Image

കരുവന്നൂര്‍ തട്ടിപ്പിന്റെ ആശയം മൊയ്തീന്റെതോ ? : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 24 August, 2023
കരുവന്നൂര്‍ തട്ടിപ്പിന്റെ ആശയം മൊയ്തീന്റെതോ ? : (കെ.എ ഫ്രാന്‍സിസ്)

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ടു തരം അക്കൗണ്ടുകള്‍ ഏര്‍പ്പെടുത്തി കോടികള്‍ അടിച്ചു മാറ്റാനുള്ള ആശയം ആരുടേതാണ് ? മുന്‍ മന്ത്രി എ.സി മൊയ്തീനാണ് ആ 'ചന്ദ്രയാന്‍' എന്നാണ് ഇ.ഡി സംശയിക്കുന്നത്.

മൊയ്തീന്റെ ബിനാമികളെന്ന് കരുതുന്നവരുടേതടക്കം 15 കോടിയുടെ വസ്തുവഹകള്‍ കണ്ടു കെട്ടിയിട്ടുണ്ട്. പ്രകടമായി 4 ബിനാമികളുടെ കാര്യമാണ് ഇ.ഡി അന്വേഷിച്ചു തുടങ്ങിയത്. കിട്ടിയ പരാതികള്‍ വച്ചുള്ള അന്വേഷണം മുന്നോട്ടു പോകുമ്പോള്‍ പുതിയ പല വെട്ടിപ്പുകളും പുറത്തുവരും. ഏതായാലും പിണറായിയുടെ ഒന്നാം മന്ത്രിസഭയിലെ ഒരംഗത്തെ ഒരു പണം തട്ടിപ്പ് കേസില്‍പ്പെടുത്തിയത് സി.പി.എമ്മിന് ക്ഷീണമായി. അവര്‍ ഈ റെയ്ഡിനെ അപലപിക്കുകയും ചെയ്തു. 

മൊയ്തീന്‍ പറയുന്നതു കൂടി കേട്ടാല്‍ നമുക്ക് ഒരു തീരുമാനത്തിലെത്താം. തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനായിരുന്നു ഇ.ഡി തന്റെ വീട്ടില്‍ 22 മണിക്കൂര്‍ നീണ്ട റെയ്ഡ് നടത്തിയത് എന്നാണ് മൊയ്തീന്‍ പറയുന്നത്. ഇത്രയും സമയം മാധ്യമങ്ങളെ തന്റെ വീടിനു മുന്നില്‍ കാത്തുനിര്‍ത്തുകയായിരുന്നു അവരുടെ അജണ്ട എന്ന് മൊയ്തീന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. അതോടെ മാധ്യമപ്രവര്‍ത്തകര്‍ക്കും കാര്യം മനസ്സിലായി കാണും. കൂട്ടത്തില്‍ കരുവന്നൂരിലോ മറ്റോ നടന്ന സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിനെ പറ്റിയും ചോദിച്ചു. തന്റെയും ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ടുകള്‍ കാണണം എന്നു പറഞ്ഞു. തങ്ങളത് നല്‍കിയെന്ന് മൊയ്തീന്‍ പറഞ്ഞു. 28 ലക്ഷം രൂപ നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചോ  ഇല്ലയോ എന്നൊന്നും മൊയ്തീന് അറിയില്ല. ആര്‍ക്കോ വായ്പ ലഭിക്കാന്‍ സഹായം ചെയ്തുവെന്ന് ആരോ മൊഴി കൊടുത്തതിന്റെ  പേരിലായിരിക്കും അന്വേഷണം എന്നും അദ്ദേഹം വെളിപ്പെടുത്തി. 

തൃശ്ശൂര്‍ വടക്കാഞ്ചേരി തെക്കുംകരയിലാണ് മൊയ്തീനെ വീട്. പ്രഭാത നടത്തത്തിനു പോയി തിരിച്ചെത്തിയപ്പോള്‍ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി കാത്തിരിക്കുകയായിരുന്നു. 3 കാറുകളിലായി എത്തിയ ഉദ്യോഗസ്ഥര്‍ക്കൊപ്പം കേന്ദ്ര സേനയിലുള്ളവരുമുണ്ടായിരുന്നു. മിനിഞ്ഞാന്ന് രാവിലെ 7 30 മണിക്ക് തുടങ്ങിയ റെയ്ഡ് തീര്‍ന്നത് ഇന്നലെ പുലര്‍ച്ചെ 5 30 മണിക്ക്. ബിനാമികളെന്ന്  സംശയിക്കുന്ന നാലുപേരുടെ വീടുകളിലും ഇതേ സമയം റെയ്ഡ് നടക്കുകയും ചില രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. സംശയത്തിന്റെ നിഴലിൽ നില്‍ക്കുകയായിരുന്ന മൊയ്തീന്‍ സഖാവിനെ ഇ.ഡി ഇതോടെ നല്ല സൂര്യവെളിച്ചത്തില്‍ മാറ്റി നിര്‍ത്തി എന്നാണ് എതിരാളികള്‍ പറഞ്ഞു പരത്തുന്നത്. ബിനാമികളില്‍  നിന്ന് കിട്ടിയ പുതിയ കഥകള്‍ കൂടി പുറത്തു വന്നാലേ എന്തെങ്കിലും ഉറപ്പിച്ച് പറയാനാവൂ.അതുവരെ മൊയ്തീന്‍ പറയുമ്പോലെ അദ്ദേഹം നിഴലില്‍ തന്നെ നിന്നോട്ടെ. 

അടിക്കുറിപ്പ് : ജനം നെഞ്ചിലേറ്റുക എന്നൊക്കെ കേട്ടിട്ടില്ലേ ? അങ്ങനെ കോണ്‍ഗ്രസ്സ് മനസ്സുകളില്‍ ഇപ്പോള്‍ ഒരൊറ്റ ആളേയുള്ളു - മാത്യു കുഴല്‍നാടന്‍ വക്കീല്‍ !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക