Image

പുന:സമാഗമത്തിന്റെ ഓർമ്മകൾ (കരാമ മുനിസിപ്പലിറ്റി കോളനി 244-245 ഫ്ലാറ്റ് നമ്പർ 1: മിനി വിശ്വനാഥന്‍)

Published on 23 August, 2023
പുന:സമാഗമത്തിന്റെ ഓർമ്മകൾ (കരാമ മുനിസിപ്പലിറ്റി കോളനി 244-245 ഫ്ലാറ്റ് നമ്പർ 1: മിനി വിശ്വനാഥന്‍)

കരാമക്കുറിപ്പുകൾക്ക് വ്യക്തിപരമായ ചില തിരക്കുകളാൽ അല്പം ദീർഘമായ ഒരു ഇടവേള വന്നു പോയതിൽ മാന്യ വായനക്കാർ ക്ഷമിക്കണം.
വീണ്ടുമെഴുതിത്തുടങ്ങുന്നത് അതിമധുരമായ ഒരു റീ യൂണിയൻ അനുഭവത്തോടെയാവാം!
കരാമ ജീവിതത്തിൽ എന്നെ ഏറ്റവും സ്വാധീനിച്ച പ്രിയപ്പെട്ട കൂട്ടുകാരുമായി വീണ്ടും ഒത്തു കൂടാൻ കഴിഞ്ഞ കഥയും ഓർമ്മകളുമാവട്ടെ ഇത്തവണത്തെ കുറിപ്പ് !

കല്യാണത്തിന് മുന്നേ എന്നെ ഒട്ടും ഭ്രമിപ്പിച്ചിട്ടില്ലാത്ത ഒരു നഗരമായിരുന്നു ദുബായി. കൂടെപ്പഠിച്ചവരിൽ പലരും ദുബായിക്കാരെ കല്യാണം കഴിച്ച് ഒഴുകി വീഴുന്ന സാരികളിലെ പെർഫ്യൂം ഗന്ധം പരിസരങ്ങളിൽ പ്രസരിപ്പിച്ചു പുതിയ സ്വർണ്ണാഭരണങ്ങളുടെ മിന്നിത്തിളക്കത്തോടെ അടുത്തു വന്ന് കുശലം പറയുമ്പോഴൊന്നും അവരുടെ സമൃദ്ധമെന്ന് തോന്നിപ്പിക്കുന്ന ആ ജീവിതത്തോട് ഭ്രമം തോന്നിയിട്ടില്ല. 

പുത്തൻ പുസ്തകങ്ങളുടെ പുതുഗന്ധത്തോളം മറ്റൊന്നും അക്കാലത്ത് എന്നെ കൊതിപ്പിച്ചിട്ടുമില്ല. അങ്ങിനെ തീർത്തും 
തനി 
നാട്ടിൻപുറക്കാരിയായ  ഞാനാണ് സംഭവിക്കുന്നതെന്തെന്ന്  ചിന്തിക്കാൻ സമയം കിട്ടുന്നതിന് മുൻപേ ഒരു ഒരു ദുബായിക്കാരന്റെ ഭാര്യയാവുന്നതും അതോടൊപ്പം ദുബായിലേക്ക് പറന്ന് ഒരു ദുബായിക്കാരത്തിയാവുന്നതും.

തീർത്തും വ്യത്യസ്തമായ ജീവിത പരിസരങ്ങളിൽ നിന്നു വന്ന ഭർത്താവും അപരിചിതമായ ഒരു നാടും ജീവിതത്തിന്റെ ഭാഗമായപ്പോൾ ആദ്യമൊന്ന് പതറി എന്നത് സത്യമാണ്.  ആൾക്കൂട്ടങ്ങൾക്കുള്ളിൽ ജീവിച്ച ഞാൻ സങ്കടങ്ങൾ പറയാനും കേൾക്കാനും ആരുമില്ലാത്ത ഒരു ലോകത്ത് എത്തിപ്പെട്ടതിന്റെ പരിഭ്രമവുമായി പകച്ചിരുന്നപ്പോഴാണ് പുതിയ ജീവിതത്തിന്റെ വഴികാട്ടിയായി അനുവും സോണിയയുമടങ്ങുന്ന പുതിയ കൂട്ടുകാർ എന്നിലേക്കെത്തുന്നത്. 

വേണുവിന്റെ ഭാര്യ , ടോമിയുടെ , സഞ്ജയ്ന്റെ , അനിൽ കോശിയുടെ , ഈപ്പന്റെ എന്നീ വിശേഷണങ്ങളോടെ പരിചയപ്പെട്ട വിശ്വേട്ടന്റെ കൂട്ടുകാരുടെ ഭാര്യമാരൊക്കെ എന്റെയും കൂട്ടുകാരായി.
പ്രായം കൊണ്ടല്ലെങ്കിലും അനുഭവങ്ങൾ കൊണ്ടും ജീവിതം കൊണ്ടും അവർ എന്നേക്കാൾ സീനിയറായിരുന്നു. അമ്മപ്പദവികളിലെത്തിയിരുന്ന അവരാണ് എന്നെ ജീവിതത്തിലെ പുതിയ  പാഠങ്ങൾ പഠിപ്പിച്ചത്. (വേണുവും ടോമിയുമൊഴികെ മറ്റെല്ലാവരും മറു നാടുകളിലായിരുന്നെങ്കിലും അടുപ്പത്തിന് ഒരു കുറവുമുണ്ടായില്ല. അവസരം കിട്ടുമ്പോഴൊക്കെ വീട്ടുകാരെ കാണാനെന്ന പോലെ ദുബായി സന്ദർശിച്ചു അവർ ഞങ്ങൾക്കൊപ്പം ചേർന്നു.)

കരാമ ജീവിതം എഴുതിത്തുടങ്ങുമ്പോൾ വീണ്ടും ഞാൻ ഒന്നുമറിയാക്കുട്ടിയായിരുന്ന ആ പുതുപ്പെണ്ണിന്റെ ലോകത്തേക്ക് തിരിഞ്ഞു നടക്കുകയായിരുന്നു.
ആ ഓർമ്മകളിലൂടെ കടന്നുപോവുമ്പോഴാണ്, ഒരു ദിവസം  അനു മെസഞ്ചറിൽ  "മിനീ നമ്മുടെ അമ്മുവിന്റെ കല്യാണമായി" എന്ന മെസേജ് അയച്ചത്. ആദ്യമായി കണ്ടപ്പോൾ അരിപ്പല്ലുകൾ വിടർത്തി അർച്ചന എന്ന് സ്വയം പരിചയപ്പെടുത്തി നാണത്തോടെ അമ്മയുടെ    ഷാളിനിടയിലൂടെ എന്നെ പതുങ്ങി നോക്കിയ നാല് വയസ്കാരിയെ ഞാൻ ഓർത്തെടുത്തു. ദൈവമേ ഞങ്ങളുടെ അമ്മു എന്ന് വാത്സല്യത്തോടെ മനസ്സിൽ തഴുകി മൂർദ്ധാവിലുമ്മ വെച്ചു. 

ഓർമ്മകൾ കടല് പോലെ എന്നിലേക്ക് കയറി വന്നു.

പുതുനഗരത്തിന്റെ ശീലങ്ങളറിയാതെ, ജീവിച്ച് പോവാൻ വേണ്ട പാചകം പോലുമറിയാതെ പകച്ച് പോയ എന്നെ കൈ പിടിച്ച് കൂട്ടത്തിൽ നടത്തിയത് അനുവായിരുന്നു ! ഞാൻ പറയുന്ന വേവലാതികളെല്ലാം ക്ഷമയോടെ കേട്ട് " ഓ അതൊന്നും സാരമില്ലെന്നേ" എന്ന് പറഞ്ഞ് ചേർത്ത് നിർത്തി വ്യാക്കൂണുകൾക്ക് കാവലിരുന്ന് എന്റെ കുഞ്ഞുങ്ങൾക്ക് മറ്റൊരമ്മയായായി അവൾ കൂടെയുണ്ടായിരുന്നു. 

കരാമയിലെ ബ്യൂട്ടിപ്പാർലറിൽ ആദ്യമായി കൊണ്ട് പോയി പരിഷ്കാരിയാക്കിയത് ഇപ്പോഴോ ർക്കുമ്പോൾ ചിരി വരും. 
നിറം മങ്ങിയ കോട്ടൺ സാരികളും ചാക്കു പോലെയുള്ള ഖദറിന്റെ തോൾ സഞ്ചിയും ഭൂഷണമാക്കിയിരുന്ന വലിയ ഫ്രെയിമുള്ള കണ്ണട വെച്ച രാഷ്ട്രീയക്കാരിയെ നഗരവൽക്കരിക്കാൻ അവൾ ശരിക്കും കുറെ പാട് പെട്ടിട്ടുമുണ്ട്. 

കൂട്ടുകാരെന്നതിലുപരി ഒരു കുടുംബമായിരുന്നു ഞങ്ങളുടേത്. സങ്കടങ്ങളും സന്തോഷങ്ങളും ഉയർച്ചകളും നേട്ടങ്ങളും പരസ്പരം പകുത്തെടുത്തു. ഒരു പിസ്സ ഓർഡർ ചെയ്താൽ പ്പോലും അവർ ഞങ്ങൾക്കായി പകുത്തുവെക്കുന്നത്ര അടുപ്പമായിരുന്നു അത്.

വാവക്കും അമ്മുവിനുമൊപ്പമായിരുന്നു ശ്രീക്കുട്ടി വളർന്നത്. ജീവനുള്ള ഒരു ഡോളിനെ സ്വന്തമായിക്കിട്ടിയ സന്തോഷമായിരുന്നു അമ്മുവിന് ശ്രീക്കുട്ടിയെ ആദ്യമായിക്കണ്ടപ്പോൾ ! 
വേണുവും അനുവും മക്കളും ദുബായിൽ നിന്ന് യു. എസിലേക്ക്  മൈഗ്രേറ്റ് ചെയ്യുന്നതിൽ ഏറ്റവും അധികം സന്തോഷിച്ചതും സങ്കടപ്പെട്ടതും ഞങ്ങളായിരുന്നു. ഒരു വിളിക്കപ്പുറം ഓടിയെത്തുന്ന ഒരു കൂട്ടുകാരി ഇല്ലാതായതിൽ ശരിക്കും സങ്കടമുണ്ടായിരുന്നു. പക്ഷേ ശരീരം കൊണ്ട് മാത്രമായിരുന്നു ഞങ്ങൾ അകന്നത്. വിശേഷങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും പങ്ക് വെച്ച് മനസ്സ് കൊണ്ട് എന്നും ഒപ്പമുണ്ടായിരുന്നു !

ആ അമ്മുവിന്റെ കല്യാണത്തിന് പോവാതെങ്ങിനെ!  
എല്ലാ തിരക്കുകളും മാറ്റി വെച്ച് ശ്രീക്കുട്ടി ഓടി വന്നു. ശ്രീപൂജ ഒഫീഷ്യൽ ട്രിപ്പിലായതുകൊണ്ട് സങ്കടത്തോടെ വീഡിയോകാളിൽ കൂടെച്ചേർന്നു. അവരുടെയും ബാല്യകാല ഓർമ്മകളിലെ വാത്സല്യമായിരുന്നല്ലോ അനു ആന്റിയും ചേച്ചിയും ചേട്ടനും. വർഷങ്ങൾക്കു ശേഷമുളള കൂടിച്ചേരൽ ഇളനീര് പോലെ മധുരമുള്ളതായിരുന്നു. ആരുമാരും മനസ്സ് കൊണ്ട് മാറിയിരുന്നില്ല.

അമ്മുവും വാവയും ഞങ്ങളേക്കാൾ 
വളർന്നുവെങ്കിലും പഴയ കുസൃതിക്കുഞ്ഞുങ്ങളിൽ നിന്ന് ഒരടി പോലും മുന്നോട്ട് നടന്നിരുന്നില്ല എന്ന് തോന്നിപ്പിച്ചു. (വിവേകിനെ വാവ എന്ന ഓമനപ്പേരിലായിരുന്നു ഞങ്ങളന്ന് വിളിച്ചിരുന്നത്.
ഞങ്ങൾ മാത്രമല്ല, യു എസിൽ നിന്നു ഈപ്പനും മുംബൈയിൽ നിന്ന് സുകുവും പിന്നെ നാട്ടുകാരായ കോശിയും സഞ്ജയും കുടുംബവും കൂടി എത്തിയത് സന്തോഷം പൊലിപ്പിച്ചു.

വർഷങ്ങളുടെ ഇടവേള  ബാധിക്കാതെ ഞങ്ങൾ  പഴയ കുസൃതിക്കാരായ പുത്തൻ പെണ്ണുങ്ങളായി മാറി. കുട്ടികളുടെ വിശേഷങ്ങൾ പങ്ക് വെച്ചും ഓർമ്മകൾ തുടച്ച് മിനുക്കി കഴിഞ്ഞു പോയ മനോഹരകാലത്തെ ഓർത്ത് ദീർഘ നിശ്വാസം വിട്ടും ഞങ്ങൾ കലപില കൂട്ടി. 

അർച്ചനയുടെ കല്യാണം യു.എസിൽ വെച്ച് കഴിഞ്ഞതായിരുന്നു. ഇവിടെ കൊച്ചി ലെ മെറിഡിയനിൽ ആദിത്യയുടെയും അർച്ചനയുടെയും റിസപ്ഷൻ ആയിരുന്നു. കേരളത്തിലെ തത തനത് കലാരൂപങ്ങളിലൊന്നായ മോഹിനിയാട്ടത്തിന്റെ അകമ്പടിയോടെയുള്ള വധുവിന്റെ വരവ് ഡൽഹിക്കാരായ ആദിത്യയുടെ മാതാപിതാക്കളിൽ ശരിക്കും കൗതുകമുണർത്തിയിട്ടുണ്ടാവും. കഥകളിയും മറ്റ് കലാപരിപാടികളുമായും കല്യാണം പൊടിപൊടിച്ചു. സർവ്വ സൗഭാഗ്യങ്ങളോടും ഒത്തൊരുമയോടും മനസമാധാനത്തോടും കൂടി ദീർഘ സുമംഗലിയായി ജീവിക്കാൻ അർച്ചനെ അനുഗ്രഹിക്കുമ്പോൾ മനസ്സ് നിറഞ്ഞിരുന്നു ! ആദിത്യ ഞങ്ങൾക്കൊപ്പം ചേർന്ന് പഴയ കഥകൾ കൗതുകത്തോടെ കേട്ട് ഞങ്ങളിലൊരാളായി മാറുന്നത് വാത്സല്യത്തോടെ നോക്കിയിരുന്നു.

കുട്ടികൾ ജീവിതം തുടങ്ങുമ്പോൾ ഞങ്ങൾ ഓർമ്മ പുതുക്കുകയായിരുന്നു !

കരാമക്കഥകൾ പറയുമ്പോൾ ഈ പുനസമാഗമം എഴുതാതിരിക്കുന്നതെങ്ങിനെ !

Join WhatsApp News
Dr Rekha Nair 2023-08-23 12:54:36
Very nice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക