Image

മൊയ്തീനെ വേട്ടയാടുന്നത് പിണറായി കണ്ടില്ലേ ? : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 22 August, 2023
മൊയ്തീനെ വേട്ടയാടുന്നത് പിണറായി കണ്ടില്ലേ ? : (കെ.എ ഫ്രാന്‍സിസ്)

തന്റെ മന്ത്രിസഭംഗമായിരുന്ന മൊയ്തീന്റെ വീട്ടില്‍ ഇ.ഡി ഏഴ് മണിക്കൂര്‍ റെയ്ഡ് ചെയ്തതൊന്നും പിണറായി  അറിഞ്ഞില്ലേ ? തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ പറഞ്ഞതുപോലെ എന്തേ പിണറായി പ്രതികരിക്കാതിരിക്കുന്നത് ?

തമിഴ്‌നാട്ടിലെ മുന്‍ മന്ത്രിസഭയിലെ തട്ടിപ്പിനും വെട്ടിപ്പിനും ചിലരെയൊക്കെ ഇ.ഡിചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തല്ലോ. അതേപോലെ കേരളത്തിലെ മുന്‍ മന്ത്രി എ.സി മൊയ്തീന്റെ വീട്ടിലും റെയ്ഡ് !കരുവന്നൂര്‍ സഹകരണ ബാങ്കിലെ 200 കോടി രൂപയുടെ വെട്ടിപ്പ് കേസ്സ് സംബന്ധമായിട്ടായിരുന്നു റെയ്ഡ്. ഇതുവരെ 18 പ്രതികളുടെ പേരിലായിരുന്നു അന്വേഷണം. ഇതോടെ കളി മാറി. സി.പി.എം സഖാക്കള്‍ അതറിഞ്ഞതോടെ വീടിനു ചുറ്റും കൂടി നിന്നു. അപ്പോഴതാ കോണ്‍ഗ്രസുകാര്‍ മുദ്രാവാക്യം മുഴക്കി വരുന്നു. എല്ലാറ്റിനെയും സഖാക്കള്‍ അടിച്ചോടിച്ചു. പാവം കോണ്‍ഗ്രസുകാര്‍ക്കുണ്ടോ സഖാക്കളെ നേരിടാനുള്ള ചങ്കൂറ്റം ? 

കുട്ടിപ്പട തകര്‍ത്തു : 

തിരുവനന്തപുരത്തെ കോണ്‍ഗ്രസ് കുട്ടിപ്പട ഇന്ന് ക്ലിഫ്ഹൗസ് വളഞ്ഞു. കെ.എസ്.യുക്കാരും പോലീസും  ഏറ്റുമുട്ടി, ഉന്തും തള്ളുമായി. ഒടുവില്‍ ചിലതിനെ പൊക്കി മറ്റുള്ളവരെ അടിച്ചോടിച്ചു. 

ഓരോരോ പ്രതീക്ഷകള്‍ : 

രമേശും മുരളിയും പിണക്കത്തിlലാണെന്ന് കോണ്‍ഗ്രസുകാരെ അറിയിച്ചു. പുതുപ്പള്ളിയിലെ ഇലക്ഷനില്‍ വോട്ടിംഗ് കഴിഞ്ഞ ശേഷം മാത്രമേ അവര്‍ കാരണം പുറത്തു പറയൂ. രമേശ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഒരിടം പ്രതീക്ഷപ്പോഴേക്കും വേണു നായരെയും തരൂര്‍ നായരെയും എടുത്തു കഴിഞ്ഞു. രമേശന്‍ നായര്‍ക്ക് എവിടെ ഇടം ? ഇനി മുരളി മാരാരും വര്‍ക്കിങ് കമ്മിറ്റി പ്രതീക്ഷിച്ചോ  ആവോ ?ആര്‍ക്കാ,എന്താ പ്രതീക്ഷിക്കാന്‍ പാടില്ലാത്തത് ?  എന്തായാലും ആറാം തീയതി ആ രഹസ്യത്തിന്റെ കെട്ട് രണ്ടു സീനിയര്‍ നേതാക്കളും അഴിച്ചു വിടും. 

കയറ്റിറക്കം  : 

കോണ്‍ഗ്രസില്‍ മൂപ്പിളമായൊന്നും പ്രതീക്ഷിക്കേണ്ട. ഇപ്പോള്‍ വേണു നായരാണ് കാര്യക്കാരന്‍. അതങ്ങട് അംഗീകരിച്ചാലല്ലാതെ ഒരു കാര്യവും നടക്കില്ല, കേട്ടോ. തരൂരിന് അതറിയാം. രമേശനു ഇക്കാര്യത്തില്‍ ഒരു അസംതൃപ്തിയും ഇല്ലെന്നു സതീശന്‍. തൊട്ടടുത്തു സതീശന്‍ വച്ച  വാചകം ശ്രദ്ധിച്ചോ ?കയറ്റിറക്കം സ്വാഭാവികമല്ലേയെന്നും. അതിനര്‍ത്ഥം രമേശന്‍ പഴയപോലെ മേലെയല്ല, സ്ഥാനം താഴെയാണെന്നല്ലേ ?പറഞ്ഞതോ വേണുവിന്റെ സ്വന്തം ആള്‍ സതീശന്‍!   

അടിക്കുറിപ്പ് : സ്വീപ്പര്‍ സതിയമ്മയാണ് പുതുപ്പള്ളി ഇലക്ഷന്‍ പ്രചാരണത്തില്‍ താരം. ഉമ്മന്‍ചാണ്ടി തന്റെ കുടുംബത്തിനു വേണ്ടി ചെയ്ത സേവനം ചാനലുകാരോട് പറഞ്ഞ സതിയമ്മയെ, ആ കാരണത്താല്‍ പുറത്താക്കിയെന്നായി വാര്‍ത്ത. മകന്‍ രാഹുല്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ നേരിട്ട് ഇടപെട്ട് സഹായം നല്‍കിയതിനാല്‍, വോട്ട് ഇത്തവണ ചാണ്ടി ഉമ്മനാണെന്ന് പറഞ്ഞതിനാണ് ഈ ശിക്ഷാ നടപടിയെന്നായി കോണ്‍ഗ്രസുകാര്‍. മൃഗാശുപത്രിയുടെ ചാര്‍ജ്ജുള്ള മന്ത്രി ചിഞ്ചുറാണി പറയുന്നു : 'നിയമനം ജിജിമോള്‍ക്കാണ്  ശമ്പളം നല്‍കുന്നതും ആ അക്കൗണ്ടില്‍ തന്നെ. പക്ഷെ ജോലി ചെയ്തത് സതിയമ്മയും.  ക്രമക്കേട് കണ്ടതിനെത്തുടര്‍ന്ന് പുറത്താക്കിയതാണ്. എല്ലായിടത്തും കുടുംബശ്രീയാണ് ഈ തസ്തികയിലേക്ക് ആളെ തരുന്നത്. ഐശ്വര്യ യൂണിറ്റ് ജിജിമോളുടെ പേരാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ നല്‍കിയത് പോലും ! സതിയമ്മ  വര്‍ഷങ്ങളായി ഇവിടെ സ്വീപ്പറുമാണ്. ഓരോ തരം ട്വിസ്റ്റുകള്‍ ഇനി ആള്‍മാറാട്ടത്തിനു  സതിയമ്മ അറസ്റ്റിലാകുമോ ? അതും കണ്ടറിയണം.

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക