ഞാൻ എഴുതുന്ന കഥകളെല്ലാം സ്ത്രീകളെ കേന്ദ്രബിന്ദുവാക്കിക്കൊണ്ടാണ്. അത് യാദൃശ്ചികമായി സംഭവിക്കുന്നതാണ്. ഞാൻ സ്ത്രീയായതുകൊണ്ടും എനിക്ക് സ്ത്രീകളുടെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും എന്നുള്ളതുകൊണ്ടും എനിക്ക് പുരുഷന്മാരുടെ മനസ്സ് അറിയാത്തതുകൊണ്ടുമാകാം ഇങ്ങനെ സംഭവിക്കുന്നത്.. ഞാൻ പൊതുവേ ഒരു പുരുഷന്മാരോടും ഒരു പരിധിയിൽ കൂടുതൽ മിണ്ടാറില്ല. മിണ്ടിയിട്ടുള്ളത് വിരളം ചില പുരുഷന്മാരോട് . അവരുടെ മനസ്സ് എനിക്ക് അറിയാമോ എന്ന് ചോദിച്ചാൽ ഞാൻ കൈ മലർത്തും. എനിക്ക് അറിയില്ല എന്നതാണ് പരമാർത്ഥം.
ഇന്നും ഞാൻ എഴുതുന്നത് ഒരു സ്ത്രീയെക്കുറിച്ചാണ്. ഭാഗ്യവതിയായ ഒരു സ്ത്രീയെക്കുറിച്ച്…
‘നീ ഭാഗ്യവതിയാണ്…
‘കഴിവും പൗരുഷവുമുള്ള ഭർത്താവ്. കോമളത്വം തുളുമ്പുന്ന ആരോഗ്യമുള്ള ഓമന മക്കൾ. ഈ കണ്ട സ്വത്തുക്കൾ ! നിനക്ക് ജോലിക്ക് പോയി കുടുംബം പുലർത്തേണ്ട കാര്യം ഇല്ല. നീ ആഗ്രഹിക്കുന്നതെല്ലാം മുന്നിൽ ! നീ ഭാഗ്യവതിയാണ് ‘‘ , സീനയെ വാനോളം പുകഴ്ത്താൻ എന്നും രാവിലെ എഴുന്നേറ്റ് അഞ്ചാറുപേർക്ക് ഭക്ഷണം ഉണ്ടാക്കി , ഉച്ചക്കുള്ള പൊതിയും കെട്ടി, സാരി വലിച്ചുവാരി ഉടുത്ത്, തോളിൽ കീറിപ്പറിഞ്ഞ പഴയ ലെതർ ബാഗും തൂക്കി , ബാഗിൽ സ്ഥലം തികയാത്തതിനാൽ പഴയ കറുത്ത കുട ഇടതു കൈയിൽ മുറുകെ പിടിച്ച്, ബസ്സിൽ ഓടിക്കയറി ജോലിക്ക് പോയി കുടുംബം പോറ്റിയിരുന്ന സീനയുടെ ബന്ധുവും കൂട്ടുകാരിയുമായ വിന്നിക്ക് മടിയുണ്ടായിരുന്നില്ല. വിന്നി മാത്രമല്ല കൂട്ടുകാർ നാട്ടുകാർ ബന്ധുക്കൾ അങ്ങനെ സീനയെ പരിചയപ്പെടുന്നവരെല്ലാവരും അവളെ ഭാഗ്യവതിയായി വാഴിച്ചു.
സീന ചിന്തിച്ചു. ആളുകൾ പുകഴ്ത്തിയപോലെ എല്ലാം തനിക്കുണ്ട്. ഒരു ആവലാതിയും കുറവും ഇല്ലാത്ത സ്ത്രീയാണ് താൻ. അവൾ അതോർത്തു സന്തോഷിക്കാൻ ശ്രമിച്ചു.
വർഷങ്ങൾ ജീവിതത്തിൽനിന്നും കുറേ നടന്നു നീങ്ങിയിരുന്നു. സീന കടന്നു വന്ന വഴികളെക്കുറിച്ചു ആലോചിക്കുമ്പോൾ പറയത്തക്കതായി ഒന്നുംതന്നെ അവളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. അവളുടെ മാതാപിതാക്കൾ സമ്പന്നരായിരുന്നു. വീട്ടിൽ ഒന്നിനും കുറവുണ്ടായിരുന്നില്ല. ഇന്ന് അവർ ഈ ലോകത്തില്ല. അത് ഓർക്കുമ്പോൾ ഉള്ളിലൊരു വിങ്ങലാണ്. ആരുമില്ല എന്ന തോന്നൽ അവളിലേക്ക് ഇരച്ചുകയറി വരുന്നു
അവളുടെ മാതാപിതാക്കൾ ഉണ്ടായിരുന്നപ്പോൾ ഒരു വിശ്വാസമായിരുന്നു. ലോകം സുരക്ഷിതമായ സ്ഥലമായിരുന്നു. ആരൊക്കെയോ കൂടെ ഉള്ളതുപോലെ. ആരൊക്കെയോ തന്നോട് മിണ്ടാൻ കൊതിച്ചിരുന്നപോലെ. അന്നും അവൾ ഭാഗ്യവതിയായിരുന്നു.
അവളെ സമൂഹം ആഗ്രഹിക്കുന്നതുപോലെ വളർത്തി. വിവാഹം കഴിപ്പിച്ചു. അവൾക്ക് കുട്ടികളായി. ഇപ്പോഴും അവൾ ഭാഗ്യവതിയായി ഇരിക്കുന്നു. ഭാഗ്യവതി !
പിന്നെ പിന്നെ ഭാഗ്യവതിയുടെ മാനങ്ങൾ മാറി വന്നതവളറിഞ്ഞു. ഭാഗ്യവതി എന്ന തലക്കെട്ട് സമൂഹത്തിൽ അന്തസ്സ് വാങ്ങി തരില്ല എന്നവൾ മനസ്സിലാക്കി. അന്തസ്സിന് സ്ഥാനം വേണം. തിരക്കായിരിക്കണം. മനുഷ്യർക്ക് കണ്മുന്നിൽ അളക്കാവുന്ന സ്വത്ത് സമ്പത്ത് മുതലായവ സ്വയം ഉണ്ടാക്കണം. ഇതൊന്നും സ്വന്തമായി ഉണ്ടാക്കാതെ ആരുടെയെങ്കിലും അദ്വാനത്തിൽ ലഭിക്കുന്നതാണെങ്കിൽ ഭാഗ്യവതിയായി. ആ ഭാഗ്യം അന്തസ്സ് തരില്ല. അഭിമാനം തരില്ല. വില തരില്ല. വില ഇല്ലാത്ത ഭാഗ്യവതിയായിരുന്നു സീന. സീനയുടെ ഭർത്താവ് അവളോട് കാണിക്കുന്ന ബഹുമാനമില്ലായ്മ കുട്ടികളും കണ്ടു പഠിച്ചു. കുട്ടികളും സീനയോട് ആജ്ഞാപിക്കാൻ തുടങ്ങി. സീന ആ വീട്ടിൽ താമസിക്കുന്നുണ്ടെന്ന് ആരും ശ്രദ്ധിച്ചില്ല. സീന കുറേ സംസാരിക്കും. ഒന്നിനും ഉത്തരങ്ങൾ ഉണ്ടാകുകയില്ല. ആരും ഉത്തരം പറയാൻ മെനക്കെടില്ല. സീനയ്ക്ക് വില ഇല്ല. വില ഇല്ലാത്തതുകൊണ്ട് മാനം അഭിമാനം ദുരഭിമാനം ഇവയൊന്നും അവൾക്കില്ല. സീനയ്ക്ക് ആരോടും പിണക്കമില്ല. അവൾ പിണങ്ങി ഇരുന്നാലും ആരും അറിയില്ല. ആരും അവളെ ശ്രദ്ധിക്കില്ല.
സീന ഭർത്താവിനോട് പറഞ്ഞു, ‘ ഞാൻ ഭാഗ്യവതിയാണ്. നിങ്ങളെ പോലെ മിടുക്കനായ ഒരു ഭർത്താവിനെ കിട്ടിയതിൽ’.
അതുകേട്ട് സീനയുടെ ഭർത്താവ് അയാളുടെ മിടുക്കിൽ അഭിമാനംകൊണ്ട് തലയെടുപ്പോടെ നിന്നു.
സീന കുട്ടികളോട് പറഞ്ഞു ,’ ഞാൻ ഭാഗ്യവതിയാണ്. എനിക്ക് നിങ്ങളെ പോലെ ഓമനമക്കളെ കിട്ടിയതിൽ’!.
ഓമനകൾ തങ്ങൾ അത്രയും ഓമനകളാണ് എന്നറിഞ്ഞു ആനന്ദത്തോടെ അമ്മയെ നോക്കി പുഞ്ചിരിച്ചു.
സീന ഭാര്യയായതിൽ ഓമന മക്കൾക്ക് അവൾ അമ്മയായതിൽ തങ്ങളും ഭാഗ്യമുള്ളവരാണ് എന്ന് ആരും പറഞ്ഞില്ല. സീനക്ക് പാടുപെടേണ്ടിവരുന്നു അവളുടെ തല ഉയർത്തിപ്പിടിച്ചു അഭിമാനത്തോടെയിരിക്കാൻ. അവളുടെ ഉള്ള് വെന്ത് പൊള്ളുന്നുണ്ട്. ഒന്ന് മിണ്ടാൻ ആരുമില്ല. പ്രിയപ്പെട്ട മാതാപിതാക്കളില്ല. ഈ ലോകത്ത് ആരുംതന്നെയില്ല.
സീന അപ്പോഴും ലോകം കാണുന്ന ഭാഗ്യവതിയാണ്…
വിന്നി രാത്രിയിൽ ജോലിയും കഴിഞ്ഞു തിരിച്ചു വരുമ്പോൾ സീന പടിവാതിൽക്കലിൽ നിൽക്കുന്നുണ്ടാകും. അവർ കുറച്ചുനേരം കുശലം പറയും. വിന്നിക്ക് ഒന്നു ചെന്നു കിടന്ന് ഉറങ്ങിയാൽ മതി. എങ്കിലും വിന്നിയുടെ ആത്മാവിന്റെ തൃപ്തി പ്രകടമായിരുന്നു. വിന്നി പോയിക്കഴിഞ്ഞും ഉമ്മറപ്പടിയിൽ ഇരുട്ടിനെ നോക്കി അവൾ കുറേ നേരമിരിക്കും. ലോകം ഉറങ്ങുകയാണ്. ഇരുളിൽ അവൾക്ക് ഇരുൾ തന്നെ കൂട്ട്. ഇരുൾ ഒറ്റപ്പെടുന്നതുപോലെ അവളും ഒറ്റപ്പെടലിൽ. ഭുമിയുണ്ടായ കാലം മുതൽ രാത്രികളിൽ ഭംഗിയുള്ളതെല്ലാം ഇരുളിനെ തനിച്ചാക്കി എങ്ങോ പോയി മറയുന്നു. ഇരുളിൽ അവൾക്കെന്നും മന്ത്രിച്ചു കേൾക്കുന്ന രഹസ്യങ്ങളുണ്ട്. ത്യജിക്കാനാണ് അവർ മന്ത്രിക്കുന്നത്. സ്വയം ത്യജിക്കാൻ. ത്യാഗത്തിലും വലുതായൊരു സ്നേഹമില്ല എന്നവർ പറയും. അവൾ എന്നും രാവിലെ ഉണരും പുതിയ മെഴുകുതിരിയായി.