Image

ടിവി ചാനലുകാരുടെ ഉണര്‍ത്തുപാട്ടുകള്‍... : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 19 August, 2023
ടിവി ചാനലുകാരുടെ ഉണര്‍ത്തുപാട്ടുകള്‍... : (കെ.എ ഫ്രാന്‍സിസ്)

ഒന്നു ക്യൂ നിന്നാലെന്തായെന്ന് കരുതി ഓണച്ചന്തയിൽ എത്തുന്നവര്‍ക്ക് ഇത്തവണത്തെ ഓണം അടിപൊളിയാക്കാം. അതിന് സഹായിച്ചത് ചാനലുകാരാണ്. അവര്‍ക്ക് നന്ദി ചൊല്ലിടാം. സപ്ലൈകോയെ ഉണര്‍ത്തിയത് ചാനലുകാര്‍ തന്നെ. 

സപ്ലൈകോയുടെ 13 ഇന സബ്‌സിഡികള്‍ ചിലതെങ്കിലും സാധാരണക്കാരായ നാട്ടുകാര്‍ക്ക് ലഭിക്കുന്നത് ചാനലുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതിനുപിന്നില്‍ നിരന്തരം പിന്നാലെയുള്ളതു കൊണ്ടാണല്ലോ. നിയമസഭയില്‍ സബ്‌സിഡി സാധനങ്ങളുടെ പേര് ഓരോന്നും പി,സി വിഷ്ണുനാഥ് വിളിച്ചുപറയുകയും കൂട്ടത്തോടെ (കോറസ്സായി) മറ്റു പ്രതിപക്ഷാംഗങ്ങള്‍ ഇല്ലാ എന്ന് ഏറ്റു പറയുകയും ചെയ്തത്  നല്ലൊരു 'ഷോ'യായിരുന്നു. അതിന്റെ അന്ത്യത്തിലാണ് സാഹസികനായ ഭക്ഷ്യമന്ത്രി അനില്‍ എല്ലാ ഇനങ്ങളും സപ്ലൈകോ കടകളിലുണ്ടെന്നും സഭ പിരിഞ്ഞയുടനെ പ്രതിപക്ഷനേതാവിനെ കൂട്ടി അവിടേക്ക് പോകാം എന്നും പറയുന്നത്. തല്‍സമയം എല്ലാ ചാനലുകാരും ക്യാമറയുമായി സകല കേന്ദ്രങ്ങളിലുമുള്ള സപ്ലൈകോയില്‍ പോയി മന്ത്രി പറയുന്നത് പച്ചക്കള്ളമാണ് എന്ന് ദൃശ്യങ്ങള്‍ സഹിതം വ്യക്തമാക്കിയല്ലോ. പിന്നീടും ചാനലുകള്‍ സപ്ലൈകോക്ക് പിന്നാലെ തന്നെയായിരുന്നു. അവിടെ വെളിച്ചെണ്ണയില്ല, ഇവിടെ സാമ്പാറില്‍ ഇടുന്ന പരിപ്പില്ല  എന്ന് ഓര്‍മ്മിപ്പിച്ചതും ചാനലുകാര്‍. 

മന്ത്രി രംഗത്തിറങ്ങി : 

ചാനലുകാരുടെ ശല്യം കാരണമാകാം അനില്‍ മന്ത്രി 13 ഇന സബ്‌സിഡി ഇനങ്ങള്‍ എവിടെനിന്നെങ്കിലും സംഘടിപ്പിച്ചു കൊണ്ടുവരുന്നതില്‍ വലിയ ഉത്സാഹം കാണിക്കുന്നുണ്ട്. എന്തിനേറെ സബ്‌സിഡി ഇനങ്ങള്‍ വാങ്ങാനെത്തുന്നവരെ സഹായിക്കാന്‍ സബ്‌സിഡി ജീവനക്കാരുടെ സഹായവും അദ്ദേഹം പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു. തന്റെ നിയോജക മണ്ഡലമായ നെടുമങ്ങാട്ട്  പീപ്പിള്‍സ് ബസാര്‍ തുറക്കാന്‍ അല്പം വൈകിയതിന് അദ്ദേഹം ശാസിക്കുകയും ചെയ്തു. അതും ചാനലുകളില്‍ ശ്രദ്ധാപൂര്‍വ്വം അദ്ദേഹം വരുത്തി. 

പകുതി ലാഭം : 

ഒന്ന് ക്യു നിന്നാലെന്താ? ഓണച്ചന്തയില്‍ എത്തുന്നവര്‍ക്ക് സപ്ലൈകോയുടെ 13 ഇന സാധനങ്ങള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ പകുതി വിലക്ക്  കിട്ടും. ഇവയില്‍ നാലിനം അരി ജയ, കുറുവ മട്ട, പച്ചരി ഇവയിലേതെങ്കിലും എത്ര കിലോ വാങ്ങാമെങ്കിലും പരമാവധി മൊത്തം 10 കിലോയില്‍  ഒതുക്കണമെന്ന് മാത്രം. മല്ലി, മുളക് എന്നിവ 500 ഗ്രാം വീതം. വെളിച്ചെണ്ണ അര ലിറ്റര്‍ വീതം. എല്ലാം ഓരോ കിലോ വീതവും കിട്ടും. സബ്‌സിഡിയില്ലാത്ത ചില ഇനങ്ങള്‍ ഒന്നെടുത്താല്‍ ഒന്ന് കിട്ടുന്ന ഫ്രീ ഓഫറുകളുണ്ട്. സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പൊതു മാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ പകുതി വിലക്ക് ലഭിക്കും. 

പഴുത്തിലകളുടെ കാര്യം : 

പഴുത്തിലകള്‍ വീഴുമ്പോള്‍ താനും ഉടനെയാകും എന്ന് അറിയാതെ പച്ചിലകള്‍ ചിരിക്കാറുണ്ട് പോലും ! അതു തന്നെയല്ലേ നമ്മുടെ നാട്ടിലും ? നോക്കണേ, പണ്ട്  റെയില്‍വേ യാത്രക്കെങ്കിലും മുതിര്‍ന്ന പൗരന് യാത്രാസൗജന്യം ഉണ്ടായിരുന്നു, അതും നിര്‍ത്തി. 70 വയസ്സായാല്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോലും ചെയ്യാനാവില്ല. ഇ.എം.ഐയില്‍ വായ്പ  ലഭിക്കുകയില്ല. ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുകയില്ല. ചെറുപ്പകാലത്ത്  നികുതിയടച്ച് പോലെ ഇപ്പോഴും നികുതികള്‍ എല്ലാം അടക്കുകയും വേണം. മുതിര്‍ന്ന പൗരന്മാര്‍ക്ക് മറ്റു രാജ്യങ്ങള്‍ നല്‍കുന്ന ഒരു പരിഗണനയും ഇന്ത്യയില്‍ കിട്ടുന്നില്ല. 

അടിക്കുറിപ്പ് : ബൈജൂസ് എങ്ങനെയൊക്കെ പൊന്തിവന്ന സ്ഥാപനം. ഒരു മിന്നായം പോലെ ആ കണ്ണൂര്‍ സ്ഥാപനം രാജ്യത്തെ ഒന്നാമത്തെ ഉദ്യമമായി. മിന്നായം പോലെ അത് ഉയര്‍ന്നുവന്നു അതുപോലെ തന്നെ ഇല്ലാതായി പോവുകയാണോ ? അവര്‍ പരസ്യം നല്‍കി പരിപോഷിപ്പിച്ച ചാനലുകാര്‍ തന്നെ അതിന്റെ തകര്‍ച്ചയും ആഘോഷിക്കുന്നു. ഇത്ര നന്നായി വളര്‍ന്നു വന്ന സ്ഥാപനത്തെ ഇങ്ങനെയാക്കിയതിന്റെ ഉത്തരവാദികള്‍ ആരായാലും, അവരെ മുക്കാലിയില്‍ കെട്ടിയിട്ട് തല്ലണ്ടേ ? 

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക