പൊടിപടലങ്ങൾ നിറഞ്ഞാടും തിളച്ച വെയിലിൽ,
ഒരുസഞ്ചി മാറോടുചേർത്തു നടക്കും പണിക്കാരാ,
നിന്റെ മുഖത്തു നിറയും സംതൃപ്തി എന്നെ ചിന്തിപ്പിക്കുന്നു!
നിനക്കു തൃപ്തി നൽകുന്നതെന്താണതിന്നുള്ളിൽ!
അതിനുള്ളിൽ വൈഡൂര്യമല്ല, മുത്തല്ല, തങ്കമല്ല,
നിനക്കുള്ള ആഹാരമല്ലാതെയൊന്നുമല്ലയതിൽ !
നിനക്കു വിശപ്പടക്കാൻ, നിന്റെ നാവിനാനന്തമേകാൻ,
നിന്റെ ശരീരത്തിന് ബലമേകാൻ കഴിവുള്ള ആഹാരമത് !
നിന്റെ ശരീരം ചുട്ടുപൊള്ളിക്കും തീയിൽ,
നിന്റെ വയറ് കത്തിക്കരിയും വിശപ്പിൽ,
നീ വിളയിക്കും പണത്തിൽ, നീ വാങ്ങിയ ആഹാരം!
നീ നെഞ്ചോട് ചേർത്തുപിടിക്കും ആഹാരം!
സമ്പന്നതയിൽ ആഹാരത്തിനോടീ വിലയുണ്ടോ ?
അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ചീടും നിന്നെ ,
ചവറ്റുകുട്ടയിലെറിഞ്ഞീടും, ചവിട്ടിത്തെറിപ്പിക്കും,
അവജ്ഞയോടെ നോക്കിടും, ഓക്കാനം തോന്നും,
വെറുപ്പോടെ നിന്നെ നോക്കി അട്ടഹസിക്കും ജനത!
നിനക്ക് കണ്ണുണ്ടായിരുന്നെങ്കിൽ നീ കരഞ്ഞേനേ,
നിനക്ക് കാലുകളുണ്ടായിരുന്നെങ്കിൽ ഓടിപ്പോയേനേ,
എന്തിനെന്നോടീ വൈരാഗ്യമെന്നു ചോദിച്ചേനേ!
നിനക്കായി കാത്തിരുന്ന, കൊതിച്ചിരുന്ന ജനത!
ജീവനെന്നറിയാതെ നിന്റെ ജീവനെക്കളയും ജനത!