Image

വീണ്ടും വരട്ടെ "മാവേലി നാട് വാണീടും കാലം" (ഓണസന്ദേശം: സരോജ വർഗ്ഗീസ്, ഫ്ലോറിഡ)

Published on 24 August, 2023
വീണ്ടും വരട്ടെ "മാവേലി നാട് വാണീടും കാലം" (ഓണസന്ദേശം: സരോജ വർഗ്ഗീസ്, ഫ്ലോറിഡ)

കർക്കിടകത്തിന്റെ ദുരിതങ്ങൾ പെയ്തൊഴിയുമ്പോൾ സുന്ദരപ്രതീക്ഷകളുമായി ചിങ്ങം വരുന്നു. അധ്വാനശീലരായ  കർഷകരുടെ വിയർപ്പുതുള്ളികൾ കതിർക്കറ്റകളായി മാറുന്നു. വിളവെടുപ്പിന്റെ കാലം. ആ സമൃദ്ധിയെ എതിരേൽക്കാൻ പ്രകൃതിപോലും ഒരുങ്ങുന്നു. തിരുവോണത്തിന് പത്തുനാൾ  മുമ്പ് മുതൽ പൂവിളികൾ ഉയരുന്നു. വിവിധവർണങ്ങളിലുള്ള  പൂക്കൾകൊണ്ട് ഭവനങ്ങൾ ഐശ്വര്യപൂർണ്ണങ്ങളാകുന്നു മഹാമനസ്കനും പ്രജാസ്‌നേഹിയുമായിരുന്ന മാവേലിമന്നനെ എതിരേൽക്കാൻ പുത്തൻ ഉടുപ്പുകളും വിഭവസമൃദ്ധമായ സദ്യയും ഒരുക്കി കേരളീയർ ഉത്സുകരായി  പുത്തൻ ഉണർവോടെ കാത്തിരിക്കുന്നു. 

ഓണാഘോഷം കൊണ്ടാടുന്ന തിരക്കിലാണ് നമ്മുടെ നാട്. മലയാളികളുടെ വിശിഷ്ട ഉത്സവമായ ഓണം ഇവിടെ അമേരിക്കയിലും എത്തിക്കഴിഞ്ഞു അത്തം പത്തോണം എന്നാണു പറയുക. അത്തവും, ചിത്തിരയും,ചോതിയും, വിശാഖവും അനിഴവും   കഴിഞ്ഞു.  ഇനി   അഞ്ചു   ദിവസങ്ങൾ, വർഷം   തോറും എത്ര ആഹ്ളാദത്തോടെയാണ് നമ്മൾ ഈ വിശേഷം  ആഘോഷിക്കുന്നത്. ഓണാഘോഷത്തിന്റെ പിന്നിലുള്ള പലതരം ഐതിഹ്യങ്ങളുടെ സത്യാസത്യങ്ങളെക്കുറിച്ച്  ചിന്തിക്കുന്നതിലുപരി, അവ ഉൾക്കൊള്ളുന്ന സന്ദേശമാണ് നമ്മുടെ ശ്രദ്ധക്ക് വിഷയമാകേണ്ടത്. മനുഷ്യർ ഭേദചിന്തകൾ വെടിഞ്ഞു, കൊണ്ടും കൊടുത്തും  സുഖദുഃഖങ്ങളിൽ ഭാഗഭാക്കാകണമെന്ന സന്ദേശം. ആ സ്നേഹസന്ദേശം പ്രാവർത്തികമാക്കാൻ കഴിയുമ്പോൾ മാത്രമേ ആഘോഷങ്ങൾ പൂര്ണമാകുന്നുള്ളു. 

കഴിഞ്ഞുപോയ ഒരു നല്ല കാലത്തിന്റെ ഓർമ്മകൾ പുതുക്കി ഈ പത്ത് ദിവസങ്ങൾ കഴിഞ്ഞുപോകും. മാവേലി നാട് എന്ന സങ്കല്പം ഇനിയും സാധ്യമാകുമോ? മാവേലിനാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ. എന്നാൽ ഇന്ന് നമ്മളെല്ലാം വ്യത്യസ്തരാണ്. ഒരുമ എന്ന ചിന്ത തന്നെ മനുഷ്യരിൽ നിന്നും മാറിപ്പോയിരിക്കുന്നു. പരസ്പരം മത്സരവും വഞ്ചനയും സ്വാർത്ഥതാല്പര്യങ്ങൾക്കായി മന:സാക്ഷി പണയം വയ്ക്കലുമായി മനുഷ്യർ തിരക്കിലാണ്. സ്നേഹവും സഹകരണവുംകൊണ്ട് സ്വർഗീയമായ ജീവിതസൗകര്യങ്ങൾ സൃഷ്ടിക്കാനുള്ള അവരുടെ കഴിവ് അവർ മറന്നുപോകുന്നു. ഓണക്കോടികളും ഓണസദ്യയുമായി ഈ ആഘോഷത്തെ ചുരുക്കിക്കളഞ്ഞാൽ മാവേലി നാട് എന്ന സ്വപനം പൂവണിയില്ല. മാവേലിയുടെ ഭരണംപോലെ നമ്മെ ഭരിക്കാൻ പ്രാപ്തിയുള്ളവരെ തിരഞ്ഞെടുക്കാൻ നമ്മൾ ശ്രദ്ധിക്കണം. സത്യവും നീതിയും ഈശ്വരഭയവും എല്ലാവരിലും ഉണ്ടാകണം. നല്ല നാളെകൾ സ്വപനം കണ്ടതുകൊണ്ട് മാത്രം നല്ല നാളെകൾ ഉണ്ടാകാൻ  പോകുന്നില്ല.അതിനായ് എല്ലാവരും ഒത്തൊരുമിച്ച്  പ്രവർത്തിക്കണം. ഈ ഓണനാളുകളിൽ എല്ലാവരും ആ പ്രവർത്തനത്തിന്റെ സാക്ഷാത്കാരം ലക്ഷ്യമാക്കണം.. വർഷങ്ങൾക്ക് മുമ്പ്  ഒരു ഭരണാധികാരിക്ക് പ്രജകളെ സന്തോഷത്തോടെ ഭരിക്കാൻ കഴിഞ്ഞെങ്കിൽ ആധുനികതയുടെ എല്ലാ അനുഗ്രഹങ്ങളുമുള്ള ഈ കാലത്ത് അത് സാധ്യമാണ്. 

ഭൂതകാലം നമുക്ക് അനുഭവങ്ങൾ നൽകുന്നു. വർത്തമാനകാലത്തിൽ ആ അനുഭവങ്ങളെ ആധാരമാക്കി നമ്മൾ ഭാവിയിലേക്ക് മുന്നേറണം. ഈ ഓണക്കാലം നല്ല ചിന്തകൾക്കും, നല്ല പ്രവർത്തികൾക്കും അവസരമാകട്ടെ.
എല്ലാവര്ക്കും സന്തോഷകരമായ ഓണദിവസങ്ങൾ നേരുന്നു. 
 

 

Join WhatsApp News
Sudhir Panikkaveetil 2023-08-24 14:46:02
മാവേലി തന്റെ കേരളത്തിലേക്കുള്ള ഒരു ദിന പ്രതിവർഷ വിസ കാൻസൽ ചെയ്യാൻ വാമനനായി ചർച്ചയിലാണ്. മൂപ്പർക്ക് മതിയായി. പരശുരാമനും താൻ കടലിലേക്ക് എറിഞ്ഞ മഴു അന്വേഷിക്കുന്നു. കേരളം അഴിമതിയെന്ന കടലിൽ മുങ്ങി താഴും. ഇനിയും ഒരു മാവേലി നാട് എഴുത്തുകാരുടെ ഭാവനയിൽ മാത്രം. ശ്രീമതി സരോജ വർഗീസിന്റെ ആഗ്രഹം പോലെ മാവേലി നാട് വരുമോ എന്ന് മോഹിക്കാം "വെറുതെ ഈ മോഹങ്ങളെങ്കിലും വെറുതെ മോഹിക്കാൻ മോഹം," ലേഖികക്കും കുടുംബത്തിനും ഓണാശംസകൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക