കോരിച്ചൊരിയുന്ന മഴയായാലും നാളെ പുതുപ്പള്ളിക്കാർ പോളിംഗ് ബൂത്തിലെത്തി അവരുടെ പ്രിയങ്കരനായ ഉമ്മൻചാണ്ടിക്ക് അന്തിമ യാത്രയയപ്പ് നൽകുമെന്നാണ് കോൺഗ്രസുകാരുടെ പ്രതീക്ഷ. പോൾ ചെയ്യുന്ന വോട്ടിന്റെ 60 ശതമാനവും ചാണ്ടി ഉമ്മനു കിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ. അങ്ങനെയെങ്കിൽ അത് റെക്കോർഡ് ഭൂരിപക്ഷമാകും.
നാളത്തെ ഇലക്ഷൻ ഉമ്മൻചാണ്ടിക്ക് പുതുപ്പള്ളിക്കാർ നൽകുന്ന സ്നേഹോജ്ജ്വലമായ അന്ത്യോപചാരമാകുമെന്ന് അച്ചു ഉമ്മൻ കരുതുന്നു. ആ ഒരു തോന്നലും വികാരപ്രകടനവും സഹതാപതരംഗം ഇപ്പോഴും പുതുപ്പള്ളിയിൽ എങ്ങും പ്രകടമാണ്.
നാളെ മിക്കവാറും മഴ ദിവസമാണ്. ഇക്കഴിഞ്ഞ എല്ലാ വോട്ടെടുപ്പിലും പോളിങ് ശതമാനം 75 ശതമാനത്തിനടുത്ത് ഉണ്ടായിട്ടുണ്ട്. 2016ൽ അത് 77.38 ആയി ഉയർന്നു. ഇത്തവണ 176000 വോട്ടർമാരിൽ 80 ശതമാനം പേരെ പോളിംഗ് ബൂത്തിൽ എത്തിക്കാനാണ് കോൺഗ്രസ്സിന്റെ ശ്രമം. യൂത്ത് കോൺഗ്രസുകാർ സംഘടിപ്പിക്കുന്ന തെരുവോര ചർച്ചകൾ പതിവില്ലാത്തവിധം ഇത്തവണ നന്നായിട്ടുണ്ട്. രാജീവ് മാന്തോട്ടം, ഷാഫി പറമ്പിൽ തുടങ്ങിയവർ കൂടുതൽ തിളങ്ങി.
ചിലർക്ക് ആശ്വാസം :
'ഒരു ഇന്ത്യ, ഒരു ഇലക്ഷൻ' വരുന്നതിന്റെ ഭാഗമായെന്നോണം തൃശ്ശൂരിൽ കലക്ടർമാരെയും ഉയർന്ന ഉദ്യോഗസ്ഥരെയും വിളിച്ചുകൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലാസ്സെടുക്കുന്നുവെന്ന വാർത്ത പിണറായി വിരുദ്ധരെ പ്രത്യേക സന്തോഷിപ്പിക്കുന്നു. അങ്ങനെയെങ്കിലും പിണറായി ഭരണം ഏഴോ എട്ടോ വർഷം കൊണ്ട് തീർക്കാമെല്ലോയെന്നാണ് അവരുടെ ആശ്വാസം.
ഉദയനിധിയുടെ സനാതനധർമ പരാമർശം ഇന്ത്യ മുന്നണിക്കെതിരെയുള്ള ആയുധമാക്കാൻ ബി.ജെ.പി ശ്രമിക്കുമ്പോൾ 'സർവ്വ ധർമ്മ സമഭാവന'യാണ് തങ്ങളുടെ ലക്ഷ്യമെന്ന് കോൺഗ്രസുകാർ വ്യക്തമാക്കി. ഉദയനിധിയുടെ പ്രസ്താവനക്കെതിരെ ഗവർണറെ കണ്ട് ബി.ജെ.പി സമരപരിപാടികളുമായി മുന്നോട്ടു പോകുന്നു.
മൊയ്തീൻ ലീവ് :
മുൻ മന്ത്രി എ.സി മൊയ്തീൻ ഇ.ഡിയ്ക്ക് മുന്നിലെത്തിയില്ല. ഇ.ഡി എന്ത് വിചാരിച്ചാലും പുതുപ്പള്ളി ഇലക്ഷന് മുമ്പ് പിടികൊടുക്കില്ല എന്ന വാശിയിൽ തന്നെയാണ് മൊയ്തീനും പാർട്ടിയും. 45 കോടിയുടെ പണമിടപാടിന് പിന്നിൽ മൊയ്തീനുണ്ടെന്നാണ് ഇ.ഡിയുടെ സംശയം. മൊയ്തീന്റെ ബിനാമികൾ എന്നു കരുതുന്ന ഒരാളുടെ പേരിൽ കരുവന്നൂർ ബാങ്കിൽ 50 അക്കൗണ്ടുകൾ ഉണ്ട് പോലും ! ആലപ്പുഴയിലെ കുട്ടനാട്ടിൽ സി.പി.എം വിട്ടു 280 പേർ സി.പി.ഐയിൽ ചേരുന്നതായാണ് വാർത്ത. ഇവരിൽ 166 പേർക്ക് സി.പി.ഐ പ്രാഥമിക അംഗത്വം നൽകും. ഏറെക്കാലമായി സി.പി.എം വിമതർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഇതോടെ അന്ത്യമാകും ചിന്തയിൽ തോമസ് ഐസക്ക് എഴുതിയ ലേഖനത്തിൽ സർക്കാറിനെ പരോക്ഷമായി വിമർശിച്ചതും പാർട്ടിയിൽ ചർച്ചയാണ്. ഭരണത്തിൽ മെല്ലെപ്പോക്കുണ്ടെന്നാണ് ഐസക്കിന്റെ ആരോപണം.
അടിക്കുറിപ്പ് : ചന്ദ്രനിലെത്തിയ വിക്രംലാൻഡർ നിന്നേടത്തു 40 സെൻറീമീറ്റർ ഉയർന്നുപൊങ്ങി 40 സെൻറീമീറ്റർ മാറിനിന്നത് വലിയൊരു സർപ്രൈസായി. വീണ്ടും ഒരു സോഫ്റ്റ് ലാൻഡിങ് ന്യൂസ്. സെപ്തംബർ 22ന് നല്ലൊരു വാർത്ത കൂടി ചന്ദ്രനിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാം. ശാസ്ത്രനേട്ടങ്ങൾ വർധിക്കുന്നതോടൊപ്പം പരമ്പരാഗത രംഗത്ത് പ്രവർത്തിക്കുന്നവരെല്ലാം നിരാശയിലാണ്. ഈ ഓണത്തിനും കേരളത്തിൽ പൊതുവെ എല്ലാ കച്ചവടക്കാർക്കും ക്ഷീണമാണ്. കഴിഞ്ഞ ഓണത്തിന് കച്ചവടം കുറച്ചു മിച്ചം കണ്ടെങ്കിലും ഈ ഓണം അവർക്ക് നല്ലതായിരുന്നില്ല. അതേസമയം ഓൺലൈൻ വ്യാപാരം പൊടിപൊടിക്കുന്നു.
കെ.എ ഫ്രാന്‍സിസ്