Image

കൊളംബസ് കറിയയുടെ കഥ (ഷാജു ജോൺ)

Published on 26 August, 2023
കൊളംബസ് കറിയയുടെ കഥ (ഷാജു ജോൺ)

'കൊളംബസു കറിയേ......! '  ആ  വിളി കേൾക്കുവാൻ കാതോർത്തിരിക്കുകയാണ്  സക്കറിയ  താന്നിക്കാടൻ എന്ന എക്സ്  പത്തനംതിട്ടക്കാരൻ.  മറ്റുള്ളവരുടെ ചുണ്ടുകളിൽ നിന്ന്  ആ പേര്  പുറത്തേക്ക് വമിക്കുമ്പോൾ തന്നെ ടിയാൻ ധൃതംഗപുളകിതനാകും.  ഒരു പുളകം.... ഒരു ചെറുപുളകം......അത്   അടിവയറിൽ നിന്ന് പൊട്ടിപുറപ്പെട്ട്  നെറ്റിയുടെ ഉച്ചിയിൽ എത്തി കഷണ്ടിത്തലയിൽ പണ്ട് തലമുടികൾ വളർന്നിരുന്ന സുഷിരങ്ങളിലൂടെ ആകാശത്തേക്ക് പറന്നുപോകുന്നത് വരെ അച്ചായന്റെ കൈകാലുകളിലെ സമൃദ്ധമായ രോമങ്ങൾ എഴുന്നേറ്റു നിൽക്കും. കണ്ണുകൾ വിടർന്നു വരും, കൃഷ്ണമണികൾക്കു തിളക്കം കൂടും..... ഒന്നൂടി കേൾക്കട്ടെ എന്ന ഭാവത്തിൽ  വിളിച്ചയാളുടെ അടുക്കലേക്ക്  കാതുകൾ  ചേർന്ന് നിൽക്കും. 

ചന്ദ്രനിൽ ആദ്യമായി  കാൽ കുത്തിയ ആംസ്‌ട്രോഗിനെ പോലെ, അമേരിക്കയിൽ ആദ്യമെത്തിയ മലയാളി സക്കറിയ താന്നിക്കാടനാണ്  എന്ന് പറയിപ്പിക്കുവാൻ വേണ്ടിമാത്രമാണ് 'കൊളംബസ് കറിയ' എന്ന പേര് സ്വയം ഏറ്റെടുത്തതും, അങ്ങനെ വിളിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതും. ആ ശ്രമത്തിന്റെ വിജയത്തിന് വേണ്ടി  ഏത്  കടുംകൈക്കും ടിയാൻ തയ്യാറുമാണ്.     

"താത്വികമായി പറഞ്ഞാൽ  സക്കറിയേം കൊളംബസും ഒപ്പമാണ് അമേരിക്കയിൽ കാല് കുത്തിയത്........" കൊളംബസ് കറിയയുടെ വക ഷീവാസ് ഗീഗലിന്റെ ആദ്യ പെഗ് അകത്തു ചെല്ലുമ്പോൾ തന്നെ   സഖാവ് കുഞ്ഞനന്തന്റെ ഉള്ളിൽനിന്ന് ഈ പ്രസ്താവന  സഖാവിന്റെ കൈകൾക്കൊപ്പം  വായുവിലേക്ക് ഉയരും.

" ആന്നെ  ....സക്കറിയ ആണ് ആദ്യന്ന് ഞാമ്പറയും ...."  രഘപതി രാഘവ രാജാറാം.... പാടുന്ന ഈണത്തിൽ  ഈ പറഞ്ഞത് ഖദർ  മത്തായിച്ചൻ എന്ന സ്വാതന്ത്ര്യ സമരസേനാനി ആണ്. ഖദർ ഷാൾ  ഏതു നേരവും കഴുത്തിലുണ്ടെങ്കിലും കള്ളുകുടിക്കാൻ നേരം അത് എവിടെയെങ്കിലും മാറ്റി വച്ചിരിക്കും.
  
ഈ കൂട്ടത്തിൽ  ഇനിയും ഉണ്ട് വിശിഷ്ട വ്യക്തികൾ , മേപ്പടിയാൻമ്മാർ   എന്നാണ് ഇവരറിയപെടുന്നത് തന്നെ. കാലാകാലങ്ങളായി  അമേരിക്കയിലേക്ക് ചേക്കേറിയവർ.. അവരൊക്കെ അറിയപ്പെടുന്നത് സ്വന്തം പേരിനേക്കാൾ വട്ടപ്പേരിലാണ്. ഈപ്പച്ചൻ വക്കീലാണ് സാധാരണയായി ഇവർക്കൊക്കെ നാമകരണം നടത്തുന്നത്.  പാലായിലെ മാണി കോൺഗ്രസുകാരൻ രണ്ടില  സണ്ണി, പച്ച ഷർട്ടിൽ ശരീരം പൊതിഞ്ഞുവരാറുള്ള  മുലി ഹംസ, അസ്ഥികൾ വെളിയിൽ കാണാവുന്ന മെലിഞ്ഞ രവി, വായിൽ പുളിച്ചത് മാത്രം വരുന്ന അവറാൻ എന്ന തെറിപറയോൻ   തുടങ്ങിയവർക്കൊക്കെ സന്ദർഭാനുസരണം നാമകരണം നടത്തിയത്  ഈപ്പച്ചൻ വക്കീലാണ്. മറ്റുള്ളവർക്ക് വട്ടപ്പേരിടുന്നതിനിടയിൽ വക്കീലിനും കിട്ടി ഒരു വിശേഷപ്പെട്ട നാമം.. വട്ടേപ്പൻ.  ഈ  പ്രമുഖരെ കൂടാതെ തങ്ങളുടെ നേതാവ് പറയുന്നത് മാത്രം ശരി എന്ന് പറയുന്ന ഭാഗംതാങ്ങികളും പിന്നെ  കുറെ സ്വാതന്ത്രന്മാരും ഈ സദസ്സിലെ നിത്യ സന്ദർശകരാണ്. കുറച്ചു കാലമായി  ഇവരൊക്കെ ആയിരുന്നു മേപ്പടിയാൻ സംഘത്തിലെ ആളുകളെങ്കിലും  ഈയിടെ ആയി  മിത്രാജി എന്ന പുതിയ ഒരാൾ  കൂടിവന്നപ്പോഴാണ്  ചർച്ചകൾക്ക്  തീപ്പൊരി പറന്ന് തുടങ്ങിയത്. 
 
പറഞ്ഞു വരുന്നത് നാട്ടിലെ കാര്യം ഒന്നുമല്ലേ...! ഏഴു കടലും കടന്ന്  അമേരിക്കയിലെ ന്യൂയോർക്ക് മഹാനഗരത്തിന്റെ പ്രാന്തപ്രദേശത്തെ മലയാളിൾ തിങ്ങി പാർക്കുന്ന സ്ഥലത്തെകുറിച്ചാണ്.  അവിടെയാണ് താന്നിക്കാടൻ ഹൗസ്. മേളിൽ പറഞ്ഞ മേപ്പടിയാന്മാർ തഞ്ചവും തരവും  ഒത്തുകിട്ടിയാൽ  ഒന്നിച്ചു കൂടുന്നത്  ആ വീടിന്റെ  ബേസ്‌മെന്റിലാണ്. ചാച്ചമ്മ സക്കറിയ എന്ന കൊളംബസു കറിയയുടെ  പ്രിയതമ  ജോലിക്കു പോകുന്ന സമയത്താണ് അത്  സംഭവിക്കാറ്  ... ചാച്ചമ്മ ആന്റിക്ക് എന്നും നൈറ്റ് ഡ്യൂട്ടി ഉണ്ടാകണേ എന്ന നിയോഗം വച്ച് കൊന്ത ചൊല്ലേണ്ട ചുമതല അതിനാൽ തന്നെ  മേല്പടിയന്മാർ  ഏല്പിച്ചു കൊടുത്തിരിക്കുന്നത്  രണ്ടില സണ്ണിക്കാണ്.  

സൂര്യഭഗവാൻ വൈകിട്ടത്തെ നീരാട്ടിനു പോയി കഴിഞ്ഞാൽ പിന്നെ താന്നിക്കാട്ടു വീടിന്റെ പരിസരം മേപ്പടിയാന്മാരുടെ മാർച്ച് പാസ്റ്റിനു വിധേയമാണ്. ചിലർ  കാറിൽ, ചിലർ വെറുതെ നടക്കാൻ എന്നപോലെ...പക്ഷെ ഇവരുടെ എല്ലാം കണ്ണ് ഒരേ സ്ഥലത്താണ് കേന്ദ്രികരിച്ചിരിക്കുന്നത്,  താന്നിക്കാട്ടു വീടിന്റെ ഗാരേജിലേക്ക്.  നട തുറക്കാൻ കാത്തുനിൽക്കുന്ന ഭക്തജനങ്ങളെപ്പോലെ അവർ അങ്ങനെ നിർനിമേഷരായി നോക്കിനിൽക്കുകയോ നടക്കുകയോ ചെയ്യും. ഗാരേജ് തുറന്ന് ചാച്ചമ്മ കാറിൽ പുറത്തേക്കിറങ്ങി എന്ന് കണ്ടാൽ പിന്നെ നോട്ടമില്ല.  താറാവിൻ കൂട്ടം കയറുമ്പോലെ  ഒരു തള്ളിക്കയറ്റമാണ്. പിന്നീട്  ബേസ്‌മെന്റ് കലാമേളയായി, കൊളംബസ് കറിയയുടെ അപദാനങ്ങൾ വാഴ്ത്തുന്ന ചടങ്ങിലാണ് ആരംഭം. 

 കൊളംബസുകറിയയുടെ  അമേരിക്കൻ കഥകൾ നാട്ടിലെ ചായക്കടയിലെ പട്ടാളകഥകൾ പോലെ തന്നെ പ്രശസ്തമാണ്. ഒരു വ്യത്യാസം മാത്രം ചായക്കും വടക്കും പകരം ഹെന്നസിയും,  ഷീവാസ്‌ ഗീഗലും, കോഴി വറുത്തതും, പന്നി പെരളനും ഒക്കെ ആയിരിക്കും മേശമേൽ നിരന്നിരിക്കുന്നത്.  താന്നിക്കാട്ടു ബേസ്‌മെന്റിലെ  ഈ സ്ഥിരം  അന്തേവാസികൾ പല മതത്തിൽ പെട്ടവരും പല രാഷ്രീയ കക്ഷികളുടെ അനുഭാവികളുമാണ് ..അത് കൊണ്ട് തന്നെ സ്വാഭാവികമായും ചർച്ചകൾക്ക് ധാരാളം എരിവും,പുളിയും , പുകയുമെല്ലാം ഉണ്ടാകുമല്ലോ?....കാത്തിരുന്ന് കാണാം. 

മേപ്പടിയാന്മാരെയെല്ലാം  പൊക്കിൾക്കൊടി പോലെ  ബന്ധിപ്പിച്ചു നിറുത്തുന്നത് ഒരു വാട്സാപ്പ് ഗ്രുപ്പ് ആണ്. 'വിശുദ്ധന്മാർ ' അതാണ് ഗ്രുപ്പിന്റെ പേര്. ചിരി പടർത്തുന്ന തമാശുകളും വികാരം നിറച്ച മെസ്സേജുകളും, കുളിരു കോരുന്ന വീഡിയോകളും  കൊണ്ട്  അതിസമ്പന്നമായ  ഗ്രുപ് ......   ഇതാണ് കൊളംബസ് കറിയെയും, മേപ്പടിയാന്മാരെയും അവരുടെ വിശുദ്ധ ഗ്രുപ്പിനെയും കുറിച്ചുള്ള ചെറിയ ഇൻട്രോ ....ബാക്കി പിന്നീട്ട് മുറയ്ക്കനുസരിച്ചു പറയാം.  

അന്നും പതിവുപോലെ ചാച്ചമ്മ സക്കറിയ പുറത്തു പോകുന്നുണ്ടോ എന്ന് സാകൂതം വീക്ഷിച്ചുകൊണ്ടു മേപ്പടിയാന്മാർ താന്നിക്കാട്ടു ഗരാജിന്റെ പരിസരങ്ങളിലൂടെ കാറുകൾ ഓടിച്ചുകൊണ്ടിരുന്നു. സാധാരണ വൈകിട്ട് ആറര ആകുമ്പോൾ ചാച്ചമ്മ സിസ്റ്റർ ജോലിക്കു പോകാറുള്ളതാണ് ,പക്ഷെ ഇന്ന് ഗാരേജ് തുറക്കുന്ന ലക്ഷണം കാണുന്നില്ല സമയമാണേൽ ഏഴുമണിയും ആയി. ക്ഷമ കെട്ട മേപ്പടിയാന്മാർ  എല്ലാവരും തന്നെ വിശുദ്ധ ഗ്രുപ്പിലേക്ക് മെസ്സേജ് അയക്കുവാൻ തുടങ്ങി. മെസ്സേജുകൾ ഗ്രുപ്പിലുടെ കരകവിഞ്ഞു ഒഴുകിയിട്ടും  കൊളംബസിന്റെ  മറുപടി മാത്രം വരുന്നില്ല. മേപ്പടിയാന്മാർ ഒന്നടങ്കം അസ്വസ്ഥരായി.  അപകടം വല്ലതും  പിണഞ്ഞോ....?   
പക്ഷെ എല്ലാവരുടെയും സംശയം ദുരീകരിച്ചുകൊണ്ടു കൊളംബസിന്റെ മെസേജ് വന്നു 
"കേറി വാടാ മക്കളെ ....ഞാൻ പറയാൻ വിട്ടുപോയി .ഇന്ന് ചാച്ചമ്മ പോയത് കാർപൂളിലാ ...നമ്മുടെ ആനീസിന്റെ കാറിൽ "
പഞ്ഞിക്കായ പൊട്ടിയപോലെ മേപ്പടിയാന്മാരുടെ മനസ്സിലും ലഡ്ഡു പൊട്ടി. അന്നാദ്യമായി ഗരാജിലൂടെ അല്ലാതെ മുൻവശത്തു കൂടെ മേപ്പടിയാന്മാർ അകത്തു കടന്നു .ബേസ്മെന്റിന്റെ നിലവറ വാതിൽ തുറന്നു. അവിടെ തടം കെട്ടി കിടന്ന വായുവിന് ജീവൻ വച്ചു.  മേശപ്പുറത്തു കുപ്പികൾ നിരന്നു. 
"കൊളമ്പസ്സേ,  ഇന്നെന്താ ചാച്ചമ്മ കാർപൂളിന്‌ ...?" പതിവ് പോലെ സഖാവ് കുഞ്ഞനന്തൻ ആണ് സംഭാഷണത്തിന് തുടക്കമിട്ടത്. 
" ഗ്യാസിന് എന്നാ വിലക്കയറ്റമാ ...നാല് ഡോളറിനു മേളിലായി ...!"
"അതെന്നെ ..സമ്മർ ആയതോണ്ടായിരിക്കും "
" അതൊന്നുമല്ല ഇവന്മാര് വില ചുമ്മാ കയറ്റുകയല്ലേ ..."
"അതൊക്കെ നമ്മുടെ നിക്സൺ പ്രസിഡന്റ് ആയിരുന്ന സമയം വെറും 26 സെന്റിന് ഗ്യാസ് അടിച്ചതാ ..ഇപ്പൊ അത് നാലു ഡോളറിനു മേളിൽ..."
"നിക്സൺ പ്രസിഡന്ടായിരുന്ന സമയത്ത് കറിയാച്ചൻ  ഇവിടെ ഉണ്ടായിരുന്നോ ..?" സംശയം പുതുതായി എത്തിയ  മിത്രാജിയുടേത് ആയിരുന്നു.. കൊളംബസ് അയാളെ ഒന്ന് തറപ്പിച്ചു നോക്കി. ഇഷ്ടപെടാത്ത  രണ്ടു കാര്യങ്ങൾ കൊളംബസ്സിന്റെ ഓരോ കണ്ണുകളിലും തുറിച്ചു നിന്നു. ഒന്ന് കൊളംബസ് എന്ന് വിളിക്കാത്തതിലും, മറ്റേത് അമേരിക്കയിലെ ആദ്യത്തെ മലയാളി എന്ന സ്ഥാനപ്പേര് അറിയപ്പെടാതെ പോയതിലും... 
"അതിന് ഇയാൾക്ക് മോദിയുടെ കാലം മുതലല്ലേ അറിയൂ ...അതിനു മുൻപ് അമേരിക്ക ഉണ്ടായിരുന്നു ..." വളഞ്ഞ മീശ പിരിച്ചു കൊണ്ട് സഖാവ് കുഞ്ഞനന്തൻ പറഞ്ഞു. 
"ഇന്ത്യയും ..." എന്തോ കുട്ടിച്ചേർക്കും പോലെ ഖദറു മത്തായിച്ചനും. 
ഭാഗം താങ്ങികൾ ഇത് കേട്ട് ചിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ കൊളംബസ് വീണ്ടും പറഞ്ഞു, "ആ  കാലത്ത് അമേരിക്കക്ക് എന്താ ഒരു പ്രൗഢി. ചന്ദ്രനിൽ കാലു കുത്തിയവർ തിരിച്ചു വന്നപ്പോളുള്ള സ്വീകരണം കാണണം."
"അത് ജോൺ എഫ് കെന്നഡിയുടെ സമയത്തല്ലേ ? " സംശയം രണ്ടിലസണ്ണിയുടേത് ആയിരുന്നു. 
"അനക്കെന്നാ അറിയാം ...പശുവിന്റെ കയറിന്ന് കൈവിട്ട് ബിമാനത്തിൽ കേറിയോനല്ലേ നീ " മൂ ലി ഹംസ താടി ചൊറിഞ്ഞുകൊണ്ട് തന്റെ കോഴിക്കോടൻ ശൈലിയിൽ  പറഞ്ഞു.
"അതെടാ ഹമുക്കേ,   ഞങ്ങൾ പാലാക്കാര് നല്ല കർഷകരാ ..മാണി സാറും റബറും കഴിഞ്ഞേ  ഞങ്ങൾക്ക് എന്തും ഉള്ളൂ " മൂ ലീയെ അടിമുടി ഒന്ന് നോക്കി ഇഷ്ടപ്പെടാതെ രണ്ടില പറഞ്ഞു.
"എന്നിട്ടാണോ, ഇന്നലെ വരെ ഞങ്ങളുടെ ഔദാര്യത്തിൽ കഴിഞ്ഞിട്ട്, ഒരു സുപ്രഭാതത്തിൽ മോൻ മറുകണ്ടം ചാടിയത് .." ഖദറു മത്തായിച്ചൻ തൊണ്ട ഇടറി ചോദിച്ചു  
"ആര് പറഞ്ഞു മറുകണ്ടം ചാടിയെന്ന് ..ആദർശധീരന്മാർ എവിടെ ഉണ്ടോ അവിടെ ഞങ്ങളും ഉണ്ട്.." സഖാവ് കുഞ്ഞനന്തൻ കൈകൾ ആകാശത്തേക്ക് രണ്ടു തവണ ചുഴറ്റി രണ്ടില സണ്ണിയെ പിന്തുണച്ചു.
"ഉം ആദർശം ..എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ .." ഈ പറഞ്ഞത് തെറിപറയോൻ അവറാൻ ആയിരുന്നു. മൊട്ടത്തല തലോടി ഉയർന്നു വരുന്ന കുടവറിന്റെ അറ്റം മേശമേൽ ഒതുക്കി, അയാൾ സഖാവിനെ ഒന്ന് ചൂഴ്ന്നു നോക്കി. ഇതിനിടയിൽ ഭാഗം താങ്ങികൾ ഓരോരുത്തരുടെ ഉഴമനുസരിച്ചു ചിരിക്കുകയും കൂവുകയും ചെയ്തു കൊണ്ടിരുന്നു.

"നിങ്ങൾ അത് വിട്..... ദേ നോക്ക് ഞാൻ എന്താണ്‌ വാങ്ങിച്ചിരിക്കുന്നതെന്ന്......? " , കൊളംബസ് ഒരു ചെറിയ റിമോട്ടിൽ വിരലമർത്തി. ബേസ്മെന്റിലെ ബാർ ടേബിളിന്റെ മുകളിലെ ടി വി തെളിഞ്ഞു വന്നു. എല്ലാവരും സാകൂതം അതിലേക്കു നോക്കി . കൊളംബസിന്റെ വീടിന്റെ ചുറ്റും പുറവും ഉള്ള ദൃശ്യങ്ങൾ  ടി വി സ്‌ക്രീനിൽ പതിഞ്ഞിരിക്കുന്നു.
"ആഹാ ..കൊള്ളാല്ലോ ,ചുറ്റും സർവൈവൽ ക്യാമറ  ...?" വട്ടേപ്പൻ വക്കീൽ  ടി വി യിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.
"എന്താ കൊളംബസ്സേ പെട്ടെന്ന് ഒരു നീക്കം .." രണ്ടിലസണ്ണിക്കായിരുന്നു സംശയം 
"അതെ ഈയിടെയായി എന്റെ പുറകുവശത്തെ ഫെൻസിന്റെ  അപ്പുറത്തു നിന്ന് തുടർച്ചയായി യൂസ്‌ഡ്‌ കോണ്ടംസ് കിട്ടിക്കൊണ്ടിരിക്കുന്നു. ഒഴിഞ്ഞ സ്ഥലായതുകൊണ്ടു പലരും രാത്രിയിൽ അതിലെ ഉലാത്തണുണ്ട്‌....എല്ലാത്തിനേം ഞാൻ പിടിക്കും .." കൊളംബസിന്റെ മുഖത്ത് ദൃഢനിശ്ചയം ഉറഞ്ഞു കൂടി 
"പിന്നെ ആ പുംഗവന് അത് കണ്ട് ആസ്വദിക്കാനാ ...പിടിക്കുത്രേ ..!!" തെറിപറയോൻ അവറാച്ചൻ  മെലിഞ്ഞ രവിയുടെ കാതിൽ രഹസ്യമായി പറഞ്ഞു. അയാൾ ചിരിക്കണോ കരയണോ എന്നറിയാതെ സഖാവ് കുഞ്ഞനന്തന്റെ നേരെ നോക്കിക്കൊണ്ടിരുന്നു.
  
 പെട്ടെന്നാണ് ഡോർ ബെൽ ശബ്ദിച്ചത്. 'ആരെടാ  ഈ നേരത്ത്' എന്ന് ചോദിച്ചു കൊണ്ടാണ്  മേപ്പടിയാന്മാർ ബാർ ടേബിളിന്റെ ടി വി സ്ക്രീനിലേക്ക് നോക്കിയത്. ദേ ചാച്ചമ്മ വടി പോലെ വാതിൽക്കൽ നിൽക്കുന്നു. അയ്യോ എന്ന ശബ്ദവുമായി കൊളംബസ് അറിയാതെ കസേരയിൽ നിന്ന് ഉയർന്നു. സഖാവ് കുഞ്ഞനന്തൻ വീഴാതെ ബാർ ടേബിളിൽ മുറുകെ പിടിച്ചു. കണ്ണിൽ ഇരുട്ട് കയറിയ വട്ടേപ്പൻ  താഴെ വീണുപോയ കണ്ണാടി എടുത്ത് ടി വി സ്‌ക്രീനിൽ   ഒന്നുകൂടി ഉറ്റുനോക്കി. മത്തായിച്ചൻ തന്റെ ഖദർ ഷാൾ തപ്പി ഇരുട്ടിലൂടെ നടന്നു . അങ്ങനെ മേപ്പടിയാൻ സംഘത്തിന്റെ കണ്ണുകൾ ഒരു നിമിഷനേരത്തേക്കു ആ സ്‌ക്രീനിൽ ആയിരുന്നു. സ്വബോധം വീണ അവർ പുറത്ത് കടക്കുവാനുള്ള വാതിലുകൾ അന്വേഷിച്ചു നടന്നു. 
"വിട്ടോടാ .."എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് കൊളംബസ് വാതിലിനരികിലേക്ക് ഓടി. 
വാതിൽക്കൽ നിന്ന ചാച്ചമ്മ ദേഷ്യത്തിന്റെ കൊടുമുടിയിൽ ആയിരുന്നു .
"എന്താ ഫോണെടുക്കാത്തെ ...?" ചോദ്യം ആ കൊടുമുടിയുടെ ഉന്നതങ്ങളിൽ നിന്ന് കൊളംബസ്സിന്റെ കര്ണപുടങ്ങൽ തുളച്ചു പുറത്തുപോയി.
"അല്ല ഇന്നെന്തു  പറ്റി ..?" ഒരല്പം തൂമഞ്ഞു കോരിയിടാനായി കൊളംബസ് ചോദിച്ചു 
"പേഷ്യന്റ് കുറവാ അവരെന്നെ കാൾ ഓഫ്  ചെയ്തു ...നിങ്ങളെ വിളിച്ചിട്ടു കിട്ടണ്ടേ ..ഞാൻ യൂബർ വിളിച്ചിങ് പോന്നു ..എൺപതു ഡോളർ..ഇന്നത്തെ സാലറിയും  പോയി കൂടെ  എൺപതു ഡോളറും." ചാച്ചമ്മ ആഞ്ഞു ചവിട്ടിക്കൊണ്ട്  ബെഡ്‌റൂമിലേക്കു നടന്നു പോയി.
കൊളംബസ് കൈകൾ രണ്ടും നെഞ്ചത്ത് വച്ചു കർത്താവിന്റെ രൂപത്തിലേക്ക് നോക്കി പ്രാർത്ഥിച്ചു, "നീ നല്ലവനാ ...ബെഡ്‌റൂമിലേക്ക് പോയത് നന്നായി, ബേസ്മെന്റിന്റെ ഭാഗത്തേക്ക് എങ്ങാനും ചാച്ചമ്മ  പോയിരുന്നെങ്കിൽ...? എന്നാലും കർത്താവേ ആ യൂബറിന് കൊടുത്ത എൺപതു ഡോളർ ..?"
അപ്പോഴാണ് ശ്രദ്ധിച്ചത് മേപ്പടിയാന്മാർ ഇറങ്ങിപ്പോയ ഗരാജ് അടച്ചിട്ടില്ല. ഗാരേജ് ഡോറിന്റെ  സ്വിച്ചിൽ വിരലമർത്തിയപ്പോൾ എവിടെ നിന്നോ ഒരു അദൃശ്യ ശബ്ദം "കൊളംബസ്സേ..വല്ലതും നടക്കുവോ ..?"

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക