Image

പുതുപ്പള്ളി ഇലക്ഷനില്‍ മൊയ്തീന് എന്തുണ്ട് കാര്യം ? : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 31 August, 2023
പുതുപ്പള്ളി ഇലക്ഷനില്‍ മൊയ്തീന് എന്തുണ്ട് കാര്യം ? : (കെ.എ ഫ്രാന്‍സിസ്)

മുന്‍മന്ത്രി മൊയ്തീനെ ഇ.ഡിയ്ക്ക് ഇന്നാണ് ചോദ്യം ചെയ്യേണ്ടിയിരുന്നത്. അത് പുതുപ്പള്ളി ഇലക്ഷനെ ബാധിച്ചാലോയെന്ന് കരുതി രണ്ടാഴ്ചത്തേക്ക്  നീട്ടി ചോദിക്കാന്‍ പാര്‍ട്ടി മൊയ്തീനോട് പറഞ്ഞു. പക്ഷേ, തിയ്യതി നീട്ടിക്കിട്ടിയത് സെപ്റ്റംബര്‍ 4 ലേക്ക്! അത് വരുന്ന തിങ്കളാഴ്ച, ചൊവ്വാഴ്ചയാണ് ഇലക്ഷന്‍. പുതുപ്പള്ളിക്കാര്‍ പൊതുവേ വീട്ടില്‍ വരുത്തുന്ന മനോരമ പത്രത്തില്‍ ആ വാര്‍ത്ത ചൊവ്വാഴ്ച രാവിലെ വായിച്ചാകും  അവരെല്ലാം ബൂത്തിലേക്ക് പോവുക. അ\ന്നത്തെ മനോരമ പത്രം വേണമെങ്കില്‍ തടയാം. പക്ഷേ അതിന്റെ ഇംപാക്ട് അതിലേറെ പ്രശ്‌നമായാലോ ?

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പിണറായിയുടെ ആദ്യ മന്ത്രിസഭയില്‍ അംഗമായിരുന്ന മൊയ്തീനെ ചോദ്യം ചെയ്യുന്നതിന് നിശ്ചയിച്ച ദിനം ഇന്നായിരുന്നുവല്ലോ. പുതുപ്പള്ളി ഇലക്ഷനെ അത് ബാധിക്കരുതെന്ന് സി.പി.എമ്മിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ മൊയ്തീന്‍ ഇന്ന് ഹാജരായില്ലെന്നത്  മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തയായി. മൊയ്തീന്‍ രണ്ടാഴ്ച അവധി ചോദിച്ചു. പക്ഷെ മൊയ്തീന്‍ തിങ്കളാഴ്ച ഇ.ഡിക്ക് മുന്നില്‍ പത്തു വര്‍ഷത്തെ നികുതി രേഖകളുമായി എത്താനാണ് കല്‍പ്പന. അതായത് ഈ ചോദ്യം ചെയ്യല്‍ പുതുപ്പള്ളി ഇലക്ഷന്‍ നടക്കുന്നതിന്റെ തലേന്ന്. ഇലക്ഷന്‍ നാളില്‍  മനോരമ പത്രം വരുത്തുന്ന വീടുകളിലുള്ളവര്‍ മൊയ്തീന്റെ ചോദ്യം ചെയ്യല്‍ വാര്‍ത്തകളും ബിനാമി ഇടപാടുകള്‍ സംബന്ധിച്ച വാര്‍ത്തകളും വായിച്ചാകും വോട്ട് ചെയ്യാന്‍ പോവുകയെന്ന ഒരു 'അക്കിടി' സി.പി.എമ്മിന് പറ്റിയോ ? അതിലും ഭേദം ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകുകയായിരുന്നില്ലേ ?

മൊയ്തീനും അക്കരയും : 

മൊയ്തീനൊഴിച്ചു മൊയ്തീന്റെ ഇടനിലക്കാരെന്നും ബിനാമികളെന്നും സംശയിക്കുന്നവരെയെല്ലാം ഇ.ഡി  ചോദ്യം ചെയ്തു വരികയാണ്. പ്രധാന ബിനാമികളില്‍ ഒരാള്‍ എന്ന് കരുതുന്ന അനില്‍ എന്ന സുഭാഷ് സേഠിനെ  ചോദ്യം ചെയ്തു കഴിഞ്ഞു. അനില്‍ അക്കര മൊയ്തീനെതിരെ പുതിയ ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. ഇടനിലക്കാരനായ പിപി കിരണിനെയും ഇ.ഡി ചോദ്യം ചെയ്യും. 

അടി, ഉടന്‍ തിരിച്ചടി : 

നടന്‍ ജയസൂര്യ ഒരൊറ്റ നാളുകൊണ്ട് കര്‍ഷകരുടെ കണ്ണിലുണ്ണിയായി. കൃഷിക്കാരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി സന്തോഷിച്ചിരിക്കുമ്പോഴിതാ സൈബര്‍ പടയെത്തി വളഞ്ഞിട്ട് ആക്രമിക്കുന്നു. ജയസൂര്യയുടെ കര്‍ഷക പ്രേമം കൂട്ടുകാരനും നടനുമായ കൃഷ്ണപ്രസാദിന്  വേണ്ടിയുള്ളതാണെന്നായി കൃഷിമന്ത്രി പ്രസാദ്. അതൊരു സീസണല്‍ പ്രേമമാണെന്ന് മന്ത്രി പറഞ്ഞു. ഈ ചടങ്ങില്‍ രണ്ടു മന്ത്രിമാര്‍ (പ്രസാദും, രാജീവും) ഉണ്ടായിരുന്നെങ്കിലും ജയസൂര്യയുടെ പ്രസംഗം അവരുടെ പ്രസംഗത്തിനു ശേഷമായിരുന്നു. ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരുന്നില്ലെന്ന പ്രസാദ് മന്ത്രിയുടെ പ്രസംഗ ഭാഗങ്ങള്‍ കടമെടുത്തായി ജയസൂര്യയുടെ തട്ട്. ഇതേ യോഗത്തില്‍ തന്നെ ഉരുളക്കുപ്പേരി എന്ന പോലെ പ്രസാദിന് മറുപടി പറയാന്‍ കഴിയുമായിരുന്നു. ജയസൂര്യ ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക്  തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞു പിന്നീട് പ്രസ്താവിച്ച കാര്യങ്ങളൊക്കെ അവിടെ വച്ചു തന്നെ പ്രസാദിന് പറയാമായിരുന്നല്ലോ. അതിന് കണ്ണൂരിലെ ജയരാജന്‍മാരെ കണ്ടുപഠിക്കണം. അവരുള്ള യോഗത്തില്‍ അവരെ പറ്റി എന്തു പറഞ്ഞാലും ആ സ്റ്റേജില്‍ തന്നെ അവര്‍ മൈക്ക് വാങ്ങി മറുപടി കൊടുക്കും. അടിക്ക് ഉടന്‍  തിരിച്ചടി അതാണ് കണ്ണൂര്‍ കളരി. പുതുപ്പള്ളിയിലെ ഇലക്ഷന്‍ സമയത്ത് സതിയമ്മക്ക്  കൊടുത്തത് കണ്ണൂര്‍ തിരിച്ചടിയാണ്. 

ഓണക്കാലത്ത് കുടിച്ചത്...: 

ബെവ്‌കോ വിറ്റുവരവിലെ  ക്ഷീണം തീര്‍ത്തു. ഓണം കച്ചവടത്തിന്റെ 10 ദിവസം ആകെ വിറ്റത് 759 കോടി രൂപയുടെ മദ്യം ! ഉത്രാട നാളിലായിരുന്നു പൊരിഞ്ഞ കച്ചവടം. 116 കോടി രൂപയുടെ മദ്യം. ഏറ്റവുമധികം വിറ്റു പോയത്  കേരള സര്‍ക്കാരിന്റെ ജവാന്‍ തന്നെ. ഇത്രയൊക്കെ വായിക്കുമ്പോഴേക്കും നമ്മുടെ നാട്ടില്‍ ഉത്രാടനാളില്‍ കേരളത്തിലെ ബെവ്‌കോ ബാറുകളിലായിഅമ്പതോ അറുപതോ ലക്ഷം പേര്‍ വന്നു മദ്യം വാങ്ങിയെന്നായിരിക്കും തോന്നുക. പക്ഷേ, എത്തിയത് 6 ലക്ഷം പേര്‍ മാത്രം ! ഈ 6  ലക്ഷംപേര്‍ തന്നെയാണ് ഇത്തവണ മദ്യ ഇനത്തില്‍ 675 കോടി സര്‍ക്കാറിന് നികുതിയായി നല്‍കിയത്. ഇവരടക്കമുള്ള  മറ്റൊരു ജനസമൂഹമാണ് ലോട്ടറി വഴിയും സര്‍ക്കാരിനെ സഹായിക്കുന്നത്. മദ്യം കഴിക്കുന്നവരെല്ലാം ജവാന്‍ കഴിച്ചാല്‍ നമ്മുടെ ഖജനാവിന് കുറച്ചുകൂടി ഗുണം കൂടും. സത്യത്തില്‍ ഉള്ളതില്‍ ഏറ്റവും ബെസ്റ്റ് ജവാന്‍ തന്നെയാണ്. അത് പഴയ ചാരായം തന്നെ, കളര്‍ ചേര്‍ത്ത ചാരായം.  വിലയും കുറവ്. ഗുണമോ കൂടുതലും. സോഡയോ പച്ച വെള്ളമോ ചേര്‍ക്കാതെ ഏലക്കായ ഇട്ട് തിളപ്പിച്ചാറ്റിയ കരിങാലി വെള്ളത്തില്‍ ഒഴിച്ചു കുടിച്ചാലാണ് അതിന്റെ ടേസ്റ്റ് പോലും ! 

അടിക്കുറിപ്പ് : തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സിലെ വിദ്യാര്‍ഥികള്‍ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ഭീമാകാരമായ ഒരു വ്യാളിയെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഒരുക്കിയത് വൈറലായി. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ശേഖരിച്ച 20,000 പ്ലാസ്റ്റിക്ക് കുപ്പികളും, ചോക്ലേറ്റ് കവറുകളും  ഉപയോഗിച്ചാണ് ഇതൊരു കലാരൂപമാക്കി ചെയ്തത്. അങ്ങനെയും ഒരു ബോധവല്‍ക്കരണം!

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
Gangadharan TK 2023-08-31 13:27:45
ബഹു കേമമായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക