Image

ഓണത്തിന് തകര്‍ത്തു വാരി മലയാളി; മഴ കുറഞ്ഞാലും മോടിക്ക് കുറവില്ല, (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 19 August, 2023
 ഓണത്തിന് തകര്‍ത്തു വാരി മലയാളി; മഴ കുറഞ്ഞാലും മോടിക്ക് കുറവില്ല, (കുര്യന്‍ പാമ്പാടി)

മഴകുറഞ്ഞാലും അത് ആഗോള താപനത്തിന്റെ ചുമലില്‍ താങ്ങി മലയാളി ഓണം ആഘോഷിക്കുകയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത ആര്‍ഭാടത്തോടെ.  ഷോപ്പിംഗ് മാളുകള്‍ പത്തിരട്ടിയായി. പുതിയ കാറുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ വിപണികളില്‍ ഒന്നായി കേരളം തിമിര്‍ക്കുന്നു,

കോഴിക്കോട് മിട്ടായി തെരുവിലെ മധുരം

അമേരിക്കയിലും യൂറോപ്പിലും അനുഭവപ്പെട്ട ഭീകരമായ ചൂടിന്റെ ചുവടുപിടിച്ച്  (അരിസോണയിലെ ഫിനിക്‌സില്‍ താപം 115  ഡിഗ്രി  ഫാരന്‍ഹീറ്റ് (43 ഡിഗ്രി സെയ്ഷെല്‍സ് ആയതോടെ ഗവര്‍ണര്‍ ഹീറ്റ് എമെര്‍ജന്‍സി പ്രഖ്യാ പിച്ചിരിക്കുന്നു)  കേരളത്തിലും ആശങ്ക ഉയരുന്നു. മഴ നന്നേ കുറഞ്ഞതിനാല്‍ ഡാമുകളിലെ ജലനിരപ്പ് ഇടിഞ്ഞു താണു. കുടിവെള്ളത്തിന് പോലും കേരളത്തില്‍ ക്ഷാമം വന്നേക്കുമെന്നാണ് പ്രവചനം. 

എറണാകുളം കലൂരില്‍ ഖാദി ഷോപ്പിലെ തിരക്ക്

ജൂലൈയില്‍ ആഗോള താപം (ഗ്ലോബല്‍ വാമിങ്) ആഗോള തിളപ്പു (ഗ്ലോബല്‍ ബോയിലിംഗ്) ആയി മാറിയെന്നു യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്  പ്രഖ്യാപിച്ചു. കഴിഞ്ഞ 1.2 ലക്ഷം വര്‍ഷങ്ങള്‍ക്കിടെ  ഭൂമിയില്‍ ഇത്രയും ചൂട്  ആദ്യമാണെന്ന് ജര്‍മനിയിലെ ലൈപ് സിംഗ്  യൂണിവേഴ്സിറ്റി കണക്കാക്കുന്നു. 

ജനത്തെ മുട്ടിയിട്ട് നടക്കാന്‍ വയ്യ: ബ്രോഡ്വേ എറണാകുളം

ഓഗസ്റ്റ് 15നു കൊച്ചിയിലെ താപനില 33 ഡിഗ്രി സെയ്ഷെല്‍സ് എത്തി. സിറ്റിയിലും പ്രാന്തത്തിലും ഭയങ്കര ചൂടാണെന്നാണ് നാട്ടുകാരുടെ പരാതി. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ മധ്യവര്‍ഗവും  എയര്‍കണ്ടീഷണറുകളിലേക്കു ഓടിയടുക്കുന്നു.  അതൊരു അര്‍ബണൈസേഷനോ ജന്‍ട്രിഫിക്കേഷനോ അല്ല, ഭാവിയെപ്പറ്റിയുള്ള ഒരാശങ്ക മാത്രം.

പത്തനംതിട്ടയില്‍ ഓക്‌സിജന്‍ മാര്‍ട്ട്  

യുഎസില്‍ ഒരിടത്തു ചൂട് ദുസ്സഹമായി വര്‍ധിച്ചപ്പോള്‍ 'എസി ഓണ്‍ ചെയ് താല്‍ വര്‍ധിച്ച കറന്റ് ചാര്‍ജ് കൊടുക്കാന്‍ എനിക്കാവില്ല' എന്ന് ഒരു ബ്ലാക് വീട്ടമ്മ വിലപിക്കുന്നതു കണ്ടു മലയാളികള്‍ ആശ്വസിക്കുന്നു. ഇവിടെ സ്ഥിതി അത്ര വഷളായിട്ടില്ല!

രാജാക്കാട് ഹൈറേഞ്ച് ഹൈപ്പര്‍ മാര്‍ക്കറ്റ്  സംയുക്ത മേനോന്‍, റോയ് ജോസഫ്

ഒരുകാലത്ത് സുഗന്ധ വ്യഞ്ജനങ്ങളുടെ പറുദീസയായി പേരുകേട്ട കേരളത്തില്‍ ഏലത്തിന്റെ വില റിക്കാര്‍ഡിലേക്കുയരുന്നു. സ്പൈസസ് ബോര്‍ഡിന്റെ ഇടുക്കി പുറ്റടി കേന്ദ്രത്തില്‍  രണ്ടാം ശനിയാഴ്ച നടന്ന ലേലത്തില്‍ വില കുത്തനെ ഉയര്‍ന്ന്  കിലോക്ക് 2000-2800 രൂപ വരെയായി. 

തിരുവനന്തപുരം ലുലു മാളില്‍ ഇറ്റാലിയന്‍, ഫ്രഞ്ച് ആപ്പിള്‍ 

ഏഴായിരം രൂപയെന്ന സര്‍വകാല റിക്കാര്‍ഡ് എത്തിയ 2019നെക്കുറിച്ച് കര്‍ഷകര്‍ക്ക് ഓര്‍മ്മയുണ്ട്. അത്രയും എത്തിയില്ലെങ്കിലും ശരാശരി 2000 എന്നത് ഉഗ്രന്‍ വിലയാണ്. പക്ഷെ മഴക്കുറവു മൂലം ഉല്‍പ്പാദനത്തില്‍ ഇടിവുണ്ടായതായി അവര്‍ പരിഭവിക്കുന്നു. ചെടികള്‍ ചൂടുമൂലം  വാടിത്തുടങ്ങിയെന്നാണ് കര്‍ഷകരുടെ ദുഃഖം.

ഓണപ്പൂക്കള്‍-കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സംരംഭം

വിലവര്‍ധനയുണ്ടായ കാലത്തെല്ലാം ഹൈറേഞ്ചിലെ ഏലം ഉല്‍പ്പാദന കേന്ദ്രങ്ങളിലെല്ലാം പുതുപുത്തന്‍    കാറുകളുടെ പ്രളയമായിരുന്നു. വന്‍കിട കാര്‍ കമ്പനികള്‍  കട്ടപ്പനയിലും നെടുംകണ്ടത്തും കുമിളിയിലും  ഷോറൂമുകള്‍  തുറന്നു, എവിടെയും ഷോപ്പിംഗ് തിരക്ക് മൂലം ട്രാഫിക് ജാം.

ഹൈപ്പ് വരും-പ്രൊഫ. മാത്യു കുര്യന്‍, ജെഎന്‍യു പ്രൊഫ സിപി ചന്ദ്രശേഖര്‍

ഇടുക്കി കട്ടപ്പന കേന്ദ്രമായ ഹൈറേഞ്ച്‌ഹോം   അപ്ലയന്‍സസ് നടത്തുന്ന മുന്നേറ്റം സൂചികയായെടുത്താല്‍ പ്രതീക്ഷകള്‍ ആകാശത്തിനും അപ്പുറത്തേക്കാണ്. അവരുടെ ഹൈപ്പര്‍, ഡിജിറ്റല്‍, ഇലക്ട്രോണിക്‌സ് ഷോപ്പുകള്‍ ടൗണില്‍ തന്നെ രണ്ടെണ്ണമുണ്ട്.

ജനങ്ങള്‍ക്ക് പണമുണ്ട്, ഗവ.നു ഇല്ല: മാത്യു ജോര്‍ജ്, മേരി ജോര്‍ജ്

തൊടുപുഴ, മൂന്നാര്‍, അടിമാലി, ചെറുതോണി, കുമളി, മുരിക്കാശ്ശേരി, അണക്കര, നെടുങ്കണ്ടം, രാജാക്കാട്, ഏലപ്പാറ, മുണ്ടക്കയം  എന്നിവിടങ്ങളിലും ഷോറൂമുകള്‍, പത്രങ്ങളില്‍ ഫുള്‍ പേജ് പരസ്യങ്ങള്‍, ടെലിവിഷന്‍ ചാനലുകളില്‍  സിനിമ താരങ്ങളുടെ സാക്ഷ്യപത്രങ്ങള്‍.  

അമേരിക്കന്‍ അതിഥികളുമായി കോട്ടയത്തെ ഓണ സദ്യ

ഇതുവരെ ഇടുക്കി ജില്ലയില്‍ ഒതുങ്ങിനിന്നിരുന്ന ഹൈ റേഞ്ച് അപ്ലയന്‍സസ് അടുത്ത കാലത്ത് കോട്ടയം ജില്ലയിലെ മുണ്ടക്കയത് ശാഖതുറന്നു. ആഗോള ഭീമന്മാരുമായുള്ള കിടമത്സരത്തില്‍ പിടിച്ച് നില്‍ ക്കണമെങ്കില്‍ വളര്‍ന്നേ മതിയാകൂ എന്ന്  കമ്പനി മാനേജിങ് ഡയറക്ടര്‍ റോയ് ജോസഫ് കരീലക്കുളം ആസ്ഥാനമായ കട്ടപ്പനയില്‍ നിന്ന് എന്നോട് പറഞ്ഞു. കാഞ്ഞിരമറ്റത്തു നിന്ന് ഹൈ റേഞ്ചിലേക്കു കുടിയേറിയ കുടുംബമാണ് റോയിയുടേത്. 

'കട്ടപ്പനയുടെ കലവറ, ഉപ്പു തൊട്ടു കര്‍പ്പൂരം വരെ' എന്നാണ് റോയിസ്ഥാപനത്തിന്റെ മുദ്രാവാക്യം.   ഒന്നെടുത്താല്‍ രണ്ട്, അമ്പതു  ശതമാനം ഫെസ്റ്റിവല്‍ ഡിസ്‌കൗണ്ട്, ഫ്രിഡ്ജ് എടുത്താല്‍ അവന്‍ ഫ്രീ,   ലാപ് ടോപ്-പ്രിന്റര്‍ കോംബോ. വീട്ടിലിരുന്നും ഓര്‍ഡര്‍ ചെയ്യാം, സൗജന്യമായി  എത്തിച്ചുകൊടുക്കും ഇങ്ങിനെ പോകുന്നു ഓഫറുകള്‍.

കേരളത്തിലെ തന്നെ ചില വന്‍ മാര്‍ക്കറ്റിങ് കമ്പനികള്‍  200  ശാഖകളുമായി 'ഞങ്ങളാണ് ഒന്നാമത്' എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. താമസിയാതെ ആയിരം ശാഖകളുമായി ചിലര്‍ രംഗപ്രവേശം ചെയ്യുമെന്നുറപ്പാണ്. ഈ ഷോപ്പുകളില്‍ നിന്നെല്ലാം സാധനങ്ങള്‍ വാങ്ങിക്കൂട്ടുവാനുള്ള ജനങ്ങളുടെ പണം എവിടെനിന്നു വരുന്നു എന്നതു പരിശോധിക്കേണ്ട  വിഷയമാണ്.

ഗള്‍ഫ് ഉള്‍പ്പെടയുള്ള മറുനാടുകളില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകുന്ന ധനം  എല്ലാമേഖലകളിലേക്കു വിന്യസിക്കുന്നതു മൂലം എല്ലാവരുടെയും കയ്യില്‍ പണം ഉണ്ട്. കെട്ടിടം പണിയുന്ന മേസ്തിരിയുടെ കയ്യിലും മെയ്ക്കാട്യുക്കാരന്റെ  കയ്യിലും.അതിഥി ജോലിക്കാരാണെങ്കില്‍ അവരുടെ കയ്യിലും.

അന്യനാട്ടുക്കാര്‍ക്കും റേഷന്‍ കാര്‍ഡ് കൊടുത്തു തുടങ്ങി. അരിയും ഗോതമ്പും വേണ്ടതോ  അതിലധികമോ കിട്ടുന്നതിനാല്‍ അവരും മിച്ചമുള്ള തുക സാരിയോ പാന്റോ മൊബൈലോ മറ്റു ആഡംബര വസ്തുക്കളോ വാങ്ങാന്‍ വിനിയോഗിക്കുന്നു. ആ പണം കച്ചവടക്കാരുടെയും ബിസിനസുക്കാരുടെയും കോണ്‍ട്രാക്ടറുടെയും  കയ്യില്‍ എത്തുന്നു.

മഹാരാഷ്ട്രത്തിന്റെ നാലിരട്ടിയും ഗുജറാത്തിന്റെ  പത്തിരട്ടിയും വിദേശപണം എത്തുന്ന സംസ്ഥാനമാണ് കേരളം.  കേരളത്തില്‍ ജനങ്ങളുടെ കയ്യില്‍ പണമുണ്ട്. ഗവര്‌മെന്റിനാണ് പണമില്ലാത്തതെന്നു സാമ്പത്തിക വിദഗ്ദ്ധനും തിരുവന്തപുരത്തെ സെന്‍ട്രം എന്ന ലോയേഴ്സ് ഗ്രൂപ് അംഗവുമായ   റിട്ട.  സിവില്‍ സര്‍വീസ് ഓഫീസര്‍ മാത്യു ജോര്‍ജ് പറയുന്നു.

റിയല്‍ എസ്റ്റേറ്റ് (ഭൂമി,  വില്ല, ഫ്‌ലാറ്റ് ക്രയവിക്രയം) ആയിരുന്നു നോട്ടു നിരോധനം വരെ കേരളത്തിലെ ഒരു വന്‍ വരുമാനമേഖല. നികുതി വകുപ്പിന്റെ കര്‍ശന പരിശോധന വന്നതോടെ എല്ലാകച്ചവടങ്ങളും ബാങ്ക്വഴിയേ സാധ്യമാകൂ എന്ന് വന്നപ്പോള്‍ ബ്ലാക് മാണി വ്യാപനം കുറഞ്ഞു. എന്നിട്ടും ഈ നിയന്ത്രണങ്ങള്‍ മറി കടക്കാനുള്ള മാര്‍ഗങ്ങള്‍ റീയല്‍ എസ്റ്റേറ്റ് വിദഗ്ദ്ധന്‍മാര്‍ കണ്ടെത്തിക്കാണണം.

വിപണന രംഗത്തെ ഭീമന്മാരെ നേരിടാന്‍ നറുക്കെടുപ്പിലൂടെ നാലു മാരുതി ആള്‍ട്ടോ കാര്‍ സമ്മാനംകൂടി ഹൈ റേഞ്ച് വിളംബരം ചെയ്യുന്നു. ചില കമ്പനികള്‍ ഷോ റൂമിനു മുമ്പില്‍ കാറുകള്‍ നിരത്തിയിട്ടു കസ്റ്റമേഴ്സിനെ ഓടിച്ച് പിടിക്കുന്ന ഉപായവും പയറ്റുന്നു. കുറഞ്ഞത് ലക്ഷം കോടിയുടെ കച്ചവടം ഉറപ്പാക്കുമെന്നാണ് ഈ സ്ഥാപനങ്ങളുടെ പ്രതീക്ഷ.

'ഫ്ളാറ്റ്, കാര്‍, സ്വര്‍ണം, കോടികളുടെ സമ്മാനം. എഴുപതാം സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് 70 ശതമാനം വരെ ഡിസ്‌കൗണ്ട്, നന്ദിലത്ത് ജി മാര്‍ട്ടിന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞ ഫുള്‍ പേജ് പരസ്യം വിളംബരം ചെയ്യുന്നു.  ഗുരുവായൂരില്‍ ഒരു സ്റ്റുഡിയോ അപാര്‍ട്‌മെന്റ്, ഒരു കിലോ സ്വര്‍ണം, അഞ്ചു മാരുതി ഇഗ്‌നിസ് കറുകള്‍കാര്യ്ക്കല്‍ ഒക്കെയാണ് ഗോള്‍ഡ് ഗാലാ ഓഫര്‍. അവര്‍ക്കു  50 ഷോറൂമുകള്‍ ആയി.

അജ് മല്‍ ബിസ്മിയിലും ഉണ്ട് സ്വാതന്ത്ര്യത്തിന്റെ  ഡിസ്‌കൗണ്ട്. ഒന്നൊന്നര ഓണം ഓഫര്‍ ചെയ്യുന്ന കല്യാണി സില്‍ക്ക്‌സില്‍  ഓരോ 3000 രൂപയുടെ പര്‍ച്ചേസിനും 1500 രൂപയുടെ ഫ്രീ ഷോപ്പിംഗ്! കല്യാണിക്കു 200 ഷോപ്പുകള്‍ ആയി.

കോവിഡ് കാലത്ത് പ്രചാരം കുറഞ്ഞതിന് പ്രതിവിധി തേടുന്ന പത്രങ്ങള്‍ക്കും ഉത്സവ വേളയില്‍ നേട്ടം. കുറെ നാളുകളായി എട്ടും പത്തും ഫുള്‍ പേജ് പരസ്യങ്ങളുമായാണ് പ്രമുഖ പത്രങ്ങള്‍ ഇറങ്ങുന്നത്. പത്രങ്ങളുടെ ഉടമസ്ഥതയിലും അല്ലാതെയുമുഉള്ള ടിവി  ചാനലുകള്‍ക്കും പെരുമഴക്കാലം.

താരരാജാക്കന്മാരെയും താരറാണിമാരെയും അണിനിരത്തി നടത്തുന്ന പരസ്യ പ്രചാരണ തന്ത്രങ്ങളില്‍ വീണുപോകരുതെന്നാണ് സാമ്പത്തിക വിദഗ്ദ്ധ ഡോ. മേരി ജോര്‍ജ് പറയുന്നത്. കാണുന്നതെല്ലാം പൊന്നല്ല. താരങ്ങള്‍ക്കു കൊടുക്കുന്ന കോടികള്‍ കറങ്ങിത്തിരിഞ്ഞു സാധനങ്ങളുടെ വിലയിലേക്കു ഊര്‍ന്നിറങ്ങി വരും.കച്ചവടക്കാര്‍ ധനം വാരിക്കൂട്ടും. പണക്കാര്‍ കൂടുതല്‍ പണക്കാരാകും.

അന്താരാഷ്ട്ര എന്‍ജിഒ  ഓക്സ് ഫാമിന്റെ പഠനപ്രകാരം  പഠനപ്രകാരം 1980-2012 കാലയളവില്‍ ഇന്ത്യന്‍ സമ്പത്തിന്റെ 43 ശതമാനം പത്തു ധനികരുടെ കയ്യിലായിരുന്നെകില്‍ 2012-22 കാലത്തു 63 ശതമാനം സമ്പത്തും ആ പത്തു പേരുടെ പക്കലാണ്. സമ്പത്തിന്റെ ധ്രുവീകരണം ജനാധിപത്ര്യത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകുമെന്നാണ് പ്രൊഫ. മേരി യുടെ വാദം. അതുകൊണ്ടു ജനം കേളികൊട്ട് ഉയരുന്നിടത്തേക്കെല്ലാം ഓടിയടുക്കരുത്.

ഗൂഗിള്‍,  ആപ്പിള്‍, ആമസോണ്‍, സാംസങ്, എല്‍ജി, ടൊയോട്ട, നിസാന്‍ പോലുള്ള  ആഗോള ഭീമന്മാരെ  നേരിടാന്‍ പൊടിക്കൈകളുമായി മലയാളി കമ്പനികളും അരങ്ങു തകര്‍ക്കുന്നു. റഫ്രിജറേറ്ററും വാഷിങ് മെഷീനും  വില്ലുന്ന 'ലോകത്തെ  നമ്പര്‍ വണ്‍ ബ്രാന്‍ഡ്' എന്ന് സ്വയം വിശേഷിപ്പിക്കുന്ന   ചൈനയുടെ ഹയര്‍ 20 ശതമാനം ക്യാഷ് ബാക്ക്,  994 രൂപയുടെ 20 മാസ ഇഎംഐ അതിലൊന്ന് ഫ്രീ. ദീര്‍ഘകാല വാറന്റി   ഓഫര്‍ ചെയ്യുന്നു. 'സ്മാര്‍ട് ആയ വീട്ടിലേക്കു മാവേലിയെ വരവേല്‍ക്കാന്‍' മാവേലിയുടെ ചിത്രവുമായാണ് ഫുള്‍ പേജ് പരസ്യം.

മദ്യവില്പനയും ലോട്ടറിയുമാണ് കേരള ഗവര്‌മെന്റിനു ഏറ്റവും കൊടുത്താല്‍ വരുമാനം നല്‍കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. 'കാണം വിറ്റും ഓണം ഉണ്ണുക' എന്നു പറഞ്ഞതു പോലെ എടുക്കാവുന്നത്ര  കടം പരമാവധി എടുത്തു കൊണ്ടാണ് ഇത്തവണയും ഓണം ആഘോഷങ്ങള്‍-സൗജന്യ റേഷന്‍, ബോണസ്, ഉത്സവ ബത്ത  മുതലായവ അരങ്ങു വാഴുന്നു.

പക്ഷെ കെഎസ്ആര്‍ടിസി ശമ്പള വിതരണം ഇനിയും ശരിയായിട്ടില്ല. റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള ഓണക്കിറ്റ് കഴിഞ്ഞ വര്‍ഷം 87  ലക്ഷം പേര്‍ക്ക് നല്‍കിയെങ്കില്‍ ഇത്തവണ അത് ആറു ലക്ഷം പേര്‍ക്കായി ചുരുക്കി. 

ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ ഗവര്‍മെന്റ് തയ്യാറായിട്ടുള്ളത്. വിനോദ സഞ്ചാരമേഖലകളിലെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബിയറും കള്ളും  വില്‍ക്കാന്‍ അനുവദിക്കുകയെന്ന  നയപരമായ തീരുമാനം  പുരോഗമനപരമാണ്. സഭകളും മദ്യനിരോധന സമിതികളും എതിര്‍ക്കുമെങ്കിലും ടൂറിസം മേഖല ഈ മാറ്റം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ ബാറുകള്‍ അനുവദിക്കും, ബാര്‍  ലൈസന്‍സ് ഫീ വര്‍ധിപ്പിക്കുകയും ചെയ്യും.  കള്ള് ഇനി വെറും കള്ളല്ല മാന്യനായ കേരള ടോഡിയാണ്. 

ഓണം മഹാഭാഗ്യത്തിന് ഒരുകോടിയുടെ ഒന്നാം സമ്മാനമാണ് ഗവര്‍മെന്റ് ഭാഗ്യക്കുറി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ കോടിയുടെ 20 രണ്ടാം സമ്മാനവും 50 ലക്ഷത്തിന്റെ 20 മൂന്നാം സമ്മാനവുമുണ്ട്. ലോട്ടറി വില്പനക്കാര്‍ക്കു കൂടുതല്‍ ഇന്‍സെന്റീവും നല്‍കും. അങ്ങിനെ ഓണം സര്‍ക്കാരിന്റെ ഭാഗ്യക്കുറി  കൂടിയാകുന്നു.

മലയാളികള്‍ കടം വാങ്ങിയും ഓണം ഉണ്ണും. ഈ ഉപഭോഗ സംസ്‌ക്കാരം അവരുടെ സഹജ സ്വഭാവമാണ്. സ്വര്‍ണം പണയം വാങ്ങി കടം കൊടുക്കുന്ന കേരളത്തിലെ ബാങ്കിതര സ്ഥാപനമായ മുത്തൂറ്റ് ഇന്ത്യയിലെതന്നെ  അത്തരം പ്രസ്ഥാനങ്ങളില്‍ പ്രധാനപെട്ട ഒന്നായി വളര്‍ന്നതില്‍ അത്ഭുതം വേണ്ടെന്നാണ് എംജി യൂണിവേഴ്സിറ്റി കെ എന്‍ രാജ് സ്‌കൂളിലെ പ്രൊഫസര്‍ മാത്യു കുര്യന്റെ നിലപാട്.

ഒരു ഉത്പന്നം ഉണ്ടാക്കുമ്പോള്‍ അത് ആകര്‍ഷകമായി പാക്ക് ചെയ്തു അതിനെപ്പറ്റി ഉപഭോക്താവിനെ അറിയിക്കാന്‍ പല മാര്ഗങ്ങളും സ്വീകരിക്കേണ്ടി വരും. അതിലൊന്നാണ് പരസ്യം. പോമോഷന്‍ ചെലവ് കൂടി ഉള്‍പ്പെടുത്തിയാണ് ഓരോന്നിന്റെയും വില നിശ്ചയിക്കുന്നത്. കാളവണ്ടിയിലൂടെ സിനിമ നോട്ടീസ് വിതരണം ചെയ്ത കാലം ഒരുകാലത്ത് ഉണ്ടായിരുന്നു. കാലത്തിനനുസരിച്ച് രീതി മാറി.

അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ നിരത്തുന്നുണ്ടോ എന്ന് ഉപഭോക്താവ് വിവേചനബുദ്ധിയോടെ കണ്ടു പിടിക്കണം. അതവരുടെ ഉത്തരവവാദിത്തമാണ്. പരസ്യക്കാരെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ലെന്നു ഡോ. കുര്യന്‍ പറയുന്നു. 

'ഓക്‌സ് ഫാമിന്റെ കണ്ടെത്തല്‍ ശരിയാണ്. പാരീസ് സ്‌കൂള്‍ ഓഫ് എക്കണോമിക്സിന്റെ ഇന്‍ഇക്വാലിറ്റി ലാബ്  ഇതിലും ആഴത്തില്‍ ഈ വിഷയം കൈകാര്യം ചെയ്തിട്ടുണ്ട്. കാര്യങ്ങള്‍ വേഗം നടക്കാന്‍ കൈക്കൂലി, സ്പീഡ് മണി, ഡേര്‍ട്ടി മണി ഒക്കെ വിനിമയം ചെയ്യുന്നുണ്ട്. അതെല്ലാം ഒടുവില്‍ നമ്മുടെ ഉപഭോഗ  സംസ്‌ക്കാരത്തിലേക്കു ഊര്‍ന്നിറങ്ങി വരും, സൂക്ഷിക്കണം, പ്രൊഫസര്‍ മുന്നറിയിപ്പ് നല്‍കി.

 

Join WhatsApp News
Abdul Punnayurkulam 2023-08-19 22:30:34
Kurian sir, happy Onam
George mampara 2023-08-23 20:58:23
K pampady has done it again. A readable story he has created. Mostly observations, remarks of experts and supporting pics. Kudos kurian.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക