Image

കോണ്‍ഗ്രസ്സില്‍ വേണുനാദം ! : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 21 August, 2023
കോണ്‍ഗ്രസ്സില്‍ വേണുനാദം ! : (കെ.എ ഫ്രാന്‍സിസ്)

കോണ്‍ഗ്രസില്‍ മുഴങ്ങുന്നത് കെ.സി വേണുഗോപാലിന്റെ വാക്കുകള്‍. മുന്‍പൊരിക്കലുമില്ലാത്ത വിധം വേണുവിനു കോണ്‍ഗ്രസ് ആസ്ഥാനത്ത് ആധിപത്യമുണ്ടെന്ന് സതീശനും, സുധാകരനും, തിരുവഞ്ചൂരും മാത്രമല്ല തരൂരും തിരിച്ചറിഞ്ഞിരിക്കുന്നു. 

തരൂര്‍ വിദേശത്ത് പോകുന്നതിന് മുമ്പ് കെ.സി വേണുഗോപാലിനെ കണ്ടിരുന്നു. കൂടെ പ്രവര്‍ത്തകസമിതിയുടെ കാര്യവും ഓര്‍മിപ്പിച്ചു. കൈകൊടുത്തു പിരിയുമ്പോള്‍ വേണു ഒരു വാക്ക് കൊടുത്തു : 'ഡണ്‍!' 

തരൂരിനോട് നെഹ്‌റു കുടുംബത്തിലെ ആര്‍ക്കും പിണക്കമില്ല. പ്രസിഡന്റ്  സ്ഥാനത്തേക്ക് എതിരായി മത്സരിച്ചെങ്കിലും തരൂരിനോട് ഗാര്‍ഗെയ്ക്കും വിരോധമില്ല. പിന്നെ ആര്‍ക്കാ വിരോധം ? തുടക്കത്തില്‍ ഒരു അതൃപ്തി ഉണ്ടായിരുന്നെങ്കിലും രമേശ് ചെന്നിത്തലയെ പ്രവര്‍ത്തക സമിതിയിലെടുക്കാതിരിക്കാന്‍ തരൂരിനെ അകത്താക്കുന്നതാണ് ബുദ്ധിയെന്ന് വേണുവിന് ആരും പറഞ്ഞു കൊടുക്കേണ്ട. വേണു നായര്‍, തരൂര്‍ നായര്‍ പിന്നെ രമേശന്‍ നായര്‍ക്ക് എവിടെ ഇടം ?  

നായന്മാരും സമദൂരവും : 

നായന്മാരെ മുഴുവന്‍ പ്രവര്‍ത്തക സമിതിയില്‍ കയറ്റിയാലും നായന്മാരുടെ നേതാവ് സുകുമാരന്‍ നായര്‍ക്കാകട്ടെ സമദൂരവും ! വല്ല മിത്ത്  വിവാദമോ  നാമജപയാത്രയോ  ഉണ്ടാകുമ്പോള്‍ മാത്രം ആണ് സമദൂരത്തില്‍ കോണ്‍ഗ്രസിനോടുള്ള ദൂരം അല്പമെങ്കിലും കുറയുക. കേരളത്തില്‍ കോണ്‍ഗ്രസിന്റെ കൂടെ എക്കാലത്തുമുള്ള ക്രൈസ്തവ പ്രാതിനിധ്യം കാത്തുരക്ഷിക്കാനാണ് പള്ളിയില്‍ പോലും പോകാത്ത ആന്റണി തുടരട്ടെ എന്ന ന്യായം. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നെങ്കില്‍ ഒരു പകരക്കാരനെ ആലോചിക്കാമായിരുന്നു. ഒന്നും വേണ്ടെന്നും ഒന്നിനുമില്ലെന്നും പറഞ്ഞു തിരുവനന്തപുരത്തു താമസമാക്കിയ ആന്റണിയെ  ഇഷ്ടമില്ലാതെ നിര്‍ബന്ധിച്ചു വര്‍ക്കിംഗ് കമ്മിറ്റിയിലാക്കിയതിന് പിന്നിലും വേണു തന്നെ. വേണുവിനു എല്ലാവരെയും  നന്നായി അറിയാമല്ലോ. ആന്റണിയുടെ പേര് അപ്പോള്‍ പറഞ്ഞില്ലെങ്കില്‍ മുല്ലപ്പള്ളിയാകും വരിക. കേരളത്തിലെ മറ്റൊരു പ്രബല സമൂഹത്തിന്റെ പ്രതിനിധിയാണ് അദ്ദേഹമെന്ന് വെള്ളാപ്പള്ളി ഒരുപക്ഷേ സമ്മതിക്കുകയില്ല. അതേസമയം സമദൂരം സുകുമാരന്‍ തരൂരിനെ അംഗീകരിക്കുകയും ചെയ്യും. 

അടിക്കുറിപ്പ് : നോക്കണേ നമ്മുടെ കച്ചവടക്കാരുടെ ഓരോ തട്ടിപ്പുകള്‍! മൂവായിരം രൂപയുടെ സാധനങ്ങള്‍ വാങ്ങിയാല്‍ 1500 രൂപയുടേത് ഫ്രീയായി വാങ്ങാം. അന്വേഷിച്ചപ്പോഴാണ് അറിയുന്നത് 3000 രൂപയുടെ  സാധനങ്ങള്‍ വാങ്ങുമ്പോള്‍ 500 രൂപയുടെ 3 കൂപ്പണുകള്‍ ഫോണില്‍ വരും. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 1500 രൂപയുടെ വീതം സാധനങ്ങള്‍ വാങ്ങിയാലേ 500 രൂപയുടെ വീതം ഇളവു കിട്ടൂ. മൊത്തം 7500 രൂപയുടെ സാധനങ്ങള്‍ നാലുമാസം തുടര്‍ച്ചയായി ചെന്ന് വാങ്ങുന്നവര്‍ക്കാണു പോലും 1500 രൂപയുടെ  ഇളവ്. അത് ആദ്യം പറയില്ല. 3000 രൂപയുടെ സാധനങ്ങള്‍ ഒന്നിച്ചു വാങ്ങി 1500 രൂപയുടെ സൗജന്യം ചോദിക്കുമ്പോള്‍ മാത്രമായിരിക്കും രഹസ്യം പുറത്തു വിടുക.

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക