Image

പായസകഥ (ബിനി മൃദുൽ, കാലിഫോർണിയ)

Published on 26 August, 2023
പായസകഥ (ബിനി മൃദുൽ, കാലിഫോർണിയ)

ഓണക്കാലമായതോടെ പായസങ്ങളുടെ തേരോട്ടം തുടങ്ങി.
Facebook തുറന്നാലും, Insta തുറന്നാലും എല്ലായിടത്തും പായസ ത്തിന്റെ മേളം. പാലട, പരിപ്പ് പ്രഥമൻ, അട പ്രഥമൻ, പാൽപ്പായസം, പഴപ്രഥമൻ സേമിയ, ചക്കപ്രഥമൻ ,മാമ്പഴ പായസം, കൈത ചക്ക പായസം, കുമ്പള പായസം, ഇളനീർ പായസം,,  കാരറ്റ് പായസം എന്ന് വേണ്ട ബീറ്റ് റൂട്ട് പായസം, പാവയ്ക്കാ പായസം  വരെ you tubers നിരത്തി പോസ്റ്റ്‌ ചെയ്ത് കൊണ്ടിരിക്കയാണ്.
അപ്പൊ പിന്നെ പായസത്തിനെ പറ്റി രണ്ട് വാക്ക് മിണ്ടാതെ പോയാൽ മോശമല്ലേ.

ഏതൊരു ഭക്ഷണം ഉണ്ടാക്കുന്നതും, കഴിപ്പിക്കുന്നതും, കഴിക്കുന്നതും ഒരു കലയാണ്. ചിലർ നന്നായി ഭക്ഷണം ഉണ്ടാക്കും, പക്ഷെ അവർ കഴിക്കുന്നത് കണ്ടാൽ " എന്തിനാ കഴിക്കുന്നേ, എണിറ്റു പൊയ്ക്കൂടേ എന്ന് ' പറയാൻ തോന്നും. 


ചിലർ ഭക്ഷണം കഴിക്കുന്നത് നോക്കി നിന്നാൽ തന്നെ മനസ്സ് നിറയും.
ഏതൊരു ഭക്ഷണത്തെയും പോലെ 
പായസം ഉണ്ടാക്കുന്നതും ഒരു കലയാണ്. പായസം ഉണ്ടാക്കുന്നവർ പലവിധം ഉണ്ട്‌. സ്ഥിരമായി ഒരു പായസം മാത്രം പാചക പട്ടികയിൽ ഉൾപ്പെടുത്തിയവർ.  സേമിയ മാത്രേ അവർ ഉണ്ടാക്കൂ. ഓണം ആയാലും വിഷു ആയാലും പായസം സേമിയ തന്നെ.

പായസം ഉണ്ടാക്കാൻ അറിയാത്തവർ അല്ലേൽ എളുപ്പത്തിൽ പണി തീർക്കാൻ ആഗ്രഹിക്കുന്നവർ അല്ലേൽ തട്ടി കൂട്ടി പായസം ഉണ്ടാക്കുന്നവർ ആണ് സേമിയ പായസം സ്ഥിരമായി ഉണ്ടാക്കുന്നത് എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. ആരാണെന്ന് പറയില്ല. 😀 എന്നാലും ചില  പായസം ഉസ്താദുകളും സേമിയ പായസത്തിന്റെ ആരാധകർ ആണെന്ന് കേട്ടിട്ടുണ്ട്. എന്തായാലും സേമിയ എന്ന് കേട്ടാൽ ഞാൻ ആദ്യമേ പറയും " വേണ്ട.. വേണ്ടാത്തോണ്ടാ, മധുരം വല്യ താല്പര്യം ഇല്ല അതോണ്ടാ "
പിന്നെ പായസത്തിൽ കേമൻ ഞാൻ തന്നെ എന്ന് പറയുന്ന അട പ്രഥമൻ.  പേരിൽ തന്നെ ഒരു ഗമയുണ്ടെന്നാണ് പുള്ളിയുടെ വെപ്പ്. ശർക്കര ഇഷ്ടപ്പെടുന്നവർ അടപ്രഥമൻ വേണ്ടെന്ന് പറയുന്നത് കുറവാണ്.
പിന്നെ പരിപ്പ് പ്രഥമൻ. വടക്കന്മാർക്ക് കേമൻ ഇവൻ തന്നെ.
ഒട്ടും പിന്നിൽ അല്ലാതെ പാലടയും. തെക്കോട്ടു പോയാൽ  പാലടയുടെ കൂടെ ബോളി നിർബന്ധം. വടക്കോട്ടു പോയാൽ മഞ്ഞ ചപ്പാത്തി മാറ്റി വച്ചു നീ പായസം ഒഴിയടെയ്  എന്ന് പറയും.

പീന്നെ ഒരിക്കൽ കുടിച്ചാൽ  എന്നും ഓർത്തിരിക്കുന്ന സാക്ഷാൽ അമ്പലപ്പുഴ പാല്പായസം. ഒരു തവണയേ കഴിച്ചുള്ളൂ. ഇന്നും രുചി മറന്നിട്ടില്ല.

ക്യാരറ്റ് പായസം  എന്ന് കേട്ടാൽ ഒന്ന് നെറ്റി ചുളിക്കുമെങ്കിലും, രുചിയിൽ ഒട്ടും പിന്നിൽ അല്ല. പരമ്പരാഗത  look ഒന്നുല്ലേലും   രുചിക്കു കുറവൊന്നുമില്ല.

പിന്നെ കടല പായസം അഥവാ കടല പ്രഥമൻ .വടക്കോട്ടു പോയാൽ വാവിന്റെ ദിവസം മാത്രം ഉണ്ടാക്കുന്ന പായസം. ചിലയിടത്തു ഓണം വിഷു ആഘോഷങ്ങൾക്കും ഇത് നിർബന്ധം. ഇതിലൊന്നും പെടാത്ത ഒരാൾ ഉണ്ട്‌ ഓഗസ്റ്റ് 15നും ഒക്ടോബർ 2നും ഒക്കെ സ്കൂളുകളിൽ വിതരണം ചെയ്യുന്ന ഗോതമ്പ് പായസം. 
ഇപ്പോൾ പുള്ളി പരമ്പരാ ഗത  സ്റ്റൈൽ ഒക്കെ മാറി ഫൈവ് സ്റ്റാർ  നിലയിലേക്ക് മാറി.

നാടോടുമ്പോ നെടുകെ ഓടണം എന്ന് പറഞ്ഞ പോലെ  പായസത്തിലും ഫ്യൂഷൻ തരംഗം ഓടി കൊണ്ടിരിക്കുന്നു. ഇലയുടെ സൈഡിൽ വച്ച ശർക്കര ഉപ്പേരിയും, ചിപ്സും, പപ്പടവും ഒന്ന് പൊടിച്ചു പാലടയിലേക്കിട്ടാൽ പാലട sundae റെഡി. മെമ്പോടിക്കായി ഒരു scoop ഐസ്ക്രീം ഉം.  അതൊരു ഒന്നൊന്നര ടേസ്റ്റ് തന്നെയാണ് പറയാതെ വയ്യ. ഒരു പഴം എടുത്ത് ഉടച്ചു ഒരു വട രൂപത്തിൽ ആക്കി അതിന്റെ പുറത്തു മാങ്ങാ ഉടച്ചു ഒരു റൗണ്ട് ഉണ്ടാക്കി ഒരു scoop mango ice creeam ഉം oru scoop frozen palada കൂടെ വച്ചാൽ "Yellow Island" റെഡി.  സേമിയയെ കുറെ കുറ്റം പറഞ്ഞതാണേലും ഫ്യൂഷനിൽ ഒട്ടും പുറകിൽ അല്ല. സേമിയ പായസവും  ice ക്രീംമും, പൊടിച്ച ശർക്കര വരട്ടി യും കൂടെ വിതറി layer layer ആയി നിരത്തിയാൽ ആരും ഒന്ന് ടേസ്റ്റ് ചെയ്ത് പോകുന്ന സേമിയ പായസം ഫലൂദ റെഡി.

പായസവും പായസകഥകളും പറഞ്ഞാലും കേട്ടാലും തീരില്ല.
എന്ത് പറഞ്ഞാലും ഓരോരുത്തർക്കും അവരുടെ പ്രിയപ്പെട്ട പായസം കാണും. എന്റെ പ്രിയ പായസം ഞാൻ ഉണ്ടാക്കുന്ന പാലട തന്നെ!
ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌻🌺🌻🌼🏵️🌼

 

Join WhatsApp News
Sudhir Panikkaveetil 2023-08-26 22:25:47
പഴയിടം നമ്പൂതിരിയുടെ പായസത്തെപ്പറ്റി കേട്ട് വെള്ളമിറക്കുന്നവർക്ക് ബിനി മാഡം നിർദേശിക്കുന്ന പായസ കൂട്ടുകൾ പരീക്ഷിക്കാം. ഈ ഓണക്കാലത്ത് വീട്ടമ്മമാരൊക്കെ (ഉദ്യോഗസ്ഥകളാണെങ്കിലും) നല്ല രുചിയുള്ള പാചകവിധികൾ ഇ മലയാളിയുടെ താളിൽ നിറയ്ക്കട്ടെ. ഓണത്തിന് ഓണസദ്യ തന്നെയല്ലേ പ്രധാനം. ലേഖികക്കും കുടുംബത്തിനും ഹാർദ്ദമായ ഓണാശംസകൾ
Bini 2023-08-29 14:56:34
Thank you. Happy Onam"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക