Image

ഗോവിന്ദൻ മാഷിൻറെ 'മറവിഗുളിക!' : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 02 September, 2023
ഗോവിന്ദൻ മാഷിൻറെ 'മറവിഗുളിക!' : (കെ.എ ഫ്രാന്‍സിസ്)

പുതുപ്പള്ളി ഇലക്ഷൻ പിണറായി സർക്കാരിൻറെ വിലയിരുത്തലാണെന്ന് ഗോവിന്ദന്മാഷ്  ഇപ്പോൾ പറഞ്ഞത് എട്ടാം തീയതിക്ക് ശേഷം  മറന്നുപോകുമോ ? 

പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ വിധി പിണറായി ഭരണത്തിൻറെ വിലയിരുത്തലാകുമെന്ന് ഇലക്ഷൻ കൊട്ടിക്കലാശത്തിന്റെ തലേന്ന് സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദൻ മാഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും, പോൾ ചെയ്യുന്ന വോട്ടിന്റെ പകുതിയിലേറെ വോട്ട് ചാണ്ടി ഉമ്മനായിരിക്കും എന്ന കാര്യത്തിൽ സഖാക്കൾക്ക് പോലും ഒരു സംശയവുമില്ല. കാരണം ചാണ്ടി ഉമ്മനല്ല, ഉമ്മൻ ചാണ്ടി തന്നെയാണ് അവിടെ മത്സരിക്കുന്നത്. സഹതാപ തരംഗം മാത്രമല്ല, പിണറായി സർക്കാരിൻറെ ഭരണത്തിനെതിരെയുള്ള ഒരു വിലയിരുത്തലാകും എന്ന് മാഷ് പറഞ്ഞെങ്കിലും എട്ടാം തീയതിക്ക് ശേഷം അതൊരു തമാശ മാത്രം. 

കോൺഗ്രസ് കാത്തിരിക്കുന്നു...:  

'ഒരു രാജ്യം, ഒരു ഇലക്ഷൻ' വന്നാൽ കേരളത്തിലും പാർലമെൻറ് ഇലക്ഷനോടൊപ്പം നിയമസഭയിലേക്കും മത്സരം വരുമോ? കർണാടക ഈയ്യിടെ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചത്  കയ്യിൽ നിന്ന് പോയാലും കേരളത്തിലെ കോൺഗ്രസുകാർക്ക് അത് ഒരു പ്രതീക്ഷ. മുഖ്യമന്ത്രി കുപ്പായം നേരത്തെ തുന്നി വെച്ച പലരും ഇതോടെ വെപ്രാളത്തിലാകും. മാത്രമല്ല പാർലമെൻറിൽ മത്സരിക്കാനിരിക്കുന്ന പലരും നിയമസഭയാക്കും കളരി. മുഖ്യമന്ത്രി സ്ഥാനത്തിനു മാത്രമല്ല മന്ത്രിമാരാവുന്നതിനു വരെ ശരിയായ അടി നടക്കും. അത്രയേറെ പ്രമുഖരാകും കോൺഗ്രസ് നേതാക്കളായി  ജയിച്ചു വരിക. 

പ്രാർത്ഥന കേട്ടു : 

മന്ത്രി കൃഷ്ണൻ കുട്ടിയുടെ പ്രാർത്ഥന ദൈവം കേട്ടെന്നു തോന്നുന്നു. ഇന്നലെ പത്തനംതിട്ടയിൽ ആർത്തലച്ചു പെയ്ത മഴ അടുത്ത നാലു ദിവസം കേരളമാകെ പ്രതീക്ഷിക്കാം. അതിനു പുറമേ കൃഷ്ണൻകുട്ടി മന്ത്രിക്ക് വേണ്ടി ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴിയും രൂപപ്പെടുന്നുണ്ട്. 48 മണിക്കൂറിനകം ന്യൂനമർദ്ദമായി അതു മാറും. 51 പള്ളിയോടങ്ങൾ പങ്കെടുക്കുന്ന ഘോഷയാത്രയോടെ  ഇന്ന് ആറന്മുള ഉത്രട്ടാതി ജലോത്സവവും നടന്നു. 

അടിക്കുറിപ്പ്: അച്ചു  ഉമ്മനെതിരെ ഫേസ്ബുക്കിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് പോസ്റ്റിട്ട നന്ദകുമാറിന്റെ ചോദ്യം ചെയ്യൽ വൈകുന്നു. സെക്രട്ടറിയേറ്റ് ജീവനക്കാരനായിരുന്ന ഈ കക്ഷി മുൻപേ നല്ലൊരു സൈബർ പോരാളിയായിരുന്നു. സർക്കാർ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ നന്ദകുമാറിനെ ഐ.എച്.ആർ.ഡിയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി വച്ചിരിക്കുകയാണ്. അച്ചുവിൻറെ കാര്യത്തിൽ  നന്ദകുമാർ മാപ്പുപറഞ്ഞ് ശേഷം ഫേസ്ബുക്ക് അക്കൗണ്ട് തന്നെ മരവിപ്പിച്ചു. ഫേസ്ബുക്ക് അക്കൗണ്ട് നന്ദകുമാറിന്റെ തന്നെയാണോ എന്ന അന്വേഷണത്തിലാണ് പോലീസ്. അത്ര പെട്ടെന്നൊന്നും ആ അന്വേഷണം പൂർത്തിയാവാൻ ഇടയില്ല. ആദിത്യ വിക്ഷേപിച്ചെങ്കിലും ലക്ഷ്യസ്ഥാനമായ 15 ലക്ഷം കി.മീറ്റർ അകലെ എത്താൻ 125 ദിവസം വേണ്ടിവരില്ലേ? അതൊരു കാലതാമസമായി ആരും കാണില്ല.

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക