റൂമിലേക്ക് ഉരുണ്ടു നീങ്ങുന്ന ആശുപത്രിക്കട്ടിലിൽ കണ്ണടച്ച് കിടക്കുമ്പോൾ
അനസ്തേഷ്യയുടെ മയക്കത്തിൽ നിന്ന് ഞാൻ പരിപൂർണ്ണമായും മോചിതയായിരുന്നു. എനിക്ക് ജീവനുണ്ടെന്നും അനസ്തേഷ്യ എന്നാൽ മരണമല്ലെന്നും മനസ്സിലായപ്പോൾ തോന്നിയ സന്തോഷത്തിന് പഞ്ഞിമിട്ടായി പോലെ മധുരവും മാർദ്ദവവുമുണ്ടായിരുന്നു !
പക്ഷേ അടുത്ത നിമിഷം തന്നെ ആ മധുരത്തിന്റെ രുചി ശ്രീക്കുട്ടിയുടെ പരീക്ഷ നന്നായി കഴിഞ്ഞിട്ടുണ്ടാവുമോ പൂജ ഭക്ഷണം കഴിച്ചിട്ടുണ്ടാവുമോ, അവൾക്ക് ആരാണ് കൂട്ട് എന്നൊക്കെയുള്ള ആവലാതികളിലേക്ക് വഴി മാറി.
അല്പമധികം സമയമെടുത്തെങ്കിലും ഓപ്പറേഷൻ കുഴപ്പമില്ലാതെ കഴിഞ്ഞെന്ന് ഈ അസമയത്തും വിശ്വേട്ടൻ ആരോടോ ഫോൺ ചെയ്ത് പറഞ്ഞതിന് ശേഷം "നിനക്ക് വേദനയുണ്ടോ " എന്ന് ചോദിച്ചു മൃദുവായി ഒന്നു തലോടി. ആ വാത്സല്യത്തിന്റെ സുഖം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.
തൊണ്ടയിൽക്കിടന്നു വിലങ്ങുന്ന ഒരു കയ്പ് മണമല്ലാതെ എനിക്കൊട്ടും വേദന ഉണ്ടായിരുന്നില്ല. പക്ഷേ അപ്പോൾ ഉണ്ടെന്നും ഇല്ലെന്നും തോന്നിപ്പിക്കുന്ന തരത്തിൽ വെറുതെ തലയാട്ടാനാണ് എനിക്ക് തോന്നിയത്. മരണവുമായി ഒരു "തൊടാം പാച്ചിൽ" കളിച്ചു ജയിച്ച് കയറുന്ന കുട്ടിയുടെ നിഷ്കളങ്കതയോടെ ആ പാതി നുണ ഞാൻ ആസ്വദിച്ചു.
അപ്പോഴേക്കും ഞങ്ങൾ റൂമിലെത്തിയിരുന്നു. സമയം രണ്ട് മണി കഴിഞ്ഞെന്ന് ക്ലോക്ക് വിളിച്ച് പറഞ്ഞു. രാത്രി വേദന തോന്നിയാൽ വിളിക്കണമെന്നും ശരീരം തത്കാലത്തേക്ക് അനക്കരുതെന്നും പറഞ്ഞതിനു ശേഷം നേഴ്സുമാർ മുറി വിടാനൊരുങ്ങി. ഒന്നും പേടിക്കാനില്ലെന്നും വിളിപ്പുറത്ത് അവരുണ്ടെന്നു ഒന്നുകൂടി ആവർത്തിച്ചാശ്വസിപ്പിക്കുകയും അത്യാവശ്യം വന്നാൽ പരസഹായമില്ലാതെ കട്ടിലിൽ നിന്നിറങ്ങാനുള്ള ടിപ്പുകൾ പറഞ്ഞു തരികയും ചെയ്തതിനു ശേഷം അവർ പോയി.
അതിദീർഘമായ ഒരു ദിവസത്തിന്റെ ക്ഷീണമുണ്ടെങ്കിലും വിശ്വേട്ടൻ കുട്ടികളുടെ വിശേഷങ്ങൾ പറഞ്ഞു. ശ്രീക്കുട്ടി പരീക്ഷ നന്നായി എഴുതിയെന്നും പൂജക്ക് കൂട്ടായി കമലമ്മ ഉണ്ടെന്നും സമാധാനിപ്പിച്ചു.
ഞാൻ Good night പറഞ്ഞ് കണ്ണടച്ച് ഉറങ്ങാൻ ശ്രമിച്ചപ്പോൾ എന്റെ ജീവിതത്തിൽ കഴിഞ്ഞ ഒരാഴ്ചയി സംഭവിച്ചു കൊണ്ടിരുന്ന കാര്യങ്ങൾ മലവെള്ളപ്പാച്ചിൽ പോലെ മനസ്സിലേക്ക് ഒഴുകിയെത്തി. കരാമയിലെ ഡോ.ജോസഫ്സ് പോളിക്ലിനിക്കിലെ ഒരു ബ്ലഡ് ടെസ്റ്റിൽ തുടങ്ങി ഹിസ്റ്റക്ടമിയിൽ തടഞ്ഞു വീണ് ഈ ആശുപത്രിക്കട്ടിലിൽ കിടക്കുന്ന എന്നോട് എനിക്ക് തന്നെ സഹതാപം തോന്നി.
പുറത്ത് മുട്ടയിടാനൊരുങ്ങിയ കിളികളുടെ കൂടിന്റെ പണി തീർന്നിട്ടുണ്ടാവുമോ എന്ന് പെട്ടെന്നോർമ്മ വന്ന ഞാൻ ജനലിലൂടെ പുറത്തേക്ക് കണ്ണ് പായ്ച്ചു. രാത്രിയുടെ കിതപ്പുകളവസാനിപ്പിച്ച് വിശ്രമത്തിനൊരുങ്ങുന്ന നഗരത്തിനൊപ്പം ആ കിളികളും ഉറങ്ങിയിട്ടുണ്ടായിരുന്നു. ചുവരിൽ പതിച്ച താമരച്ചിത്രങ്ങളിൽ നിന്ന് സുഗന്ധമൂർന്നു വന്നപ്പോൾ ഞാൻ ഓപ്പറേഷൻ വാർഡിൽ എനിക്കൊപ്പമുണ്ടായിരുന്നവരെക്കുറിച്ചോർത്തു.
ഹെർണിയ ഓപ്പറേഷനു വേണ്ടി കാത്തു കിടക്കുന്ന അതിദീനമായ മുഖമുള്ള സുഡാനിയും ഉറക്കെ ഉറക്കെ ഈശ്വരപ്രാർത്ഥനകൾ മന്ത്രിക്കുന്ന ഇറാനിയും സൈറ്റിൽ നിന്ന് വീണു കാല് ഫ്രാക്ചറായി , സർജറി അപ്രൂവ് ചെയ്ത ഇൻഷ്വറൻസ് കമ്പനിയോട് നന്ദി പറഞ്ഞു കൊണ്ടിരിക്കുന്ന പാകിസ്ഥാനിയും താമരപ്പൂവിന്റെ ഗന്ധം പ്രസരിപ്പിച്ച ക്വീൻ എലിസബത്തും സർജറികൾ കഴിഞ്ഞു സുഖമായിരിക്കുന്നുണ്ടാവുമോ എന്ന് ആവലാതിയോടെ ഓർത്തു. അവർക്ക് എല്ലാവർക്കും വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
വേദനയ്ക്കിടയിലും പ്രസരിപ്പോടെ തന്റെ ഭർത്താവിനെയും മക്കളെയും ഓർത്തു കൊണ്ടിരുന്ന ആ സ്ത്രീയുടെ മുഖം എന്റെ മനസ്സിൽ തങ്ങി നിന്നു . ഉണർന്നാലുടൻ വിശ്വേട്ടനോട് പറയാനുള്ള വിശേഷങ്ങൾ അടുക്കിപ്പെറുക്കി വെക്കുന്നതിനിടെ ഒരിക്കൽ കൂടെ നേഴ്സ് വന്നു. എവിടെയൊക്കെയോ വലിഞ്ഞു മുറുകുന്നു എന്ന് പരാതി പറഞ്ഞപ്പോൾ അവർ നിസ്സഹായയായി എന്നെ നോക്കി ഗുഡ് നൈറ്റ് ആശംസിച്ചു.
അസ്വസ്ഥതകൾ മായ്ക്കാൻ ഞാൻ ഉറക്കത്തെ ആവാഹിക്കാൻ ശ്രമിച്ചു.
പാതിമയക്കത്തിൽ ഞാൻ ഓപ്പറേഷൻ തീയേറ്ററിൽ എന്റെ അടുത്ത കട്ടിലിലുണ്ടായിരുന്ന ആ സ്ത്രീയെ സ്വപ്നം കണ്ടു. ബോബ് ചെയ്ത നരച്ച മുടിയിഴകൾ ഒതുക്കിക്കൊണ്ട് ഒഴുക്കുള്ള ഇംഗ്ലീഷിലും കോട്ടയം സ്ലാങ്ങ് കലർന്ന മലയാളത്തിലും അവരെന്നോട് വിശേഷങ്ങൾ പറഞ്ഞു. കുടംപുളിയിട്ട മീൻ കറിയിൽ ഉലുവയും കടുകും വറുത്തിട്ടു. ഇളയ മകന് വേണ്ടി ചീസ് കേക്ക് ബേക്ക് ചെയ്തു.
അത്യാവശ്യമായി നാട്ടിലേക്ക് പോവാനിരുന്ന അവരെ തടഞ്ഞു വീഴ്തിയ ബലൂണിനെ ശപിച്ചു.
രണ്ടു മക്കളിൽ ഒരാളെ തിരിച്ചെടുത്ത ദൈവത്തോട് പരിഭവങ്ങൾ പറഞ്ഞു. ഈ കാഴ്ചകൾക്കിടെ ഞാൻ പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു. (തുടരും )
read more: https://emalayalee.com/writer/171