Image

ഓണം കഴിഞ്ഞെത്തുന്ന ഉപതിരഞ്ഞെടുപ്പ് (ആൻസി സാജൻ)

Published on 26 August, 2023
ഓണം കഴിഞ്ഞെത്തുന്ന ഉപതിരഞ്ഞെടുപ്പ് (ആൻസി സാജൻ)

ഓണമെത്താറായി .
ഉപതിരഞ്ഞെടുപ്പ്  കോലാഹലങ്ങൾ കൊട്ടിക്കേറുകയാണ്. മാറി മറിയുകയാണ് പ്രചാര വേലകൾ ;
രൂപം മാറി ; ഭാവം മാറി..

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്യുന്ന എം എൽ .എ മാരുടെ പേരുകൾ ( ആരാരൊക്കെയാണെന്നും ഏതേതൊക്കെയാണെന്നും ) കൃത്യമായി ഇവിടുത്തെ സാധാരണ ജനങ്ങൾക്ക് മുഴുവനും അറിയണമെന്നില്ല. മന്ത്രിസഭയിൽ ഏതൊക്കെ വകുപ്പിൽ ആരൊക്കെയാണ് മന്ത്രിമാരെന്നും ചിലപ്പോൾ അറിഞ്ഞു കൂടെന്നു വരാം.

എന്നാൽ പുതുപ്പള്ളിയിലെ സ്ഥാനാർത്ഥികളെ , പ്രത്യേകിച്ചും ജെയ്ക് സി തോമസിനെയും ചാണ്ടി ഉമ്മനെയും മലയാളികളായ സകലമാന മനുഷ്യരും മനസ്സിലാക്കിയിട്ടുണ്ടെന്നു വേണം കരുതാൻ. അതാണ് ഉപതിരഞ്ഞെടുപ്പുകളുടെ ഒരു പ്രത്യേക ഗുണം. എല്ലാ കോലാഹലങ്ങളും കടന്നുപോകും എങ്കിലും ഈ കാലയളവിൽ അവരുടെ പേരുകൾ പ്രസക്തമായി ഉയിർന്നു നിൽക്കും. തിരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞാൽ ഒരാളുടെ പേര് കൊഴിയുകയും അപരന്റെ പേര് കൂടുതൽ വിടരുകയും ചെയ്യും. അതെല്ലാം നാട്ടുനടപ്പ്.
ഏതു പാർട്ടിയാണെങ്കിലും   ഭരണപക്ഷത്തിന് പൊതുവിൽ ഉപതിരഞ്ഞെടുപ്പുകൾ പരീക്ഷണ സമയമാണ്. കുറ്റങ്ങളും കുറവുകളും തെളിഞ്ഞു വരുന്ന സമയമാണെങ്കിൽ പറയുകയും വേണ്ട. 
പ്രദേശത്തൊക്കെ അല്ലാതെ ആരാലും പ്രത്യേകിച്ച് അറിയാനും മാത്രമൊന്നുമില്ലാതെ പൊതുതിരഞ്ഞെടുപ്പുകളിൽ എം.എൽ.എ മാരും അവരിൽ നിന്ന് മന്ത്രിമാരും ഒക്കെ ഉണ്ടാകുമെങ്കിലും ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾക്ക് പ്രത്യേകം ഒരാനച്ചന്തമൊക്കെയുണ്ടാവും. മൽസരമാകട്ടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലെന്ന് മൊത്തത്തിലൊരു ഫീലും.
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പാർട്ടി പ്രമുഖരും മണ്ഡലമാകെ വട്ടമിട്ടു പറക്കും. പ്രതിപക്ഷത്തും കഥയതു തന്നെ. ഒന്നു കണ്ടു തൊഴുതേച്ച് പോകാത്ത ആരും കാണില്ല. മണ്ഡലത്തിൽ വോട്ടവകാശമുള്ളവർ ഹൃദയത്തിൽ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും മേളങ്ങളിങ്ങനെ കേറിയിറങ്ങി നടക്കും.

ഇനിയുള്ള കാലം രാഷ്ട്രീയ രംഗം, കഴിഞ്ഞ കുറെ കാലങ്ങളായി നടന്നു വരുന്ന പോലെ അശ്ളീലവും അഴിമതിയും മറ്റ് രഹസ്യങ്ങളും വാരിവിതറി തൂത്ത് മെഴുകി മലീമസമായങ്ങനെ പോകാനാണ് സാധ്യത. ( ടി.വി ചാനലുകളുടെ ബാഹുല്യവും ഓൺലൈൻ മാധ്യമക്കാരും സോഷ്യൽ മീഡിയയും കൊമ്പുയർത്തി നിൽക്കുന്ന കാലം വരെയെങ്കിലും )
ചതിച്ചുയർന്നവരുടെ പതനവും പതിച്ചവരുടെ ഉയിർത്തെണീപ്പും വീണ്ടും വീണ്ടും കാണാം. ഒന്നും ശാശ്വതമല്ലെന്ന് ആരും മനസ്സിലാക്കുന്നില്ല എങ്കിലും.

അസാമാന്യ അഭ്യാസങ്ങളും അപാരമായ തൊലിക്കരുത്തുമുള്ളവർ തങ്ങുക ; അല്ലാത്തവർ പാട്ടുപെട്ടി മടക്കുക.
പണവും പ്രതാപവും അധികാരം കൊണ്ടുവരും.
അനുയായികളെയും .

ആശയങ്ങൾക്കുവേണ്ടി മാത്രം ജീവിച്ചു മരിച്ചവർ വെറും കഥാപാത്രങ്ങൾ ; എന്നോ കണ്ടു മറന്നവർ.

കുപ്രസിദ്ധിയാണെങ്കിൽ ധാരാളം ...
പോരട്ടെ .. എന്ന മട്ടാണ് ഇന്നത്തെ മനുഷ്യർക്ക്. ആരെന്തു പറഞ്ഞാലും ഒന്നുമില്ല.
കുടുംബത്തിരിക്കുന്നവരെ എത്ര അവഹേളിച്ചു പറഞ്ഞാലും പ്രശ്നമില്ല. അധികാരവും പദവിയും കിട്ടിയാൽ മതിയെന്ന രീതി.

പുട്ടിന് പീരപോലെ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതാണ് നിലവിലെ രീതിയെങ്കിലും മന്ത്രിസഭ അട്ടിമറിക്കാനും സ്ഥാനമാനങ്ങൾ തെറിപ്പിക്കാനും ഉപകാരികളാക്കുന്ന സ്ത്രീജന്മങ്ങളാണ് സംസ്ഥാനം നിറഞ്ഞു നിൽക്കുന്നത്. നഞ്ചെന്തിന് നാനാഴി , ഉള്ളത് തന്നെ ധാരാളം. അവതാരമൂർത്തി കളങ്ങനെ ഉയർന്നുവരികയാണ്.

മനസമാധാനത്തോടെയുള്ള ജീവിതവും തൊഴിലിന് മാന്യമായ വേതനവും ലഭിക്കുന്ന അന്യ രാജ്യങ്ങളിലേക്ക്  ആളുകൾ കൂട്ട പലായനം നടത്തുന്നത് ചുമ്മാതല്ല. കേരളത്തിൽ അവശേഷിക്കുന്ന ബന്ധുക്കളെയും അവർ തങ്ങളോട് ചേർക്കുകയാണ്. ഒടുവിൽ ഇവിടെ മിച്ചം വരുന്നത് ഇവിടെ ജീവിക്കാൻ അടിയും അടവുകളും പഠിച്ചവരും അവരുടെ പരമ്പരകളും മാത്രമാവും.

രാഷ്ട്രീയം മാത്രമല്ല ഇവിടെ വിവക്ഷ. ഏതൊരു രംഗത്തും വളർന്നു വരുന്നത് തൻ പ്രമാണിത്തവും അതിനുള്ള ഏറാൻ മൂളിത്തവും ആണ് .
ഇത്തരം വിജയ രഥങ്ങളുടെ ജൈത്രയാത്ര തുടരട്ടെ..!
ബുദ്ധിയും യഥാർത്ഥ വൈഭവങ്ങളും അന്യരാജ്യങ്ങൾക്ക് മുതൽക്കൂട്ടാവട്ടെ.

പ്രത്യേക വിചാരം
- സാധാരണമായി ഒരു തിരഞ്ഞെടുപ്പ് നടക്കുന്നതിലും എത്രയോ കോടികളാണ് ഉപതിരഞ്ഞെടുപ്പിൽ പപ്പടം പോലെ പൊടിഞ്ഞു തീരുന്നത്.
മാധ്യമങ്ങളിലൂടെ അനാവൃതമാകുന്ന മറ്റ് സാമ്പത്തിക കോലാഹലങ്ങൾക്കിടയിലൂടെ ഇതും പൊടിഞ്ഞു പോകുമ്പോൾ സാധാരണക്കാരുടെ ഓണമെങ്ങനെ പൊന്നോണമാകാനാണ് ..?

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക