്‍ കൂടുതലൊന്നും പറയാനില്ലെന്ന് ഒഴിഞ്ഞുമാറിയ ശക്തിധരന്‍, അന്വേഷണം അവസാനിപ്പിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ പിണറായിയുടെയും രാജീവിന്റേയും പേരുകള്‍ വെളിപ്പെടുത്തി. രേഖകളില്ലാതെ രണ്ടു കോടി 35 ലക്ഷം രൂപ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് പിണറായിയാണെന്നും അത് എ.കെ.ജി സെന്ററില്‍ എത്തിച്ചത് ഇപ്പോഴത്തെ മന്ത്രിയായ പി രാജീവ് ആണെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി.രാജീവ് മന്ത്രി അത് കെട്ടുകഥയാണെന്നും പ്രതികരിച്ചു. 

ബൈക്കിലെ പാച്ചില്‍ : 

റോഡില്‍ നടന്നോ കാറിലിരുന്നോ പോകുമ്പോള്‍ ചില കൗമാരക്കാര്‍ ബൈക്ക് ഓടിക്കുന്നത് കണ്ടിട്ടില്ലേ? എത്രയോ ചെറുപ്പക്കാര്‍ നിത്യേനയെന്നോണം ചോരചിന്തി മരിക്കുന്നു ! സമൂഹമാധ്യമങ്ങള്‍ ഇന്നൊരു  പോസ്റ്റുണ്ട്. റോഡില്‍ വീണു കിടക്കുന്ന ബൈക്കിന്റെ ചിത്രത്തിന് താഴെ ഇങ്ങനെ എഴുതിയിരിക്കുന്നു : അവന്‍ പോയ സ്പീഡ് 120 കി.മീ. ഗുരുതരമായ പരിക്കേറ്റ അവനെ ആംബുലന്‍സില്‍ കൊണ്ടു പോയ സ്പീഡ് 100 കി.മീ. മൃതദേഹം വീട്ടിലെത്തിച്ച സ്പീഡ് 50 കി.മീ. ശ്മശാനത്തിലേക്ക് കൊണ്ടുപോയ സ്പീഡ്  20 കി.മീ. ഓര്‍ക്കുക ജീവിച്ചിരുന്നാല്‍ മാത്രമേ സമയത്തിനു പോലും നമ്മെ ആവശ്യമുള്ളൂ. 

അടിക്കുറിപ്പ് : പോലീസുകാരന്‍ മാങ്ങ മോഷ്ടിച്ച കഥയും അതിന്റെ നാണക്കേടും  മുഴുവന്‍ പോലീസുകാര്‍ക്കായിരുന്നല്ലോ. ഇപ്പോഴിതാ കാപ്പാ കേസിലെ പ്രതിയുടെ പോക്കറ്റിലെ  60,000 രൂപ വിലയുള്ള പേന തൃത്താല പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വിജയകുമാര്‍ മോഷ്ടിച്ചു പോലും!

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
Antham Kammi 2023-08-18 01:34:27
ഇതെന്തേ നിങ്ങൾക്ക് ഇതുവരെ മനസ്സിലാകാതെ പോകുന്നു? ഞങ്ങൾക്ക്‌ അധികാരം ഉള്ളടത്തോളം ഞങ്ങൾ എന്തും കാണിക്കും. സ്വർണ്ണക്കടത്തും ഡോളർക്കടത്തും അഴിമതിയും കമ്മീഷനും മാസപ്പടിയും ഒക്കെ അതിന്റെ ഭാഗങ്ങളാണ്. ഏതെങ്കിലും ഒരുത്തൻ അതിനെതിരെ ഒരു വാക്കു മിണ്ടിയാൽ അവന്റെയെല്ലാം കുടുംബം കൊളം തോണ്ടുന്ന ഇടപാട് ഞങ്ങളുടെ കയ്യിലുണ്ട്. പോലീസും വിജിലൻസും എല്ലാം ഞങ്ങളുടെ കയ്യിലാണ്. നിന്റെയൊക്കെ സർവ്വ വിവരങ്ങളും നിന്റെ ഭാര്യയുടെ വിവരങ്ങളും ഞങ്ങളുട പക്കലുണ്ട്. എല്ലാത്തിനേം പൊക്കും. ഇതൊരു മുന്നറിയിപ്പാണ്. ഏതെങ്കിലും ഒരുത്തൻ ഞങ്ങൾക്കെതിരായി മിണ്ടിയാൽ അവനെല്ലാം കുഴൽനാടന്റെ അവസ്ഥയുണ്ടാകും. എന്താ പ്രതിപക്ഷത്തൊരുത്തനും വായ് പൊളിക്കാത്തത്? വിവരം അറിയും. അത്ര തന്നെ. ജാഗ്രതൈ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക